വിമാനടിക്കറ്റിന് പകുതി നിരക്ക്, സൗജന്യ താമസം; ലോക്ഡൗണിന് ശേഷം സഞ്ചാരികളെ കാത്തിരിക്കുന്നത്!

കൊറോണ മൂലം കുറേക്കാലം വീടിനുള്ളില്‍ അടച്ചിരിക്കേണ്ടി വന്നതിന്‍റെ കടം തീര്‍ക്കാന്‍ ലോക്‌ഡൗണ്‍ കഴിഞ്ഞ ഉടന്‍ വീട്ടില്‍ നിന്നും ചാടി എങ്ങോട്ടെങ്കിലും യാത്ര പോകണമെന്ന് ചിന്തിച്ചിരിക്കുകയാണ് ലോകമെങ്ങുമുള്ള യാത്രാ പ്രേമികള്‍. സഞ്ചാരികളെ സ്വാഗതം ചെയ്യാനായി മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളുമെല്ലാമായി വിവിധ രാജ്യങ്ങളും ഒരുങ്ങുകയാണ്. വൈറസ് തകര്‍ത്തു തരിപ്പണമാക്കിയ ടൂറിസം മേഖലയ്ക്ക് പുതുജീവന്‍ പകരാനും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായി മികച്ച പദ്ധതികളാണ് പല രാജ്യങ്ങളും ആസൂത്രണം ചെയ്യുന്നത്. യാത്രാച്ചെലവു കുറയ്ക്കുന്നതു മുതല്‍ യാത്രക്കിടെയുള്ള ആരോഗ്യ സംരക്ഷണത്തിന്‍റെ പൂര്‍ണമായ ചുമതല ഏറ്റെടുക്കുന്നതു വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.

രണ്ടു വാങ്ങിയാല്‍ രണ്ടു ഫ്രീ... ഗോ മെക്സിക്കോ!

മെക്സിക്കോയിലെ കാൻ‌കോൺ നഗരമാണ് സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി വന്നിരിക്കുന്നത്. മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ചൂടന്‍ ഹോളിഡേ ഡെസ്റ്റിനേഷനാണ് കാന്‍കോണ്‍. 200 ഓളം സ്വകാര്യ ബിസിനസുകൾ യാത്രക്കാർക്ക് പണം വാഗ്ദാനം ചെയ്യുന്നതിനായി ഒരു സ്വകാര്യ സംരംഭം ആരംഭിച്ചു. സഞ്ചാരികള്‍ക്ക് കിഴിവുകള്‍ നല്‍കുന്നതിനായി ഇവിടെയുള്ള ഇരുനൂറോളം സ്വകാര്യവ്യവസായങ്ങള്‍ ചേര്‍ന്ന് ഒരു സ്വകാര്യ സംരംഭം ആരംഭിച്ചിട്ടുണ്ട്.

'രണ്ട്' എന്ന സംഖ്യയാണ് ഈ സംരംഭത്തിന്‍റെ തീം. സഞ്ചാരികള്‍ ബുക്ക് ചെയ്യുന്ന ഓരോ രണ്ട് രാത്രികള്‍ക്കും രണ്ട് രാത്രികൾ കൂടി സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത് അല്ലെങ്കില്‍ രണ്ട് മുതിർന്നവർക്കായുള്ള ബുക്കിങ്ങിന് മേല്‍ രണ്ട് കുട്ടികൾക്ക് സൗജന്യമായി താമസിക്കാം. സഞ്ചാരികൾ‌ ബുക്കുചെയ്യുന്ന ഓരോ രണ്ട് ദിവസത്തിനും രണ്ട് ദിവസത്തേക്ക് സൗജന്യമായി വാടക കാര്‍ ഉപയോഗിക്കാം.

കാൻ‌കോൺ തീരത്ത് നിന്ന് എട്ടു മൈല്‍ അകലെയുള്ള പ്യൂർട്ടോ മോറെലോസ്, തുലൂം, കരീബിയൻ ദ്വീപായ ഈസാ മുജെരെസ് എന്നീ പ്രദേശങ്ങളും ഈ സംരംഭത്തിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'വിവിധ സംസ്ഥാന ഹോട്ടൽ അസോസിയേഷനുകളുടെയും ടൂറിസ്റ്റ് വ്യവസായത്തിന്റെയും പങ്കാളിത്തം കാരണം ഞങ്ങൾ വളരെ സന്തുഷ്ടരാണ്, എല്ലാറ്റിനുമുപരിയായി പ്രതിജ്ഞാബദ്ധരാണ്' എന്ന് കാൻ‌കോൺ പ്യൂർട്ടോ മോറെലോസ്, ഇസ്ലാ മുജെരെസ് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് റോബർട്ടോ സിൻട്രോൺ പറഞ്ഞു. ജൂൺ 8 മുതലാണ് മെക്സിക്കോയിൽ ടൂറിസം പുനരാരംഭിക്കുക. അതിന് ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 15 ന് ഈ സംരംഭവും സജീവമാകും.

