ഈജിപിഷ്യൻ രാജ്ഞി ‘നെഫർറ്റിറ്റി’ കൊച്ചിയിൽ ഒരുങ്ങി നിൽക്കുന്നു

ernakulam-boat
SHARE

കൊച്ചി∙ കേരളത്തിലെ ആദ്യ ഉല്ലാസ നൗക-നെഫർറ്റിറ്റി- 16നു കൊച്ചിയിൽ സർവീസ് ആരംഭിക്കുന്നു. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ  കോർപറേഷന്റെ(കെഎസ്ഐഎൻസി) ഉടമസ്ഥതയിൽ  ഗോവയിൽ നിർമാണം പൂർത്തിയാക്കിയ കപ്പൽ സർവസജ്ജമായി  ബോൾഗാട്ടിയിൽ വിശ്രമിക്കുകയാണ്.16ന് ആദ്യ സർവീസിനായി കാനറ ബാങ്ക് ആണ് ഗ്രൂപ്പ് ബുക്കിങ് ചെയ്തിരിക്കുന്നത്. സർവീസ് ആരംഭിക്കും മുൻപേ അര ഡസനോളം  ഗ്രൂപ്പ് ബുക്കിങ് വേറെയും  കിട്ടിയിട്ടുണ്ട്. പുതുവർഷത്തിൽ  കൊച്ചിയുടെ മറ്റൊരു മുഖ്യ ആകർഷണമാവും  കടൽ യാത്രയുടെ ഹരം പകരുന്ന ഉല്ലാസ കപ്പൽ സർവീസ്.200 പേർക്കു സഞ്ചരിക്കാവുന്ന  ആധുനിക സൗകര്യങ്ങളെല്ലാമുള്ള ഉല്ലാസ കപ്പലാണിത്.

വിനോദ യാത്ര എന്നതിനൊപ്പം വിവാഹ-ജൻമദിന പാർട്ടികൾ, കോർപറേറ്റ് സമ്മേളനങ്ങൾ, പ്രോഡക്ട് ലോഞ്ച് തുടങ്ങിയവയും അറബി കടലിന്റെ നടുവിൽ വ്യത്യസ്ത അനുഭവമാക്കി  മാറ്റാനുള്ള വേദിയാണ്.ഈജിപ്ഷ്യൻ രാഞ്ജിയുടെ പേരാണു നെഫർറ്റിറ്റി.  കപ്പലിന്റെ രൂപ കൽപനയിലും  ഡിസൈനുകളിലുമെല്ലാം  നിറയുന്നതും ഈജിപ്ത്യൻ തീമുകളാണ്. 16.42 കോടി രൂപയാണു നിർമാണച്ചെലവ്. 48.5 മീറ്റർ നീളവും 15.5 മീറ്റർ വീതിയുമുള്ള കപ്പലിൽ മൂന്നു തട്ടുകളാണുള്ളത്. താഴെത്തട്ടിൽ 200 പേർക്കിരിക്കാവുന്ന ബാങ്ക്വറ്റ് ഹാളും 30 പേർക്കിരിക്കാവുന്ന  മിനി 3ഡി തിയറ്ററും കുട്ടികൾക്കുള്ള ഇലക്ട്രോണിക്  ഗെയിം ഉൾപ്പെടുത്തിയുള്ള  കളി മുറിയുമാണുള്ളത്. 

