നെപ്പോളിയനെ തോല്‍പ്പിച്ച വെല്ലസ്‌ലിയെ മുട്ടുകുത്തിച്ച പഴശ്ശി; വീരകഥകളുറങ്ങുന്ന മാവിലാം തോട്
Mail This Article
217 വര്‍ഷം മുന്‍പ് മഞ്ഞു പെയ്തിറങ്ങുന്ന വൃശ്ചികത്തില്‍ വയനാട്ടിലെ കൊടുംകാട്ടിലെ വന്‍ മരങ്ങള്‍ക്കിടയില്‍ വെടിയൊച്ചകള്‍ ഉയര്‍ന്നു. അമ്പുകള്‍ ചീറിപ്പാഞ്ഞു. അധിനിവേശ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് കരുതിയ കേരള വര്‍മ പഴശ്ശി രാജയുടെ അവസാന പോരാട്ടത്തിന്റെ പ്രകമ്പനം കേട്ട് കാട് വിറച്ചു.
നവംബര്‍ മുപ്പതിനായിരുന്നു ബ്രിട്ടിഷുകാര്‍ക്ക് പഴശ്ശിരാജയുമായി അവസാനമായി പോരാടേണ്ടി വന്നത്. ബ്രിട്ടിഷ് സൈന്യത്തിലെ കൊലകൊമ്പന്‍മാരെ പലരെയും മുട്ടുകുത്തിച്ച പഴശ്ശിരാജ പുല്‍പ്പള്ളി മാവിലാം തോട്ടിലെ വണ്ടിക്കടവില്‍ വീരാഹുതി ചെയ്യുമ്പോള്‍ 52 വയസ്സ് മാത്രമായിരുന്നു പ്രായം. ബ്രിട്ടിഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യ സമരങ്ങളുടെ തുടക്കമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങളായിരുന്നു പഴശ്ശിയുടെ പോരാട്ടം. മറ്റു നാട്ടുരാജക്കന്‍മാരെപ്പോലെ ബ്രിട്ടിഷുകാരുമായി ബന്ധം സ്ഥാപിക്കാന്‍ പഴശ്ശി ശ്രമിച്ചിരുന്നെങ്കിലും ചതിയന്‍മാരായ ബ്രിട്ടിഷുകാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മനസ്സിലാക്കി. ഇതോടെ യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു. ബ്രിട്ടിഷ് സൈന്യത്തിന് കനത്ത നാശം വിതച്ചെങ്കിലും പുല്‍പ്പള്ളിയിലെ കര്‍ണാടക വനത്തോട് ചേര്‍ന്ന സ്ഥലത്ത് തോടരികില്‍ പഴശിക്ക് പോരാട്ടങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നു. പഴശ്ശി പ്രാണന്‍വെടിഞ്ഞ മാവിലാം തോട് ഇന്ന് ലാന്‍ഡ്‌സ്‌കേപ് മ്യൂസിയമാണ്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും 20 മിനിറ്റ് ദൂരമാണ് മാവിലാം തോട്ടിലേക്ക്. ചുവരുകള്‍ക്കള്ളിലെ മ്യൂസിയം എന്ന സങ്കല്‍പ്പത്തിന് വിഭിന്നമായി വിശാലമായ തുറന്ന സ്ഥലത്താണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിലെത്തുന്നവരെ ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പോരാട്ടങ്ങളിലേക്ക് കൈപിടിച്ചു നടത്തുകയാണ് ചെയ്യുന്നത്.
ബ്രിട്ടിഷ് ആധിപത്യത്തെ വെല്ലുവിളിച്ച പഴശ്ശി
1753 ജനുവരി മൂന്നിന് കോട്ടയം രാജകുടുംബത്തിലായിരുന്നു കേരളവര്‍മ പഴശ്ശിരാജയുടെ ജനനം. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടത്തുള്ള കോട്ടയം എന്ന സ്ഥലമായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം. ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. അതിന് പകരമായി കോട്ടയത്തിന് സ്വതന്ത്രപദവി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, യുദ്ധത്തിന് ശേഷം ബ്രിട്ടിഷുകാര്‍ വാക്കു തെറ്റിച്ചു. അവര്‍ കോട്ടയം നാട്ടുരാജ്യത്തിന്റെ സകല കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. നികുതി പിരിക്കാനുള്ള അധികാരം പഴശ്ശിയുടെ അമ്മാവനും ശത്രുവുമായ കുറുമ്പ്രനാട് രാജാവിന് നല്‍കി. ഇതോടെ പഴശ്ശി ബ്രിട്ടിഷുകാരുമായി ഉടക്കി. ബ്രിട്ടിഷുകാരുടെ അധീനതയില്‍ കഴിഞ്ഞുകൂടാന്‍ അഭിമാനിയായ പഴശ്ശി ആഗ്രഹിച്ചില്ല. ബ്രിട്ടിഷ് സൈനിക ബലത്തെ പഴശ്ശി വെല്ലുവിളിച്ചു. ബ്രിട്ടിഷുകാര്‍ നടത്തിയിരുന്ന നികുതിപിരിവ് നിരോധിച്ചുകൊണ്ട് 1795ല്‍ പഴശ്ശി ഉത്തരവിറക്കി. ഇതോടെ ബ്രിട്ടിഷുകാരും പഴശ്ശിരാജയും തമ്മില്‍ പ്രത്യക്ഷ യുദ്ധത്തിന് തുടക്കം കുറിച്ചു.
നികുതിക്കെതിരെ ഒന്നാം പഴശ്ശി വിപ്ലവം
1793 മുതല്‍ 1797 വരെ നീണ്ട പോരാട്ടങ്ങള്‍ ഒന്നാം പഴശ്ശി വിപ്ലവം എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ നികുതി നയങ്ങള്‍ക്കെതിരായുള്ള പോരാട്ടമായിരുന്നു അത്. ബ്രിട്ടീഷുകാര്‍ ഓരോ പ്രദേശങ്ങളിലെയും നികുതി പിരിക്കാന്‍ അവിടത്തെ നാടുവാഴികള്‍ക്ക് അധികാരം നല്‍കി. നിശ്ചിത തുക ബ്രിട്ടിഷുകാര്‍ക്ക് നല്‍കാനും കരാറായി. നികുതി താങ്ങാന്‍ കഴിയാതെ വന്നതോടെ ജനം ഇതിനെതിരെ രംഗത്തെത്തി.
ജനങ്ങളുടെ പിന്തുണ ലഭിച്ചതോടെ പഴശ്ശി പോരാട്ടം ശക്തമാക്കി. 1795ല്‍ ഇംഗ്ലീഷുകാരുടെ എല്ലാ നികുതിപിരിവുകളും പഴശ്ശി നിരോധിക്കുകയും ബ്രിട്ടിഷുകാരെ വെല്ലുവിളിച്ച് ഭരിക്കുകയും ചെയ്തു. ഇത് ബ്രിട്ടിഷുകാരും പഴശിയും തമ്മില്‍ രൂക്ഷ പോരാട്ടങ്ങള്‍ക്ക് വഴി തുറന്നു. ഒടുവില്‍ ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ മലബാറിലെത്തി ഒത്തുതീര്‍പ്പുണ്ടാക്കി. കരാര്‍പ്രകാരം കുറുമ്പ്രനാട് രാജാവിന് നികുതി പിരിക്കാനുള്ള അവകാശം റദ്ദാക്കി. 1797ല്‍ ഒന്നാം പഴശ്ശി വിപ്ലവം എന്നറിയപ്പെടുന്ന പോരാട്ടത്തിന് അന്ത്യമായി.
