കോവളം, ശംഖുമുഖം ടൂറിസം വികസനം 34 കോടി
തിരുവനന്തപുരം ∙ കടൽത്തീരം വരെ നീളുന്ന സൈക്കിൾ ട്രാക്ക്, കടൽക്കാറ്റേറ്റ് യോഗ ചെയ്യാനുള്ള സൗകര്യം, കൽമണ്ഡപങ്ങളിലിരുന്നു കടലിനെ നോക്കി സൊറ പറയാനുള്ള സൗകര്യം; നമ്മുടെ സ്വന്തം കോവളത്ത് വിഭാവനം ചെയ്യുന്ന പദ്ധതികളാണിത്. കോവളത്തിന്റെ മുഖച്ഛായ മാറ്റാനാണു വിനോദസഞ്ചാര വകുപ്പിന്റെ ശ്രമം. രണ്ടു ഘട്ടങ്ങളായി 20 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു ബീച്ചിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിലൊന്നായ കോവളത്തു കാലാനുസൃതമായ മാറ്റങ്ങൾ വരുത്താനാണു പദ്ധതി. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ബീച്ച് ടൂറിസത്തിന്റെ രാജ്യാന്തര മാതൃകകളാണു കോവളത്തു നടപ്പാക്കാനൊരുങ്ങുന്നത്. ആദ്യ ഘട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എംഎൽഎ അധ്യക്ഷത വഹിച്ചു.</p>
സ്വാഗത കവാടം മുതൽ യോഗ ഡെക്ക് വരെ
സമുദ്ര ബീച്ചിലും ഗ്രോവ് ബീച്ചിലുമാണ് ആദ്യ ഘട്ട നവീകരണം നടത്തുന്നത്. 9 മേഖലകളിലാണു നിർമാണം നടത്തുന്നത്. 18 ലക്ഷം രൂപ ചെലവിൽ മനോഹരമായ സ്വാഗത കവാടം രൂപകൽപന ചെയ്തിട്ടുണ്ട്. പ്രവേശന കവാടം മുതൽ കടൽത്തീരം വരെ നീളുന്ന കല്ലുപാകിയ പാതയിൽ കൽമണ്ഡപങ്ങൾ നിർമിക്കും. കൽമണ്ഡപങ്ങളുടെ ചുമരിൽ കേരളത്തിന്റെ പാരമ്പര്യകലകളെ സൂചിപ്പിക്കുന്ന ചുമർചിത്രങ്ങൾ വരയ്ക്കും.
ഗ്രാനൈറ്റ് പാകിയ നടപ്പാതകളും കൈവരികളും ഇതോടനുബന്ധിച്ചുണ്ട്. 16.94 ലക്ഷം രൂപ ചെലവിൽ യോഗ ഡെക്ക് നിർമിക്കും. യോഗ ചെയ്യാനും കഥകളി പോലുള്ള കേരളീയ കലകൾ പ്രദർശിപ്പിക്കാനും ഇവിടം ഉപയോഗിക്കാം. ആധുനിക സൗകര്യങ്ങളോടു കൂടിയ ശൗചാലയ സമുച്ചയവും വസ്ത്രം മാറാനുള്ള മുറികൾക്കുമായി 47.62 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സഞ്ചാരികൾക്കായി വള്ളത്തിന്റെ ആകൃതിയിലുള്ള 88 ഇരിപ്പിടങ്ങൾ നിർമിക്കും. സൈക്കിൾ ട്രാക്കിനു വേണ്ടി 28 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
തീരസംരക്ഷണവും പദ്ധതിയിൽ
തീരസംരക്ഷണത്തിനായി ഭിത്തികളും ടെട്രാപോഡുകളും സ്ഥാപിക്കുന്നതിനും പദ്ധതിയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനായി മാത്രം 3.6 കോടി രൂപ വകയിരുത്തി. പൊലീസ്, ലൈഫ് ഗാർഡ് എന്നിവയ്ക്കായി ഔട് പോസ്റ്റും കിയോസ്കും നിർമിക്കുന്നതിനായി 12 ലക്ഷം രൂപയും വകയിരുത്തി.
സുരക്ഷാ ക്രമികരണങ്ങൾക്കായി സിസിടിവി ക്യാമറകളും ബീച്ചിലുടനീളം സ്ഥാപിക്കുന്നുണ്ട്. നവീകരണ പ്രവൃത്തികളോടൊപ്പം മഴവെള്ള സംഭരണിയും നിർമിക്കും. ഭിന്നശേഷി സൗഹൃദമാക്കാൻ ബാരിയർ ഫ്രീ ടൂറിസം കൺസെപ്റ്റ് ഇവിടെയും നടപ്പാക്കും. ഓഡിയോ സംവിധാനമൊരുക്കാനായി 17 ലക്ഷമാണു വകയിരുത്തിയത്.
രണ്ടാം ഘട്ടവും ഉടൻ
ഹവ്വാ ബീച്ച്, സീറോക്ക് ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവടങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന രണ്ടാം ഘട്ട നവീകരണ പദ്ധതികളും അധികം വൈകാതെ ആരംഭിക്കും. ബീച്ചുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, 13 അടി വീതിയിൽ 400 മീറ്റർ നീളമുള്ള 2 നടപ്പാതകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2 നടപ്പാതകൾക്കുമായി 1.28 കോടി നീക്കിവച്ചു. രണ്ടാം ഘട്ടത്തിലും തീരസംരക്ഷണത്തിനായി ഭിത്തികളും ടെട്രാപോഡുകളും നിർമിക്കുന്നുണ്ട്.
40 ബീച്ച് വെണ്ടർ ബൂത്തകൾ നിർമിക്കുന്നതിനു 40 ലക്ഷം രൂപയും ഗ്രാനൈറ്റ് സ്ലാബുകൾ പതിച്ച 120 ഇരിപ്പിടങ്ങൾക്കായി 18 ലക്ഷം രൂപയും പദ്ധതിയിൽ വകയിരുത്തി. സീറോക്ക് ഗാർഡനെയും എടക്കല്ല് റോക്ക് ഗാർഡനെയും ബന്ധിപ്പിക്കാനായി തെങ്ങിൻ തടി ഉപയോഗിച്ചു പാലം നിർമിക്കും. മാലിന്യ നിർമാർജനത്തിനും ഹരിത മേഖല നിർമിക്കുന്നതിനും 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
പ്രകൃതിദത്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചു പരിസ്ഥിതി സൗഹാർദപരമായി നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശ്യം. ഡ്രിപ് ഇറിഗേഷൻ, സോളർ ലൈറ്റിങ് തുടങ്ങിയവയും ഉപയോഗിക്കുന്ന പദ്ധതി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുശിൽപാലയ കൺസൽട്ടൻസിയാണു രൂപകൽപന ചെയ്തിട്ടുള്ളത്. ഊരാളുങ്കൽ സഹകരണ സംഘത്തിനാണു നിർവഹണച്ചുമതല.
ശംഖുമുഖവും മുഖം മിനുക്കും
14.67 കോടി രൂപയുടെ നവീകരണ പദ്ധതിയാണു വിനോദസഞ്ചാര വകുപ്പ് ശംഖുമുഖം ബീച്ചിലും നടപ്പാക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പാർക്കിങ് ഏരിയ, 300 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ആംഫിതിയറ്റർ തുടങ്ങിയവ ശംഖുമുഖത്തു നിർമിക്കും.