രണ്ടു ഭാഗത്തായി കടൽ കാഴ്ചകൾ അടുത്തു നിന്ന് ആസ്വദിക്കാനുള്ള ബാൽക്കണികളുമുണ്ട്. രണ്ടാം നിലയിൽ 70 പേർക്ക്  ഇരിക്കാവുന്ന എസി റസ്റ്ററന്റും  ലോഞ്ച് ബാറുമാണ്. മേൽക്കൂരയില്ലാത്ത  വിധത്തിൽ തുറന്ന നിലയിലുള്ള മൂന്നാം തട്ട് സ്റ്റാൻഡിങ് പാർട്ടികളും മറ്റും  സംഘടിപ്പിക്കാനാവും  വിധമുള്ളതാണ്.കടലിൽ 20 നോട്ടിക്കൽ മൈൽ(38 കി.മി) വരെ ദൂരത്തിൽ സഞ്ചരിക്കാൻ അനുമതിയുളള കപ്പലാണിത്. എന്നാൽ 12 നോട്ടിക്കൽ  മൈലിനപ്പുറം(22.8 കി.മീ) രാജ്യാന്തര അതിർത്തിയായതിനാൽ ആ പരിധിക്കുള്ളിലാവും  സർവീസ് നടത്തുക. 

11-12 കി.മീ സഞ്ചരിക്കുമ്പോൾ  തന്നെ കര കാണാനാവാത്ത വിധമാവും. 10 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാനാവുമെങ്കിലും  വേഗം കുറച്ചാവും  ഉല്ലാസ യാത്ര.കാറ്ററിങ് പാർട്നറായ അബാദ് പ്ലാസയാവും  കപ്പലിലെ ഭക്ഷണം  ഒരുക്കുക. കലാഭവൻ ബിനുവിന്റെ  നേതൃത്വത്തിലുള്ള  സംഘമാണു പാട്ടും നൃത്തവും  മാജിക്കും ഉൾപ്പടെയുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

പാക്കേജ് ഇങ്ങനെ

4.5ലക്ഷം രൂപയാണു ഗ്രൂപ്പ് ബുക്കിങ്ങിനുള്ള കുറഞ്ഞ നിരക്ക്. 125 പേർക്ക് ഈ നിരക്കിൽ സഞ്ചരിക്കാം. അതു കഴിഞ്ഞുള്ള ഓരോരുത്തർക്കും  1000 രൂപ വീതമാണ് അധിക നിരക്ക്. 200 പേർ വരെയാകാം. 200 പേരുള്ള ഒരു ഗ്രൂപ്പാണെങ്കിൽ  5.25 ലക്ഷം രൂപയാണു ചെലവ്. ഭക്ഷണവും കലാപരിപാടികളും ഉൾപ്പടെയാണിത്. മദ്യത്തിനു പ്രത്യേക നിരക്കാണ്.5 മണിക്കൂർ സർവീസിനാണ്  ഈ നിരക്ക്. പരമാവധി 8 മണിക്കൂർ വരെയാണ് ഒരു സംഘത്തിനുള്ള യാത്ര. 5 മണിക്കൂർ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും  20000 രൂപ വീതം അധികം നൽകണം. ബുക്ക് ചെയ്യുന്നവരുടെ ആവശ്യം അനുസരിച്ചു പകലും രാത്രിയുമായി ഏതു സമയത്തും സർവീസ് നടത്തും.

ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ട് മുഹമ്മദ് ഹനീഷ് മാനേജിങ് ഡയറക്ടർ കെഎസ്ഐഎൻസി

‘സംസ്ഥാനത്തിന്റെ  ടൂറിസം മേഖലയ്ക്കു  മുതൽക്കൂട്ടാവും  നെഫർറ്റിറ്റി. കായൽ ഉല്ലാസ യാത്രക്ക് ഏറെ സൗകര്യങ്ങളുണ്ടെങ്കിലും കടലിലൂടെയുള്ള വിനോദ യാത്രക്കും കടൽത്തട്ടിലെ പാർട്ടികൾക്കും സമ്മേളനങ്ങൾക്കുമെല്ലാമുള്ള  പുതിയൊരു  അവസരമാണ് കെഎസ്ഐഎൻസി  ഒരുക്കുന്നത്. ഇപ്പോൾ ഗ്രൂപ്പ് ബുക്കിങ് സർവീസുകൾ മാത്രമാണ് നടത്തുന്നത്.  വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും  ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന തരത്തിലുള്ള സർവീസ് നടത്തുന്നതും പരിഗണിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA