മഞ്ഞുപ്പെയ്യുന്നത് കാണാൻ മീശപ്പുലിമലയിലേക്ക് പോകണ്ട; ഇവിടേയ്ക്ക് പോരൂ
ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ട്...‘‘ ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം ഭംഗിയുള്ളതിനെയെല്ലാം മനുഷ്യർ നശിപ്പിച്ചുകളയും.’’ അങ്ങനെ ആരോടും പറയാതെ യാത്ര പോവാൻ അടുത്തകാലത്ത് പുറപ്പെട്ട് ഇറങ്ങുമ്പോഴെല്ലാം
ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ട്...‘‘ ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം ഭംഗിയുള്ളതിനെയെല്ലാം മനുഷ്യർ നശിപ്പിച്ചുകളയും.’’ അങ്ങനെ ആരോടും പറയാതെ യാത്ര പോവാൻ അടുത്തകാലത്ത് പുറപ്പെട്ട് ഇറങ്ങുമ്പോഴെല്ലാം
ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ട്...‘‘ ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം ഭംഗിയുള്ളതിനെയെല്ലാം മനുഷ്യർ നശിപ്പിച്ചുകളയും.’’ അങ്ങനെ ആരോടും പറയാതെ യാത്ര പോവാൻ അടുത്തകാലത്ത് പുറപ്പെട്ട് ഇറങ്ങുമ്പോഴെല്ലാം
ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ട്...‘‘ ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. ആരോടും പറയേണ്ടതില്ല. കാരണം ഭംഗിയുള്ളതിനെയെല്ലാം മനുഷ്യർ നശിപ്പിച്ചുകളയും.’’
അങ്ങനെ ആരോടും പറയാതെ യാത്ര പോവാൻ അടുത്തകാലത്ത് പുറപ്പെട്ട് ഇറങ്ങുമ്പോഴെല്ലാം കെട്ടുംഭാണ്ഡവുമെടുത്ത് മഴ കൂടെ ഇറങ്ങിവരും. പിന്നെ എങ്ങോട്ടുപോവാൻ ! മഴയുടെ വന്യതയിൽ മനുഷ്യൻ നിസ്സഹായനായങ്ങനെ നിൽക്കുകയാണ്. ഈ മഴ തോർന്നൊരു പ്രഭാതത്തിൽ ആരോടും പറയാതെ, കയ്യിലൊന്നുമെടുക്കാതെ ഒരു യാത്രക്കിറങ്ങി. ഈ യാത്ര വാഴയൂരിലെ മലയിലേക്കാണ്...പുലരിയിലെ മഞ്ഞുമേഘങ്ങൾ കാണാൻ...
∙ ഇരുളിൻ മഹാനിദ്രയിൽനിന്നുണർന്ന്...
നേരം പുലർന്നിട്ടില്ല. രാവിലെ അഞ്ചു കഴിഞ്ഞേയുള്ളൂ. ഈ യാത്ര പ്രഭാതത്തിലെ കോടമഞ്ഞിനെ ചെന്നുതൊടാനാണ്. അതുകൊണ്ട് കോടമഞ്ഞ് കണ്ണുതിരുമ്മി ഉറങ്ങിയെഴുന്നേൽക്കുംമുൻപ് അങ്ങു ചെല്ലണം.
രാത്രിയുടെ യാത്രാഭാരം കണ്ണിൽ ഉറക്കമായിത്തൂങ്ങുന്ന ഡ്രൈവർമാർ റോഡിലൂടെ വാഹനമോടിച്ചുപോവുന്നു.