വിമാനടിക്കറ്റിന് പകുതി നിരക്ക് നല്‍കും സിസിലി ദ്വീപ്‌ 

സമാനമായ പദ്ധതികളുമായി ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മുന്നോട്ടു വന്ന രാജ്യങ്ങളാണ് സിസിലി, ജപ്പാൻ, ബൾഗേറിയ എന്നിവ. വരുന്ന ശരത്കാലത്ത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി 50 മില്യൺ ഡോളർ കാമ്പയിൻ പദ്ധതി കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ സിസിലി പ്രാദേശിക സര്‍ക്കാര്‍ ആസൂത്രണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുപ്രകാരം വിമാനയാത്ര, താമസ പാക്കേജുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ വിമാന നിരക്കിന്‍റെ പകുതി സര്‍ക്കാര്‍ നല്‍കും.

ബുക്കു ചെയ്യുന്ന ഓരോ മൂന്നു രാത്രിയിലും ഒരു രാത്രി സൗജന്യ താമസവും ഈ ഓഫറിന്‍റെ ഭാഗമായി സഞ്ചാരികള്‍ക്ക് ലഭിക്കും. ടെമ്പിൾസ് ഓഫ് അഗ്രിഗെന്റോ, വില്ല റൊമാന ഡെൽ കാസലെ എന്നിവയുൾപ്പെടെ സിസിലിയിലെ ലോകോത്തര മ്യൂസിയങ്ങളിലേക്കും പുരാവസ്തുകേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനവും ഇതോടൊപ്പം സൗജന്യമാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങൾ visiticily.com എന്ന പ്രാദേശിക വെബ്‌സൈറ്റിൽ ലഭിക്കും.

ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തിനകത്ത് അവധി ആഘോഷിക്കുന്ന ഇറ്റലിക്കാർക്ക് 500 ഡോളർ വാഗ്ദാനം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ആഭ്യന്തരയാത്രക്കാര്‍ക്ക് സബ്സിഡിയുമായി ജപ്പാന്‍

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയ ജപ്പാനും ടൂറിസം മേഖലയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനായി യാത്രക്കാരുടെ ചെലവിന്‍റെ ഒരു ഭാഗം സബ്‌സിഡി നൽകുമെന്ന് മെയ് 20 ലെ വാർത്താ സമ്മേളനത്തിൽ ജപ്പാൻ ടൂറിസം ഏജൻസിയുടെ ഹിരോഷി ടബാറ്റ പ്രഖ്യാപിക്കുകയുണ്ടായി.

ടൂറിസത്തിനായുള്ള പുതിയ റീഇംബേഴ്സ്മെന്റ് പ്രോഗ്രാമിലേക്ക് 12.5 ബില്യൺ ഡോളർ (10.2 ബില്യൺ ഡോളർ) അനുവദിക്കും. കൂടാതെ അണുബാധ നിരക്ക് നിലവില്‍ ഉള്ളതുപോലെ താഴ്ന്ന നിലയില്‍ത്തന്നെ തുടരുകയാണെങ്കിൽ ജൂലൈ ആദ്യം തന്നെ പ്രോഗ്രാം ആരംഭിക്കാം. മെയ് 25 ന് ജപ്പാനിൽ 31 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

എന്നാല്‍ ഈ പദ്ധതി ആഭ്യന്തര ടൂറിസത്തെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ദീർഘദൂര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം രാജ്യാന്തര ടൂറിസത്തിനായുള്ള പദ്ധതികള്‍ ഭാവിയില്‍ ആവിഷ്കരിച്ചേക്കും.

ടോക്കിയോ 2020 ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവ നീട്ടിവെച്ചതിനാൽ ഈ കൊറോണ വൈറസ് ബാധ ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ച ടൂറിസം മേഖലകളില്‍ ഒന്നാണ് ജപ്പാന്‍. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തിയിരുന്ന വേനല്‍ സീസണാണ് വൈറസ് മൂലം ജപ്പാന് നഷ്ടമായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ സന്ദർശകരുടെ എണ്ണത്തില്‍ 99.9 ശതമാനം കുറവാണ് ഉണ്ടായത്.

ഫ്രീ ബീച്ച് ബള്‍ഗേറിയ

അടുത്ത കാലത്തായി ബജറ്റ് ബീച്ച് ഡെസ്റ്റിനേഷനായി സഞ്ചാരികള്‍ തിരഞ്ഞെടുത്ത ബൾഗേറിയയും ലോക്‌ഡൗണിനുശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയിലാണ്.

രാജ്യത്തെ പല ബീച്ചുകളും വിനോദസഞ്ചാരികൾക്ക് സൗജന്യപ്രവേശനം നല്‍കും. സൺ ലോഞ്ചറുകളും കുടകളും പോലുള്ള സൗകര്യങ്ങളും ഇതോടൊപ്പം ലഭിക്കും. സബ്സിഡികളുടെ അത്രയും ഉപകാരപ്രദം അല്ലെങ്കിലും സഞ്ചാരികള്‍ക്ക് യാത്രാച്ചെലവ്‌ കുറയ്ക്കാന്‍ ഇത് സഹായിക്കും.