ADVERTISEMENT

ഉത്തരാഖണ്ഡില്‍, ഭഗീരഥി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് ഗംഗോത്രി.  സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ, ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, നിഗൂഢമായ ഒട്ടേറെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും വിത്തു പാകിയിട്ടുണ്ട്.  ഗംഗാദേവിയുടെ ഒരു പുരാതനക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രധാനം.  പതിനെട്ടാം നൂറ്റാണ്ടിൽ ഗൂർഖാ നേതാവായിരുന്ന അമർ സിങ് താപ്പ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്ക് വര്‍ഷം തോറും നിരവധി തീർത്ഥാടകരെത്തുന്നു.  ഗംഗ നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്.

Image Credit : rahul sapra/istockphoto
Image Credit : rahul sapra/istockphoto

ഗംഗോത്രി ക്ഷേത്രത്തിനടുത്ത്, ഒരു അര കിലോമീറ്റര്‍ ചുറ്റളവില്‍ മനോഹരമായ സൂര്യകുണ്ഡ് വെള്ളച്ചാട്ടമുണ്ട്. ശിവന്‍റെ ഭാര്യയായ പാർവതി ദേവി കുളിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ഒരു കുളവും ഇവിടെയുണ്ട്. ആളുകള്‍ ഇവിടെ സൂര്യദേവനെ ആരാധിക്കുന്നു. ഭൂമിയില്‍ സൂര്യരശ്മികള്‍ ആദ്യം പതിച്ചത് സൂര്യകുണ്ഡിലാണെന്ന് പുരാണങ്ങളില്‍ പറയുന്നു. പകല്‍സമയത്ത് ഇവിടെ എപ്പോഴും മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാനാവും. സൂര്യകുണ്ഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്.

ഗംഗോത്രിയിലെ മറ്റു കാഴ്ചകള്‍

ഗംഗോത്രി ക്ഷേത്രത്തിനും സൂര്യകുണ്ഡ് വെള്ളച്ചാട്ടത്തിനും പുറമേ ഗംഗോത്രിയില്‍ സന്ദര്‍ശിക്കേണ്ട ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഏതൊക്കെയെന്നു നോക്കാം.

ഗംഗാ ഹിമാനി

ചൗഖംബ പർവതനിരയുടെ ഉത്തരധ്രുവത്തിലാണ് ഗംഗോത്രി ഹിമാനിയുടെ ഉത്ഭവം. ഇന്ത്യയിലെ ഏറ്റവും വലിയ ഹിമാനികളിൽ ഒന്നാണിത്, ഗംഗാ നദിയുടെ ഉറവിടമാണിവിടം. ഹിമാനിയുടെ അവസാനഭാഗത്തായി ഗംഗോത്രിയിൽ നിന്നുള്ള പ്രശസ്തമായ ട്രെക്കിംഗ് പോയിന്റായ ഗൗമുഖ് സ്ഥിതിചെയ്യുന്നു.

kedarnath
Image Credit : naveen0301/istockphoto

കേദാർ താൽ

മഞ്ഞിന്‍റെ തണുപ്പുള്ള ശുദ്ധമായ വെള്ളത്തിനും 18 കിലോമീറ്റർ നീളമുള്ള മലനിരകളിലൂടെയുള്ള മനോഹരമായ ട്രെക്കിംഗിനും പേരുകേട്ടതാണ് കേദാർ താൽ. സമുദ്രനിരപ്പിൽ നിന്ന് 4425 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. 

ധാരാലി

ഗംഗയെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തിക്കാന്‍ ഭഗീരഥമുനി തപസ്സനുഷ്ടിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധാരാലി. ഇവിടെ ഒരു ക്ഷേത്രവുമുണ്ട്. ഹർസിലിൽ നിന്ന് 2 അകലെ സ്ഥിതി ചെയ്യുന്ന ധാരാലി ആപ്പിൾ തോട്ടങ്ങൾക്കും ചുവന്ന ബീൻസ് കൃഷിക്കും പേരുകേട്ടതാണ്.

ഗംഗോത്രി നാഷണൽ പാർക്ക്

ഗംഗോത്രി ഹിമാനിയിൽ നിന്നാണ് ഗംഗോത്രി ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. ഇത്, ഭാഗീരഥി നദിയുടെ മുകൾ ഭാഗത്ത് 2390 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. 1989-ലാണ് ഗംഗോത്രി ദേശീയോദ്യാനം സ്ഥാപിതമായത്. ഗർവാൾ മേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിനുള്ളില്‍ സാഹസിക ട്രെക്കിംഗ് നടത്താം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനങ്ങളില്‍ ഒന്നാണിത്. അഗാധമായ മലയിടുക്കുകളും പാറക്കെട്ടുകളും ഇടുങ്ങിയ താഴ്‌വരകളും പുൽമേടുകളും കോണിഫറസ് വനങ്ങളുമെല്ലാമായി പ്രകൃതിസുന്ദരമാണ് ഈ പ്രദേശം.

Shiv Mer | iStock
Shiv Mer | iStock

പാണ്ഡവഗുഹ

ഗംഗോത്രിയില്‍ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള ഒരു പുരാതന പ്രകൃതിദത്ത ഗുഹയാണ് പാണ്ഡവ് ഗുഹ. കൈലാസ പർവതത്തിലേക്കുള്ള യാത്രക്കിടെ പഞ്ചപാണ്ഡവര്‍ ധ്യാനിച്ച ഗുഹയാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ചെറിയ ട്രക്ക് വഴിയാണ് ഗുഹയിലെത്തുന്നത്. സൂരജ് കുണ്ഡ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ജിഎംവിഎൻ ഗസ്റ്റ്ഹൗസിൽ നിന്നാണ് പാണ്ഡവ് ഗുഹയിലേക്കുള്ള ട്രെക്ക് ആരംഭിക്കുന്നത്.

English Summary:

Mystical Uttarakhand Bhagirathi Peaks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com