ദേശീയപാതയിൽ രാത്രിയിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴെല്ലാം മനസിലേക്ക് ഓടിയെത്തുന്ന ഒരു ചിന്തയുണ്ട്...‘ഇത്രയും മനുഷ്യർ ഈ രാവിൽ എങ്ങോട്ടാണ് പോവുന്നത്?’ എവിടെയോ കാത്തിരിക്കുന്ന ആരെയോ കാണാൻ, ഇത്ര തിരക്കിട്ട്, വരിവരിയായി പല ദിശകളിലേക്ക് പോവുകയാണ്. എങ്ങോട്ടെന്നറിയാതെ, നിസാരമായ ഒരു അരിമണിക്കായി വരിവരിയായി ജീവിതകാലം മുഴുവൻ നടന്നുനീങ്ങുന്ന ഉറുമ്പുകളെപ്പോലെയാണ് മനുഷ്യരുമെന്ന് തോന്നിപ്പോവുന്നത് ഇത്തരം യാത്രയിലാണ്.
∙ വഴി തെളിയുന്നു..
നേരംപുലരുന്നതിനു തൊട്ടുമുൻപ് ദേശീയപാതയിലൂടെയുള്ള യാത്ര. കോഴിക്കോടുനിന്ന് രാമനാട്ടുകരയിലേക്ക് ബൈപ്പാസിലൂടെ പതുക്കെപ്പതുക്കെ പോവുകയാണ്. ബൈപ്പാസിൽനിന്ന് കരിപ്പൂരേക്കുള്ള റോഡിലൂടെ ഇടത്തോട്ടുതിരിഞ്ഞു. വൈദ്യരങ്ങാടി പിന്നിട്ട് പതിനൊന്നാംമൈൽ ജംക്ഷനിലെത്തുമ്പോഴും റോഡ് വിജനമാണ്. വഴി ചോദിക്കാൻ ആരെയും കാണുന്നില്ല. സമയം രാവിലെ അഞ്ചര കഴിഞ്ഞേയുള്ളൂ.
പെരിങ്ങാവ് റോഡിലൂടെ നേരെ വച്ചുപിടിച്ചു. മദ്രസയിലേക്കു പോവുന്ന കുഞ്ഞുങ്ങളും നിസ്കാരത്തിനാ പോവുന്ന ചിലരും വഴിയരികിലൂടെ നടന്നുപോവുന്നുണ്ട്. ചെറുകാവ് പിഎച്ച്സി പിന്നിട്ട് ചെറിയ കയറ്റിറക്കങ്ങൾ കടന്ന് മുന്നോട്ടുപോയി.
∙ അകലെ, മലമുകളിൽ...
വിജനമായ മലമുകളിൽ വലത്തോട്ടൊരു ചെമ്മൺപാതയങ്ങനെ നീണ്ടുകിടക്കുന്നു. റോഡിരികിൽ ഒരു ചെറിയ ചായക്കടയുണ്ട്. തൊട്ടടുത്താ ഹൊറൈസൺ ഇന്റർനാഷണൽസ്കൂളിന്റെ മതിൽക്കെട്ടുമുണ്ട്. ഇതിനോടുചേർന്നാണ് വഴി.
വാഹനം കടയ്ക്കടുത്ത് നിർത്തി. നാട്ടുകാരൻകൂടിയായ സൂര്യനാരായണൻ കട തുറക്കാനുള്ള ഒരുക്കത്തിലാണ്. മുന്നോട്ടുനീളുന്ന വഴിയിലൂടെ നടന്നു.വിജനമായ പ്രദേശം. ഒഴിഞ്ഞുകിടക്കുന്ന മൈതാനത്ത് അഞ്ചാറു ബൈക്കുകൾ നിർത്തിയിട്ടിട്ടുണ്ട്.
നടന്നപോവുന്നത് ചെമ്മൺപാതയിലൂടെയല്ല. ചെങ്കല്ലു വെട്ടിയുണ്ടാക്കിയ വഴിയാണ്. ചരലും ഉരുളൻ കല്ലുകളുമാണ് വഴി നിറയെ. മുന്നോട്ടുനടക്കുന്നതിനിടെ രണ്ട് ബുള്ളറ്റുകളിലായി ആരൊക്കെയോ കടന്നുപോയി. ചരലിൽ ചെങ്കൽപ്പാറകൾക്കിടയിലൂടെ ഓഫ്റോഡിങ്.
∙ ആദ്യകിരണങ്ങളേറ്റു നാണിച്ച്...
സമയം ആറിനോടടുക്കുന്നു. ഒരിറക്കമിറങ്ങി കയറ്റം കയറുകയാണ്. വഴിയുടെ ഇരുവശത്തും തലയുയർത്തി നിൽക്കുന്ന പുല്ലുകൾ. കവി പാടിയതുപോലെ ‘പുൽത്തുമ്പിലെ പുലരിപ്പൂമഞ്ഞുതുള്ളിയിൽ പ്രപഞ്ചം പുഞ്ചിയിരിടുന്നുണ്ട്’.
പച്ച പുതച്ചുകിടക്കുന്ന കുന്നാണു മുന്നിൽ. ആ പച്ചപ്പിനുനടുവിലൂടെ ചെമ്മൺപാത ചുവന്നങ്ങനെ കിടക്കുകയാണ്. ഇരുവശത്തും വലിയ മരങ്ങളില്ല. വീടുകളില്ല. പ്രഭാതത്തിനുമുൻപു കടന്നുവരുന്ന ആ വെളിച്ചത്തിൽ പ്രകൃതി കണ്ണുതിരുമ്മി എഴുനേൽക്കാനൊരുങ്ങുന്നു.
കുന്നുകയറി ചെല്ലുന്നിടത്ത് അഞ്ചുപത്തു പാറക്കല്ലുകളുണ്ട്. വഴിയിവടെ തീരുകയാണ്. ഒരു പാറപ്പുറത്തുകയറി കിഴക്കോട്ടുനോക്കി. അതായിരുന്നു കാഴ്ച.ഇതുവരെ കണ്ടതെല്ലാം കാഴ്ചയേ ആയിരുന്നില്ല...
∙ മഞ്ഞുവന്നു തൊടുമ്പോൾ...
ചുറ്റും പുകയുന്ന കോടമഞ്ഞ്. വെള്ള പഞ്ഞിക്കെട്ടുകൾ നിരത്തിനിറച്ചുവിരിച്ചതുപോലെ...കോടമഞ്ഞങ്ങനെ മല കയറി വരുന്നു. പിന്നെ എങ്ങോട്ടോ കയറി അപ്രത്യക്ഷമാവുന്നു. അങ്ങു കിഴക്കുകിഴക്കേയറ്റംവരെ കുഞ്ഞുമേഘങ്ങളാണ്. അതിനുമുപ്പുറത്തുനിന്ന് സൂര്യൻ കൺമിഴിച്ചുനോക്കുന്നുണ്ട്. കുന്നിനുതാഴേനിന്ന് കയറിവരുന്ന കോട ഇടയ്ക്കിടെ വന്നുമൂടുന്നു. ചുറ്റുമുള്ള കാഴ്ചകൾ ഒരു റബ്ബറുകൊണ്ട് മായ്ചുകളഞ്ഞതുപോലെ, ചുറ്റും വെള്ളമഞ്ഞുമാത്രമാവുന്നു.
തണുക്കുന്നു. പക്ഷേ വന്നതിനേക്കാൾ വേഗത്തിൽ കോടമഞ്ഞ് പടിഞ്ഞാറോട്ട് ഒഴുകിയകലുന്നു. അങ്ങകലെ കരിപ്പൂർ വിമാനത്താവളത്തിന്റെ എയർസ്ട്രിപ്പിലേക്ക് വിമാനം വന്നിറങ്ങുന്നതു കാണാം.
കുന്നിനുതാഴെ കാണുന്ന കോടമഞ്ഞിനുതാഴെ മനുഷ്യർ തങ്ങളുടെ വീടുകളിൽ കിടന്നുറങ്ങുന്നുണ്ടാവും. പലരും രാവിലെ ജോലിക്കുപോവാനുള്ള തത്രപ്പാടിലായിരിക്കും. കുഞ്ഞുങ്ങൾ അതികാലത്തെഴുന്നേറ്റ് പഠിക്കുന്നുണ്ടാവും. മഞ്ഞിനുകീഴെ മനുഷ്യർ അസ്വസ്ഥരായി ഓടിനടക്കുന്നുണ്ടാവും. ഉന്നതങ്ങളിൽ സമാധനം...
കുന്നിനുതാഴെനിന്ന് കിളികളുടെ ശബ്ദം ഉണർന്നുതുടങ്ങി. ബൈക്കുകളിലായി രണ്ടുമൂന്നു പേർ വന്നു. ആരൊക്കെയോ നടന്നുവരുന്നു. പലരും തിരിച്ചിറങ്ങുന്നു.
‘ചാർളി’ ‘മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോ’ എന്നു ചോദിച്ച ശേഷമാണ് യാത്രികർ കേരളത്തിൽ പുലരിമഞ്ഞു കാണാൻ കഴിയുന്ന ഇടങ്ങൾ തേടിയുള്ള യാത്രകൾ തുടങ്ങിയതെന്നു തോന്നുന്നു.
ഈ നിൽക്കുന്ന കുന്ന് വാഴയൂരാണ്. മലപ്പുറത്തിന്റെ മണ്ണിലാണ്. പക്ഷേ കോഴിക്കോട് ജില്ലയോടു ചേർന്നുകിടക്കുകയാണ്. അധികം വിയർപ്പൊഴുക്കാതെ, അത്യാവശ്യം ആരോഗ്യമുള്ളയാർക്കും മലമുകളിലേക്ക് നടന്നുചെല്ലാമെന്നതാണ് വാഴയൂരിന്റെ ഗുണം. കുടുംബങ്ങളുമായാണ് പലരും പുലരികൾ കാണാൻ ഇവിടെയെത്തുന്നത്.
∙ കട്ടനും അരിമുറുക്കും പ്രഭാതവും
തിരികെ കുന്നിറങ്ങി വരുമ്പോൾ സൂര്യനാരാണന്റെ കട സജീവമായികഴിഞ്ഞു. സ്റ്റൗവിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടിയിട്ട് രണ്ടുസ്പൂൺ പഞ്ചസാര തട്ടിയിളക്കി മൂപ്പർ ഗ്ലാസ് കയ്യിലേക്ക് വച്ചുതന്നു. കുപ്പിയിലെ അരിമുറുക്കുംകൂട്ടി കട്ടൻ കുടിക്കുകയാണ്.
ഞായറാഴ്ചകളിൽ നാട്ടുകാരും ദൂരെനിന്നുള്ളവരുമായി അനേകംപേർ വാഴയൂർ മലമുകളിൽ വരാറുണ്ട്. പാവങ്ങളുടെ ഊട്ടിയെന്നൊക്കെയാണ് വിശേഷണം. സത്യത്തിൽ ഈ വ്യൂപോയന്റ് പുറമ്പോക്കുഭൂമിയല്ല. സ്വകാര്യവ്യക്തികളുടെ സ്ഥലമാണ്. ഭാവിയിൽ ഇവിടെ കുറ്റിയടിച്ച് കുന്ന് പലതായി വിഭജിച്ച് സ്ഥലം പലർക്കായി നൽകും. അതുവരെ..അതുവരെ മാത്രം കോടമഞ്ഞുവന്നു കണ്ടുപോവാനുള്ള വ്യൂപോയന്റായി വാഴയൂർ മല തലയുയർത്തിനിൽക്കുമെന്നാണ് സൂര്യനാരായണൻ പറഞ്ഞത്.
English Summary: Vazhayoor Hills Station in Malappuram