കൈലാസ പര്‍വതം, സെപ്റ്റംബറിൽ തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും കാണാം
Mail This Article
കൈലാസ പര്‍വതം ഇനി തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍നിന്നും കാണാനാവും. സെപ്റ്റംബറിൽ കൈലാസ് മാനസരോവര്‍ തീര്‍ഥാടകര്‍ക്ക് അതിര്‍ത്തി കടക്കുന്നതിനു മുൻപു തന്നെ കൈലാസം കാണാം. ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറ് ചൈന, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തിയില്‍നിന്നു 100 കിലോമീറ്റര്‍ വടക്കാണ് കൈലാസ പര്‍വതം സ്ഥിതി ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ പിതോറഗഡ് ജില്ലയിലുള്ള നബിദാങ്ങിലെ കെഎംവിഎന്‍ ഹട്‌സില്‍നിന്ന് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ലിപുലേക് പാസിലേക്കുള്ള റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സെപ്റ്റംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിക്കുന്നത്. നബിദാങ് മുതല്‍ ലിപുലേക് പാസ് വരെ ആറര കിലോമീറ്റര്‍ പാതയാണ് ഒരുങ്ങുന്നത്. ഈ പാതയിലാണ് ഇന്ത്യയില്‍നിന്നു കൈലാസ പര്‍വതം കാണാവുന്ന വ്യൂ പോയിന്റുള്ളത്.
നിലവില്‍ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും രണ്ട് വഴികളാണുള്ളത്. ഇതില്‍ സിക്കിമിലൂടെയുള്ള വഴി ആരംഭിക്കുന്നത് ബംഗാളിലെ ബാഗ്‌ദോരയില്‍ നിന്നാണ്. ഡല്‍ഹിയില്‍നിന്നു 1,115 കിലോമീറ്റര്‍ ദൂരെയാണ് ബാഗ്‌ദോര വിമാനത്താവളം. ബാഗ്‌ദോരയിലെത്തുന്ന സഞ്ചാരികള്‍ പിന്നീട് 1,665 കിലോമീറ്റര്‍ റോഡു മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഇതില്‍ വെറും 175 കിലോമീറ്റര്‍ മാത്രമാണ് ഇന്ത്യയിലൂടെയുള്ളത്. ഡൽഹിയില്‍നിന്നു കാഠ്മണ്ഡുവിലേക്കു വിമാനത്തില്‍ എത്തിയ ശേഷമാണ് കാഠ്മണ്ഡു വഴിയുള്ള കൈലാസ യാത്ര ആരംഭിക്കുക.
ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ വാസസ്ഥലമാണ് കൈലാസ പര്‍വതം. ബുദ്ധമതത്തിലും ജൈനമതത്തിലും ബോണ്‍ മതത്തിലുമെല്ലാം കൈലാസ പര്‍വതത്തെ പവിത്രമായ ഇടമായി കരുതുന്നുണ്ട്. കൈലാസ പര്‍വതത്തെ പ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളില്‍നിന്നു ശുദ്ധീകരിക്കുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഹിന്ദു- ബുദ്ധ- ജൈന വിശ്വാസികള്‍ ഘടികാര ദിശയിലാണ് കൈലാസത്തെ പ്രദക്ഷിണം വയ്ക്കുക. ബോണ്‍ പോസ് എതിര്‍ ഘടികാര ദിശയില്‍ പര്‍വതത്തെ ചുറ്റുന്നു.
കൈലാസ പര്‍വതത്തിനു ചുറ്റുമുള്ള പാതയ്ക്ക് 52 കിലോമീറ്റര്‍ നീളമുണ്ട്. കാല്‍നടയായി മൂന്നു ദിവസമെടുത്താണ് ഈ പ്രദക്ഷിണ യാത്ര സാധാരണ പൂര്‍ത്തിയാക്കാനാവുക. അതേസമയം ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒരു ദിവസംകൊണ്ടു കൈലാസം ചുറ്റിവരാറുണ്ട്. മുട്ടുകുത്തിയും പ്രണമിച്ചും കൈലാസ പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നവരുമുണ്ട്. ഈ രീതിയില്‍ കൈലാസം വലം വയ്ക്കാന്‍ മൂന്നാഴ്ചയെങ്കിലും കുറഞ്ഞത് എടുക്കാറുണ്ട്. വിശ്വാസപരമായ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചു കൈലാസ പര്‍വതത്തില്‍ കയറുന്നതു നിരോധിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കാലത്താണ് കൈലാസ തീര്‍ഥാടനം നടക്കുന്നത്. ഇതില്‍ത്തന്നെ ഏപ്രില്‍-ജൂണ്‍, സെപ്റ്റംബർ-ഒക്ടോബര്‍ മാസങ്ങളാണ് ഏറ്റവും നല്ല കാലാവസ്ഥയുള്ളത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മണ്‍സൂണ്‍ യാത്രികര്‍ക്കു വെല്ലുവിളിയാവാറുണ്ട്. ഒക്ടോബര്‍ അവസാനത്തിലും ഏപ്രില്‍ തുടക്കത്തിലും ശീതക്കാറ്റും തണുപ്പുമാണ് പ്രശ്‌നക്കാരാവുക. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസ യാത്രയ്ക്കുവേണ്ടി സാധുതയുള്ള പാസ്‌പോര്‍ട്ടും നിര്‍ദിഷ്ട ചൈനീസ് വീസയും ആവശ്യമാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന വാര്‍ഷിക കൈലാസ തീര്‍ഥാടനം വഴിയോ സ്വകാര്യ ട്രാവല്‍ കമ്പനികള്‍ വഴിയോ കൈലാസ യാത്ര സാധ്യമാണ്.
Content Summary : Pilgrims will be able to travel to Mount Kailash without having to cross the border into Tibet.