വയനാടിനായി രണ്ടാം പഴശ്ശി യുദ്ധം
1799ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടിപ്രകാരം വയനാട് ബ്രിട്ടിഷുകാരുടെതായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, വയനാട് കയ്യടക്കാന്‍ ബ്രിട്ടിഷുകാരെ അനുവദിക്കില്ലെന്ന് പഴശ്ശി പ്രഖ്യാപിച്ചു. 1800 മുതല്‍ 1805 വരെ നടന്ന രണ്ടാം പഴശ്ശിയുദ്ധത്തിന് വയനാട് കാരണമായി. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യറായിരുന്നു പഴശ്ശിപ്പടയിലെ പ്രധാന പോരാളികള്‍. കുറിച്യരുടെ പിന്തുണയും വയനാടന്‍ കാടുകളെക്കുറിച്ച് പഴശ്ശിക്കുണ്ടായിരുന്ന അറിവും യുദ്ധത്തില്‍ പലപ്പോഴും മേല്‍ക്കൈ നേടിക്കൊടുത്തു. എന്നാല്‍ വന്‍ സൈനിക ബലവും വെടിക്കോപ്പുകളുമുണ്ടായിരുന്ന ബ്രിട്ടിഷ് സൈന്യത്തെ തടയാന്‍ അതു മതിയാകുമായിരുന്നില്ല.
ഒളിപ്പോരില്‍ തോറ്റമ്പിയ ബ്രിട്ടിഷ് പട
പഴശ്ശിയുടെ ഒളിപ്പോരിനു മുന്നില്‍ പലവട്ടം തോറ്റമ്പിയ ബ്രിട്ടിഷ് സൈന്യം ഒടുവില്‍ സാക്ഷാല്‍ കേണല്‍ ആര്‍തര്‍ വെല്ലസ്‌ലിയെ രംഗത്തിറക്കി. 1796 വെല്ലസ്‌ലിയുടെ നേതൃത്വത്തില്‍ പഴശ്ശിക്കോട്ടയുടെ വാതില്‍ തകര്‍ത്ത് കമ്പനിപ്പട്ടാളം അകത്തുകടന്നു. എന്നാല്‍ പഴശ്ശിയും സൈന്യവും ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് വാട്ടര്‍ ലൂ യുദ്ധത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയനെ തോല്‍പ്പിച്ചത് ഇതേ വെല്ലസ്‌ലിയാണ്.
കുറുമര്‍, കുറിച്യര്‍, മുസ്‌ലിംകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് പഴശ്ശി സൈന്യം വിപുലീകരിച്ചു. തലയ്ക്കല്‍ ചന്തു, കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, എടച്ചേന കുങ്കന്‍, കൈതേരി അമ്പു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൈന്യം. വെല്ലസ്‌ലി പരാജയപ്പെട്ടതോടെ പഴശ്ശിയെ പിടികൂടാന്‍ കേണല്‍ ഡോവ്, മേജര്‍ കാമറൂണ്‍ തുടങ്ങി നിരവധി യുദ്ധ പ്രഗല്‍ഭരെ കമ്പനിപ്പട്ടാളം നിയോഗിച്ചെങ്കിലും അവര്‍ക്കും വെല്ലസ്‌ലിയുടെ വഴിയെ മടങ്ങേണ്ടി വന്നു. ഒന്‍പത് വര്‍ഷം യുദ്ധം നടത്തിയിട്ടും വെറുമൊരു നാട്ടുരാജവായ പഴശ്ശിയെ തളയ്ക്കാന്‍ കഴിയാതെ കമ്പനി നാണംകെട്ടു.
