നഷ്ടവസന്തമായി നീലക്കുറിഞ്ഞി,ഇതുവരെ എത്തിയത് ഒരു ലക്ഷം പേർ മാത്രം

idukki-kolukumala
SHARE

തൊടുപുഴ ∙ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിൽ ഇതുവരെ എത്തിയത് ഒരു ലക്ഷം പേർ മാത്രം. 8 ലക്ഷം സഞ്ചാരികൾ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ.  2006ലെ കുറിഞ്ഞിക്കാലത്ത് 5 ലക്ഷം പേരാണു നീലക്കുറിഞ്ഞി കാണാനെത്തിയത്.  പ്രളയവും പ്രതികൂല കാലാവസ്ഥയും കുറിഞ്ഞിപ്പൂക്കാലം തെറ്റിച്ചു. 

കാലവർഷക്കെടുതിയെ തുടർന്നു മൂന്നാറിലേക്കുള്ള റോഡുകളും പാലങ്ങളും തകർന്നതും സഞ്ചാരികളുടെ വരവിനു തടസ്സമായി. രാജമലയിലും കൊളുക്കുമലയിലുമാണ് ഇത്തവണ നീലക്കുറിഞ്ഞി കൂടുതൽ പൂവിട്ടത്.  ഇനി ഏറിയാൽ 10 ദിവസം കൂടി മാത്രമേ പൂക്കൾ ഉണ്ടാവുകയുള്ളുവെന്നു വനം വകുപ്പു പറയുന്നു.  അടുത്ത നീലക്കുറിഞ്ഞിപ്പൂക്കാലത്തിനായി  2030 വരെ കാത്തിരിക്കണം.

പ്രളയത്തിനു ശേഷം പല തവണയുണ്ടായ അതിതീവ്രമഴ മുന്നറിയിപ്പുകളും സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങളും സഞ്ചാരികളുടെ എണ്ണം കുറച്ചു.  ഇടുക്കി ജില്ലയിലേക്ക് 12 ദിവസം ടൂറിസ്റ്റുകൾക്ക് നിരോധനം വന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടതും പ്രതികൂലമായി ബാധിച്ചു. രണ്ടര മുതൽ മൂന്നു മാസം വരെയാണു കുറിഞ്ഞിപ്പൂക്കാലം. സാധാരണ  ഓഗസ്റ്റ് ആദ്യം ആരംഭിച്ച് ഒക്ടോബർ അവസാനം വരെ പൂക്കൾ നിലനിൽക്കും.  ഇത്തവണ സെപ്റ്റംബർ രണ്ടാം വാരത്തിനു ശേഷമാണു കുറിഞ്ഞി പൂത്തത്. 

മഴയിൽ പൂക്കൾ അഴുകി നശിച്ചതിനാൽ കുറിഞ്ഞി കൂട്ടമായി പൂത്തു നിൽക്കുന്ന മനോഹര ദൃശ്യവും പലയിടത്തും ഉണ്ടായിരുന്നില്ല. സീസണിൽ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കാൻ 2 കോടി രൂപയാണു സർക്കാർ ചെലവിട്ടത്.  മൂന്നാറിലും ചുറ്റുപാടുമായി 6000 ഹോട്ടൽ മുറികളാണുള്ളത്.  ഏറ്റവും തിരക്ക് അനുഭവപ്പെടേണ്ട സീസണിൽ മുറികളെല്ലാം കാലിയായി കിടന്നതു മൂലം നികുതി വരുമാനത്തിലും സർക്കാരിനു വൻ കുറവുണ്ടാക്കി. 

വൻ തുക മുടക്കി ഹോട്ടലുകളും, റിസോർട്ടുകളും പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തികൾക്കും കനത്ത നഷ്ടമാണു പ്രളയം നൽകിയത്. രാജമലയിലേക്ക് പ്രതിദിനം 4000 പേർക്കായിരുന്നു പ്രവേശനം. ഇതിൽ 75 ശതമാനം ടിക്കറ്റുകളും ഓൺലൈനിലൂടെയായിരുന്നു.

ടൂറിസ്റ്റുകൾക്ക് നിരോധനം വന്നതോടെ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം മടക്കി നൽകേണ്ടി വന്നതു വനം വകുപ്പിനു വരുമാന നഷ്ടത്തിനു കാരണമായി. വിനോദ സഞ്ചാര വകുപ്പിനും കുറിഞ്ഞിക്കാലം നൽകിയത് നഷ്ടങ്ങളുടെ സീസണായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA