പഴകും തോറും വീര്യം കൂടുന്നതാണ് വീഞ്ഞ്. എന്നാൽ, വീഞ്ഞിനെക്കാൾ വീര്യമുള്ളതും ലഹരി പിടിപ്പിക്കുന്നതുമായ മറ്റൊന്നുണ്ട്. അത് സൗഹൃദമാണ്; ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സൗഹൃദം പോലെ. ജനിച്ച് വീണ നാൾ മുതൽ കൈ പിടിച്ച് നടന്നവർ, ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തവർ, യാത്രയ്ക്കിടയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ ഒറ്റ മനസ്സോടെ,

പഴകും തോറും വീര്യം കൂടുന്നതാണ് വീഞ്ഞ്. എന്നാൽ, വീഞ്ഞിനെക്കാൾ വീര്യമുള്ളതും ലഹരി പിടിപ്പിക്കുന്നതുമായ മറ്റൊന്നുണ്ട്. അത് സൗഹൃദമാണ്; ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സൗഹൃദം പോലെ. ജനിച്ച് വീണ നാൾ മുതൽ കൈ പിടിച്ച് നടന്നവർ, ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തവർ, യാത്രയ്ക്കിടയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ ഒറ്റ മനസ്സോടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴകും തോറും വീര്യം കൂടുന്നതാണ് വീഞ്ഞ്. എന്നാൽ, വീഞ്ഞിനെക്കാൾ വീര്യമുള്ളതും ലഹരി പിടിപ്പിക്കുന്നതുമായ മറ്റൊന്നുണ്ട്. അത് സൗഹൃദമാണ്; ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സൗഹൃദം പോലെ. ജനിച്ച് വീണ നാൾ മുതൽ കൈ പിടിച്ച് നടന്നവർ, ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തവർ, യാത്രയ്ക്കിടയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ ഒറ്റ മനസ്സോടെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴകും തോറും വീര്യം കൂടുന്നതാണ് വീഞ്ഞ്. എന്നാൽ, വീഞ്ഞിനെക്കാൾ വീര്യമുള്ളതും ലഹരി പിടിപ്പിക്കുന്നതുമായ മറ്റൊന്നുണ്ട്. അത് സൗഹൃദമാണ്; ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ സൗഹൃദം പോലെ. ജനിച്ച് വീണ നാൾ മുതൽ കൈ പിടിച്ച് നടന്നവർ, ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തവർ, യാത്രയ്ക്കിടയിൽ ഉണ്ടായ വലിയ പ്രതിസന്ധിയെ ഒറ്റ മനസ്സോടെ, ആത്മധൈര്യത്തോടെ നേരിട്ട് വിജയിച്ചവർ. കുട്ടനെന്നും കുട്ടേട്ടനെന്നും കൂട്ടുകാർ വിളിക്കുന്ന സിജു ഡേവിഡ്, ഇരുട്ടിന്റെ ഭയാനകതയിൽ മരണത്തെ മുന്നിൽ കണ്ട സുഭാഷ്, ജീവൻ പണയം വച്ച് പ്രാർഥനയോടെയും അതിലേറെ പരിഭ്രമത്തോടെയും പ്രിയ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പാഞ്ഞു നടന്ന സിക്സൻ, സുധീഷ്,  അഭിലാഷ്, അനിൽ ജോസഫ്, കൃഷ്ണകുമാർ, സുജിത്ത്, സിജു, പ്രസാദ്, ജിൻസൻ എന്നിവർ. 

തിയറ്ററുകളിൽ നിറഞ്ഞോടുന്ന 'മഞ്ഞുമ്മൽ ബോയ്സ്' കണ്ടിറങ്ങിയവർ ആദ്യം അന്വേഷിക്കുന്നത് റിയൽ മഞ്ഞുമ്മൽ ബോയ്സിനെയാണ്. 2006 ൽ അവർ പോയ യാത്രയെക്കുറിച്ചാണ്. ജീവിതത്തിന്റെ പുതിയ വഴികളിലേക്കു മാറുമ്പോഴും കഴിഞ്ഞ കാലങ്ങളേക്കാൾ കൂടുതൽ അടുപ്പത്തോടെയും സൗഹൃദത്തോടെയും ഈ കൂട്ടുകാരുടെ സംഘം മഞ്ഞുമ്മലിലുണ്ട്; വീര്യം കൂടിയ വീഞ്ഞുപോലെ, മഞ്ഞുമ്മൽ എന്ന ഗ്രാമത്തിന്റെ ആവേശമായി. ഓർമവച്ച നാൾ മുതൽ ഉണ്ടായിരുന്ന കൂട്ടുകെട്ട് ഇപ്പോഴുമുണ്ട് ഈ റിയൽ ‘മഞ്ഞുമ്മൽ പിള്ളേർക്ക്’. അതാണ് അവരുടെ പ്രത്യേകത. സിനിമയിൽ ഇവർക്ക് ദർശന ക്ലബ് ഉള്ളതായി കാണിക്കുന്നുണ്ട്. കാലം മാറിയപ്പോൾ അത് യുവ ക്ലബ് ആയി മാറി. കൊടൈക്കനാലിൽ യാത്ര പോയ 11 പേർ മാത്രമല്ല, നാൽപതോളം അംഗങ്ങളുണ്ട് ഈ ക്ലബിൽ. മിക്ക കൂട്ടുകാരും ദിവസവും പരസ്പരം കാണും. എല്ലാ ബുധനാഴ്ചയും യുവയുടെ മീറ്റിങ് ഉണ്ടാകും. അന്ന് ഒരുവിധം എല്ലാവരും ഒരുമിക്കും. വിശേഷങ്ങൾ പങ്കുവയ്ക്കും.

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്നും സിജു ഡേവിഡ് സ്വീകരിക്കുന്നു.
ADVERTISEMENT

ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയ സിജുവിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തു, അത് ഇന്നും വാഗ്ദാനം മാത്രം. 18 വർഷം മുമ്പുള്ള ആ കൊടൈക്കനാൽ യാത്രയെക്കുറിച്ചും ഗുണ കേവിലെ നടുക്കുന്ന ഓർമകളെക്കുറിച്ചും കൂട്ടുകാരുടെ വിശേഷങ്ങളെക്കുറിച്ചും കുട്ടേട്ടനായ സിജു ഡേവിഡ് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുന്നു.

കമൽ ഹാസൻ ഗുണ കേവിലേക്ക് എത്തിച്ച കൂട്ടുകാർ

‘‘നാൽപതോളം പേരുള്ള ക്ലബിൽ നിന്ന് 10 പേരാണ് കൊടൈക്കനാൽ യാത്രയ്ക്കു പോയത്. ഡ്രൈവറെയും കൂട്ടി 11 പേർ. ഇത്രയും വ്യത്യസ്തരായ 11 പേരെ എങ്ങനെ കൈകാര്യം ചെയ്തു എന്ന ചോദ്യത്തിന് ‘സൗഹൃദത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റ മൈൻഡാ’ എന്നായിരുന്നു കുട്ടേട്ടനായ സിജു ഡേവിഡിന്റെ മറുപടി. ‘‘കൂട്ടത്തിൽ മൂത്തയാൾ ആയതു കൊണ്ട്, പറഞ്ഞാൽ കൂട്ടുകാർ കേൾക്കുമായിരുന്നു. യാത്ര പോകുമ്പോൾ എല്ലാവരും പണവും മറ്റ് കാര്യങ്ങളും ഏൽപിക്കും. പിന്നെ അവർക്ക് ഫ്രീയായി നടക്കാം. വണ്ടി ബുക്ക് ചെയ്യുക, ഹോട്ടൽ ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം കൂട്ടുകാരാണ് ചെയ്യുക. പണത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി. പാട്ടും ബഹളവുമൊക്കെയായാണ് യാത്ര പോയത്. ഗുണ സിനിമയിലെ പാട്ടും കൊടൈക്കനാൽ യാത്രയുടെ ഭാഗമായിരുന്നു. സുധീഷ് നേരത്തേ ആ സ്ഥലത്ത് പോയിട്ടുണ്ടായിരുന്നു. തിരിച്ചു പോരാൻ ഒരുങ്ങിയിടത്തുനിന്ന്, ‘കമൽ ഹാസന്റെ പടമില്ലേ, ആ പാട്ട് ഷൂട്ട് ചെയ്ത സ്ഥലമില്ലേ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഗുണ കേവിലേക്കു യാത്ര തിരിച്ചത്. കമൽ ഹാസന്റെ ഗുണ സിനിമ ഷൂട്ട് ചെയ്ത സ്ഥലമാണല്ലോ എന്നതു കൊണ്ട്  ഞങ്ങൾ അവിടേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഗുഹ പുറത്തു നിന്ന് കണ്ടു പോരാൻ നോക്കുമ്പോൾ ഗുഹയിൽ പോയി മടങ്ങിവരുന്ന ആളുകളെ കണ്ടു. കുറേ പേർ അങ്ങോട്ടു പോകുന്നുണ്ടായിരുന്നു. ആ ഒരു ധൈര്യത്തിൽ ഞങ്ങളും ഗുഹയിലേക്ക് പോകാൻ തീരുമാനിച്ചു. അന്ന് ഇന്നത്തെപ്പോലെ വേലിയൊന്നും ഉണ്ടായിരുന്നില്ല. വേലി പൊളിഞ്ഞു കിടക്കുകയായിരുന്നു.’’

റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ യാത്ര

സുഭാഷ് ഇരുട്ടിന്റെ ആഴത്തിലേക്ക് പതിച്ച ആ മണിക്കൂറുകൾ

ADVERTISEMENT

‘‘പലരും ഗുണ കേവിലേക്ക് പോകുന്നതും തിരികെ വരുന്നതും കണ്ടാണ് അവിടേക്ക് എത്തുന്നത്. ഗുഹയുടെ ഒത്ത നടുക്ക് ഒരു കുഴിയുണ്ട്. ആദ്യമിറങ്ങിയ മൂന്നുപേർ ആ കുഴി ചാടിക്കടന്നു. സുഭാഷ് ചാടിയപ്പോൾ കാല് സ്ലിപ്പ് ആയി. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ പോയ നിമിഷങ്ങൾ. ആദ്യം കരുതിയത് സുഭാഷ് ഒളിച്ചു കളിച്ച് ഞങ്ങളെ പറ്റിക്കുകയാണെന്നാണ്. കാരണം ഞങ്ങളെ പറ്റിച്ച് ഒളിച്ചു കളിക്കുന്ന സ്വഭാവം അവനുള്ളതാണ്. പുഴയിൽ കുളിക്കാൻ പോകുമ്പോൾ മുങ്ങും, പിന്നെ വേറെ എവിടെയെങ്കിലും ആയിരിക്കും പൊങ്ങുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ അമ്പരന്നു നിൽക്കുമ്പോൾ, അകന്നകന്ന് പോകുന്ന സുഭാഷിന്റെ ശബ്ദത്തിന്റെ പ്രതിധ്വനിയാണ് കേട്ടത്. പെട്ടെന്ന് ആ ശബ്ദം നിന്നു. കുഴി ആഴമുള്ളതാണോ എന്ന് അറിയാൻ വേണ്ടി ക്യാമറയുടെ ഫ്ലാഷ് അടിച്ചു നോക്കി. ഒന്നും കാണാൻ പറ്റിയില്ല, അനക്കമില്ല. പതിയെയാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. സുഭാഷ് കുഴിയിൽ വീഴുന്ന സമയത്ത് ഞങ്ങളെ കൂടാതെ വേറെയും ആളുകൾ അവിടെ ഉണ്ടായിരുന്നു. എന്നാൽ, സുഭാഷ് കുഴിയിൽ വീണെന്ന് അറിഞ്ഞപ്പോൾ അവർ ഉടനെ അവിടെനിന്ന് പോയി.’’

റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ യാത്ര

സുഭാഷിനെ ജീവിതത്തിലേക്ക് എത്തിച്ചത് കൂട്ടുകാർ ഒത്തുചേർന്ന്

‘‘സംഭവം അറിഞ്ഞ് വന്നവരെല്ലാം ‘ഇവിടെ നിക്കണ്ട, പൊയ്ക്കോ...’ എന്നാണ് പറഞ്ഞത്. അവിടെ ഒരു ചായക്കട ഉണ്ടായിരുന്നു. അവിടുത്തെ ആളുകളും ഗൈഡുമൊക്കെയാണ് ആദ്യം വന്നത്. ‘അവൻ പോയതാണ്, ഒരുപാടാളുകൾ പോയതാണ്, ആരും തിരിച്ചു വന്നിട്ടില്ല, ആരുടെയും ബോഡി പോലും കിട്ടിയിട്ടില്ല’ എന്നൊക്കെ പറഞ്ഞു. വനം വകുപ്പ് ഓഫിസിൽ ചെന്നപ്പോഴാണ് റിപ്പോർട്ട് അനുസരിച്ച് 13 പേർ പോയിട്ടുണ്ടെന്ന് അറിഞ്ഞത്. ആരുടെയും ബോഡി കിട്ടിയിട്ടില്ല. ആത്മഹത്യയായും കൊലപാതകമായും അമ്പതോളം പേരെങ്കിലും ആ കുഴിയിൽ പോയിട്ടുണ്ടെന്നാണ് പറയുന്നത്. അതിനൊന്നും കണക്കില്ല. അങ്ങോട്ടു വന്നവരൊക്കെ പേടിപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ചെകുത്താന്റെ അടുക്കളയാണ്, അവനെ ചെകുത്താൻ കൊണ്ടു പോയതാണ് എന്നൊക്കെ പറഞ്ഞു. സുഭാഷിനെ രക്ഷിക്കുക എന്നതിലേക്ക് പതിയെ ഞങ്ങൾ എത്തിച്ചേരുകയായിരുന്നു. പൊലീസുകാരും നാട്ടുകാരും ഒക്കെ വന്നിരുന്നുവെങ്കിലും ആരും കുഴിയിലേക്ക് ഇറങ്ങാൻ തയാറായിരുന്നില്ല. അവർ കുറേ നേരമായി ഒന്നും ചെയ്യാതെ അങ്ങനെ നിൽക്കുകയായിരുന്നു. അത് കണ്ട് ഇറങ്ങാനുള്ള തീരുമാനത്തിലേക്ക് മനസ്സ് എത്തുകയായിരുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ആ കുഴിയിൽ ഇറങ്ങാൻ തയാറായിരുന്നു. കാരണം ഞങ്ങൾക്ക് സുഭാഷിനെ വേണമായിരുന്നു. ആ സമയത്ത് പേടിയൊന്നും തോന്നിയില്ല. ദൈവത്തിന്റെ എന്തോ ഒരു കരുത്ത്, ഒരു സൂപ്പർ പവർ കിട്ടിയ പോലെയാണ് തോന്നിയത്. അല്ലാതെ അത് ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം, പൊതുവേ മാറിനിൽക്കുന്ന സ്വഭാവക്കാരനാണ് ഞാൻ. സുഭാഷിനെ രക്ഷിക്കാൻ കയറിന്റെ ഒരു അറ്റത്ത് ഞാനും മറ്റേ അറ്റത്ത് കൂട്ടുകാരും. ഞങ്ങൾ ഒരുമിച്ചാണ് സുഭാഷിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്.

കയറ് കെട്ടി ആ കുഴിയിലേക്ക് ഇറങ്ങുമ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഒരു പ്രത്യേക ശക്തി ലഭിച്ചതു പോലെയാണ് തോന്നിയത്. കാരണം, കൊടൈക്കനാലിൽ നല്ല തണുപ്പാണ്. ഗുഹയുടെ താഴേക്ക് ഇറങ്ങുമ്പോൾ അതിലേറെ തണുപ്പാണ്. എന്നാൽ ഒരു മരവിപ്പോ കയറ് കെട്ടിയതിന്റെ അസ്വസ്ഥതയോ ഒന്നും ആ സമയത്ത് തോന്നിയില്ല. താഴെയെത്തി സുഭാഷിന്റെ ദേഹത്ത് കയറ് കെട്ടാനോ, ആ സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടോ ഒന്നും തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെയൊരു സൂപ്പർ പവർ കിട്ടിയെന്ന് വിശ്വസിക്കുന്നത്. ഒരു നിമിഷം പോലും പതറാതെ ആ കയറിൽ ഒരേ മനസ്സോടെ പിടിച്ചു നിന്ന കൂട്ടുകാരുണ്ട്. എല്ലാവർക്കും ആ സമയത്ത് ഒരു സൂപ്പർ പവർ ഉണ്ടായിരുന്നു. മരിച്ച് പണിയെടുക്കുക എന്ന് പറയില്ലേ, അതു പോലെ ആയിരുന്നു എല്ലാവരും.’’

റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ യാത്ര
ADVERTISEMENT

പ്രതിസന്ധിയായി വന്ന് അനുഗ്രഹമായി മാറിയ മഴ

‘‘അപ്രതീക്ഷിതമായി മഴ പെയ്തപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ പോയി. നോക്കിയപ്പോൾ വെള്ളത്തിനൊപ്പം കല്ലും തടിക്കഷണങ്ങളും ഒക്കെ ഒഴുകിവരുന്നുണ്ട്. അതും കുഴിയിലേക്കു പോകുകയാണ്. വെള്ളത്തെ തടഞ്ഞു നിർത്താൻ പറ്റില്ല. വെള്ളത്തിന്റെ ഒഴുക്കിൽ കല്ലും തടിക്കഷണങ്ങളും കുഴിയിലേക്ക് പോകാതിരിക്കാനാണ് ഞങ്ങളെല്ലാവരും വട്ടം കടന്നത്. എന്നിട്ടും ചെളിമണ്ണും കട്ടക്കല്ലുകളും കുഴിയിലേക്കു വീണു. ചെളിവെള്ളം സുഭാഷിന്റെ ദേഹത്തേക്ക് ഒഴുകി. വെള്ളത്തിലൂടെ ഒഴുകിയെത്തിയ ഒരു വലിയ കല്ല് സുഭാഷിന്റെ നെറുകയിൽ പതിച്ചു. നാല് സ്റ്റിച്ച് ഇടേണ്ടി വന്ന ഒരു മുറിവ് ആയിരുന്നു അത്. ശരിക്കും പറഞ്ഞാൽ ആ സമയത്ത് മഴ പെയ്തത് ഒരു ദൈവാനുഗ്രമാണ്. കാരണം, കുഴിയിലേക്ക് വെള്ളം എത്തിയതു കൊണ്ടാണ് ഓക്സിജൻ ലഭിച്ചത്. അല്ലെങ്കിൽ അത്രയും താഴ്ചയുള്ള കുഴിയിൽ ഓക്സിജൻ ലഭിക്കില്ലെന്നാണ് പറയുന്നത്. അതുകൊണ്ട് ആ സമയത്തു തന്നെ മഴ പെയ്തത് ഒരു അനുഗ്രഹമായാണ് കാണുന്നത്.

റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ യാത്ര

ഗുണ ഗുഹയിലെ കുഴിയിൽ കൂട്ടുകാരൻ വീണു പോയെന്നും രക്ഷിക്കണമെന്നും പറയാൻ ചെന്ന കൂട്ടുകാരോട് പൊലീസുകാർ മോശമായാണ് പെരുമാറിയത്. അടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. സുഭാഷിനെ കൊന്നു കളഞ്ഞിട്ട് ഞങ്ങൾ ചെന്ന് പരാതി പറയുകയാണെന്നാണ് പൊലീസുകാർ പറഞ്ഞത്. ഞങ്ങൾക്ക് എതിരെ കേസ് എടുക്കുമെന്നാണ് അവർ പറഞ്ഞത്, അവസാനം പൊലീസുകാർ വന്നു. വരുന്ന വഴിക്ക് കയറും മദ്യവും എല്ലാം വാങ്ങി. പൊലീസും ഫയർഫോഴ്സും ഗുഹയ്ക്ക് അടുത്തെത്തുമ്പോഴും മഴ ആയിരുന്നു. മഴ കുറഞ്ഞപ്പോൾ ഫയർ ഫോഴ്സുകാർ ഒരു കയർ കുഴിയിലേക്ക് ഇട്ടുകൊടുത്തു കയറിവരാൻ പറഞ്ഞു. എന്നാൽ, സുഭാഷിന് കയറ് കാണാൻ പോലും പറ്റുന്നുണ്ടായിരുന്നല്ല. കുഴിയിലേക്ക് കയറുമായി ഒരാൾ ഇറങ്ങണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഒരു ഫയർഫോഴ്സുകാരൻ അതിന് തയാറായി മുന്നോട്ട് വന്നെങ്കിലും പിൻമാറുകയായിരുന്നു.’’

തെന്നിക്കിടക്കുന്ന പാറകൾ, താഴെ കൂട്ടുകാരൻ, മേലെ കൂട്ടുകാർ

‘‘ആരും തയാറാകാതെ വന്നതോടെ ഞാനിറങ്ങാമെന്ന് പറഞ്ഞു. ആദ്യം സമ്മതിച്ചില്ല. എന്നാൽ ഞങ്ങളുടെ കടുംപിടുത്തത്തിന് മുമ്പിൽ പൊലീസും ഫയർ ഫോഴ്സും വഴങ്ങുകയായിരുന്നു. സുഭാഷിനെ കുഴിയിൽ നിന്ന് കൊണ്ടുവരാൻ വേണ്ടി ഇറങ്ങുമ്പോൾ പാറകൾ മൊത്തം തെന്നി കിടക്കുകയായിരുന്നു. ഒരു ടോർച്ചുമായാണ് ഇറങ്ങുന്നത്. ഇടുങ്ങിയ ഗർത്തമായിരുന്നു. ചില സ്ഥലങ്ങളിൽ മാത്രം കുറച്ച്  സ്ഥലം കിട്ടും. വീണ്ടും ഇടുങ്ങി പോകും. കൂടുതൽ സ്ഥലങ്ങൾ ഇടുങ്ങിയിട്ട് ആയിരുന്നു. പാറകളിൽ വഴുക്കലും ഉണ്ടായിരുന്നു. അതുകൊണ്ട് കയറിൽ കെട്ടി ഇറങ്ങുമ്പോൾ ചില സ്ഥലങ്ങളിൽ എത്തുമ്പോൾ കാല് വഴുതിപ്പോകും. അപ്പോൾ എവിടെയെങ്കിലും ചെന്ന് ഇടിക്കും. സുഭാഷുമായി തിരിച്ചെത്തുമ്പോൾ എന്റെ ശരീരത്തിലും കുറച്ച് മുറിവുകൾ ഉണ്ടായിരുന്നു. സുഭാഷ് ടൂറിന് വന്നപ്പോൾ ബനിയനും ഷർട്ടും ജീൻസുമായിരുന്നു വേഷം. എന്നാൽ, കുഴിയിൽ നിന്ന് എടുക്കുമ്പോൾ ദേഹത്ത് വസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ഷർട്ട് ഊരിക്കളഞ്ഞതാണെന്ന് വിചാരിക്കാം. ടൈറ്റ് ബനിയൻ ആയിരുന്നു. അതും ഉണ്ടായിരുന്നില്ല. ജീൻസിലായിരുന്നു പാറമേൽ ഉടക്കി നിന്നത്. ജീൻസ് എന്നൊന്നും പറയാൻ പറ്റില്ല, ജീൻസ് മുഴുവൻ കടിച്ചു കീറി കൊണ്ടുപോയതു പോലെ ആയിരുന്നു. ശരിക്ക് പറഞ്ഞാൽ  ജീൻസൊന്നും ഉണ്ടായിരുന്നില്ല. അവിടവിടെ ചെറുതായിട്ട് ജീൻസിന്റെ കുറച്ച് ഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ഇന്നും മനസ്സിലാകാത്ത കാര്യമാണ് ജീൻസ് എങ്ങനെ പോയി എന്നുള്ളത്. ഷർട്ട് ഊരി പോയതാണെന്ന് വിചാരിക്കാം. പക്ഷേ, ഈ ജീൻസിന്റെ പകുതി എങ്ങോട്ട് പോയി എന്നതിന് ഒരു ഉത്തരമില്ല. രക്ഷപ്പെട്ട് മുകളിൽ എത്തിയെങ്കിലും നിരോധിത മേഖലയിൽ കടന്നതിന് ഞങ്ങളോട് ഉദ്യോഗസ്ഥർ 5000 രൂപ ചോദിച്ചു. എല്ലാവരുടെയും കൈയിലുള്ളത് നുള്ളിപ്പെറുക്കി 2500 രൂപ കൊടുത്തു.’’

സുഭാഷ്

നിരീശ്വരവാദിയായ സുഭാഷ് 'ദൈവമായി' മാറി

‘‘കൊടൈക്കനാൽ യാത്രയ്ക്കു പോകാൻ ആദ്യം സുഭാഷ് ഉണ്ടായിരുന്നില്ല. പൈസ ഇല്ലാത്തതു കൊണ്ട് വരുന്നില്ലെന്ന് സുഭാഷ് പറഞ്ഞു. വീട്ടിൽ പോയി സുഭാഷിനെ വിളിച്ചു കൊണ്ടു വരികയായിരുന്നു. അതുകൊണ്ടു തന്നെ സുഭാഷില്ലാതെ കൊടൈക്കനാലിൽനിന്ന് തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അവനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നു മാത്രമായിരുന്നു.  സുഭാഷിന് ആദ്യം ദൈവവിശ്വാസമുണ്ടായിരുന്നില്ല. കൊടൈക്കനാലിൽ നടന്ന സംഭവത്തിനു ശേഷം സുഭാഷ് വലിയ വിശ്വാസിയായി മാറി. അമ്പലത്തിൽ പോകാനും മലയ്ക്ക് പോകാനുമൊക്കെ തുടങ്ങി. ഗുഹയിലെ കുഴിയിൽനിന്നു സുഭാഷിനെ രക്ഷപ്പെടുത്തി കൊണ്ടു വന്നപ്പോൾ കാണാനും വണങ്ങാനും സ്ത്രീകളും കുട്ടികളുമായി കുറേപ്പേർ വന്നിരുന്നു. പിന്നീടു നടന്നത് കണ്ട് ഞങ്ങൾ അമ്പരന്ന് പോയി. കുട്ടികളൊക്കെ വന്നു സുഭാഷിനെ തൊഴുതു. സ്ത്രീകളും കുട്ടികളും സുഭാഷിന്റെ കാല് തൊട്ട് വണങ്ങി. 'മരണത്തെ കണ്ട് തിരിച്ചുവന്നവൻ ദൈവം' എന്ന് പറഞ്ഞാണ് തൊഴുതത്. 

ചൂടു കിട്ടാൻ വേണ്ടി അവർ തീയിട്ടു തന്നു, ചായ ഉണ്ടാക്കി തന്നു. അവരെ സംബന്ധിച്ച് സുഭാഷ് കുഴിയിൽനിന്നു രക്ഷപ്പെട്ട് വന്നത് അദ്ഭുതമായിരുന്നു. ഗുഹയ്ക്കുള്ളിലെ ആ കുഴിയിൽ വീണുപോയിട്ടുള്ള ആരും തിരിച്ചു വന്നിട്ടില്ല. അതുകൊണ്ടുതന്നെ അത് അവരെ സംബന്ധിച്ച് ചരിത്രസംഭവം ആയിരുന്നു. കാരണം, ചെകുത്താന്റെ അടുക്കളയെക്കുറിച്ചുള്ള പേടിസ്വപ്നമാണ് അന്ന് മാറിയത്. തൊട്ടടുത്തു തന്നെയായിരുന്നു ആശുപത്രി. സുഭാഷിനെ അവിടെ കൊണ്ടു പോയി. ദേഹമാസകലം ചതവ് ആയിരുന്നു. തലയിൽ കല്ല് വീണുണ്ടായ മുറിവിൽ നാലു സ്റ്റിച്ചിട്ടു. അവിടെ നിന്നാൽ ചിലപ്പോൾ നിയമപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും ചികിത്സയ്ക്ക് വൻതുകയാകുമെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് നാട്ടിലെത്തി ചികിത്സ തേടുന്നതാണ് നല്ലതെന്നും ആശുപത്രിയിലെ മലയാളി ഡോക്ടർ പറഞ്ഞു.’’

സുഭാഷിനെ എന്നും കാണാൻ പോയി, രഹസ്യമായി സംസാരിച്ചു

‘‘കൊടൈക്കനാൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സുഭാഷ് ചെറുതായി വീണു എന്നാണ് സുഭാഷിന്റെ വീട്ടിലും ഞങ്ങളുടെയൊക്കെ വീട്ടിലും പറഞ്ഞത്. വീട്ടിൽ പറയാൻ പേടി ആയിരുന്നു. കാരണം, ഇങ്ങനെയൊക്കെയാണ് സംഭവം എന്ന് പറഞ്ഞാൽ വീട്ടുകാർ പേടിച്ചു പോകും. പിന്നെ, ഇനിയും ഒരുപാട് യാത്രകൾ പോകാനുള്ളതാണ്. ഇതൊക്കെ അറിഞ്ഞാൽ ഇനി വീട്ടിൽനിന്ന് ടൂറ് വിടില്ലെന്നു തോന്നി. എല്ലാ ദിവസവും സുഭാഷിനെ കാണാൻ പോകുമായിരുന്നു. കൂട്ടുകാർ എല്ലാവരുടെയും വീടുകൾ അടുത്തടുത്താണ്. അതുകൊണ്ട് എല്ലാവരും എന്നും സുഭാഷിനെ കാണാൻ എത്തുമായിരുന്നു. ശരിക്കും നടന്ന കാര്യങ്ങൾ വീട്ടിലുള്ളവർക്ക് അറിയാത്തതു കൊണ്ടുതന്നെ സുഭാഷിനെ കാണാൻ പോകുമ്പോൾ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുക. 

റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കൊടൈക്കനാൽ യാത്ര
റിയൽ മഞ്ഞുമ്മൽ ബോയ്സ്

അഭിലാഷ് ഒരു മാസത്തോളം ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. കൊടൈക്കനാലിൽനിന്ന് നാട്ടിലെത്തിയപ്പോൾത്തന്നെ വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്ക് ഒറ്റ പോക്കായിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞാണ് ഞങ്ങളുടെ അടുത്തേക്ക് വന്നത്. പുള്ളി അധികം സംസാരിക്കാത്ത ടൈപ്പ് ആണ്. ഗുണ കേവിലെ സംഭവത്തിൽ വല്ലാതെ ഷോക്ക് ആയി പോയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴാണ് ഗുണ കേവിൽ നടന്ന സംഭവം നാട്ടിൽ അറിഞ്ഞത്. നാട്ടിലുള്ള ഒരാളുടെ കൈയിൽ തമിഴ്നാട്ടിലെ ഒരു പത്രത്തിൽ ഇത് സംബന്ധിച്ച് വന്ന വാർത്തയുടെ പത്രകട്ടിങ് കിട്ടി. അവർ അത് പള്ളിയിലെ അച്ചനെ കാണിച്ചു. അച്ചൻ ഇക്കാര്യം പള്ളിയിൽ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് നാട്ടിലെ എല്ലാവരും ഇക്കാര്യം അറിഞ്ഞത്.’’  

ഗുണ കേവ് ശരിക്കും അടച്ചിടേണ്ടതാണോ, അന്നത്തെ ട്രിപ്പിന് ആകെ ചെലവായത്

‘‘സിനിമയ്ക്കു വേണ്ടി ഗുണ കേവിന്റെ സെറ്റിട്ടത് കണ്ട് ഞെട്ടിപ്പോയി. ഞങ്ങൾ സെറ്റിലേക്ക് കയറി അന്തം വിട്ടു നിൽക്കുകയായിരുന്നു. കാരണം, ശരിക്കുള്ള ഗുഹ പോലെ ആയിരുന്നു ആ സെറ്റ്. അക്കാര്യത്തിൽ അജയേട്ടനെ സമ്മതിച്ചു കൊടുക്കണം. നേരിട്ടു കണ്ട ഞങ്ങൾക്ക് പോലും ഇത് സെറ്റാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.  

കൊടൈക്കനാലിലെ ഗുണ കേവ് ഇപ്പോൾ മൊത്തത്തിൽ അടച്ചിട്ടിരിക്കുകയാണ്. വേലി ചാടിക്കടക്കാൻ  കഴിയില്ല. ശക്തമായ വേലിക്കെട്ടുണ്ട്. കുഴികളെല്ലാം ഗ്രിൽ കൊണ്ട് അടച്ചു. ആർക്കും അവിടേക്ക് പ്രവേശിക്കാൻ കഴിയില്ല. പക്ഷേ, വളരെ ഭംഗിയുള്ള സ്ഥലമാണ് ഗുണ കേവ്. ആവശ്യത്തിനുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ച്, സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ച് അത് സഞ്ചാരികൾക്കു കാണാനായി തുറന്നു കൊടുക്കണം. വളരെ രസമുള്ള കാഴ്ചയാണ് ആ ഗുഹയിലുള്ളത്. അതുകൊണ്ടു തന്നെ ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കി സഞ്ചാരികൾക്കായി തുറന്നു കൊടുക്കാവുന്നതാണ്.

അന്നത്തെ ഞങ്ങളുടെ കൊടൈക്കനാൽ ട്രിപ്പിന് വണ്ടിക്കാശ് മാത്രം 5000 രൂപയാണ് ചെലവായത്. ഒരാൾക്ക് ചെലവ് 1500 - 2000 രൂപയായി. അന്ന് എനിക്ക് 22 വയസ്സ് ഉണ്ടായിരുന്നു. കൂട്ടത്തിൽ മൂത്തയാൾ ആയിരുന്നു. എല്ലാവരും ജോലിക്ക് പോകുന്നുണ്ടായിരുന്നു. കൊടൈക്കനാൽ യാത്ര കഴിഞ്ഞു വന്നതിനു ശേഷം ആറേഴു മാസം കഴിഞ്ഞിട്ട് ആയിരുന്നു അടുത്ത യാത്ര പോയത്. അത് മൂന്നാറിലേക്ക് ആയിരുന്നു. അന്ന് വേറെ കൂട്ടുകാരും ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും, ഞങ്ങളുടെ ചേട്ടൻമാരും അനിയൻമാരും ഉൾപ്പെടെ പത്തു നാൽപതു പേരുണ്ട്. കഴിഞ്ഞമാസവും ഞങ്ങളുടെ സംഘടനയിൽ നിന്ന് ടൂർ പോയിരുന്നു. അത്  20 പേരുണ്ടായിരുന്നു. ഓരോ പ്രാവശ്യവും ഓരോരുത്തരായി മാറി മാറി വരും.’’

ടൂർ വൈബ് ആകണേൽ സിക്സൻ നിർബന്ധമാണ്; കൃഷ്ണകുമാറും

‘‘സിക്സൻ എല്ലാ കാര്യത്തിലും ഭയങ്കര വൈബ് ആണ്. നല്ല ബഹളമാണ്. എല്ലാ കാര്യത്തിനും മുമ്പിലുണ്ടാകും. ടൂർ പോകുമ്പോൾ കളറാകണമെങ്കിൽ അവരൊക്കെ വേണം. സമയം പോകുന്നത് അറിയില്ല. അങ്ങനെ കുറേപ്പേർ ഉണ്ട്. കൃഷ്ണകുമാറും അങ്ങനെയൊരാളാണ്. എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. സുധീഷിന് വൃത്തി കുറച്ച് കൂടുതലാണ്. നമ്മൾ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഇപ്പോ വരാമെന്ന് പറഞ്ഞ് ഒറ്റപ്പോക്കാണ്. പോയി കുളിച്ചിട്ട് വരും. കൂട്ടത്തിൽ സുജിത്ത് ആയിരുന്നു പഠിപ്പിസ്റ്റ്. പലരും പല സ്വഭാവക്കാരാണെങ്കിലും സൗഹൃദത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരേ വൈബാണ്, ആ കാര്യത്തിൽ എത്തുമ്പോൾ എല്ലാവരും ഒന്നാണ്.’’ 

സിജു ഡേവിഡിന് ലഭിച്ച ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം

ധീരതയ്ക്കുള്ള അവാർഡ്; സിജുവിന് സർക്കാർ ജോലി ഇന്നും വാഗ്ദാനം മാത്രം

പ്രിയപ്പെട്ട കൂട്ടുകാരനായ സുഭാഷിനെ ഗുണ കേവിലെ അഗാധ ഗർത്തത്തിലേക്ക് ഇറങ്ങിച്ചെന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന കുട്ടൻ എന്ന സിജു ഡേവിഡിനെ തേടി, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം എത്തി. അന്നത്തെ സർക്കാർ സിജുവിന് ജോലിയും വാഗ്ദാനം ചെയ്തു. അന്നത്തെ കായികമന്ത്രിയാണ് മാധ്യമങ്ങളോട് സംസാരിക്കവെ ജോലി വാഗ്ദാനം പ്രഖ്യാപിച്ചത്. തുടർന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും കായികമന്ത്രിക്ക് രേഖകൾ കൈമാറുകയും ചെയ്തു. കുറേക്കാലം അതിനു വേണ്ടി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. പതിനെട്ടു വർഷത്തിനു ശേഷവും ആ ജോലി വാഗ്ദാനമായിത്തന്നെ തുടരുകയാണ്. കുട്ടേട്ടനായ സിജു ഡേവിഡും അഭിലാഷും ഇപ്പോൾ വൈപ്പിനിലുള്ള  ഷിപ്‌യാഡ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സിക്സനും സിജുവും പെയിന്റിങ് വർക്കും ജിൻസൻ പ്ലമിങ് ജോലിയും ചെയ്യുന്നു. അനിൽ ജോസഫ് ഖത്തറിൽ വിമാനത്താവളത്തിലും സുധീഷ് പോളണ്ടിലുമാണ് ജോലി ചെയ്യുന്നത്. പ്രസാദ് എഫ്എസിടിയിലും കൃഷ്ണകുമാർ ഒരു കണ്ണടക്കടയിലും ജോലി ചെയ്യുന്നു. സുജിത് സ്വന്തമായി വാട്ടർ പ്യൂരിഫയർ സ്ഥാപനം നടത്തുന്നു. സുഭാഷ് ഇപ്പോൾ ഒരു സ്വകാര്യകമ്പനിയുടെ ജോലി ഏറ്റെടുത്ത് ചെയ്യുകയാണ്.

സിനിമാക്കാരുടെ ഭാഗ്യ ദേവാലയം എന്നു വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞുമ്മൽ പള്ളി 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയിലുമുണ്ട്. സിനിമയിൽ മഞ്ഞുമ്മൽ പള്ളി വന്നിട്ടുണ്ടെങ്കിൽ ആ പടം ഹിറ്റ് ആയിരിക്കുമെന്നാണ് സിനിമക്കാരുടെ വിശ്വാസം. ഏതായാലും അതിന് അടിവരയിടുകയാണ് മഞ്ഞുമ്മൽ ബോയ്സ്. അദ്ഭുതകരമായ സംഭവം നടന്നിട്ട് 18 വർഷം കഴിഞ്ഞെങ്കിലും ഇന്നലെക്കഴിഞ്ഞ പോലെ ആ കൊടൈക്കനാൽ യാത്ര എല്ലാവരുടെയും മനസ്സിലുണ്ട്. ഇപ്പോഴും ഓരോ യാത്ര പോകുമ്പോഴും 'കൊടൈക്കനാലിൽ പോയ പോലെ ആകരുത് കേട്ടോ' എന്ന് അവർ പരസ്പരം പറയും. ഇനി അടുത്തത് ആർക്കാണെന്ന് തമാശയായി ചോദിക്കും. തമാശയിൽ കൂടിയാണ് പറയുന്നതെങ്കിലും അത് ഒരു മുന്നറിയിപ്പ് കൂടിയാണ്. 

റിലീസിന്റെ അന്നാണ് മഞ്ഞുമ്മലിലെ പിള്ളേർ ആദ്യമായി സിനിമ കണ്ടത്. സിനിമ കണ്ടപ്പോൾ കൂട്ടുകാർ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ഒരിക്കൽ കൂടി ആ യാത്ര പോയതു പോലെ, ആ വേദന ഒന്നു കൂടി അനുഭവിച്ചതു പോലെ. മരിച്ച് വേറെ ഏതോ ലോകത്ത് എത്തിയെന്ന് കരുതിയ സുഭാഷ് കൂട്ടുകാർക്കൊപ്പം ഇപ്പോഴത്തെ സന്തോഷം ആസ്വദിക്കുകയാണ്. മക്കൾ ഓരോരുത്തരും അന്ന് അനുഭവിച്ച വിഷമങ്ങളും ബുദ്ധിമുട്ടുകളും വെള്ളിത്തിരയിൽ കണ്ട് മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരും ഞെട്ടിത്തരിച്ചിരുന്നു. സിനിമ കണ്ടിറങ്ങിയപ്പോൾ മക്കളെ ചേർത്തുപിടിച്ചു. ദൈവത്തിന് അവർ വീണ്ടും വീണ്ടും നന്ദി പറയുകയാണ്, ഇരുട്ടിന്റെ അഗാധ ഗർത്തത്തിൽ നിന്ന് പ്രിയപ്പെട്ട കൂട്ടുകാരനെ ജീവന്റെ മരുപ്പച്ചയിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞതിന്, ആ സൂപ്പർ പവർ തന്നതിന്.

English Summary:

Siju David, Manjummel Boys hero exclusive interview.