മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിച്ച് കുറിഞ്ഞിക്കാലമെത്തി. കുറിഞ്ഞിപ്പൂക്കൾ വിടർത്തുന്ന വർണക്കാഴ്ചകൾ ആസ്വദിക്കാൻ മൂന്നാറിനടുത്തുള്ള കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മൂന്നാറിൽ നിന്നും 27 കിലോമീറ്റർ സഞ്ചരിച്ച് സൂര്യനെല്ലിയിലും അവിടെ നിന്നും 12കിലോമീറ്റർ ജീപ്പില്‍ സഞ്ചരിച്ചാൽ കൊളുക്കുമലയിലും എത്താം.
സമുദ്ര നിരപ്പില്‍ എണ്ണായിരം അടി ഉയരത്തിലുള്ള കൊളുക്കുമലയുടെ നെറുകയിലാണ് നീല വസന്തം വിരുന്നെത്തിയത്. ഇടുക്കി ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞികൾ പൂത്തിട്ടുള്ളത് കൊളുക്കുമലയിലാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊളുക്കുമല ഇപ്പോള്‍ നീല വസന്തത്തിന്റെ പുതപ്പു പുതച്ചിരിക്കുകയാണ്. മലതാണ്ടി നിരവധി സഞ്ചാരികളും ഇവിടെയ്ക്ക് എത്തുന്നുണ്ട്.
പ്രളയക്കെടുതിയില്‍ വിനോദ സഞ്ചാര മേഖല പാടേ തകര്‍ന്നപ്പോള്‍ ഇടുക്കിക്ക് കരകയറുന്നതിനുള്ള വസസന്തകാലം കൂടിയായി ഇത്തവണ വിരുന്നെത്തിയിരിക്കുന്ന കുറിഞ്ഞി വസന്തം.
നീലക്കുറിഞ്ഞിക്ക് അരികെ വരെ കെഎസ്ആർടിസി സർവീസ്
നീലക്കുറിഞ്ഞിക്കാലത്തെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ പഴയ മൂന്നാറിൽ നിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് തുടങ്ങുന്നു. സഞ്ചാരികളുടെ വാഹനങ്ങൾക്കു പഴയ മൂന്നാറിലെ ഹൈ ഓൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിലും ഹൈഡൽ ഉദ്യാനത്തിലും പാർക്കിങ് സൗകര്യമൊരുക്കും. രാജമലയിലേക്കു പോകാൻ ഇവിടെ നിന്നു ടിക്കറ്റെടുക്കാം. ഇതിനായി താൽക്കാലിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. ഇവിടെ നിന്നു കെഎസ്ആർടിസി ബസിൽ അഞ്ചാം മൈലിലെ ദേശീയോദ്യാന പ്രവേശന കവാടം വരെ പോകാം. തുടർന്നു വനംവകുപ്പിന്റെ മിനി ബസുകളിൽ രാജമലയിലേക്കു കൊണ്ടുപോകും. കെഎസ്ആർടിസി ബസ് ട്രയൽ റൺ ഞായറാഴ്ച നടക്കും.