ബാബറിന്റെ വരവ്
തലശ്ശേരി സബ് കലക്ടറായി ചുമതലയേറ്റ തോമസ് ഹാര്‍വേ ബാബര്‍ ഒടുവില്‍ കളത്തിലിറങ്ങി. ബാബര്‍ കമ്പനി സൈന്യത്തിന്റ നേതൃത്വം ഏറ്റെടുത്തു. പഴശ്ശിയെ പിടിക്കാനായി നാട്ടുകാരില്‍നിന്ന് തിരഞ്ഞെടുത്ത രണ്ടായിരത്തോളം വരുന്ന അര്‍ധസൈനിക വിഭാഗത്തെ നിയോഗിച്ചു. പഴശ്ശിയെ പിടികൂടുകയോ, വിവരം നല്‍കുകയോ ചെയ്താല്‍ വന്‍ പാരിതോഷികവും പ്രഖ്യാപിച്ചു. ബാബറിന്റെ സൈന്യം പഴശ്ശിക്കായി നാടും കാടും അരിച്ചുപെറുക്കി.
ബാബര്‍ ഒളിത്താവളം മനസ്സിലാക്കിയതോടെ പഴശ്ശിരാജയും ഏതാനും പേരും പുല്‍പള്ളിയില്‍ മാവിലാം തോടിന്റെ കരയിലെത്തി. ചതിയിലൂടെ വിവരം അറിഞ്ഞ് പിന്നാലെ ബാബറും വന്‍ പടയും ഇവിടയെത്തി. ഇവിടെ വച്ച് ബാബറിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പഴശ്ശി കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സ്വയം ജീവന്‍ ഒടുക്കിയതാണെന്നും പറയപ്പെടുന്നു. കൈവിരലിലെ മോതിരത്തില്‍നിന്ന് വൈരക്കല്ല് പൊട്ടിച്ചുവിഴുങ്ങി മരണം വരിച്ചുവെന്നാണ് പറയപ്പെടുന്നത്.
പഴശ്ശി രാജ ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം
പഴശ്ശിരാജ കൊല്ലപ്പെട്ട മാവിലാം തോട് ഇന്ന് ലാന്‍ഡ്‌സ്‌കേപ്പ് മ്യൂസിയമാണ്. നാനാ വര്‍ണങ്ങളുള്ള ചെടികളും പൂക്കളും നിറഞ്ഞ മനോഹരമായ ഒരു ഉദ്യാനമാണ് പഴശ്ശിരാജ ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം. പുല്‍പ്പള്ളയില്‍ നിന്നും ഏഴു കിലോമീറ്റാണ് ഈ ലാന്‍ഡ്‌സ്‌കേപ്പ് മ്യൂസിയത്തിലേക്ക്. വനത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്താണ് മ്യൂസിയം. പ്രത്യേക തരത്തില്‍ ഭിത്തി കെട്ടിപ്പൊക്കി അതില്‍ ചിത്രങ്ങളും ചരിത്രവും ആലേഖനം ചെയ്തിരിക്കുന്നു. വള്ളിച്ചെടികള്‍ ഈ ഭിത്തിയിലൂടെ കയറ്റി വിട്ടിരിക്കുന്നു. ഇവിടെ ഒരു ലൈബ്രറിയും കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശനം.
പഴശ്ശിയുടെ ഒടുവിലെ യുദ്ധം നടന്ന പ്രതീതിയൊന്നും ഇവിടെയില്ല. ഇളം കാറ്റിലാടുന്ന പേരറിയാ കാട്ടുമരങ്ങളും മരക്കൊമ്പുകളിലൂടെ പാറി നടക്കുന്ന ചെറുകിളികളെയും കാണാം. മറ്റു മ്യൂസിയങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായി പൂച്ചെടികളാല്‍ സമ്പന്നാണ് ഇവിടം. ചരിത്രവും പോരാട്ട കഥകളും പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസികോല്ലാസവും ലക്ഷ്യമിട്ടാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതു സമയത്തും ഏതു പ്രായക്കാര്‍ക്കും സന്ദര്‍ശിക്കാനും സ്വച്ഛന്ദം സമയം ചെലവഴിക്കാനും പറ്റിയ ഇടമാണ് പഴശ്ശിരാജ ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം.