പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ; നിങ്ങൾക്കും കന്യാകുമാരിയിൽ ധ്യാനിക്കാം, അറിയാം 5 സ്ഥലങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ നാലിനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് കന്യാകുമാരിയിൽ ധ്യാനനിരതനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനിക്കുന്ന വാർത്ത കേൾക്കുമ്പോൾ കന്യാകുമാരിയിൽ പോയി ധ്യാനിച്ചേക്കാമെന്നു ചിലർക്കെങ്കിലും തോന്നിയേക്കാം. അങ്ങനെ തോന്നുന്നവർ വിഷമിക്കേണ്ട. ആർക്കും കന്യാകുമാരിയിലേക്കു ധ്യാനിക്കാൻ പോകാം. അതിന് അവിടെ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും ബംഗാൾ ഉൾക്കടലും ഒരു പോലെ സംഗമിക്കുന്ന ഇവിടം സമാധാനത്തിനും ശാന്തതയ്ക്കും പേരുകേട്ട ഇടം കൂടിയാണ്. നിരവധി മെഡിറ്റേഷൻ സെന്ററുകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
∙ വിവേകാനന്ദ കേന്ദ്രം
സ്വാമി വിവേകാനന്ദൻ തപസ്സിരുന്ന പാറ 1892 ഡിസംബർ 23, 24, 25 തീയതികളിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1970 ലാണു സ്മാരകം പണിതത്. അന്നു കന്യാകുമാരി തീരത്തെത്തിയ സ്വാമി വിവേകാനന്ദൻ പാറയിലേക്കു പോകാൻ സഹായിക്കാമോ എന്നു മത്സ്യത്തൊഴിലാളികളോട് അഭ്യർഥിച്ചു. അന്നു കൂലിയായി ചോദിച്ച തുക അദ്ദേഹത്തിനു താങ്ങാവുന്നതായിരുന്നില്ല. അതിനാൽ സ്വാമി നീന്തി പാറയിലെത്തി അവിടെ ധ്യാനമിരുന്നു. രാഷ്ട്രപതിയായിരിക്കെ റാംനാഥ് കോവിന്ദ് വിവേകാനന്ദപ്പാറ സന്ദർശിച്ചിരുന്നെങ്കിലും ധ്യാനമിരുന്നില്ല. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്ന സങ്കൽപവുമുണ്ട്. വിവേകാനന്ദപ്പാറയിലെ മണ്ഡപത്തിന് ശ്രീപാദ മണ്ഡപം, ധ്യാനമണ്ഡപം, സഭാ മണ്ഡപം എന്നീ ഭാഗങ്ങളുണ്ട്. ധ്യാനമണ്ഡപത്തിൽ ഓംകാര രൂപമുള്ള ധ്യാനമുറിയും വശങ്ങളിൽ 6 മുറികളുമുണ്ട്. സഭാമണ്ഡപത്തിൽ വിവേകാനന്ദന്റെ വെങ്കലപ്രതിമയും ഒരു വരാന്തയും തുറന്ന മുറിയും. ശ്രീപാദമണ്ഡപത്തിൽ ഗർഭഗൃഹം, അകത്തെയും പുറത്തെയും ഹാൾ. ഇവിടെ ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രവുമുണ്ട്. കന്യാകുമാരിയിൽ എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദന്റെ വെങ്കലപ്രതിമയിലും ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രങ്ങളിലും പുഷ്പാർച്ചന നടത്തിയിരുന്നു. തൊട്ടടുത്തുള്ള പാറയിൽ 133 അടിയുള്ള തിരുവള്ളുവർ പ്രതിമയിലും അദ്ദേഹം പുഷ്പങ്ങളർപ്പിച്ചു.
ധ്യാനം, യോഗ തുടങ്ങിയ വിവിധ ആത്മീയ പരിശീലനങ്ങൾക്ക് പ്രസിദ്ധമാണ് ഇവിടം. ഈ മനോഹരമായ ക്യാംപസിൽ ധ്യാനത്തിനായുള്ള പ്രത്യേക ഹാളുകളും ക്ഷേത്രങ്ങളും സന്ദർശകർക്കു താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിവേകാനന്ദ കേന്ദ്രത്തിലെ പരിപാടികൾ തയ്യാറാക്കിയിരിക്കുന്നതു ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമം ഉറപ്പുവരുത്തുന്ന തരത്തിലാണ് പരിപാടികൾ. കൃത്യമായ ഇടവേളകളിൽ ധ്യാനം, യോഗ സെഷനുകൾ, വേദാന്തത്തെക്കുറിച്ചുള്ള ശിൽപശാലകൾ, ഇന്ത്യൻ തത്വചിന്തയും ആത്മീയതയും സംബന്ധിച്ചു ധാരണകൾ നൽകുന്ന സാംസ്കാരിക പരിപാടികളും ഇവിടെ നടത്താറുണ്ട്.
വിവേകാനന്ദസ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ 37 കോടി രൂപ ചെലവിൽ കണ്ണാടി നടപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 97 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്. പ്രധാനമന്ത്രിക്ക് വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.
∙ കന്യാകുമാരിയിലെ ബ്രഹ്മ കുമാരിസ് കേന്ദ്രം
രാജയോഗ ധ്യാനം പഠിപ്പിക്കുന്ന ആഗോള ആത്മീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് കന്യാകുമാരിയിലെ ബ്രഹ്മ കുമാരിസ് കേന്ദ്രം. സ്വയം ഒരു അവബോധം ഉണ്ടാക്കാനും ആന്തരിക സമാധാനത്തിനും ഇതിന്റെ പരിശീലനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യക്തികളിൽ ഈ മാറ്റം കൊണ്ടുവന്ന് സമൂഹത്തിലും ഇതിന്റെ മാറ്റം തൽഫലമായി കൊണ്ടുവരാനാണ് ലക്ഷ്യം വയ്ക്കുന്നത്. ധ്യാനം, സ്ട്രസ് മാനേജ്മെന്റ്, ഏകാന്ത ധ്യാനം എന്നിവയിലെല്ലാം നിരവധി കോഴ്സുകൾ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ ആന്തരിക സമാധാനം കണ്ടെത്താനും സമാധാനപരവും പോസിറ്റീവുമായ മാനസികാവസ്ഥ വളർത്തിയെടുക്കാനും സഹായിക്കുന്ന വിധത്തിലാണ് പ്രോഗ്രാമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
∙ ശാന്തിഗിരി ആശ്രമം
നവജ്യോതിശ്രീ കരുണാകര ഗുരു സ്ഥാപിച്ച ആശ്രമങ്ങളുടെ വലിയൊരു ശ്യംഖലയുടെ ഭാഗമാണ് കന്യാകുമാരിയിലുള്ള ശാന്തിഗിരി ആശ്രമവും. ആത്മീയ രോഗശാന്തി, ധ്യാനം, സമഗ്രമായ ആരോഗ്യ പരിശീലനങ്ങൾ എന്നിവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ധ്യാന സെഷനുകൾ, ആത്മീയ പ്രഭാഷണങ്ങൾ, ആയുർവേദ ചികിത്സകൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. ആശ്രമത്തിന്റെ പൊതുവായ അന്തരീക്ഷം മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുന്നു.
∙ ആർട് ഓഫ് ലിവിങ് സെന്റർ
ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച രാജ്യാന്തര ആർട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ഭാഗമാണ് കന്യാകുമാരിയിലെ ആർട് ഓഫ് ലിവിങ് കേന്ദ്രം, ശ്വസനവിദ്യയായ സുദർശൻ ക്രിയയിലൂടെ സമ്മർദ്ദം കുറയ്ക്കുന്നതിനും മാനസിക വ്യക്തത വരുത്തുന്നതിനും ഇവിടെ സാധിക്കും. കൂടാതെ പതിവ് ധ്യാനം, യോഗ സെഷൻ എന്നിവയ്ക്കു പുറമേ വ്യക്തിഗത വികസനം, വൈകാരിക ക്ഷേമം, സേവനം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,
∙ ഇസ്കോൺ കന്യാകുമാരി
കന്യാകുമാരിയിലുള്ള ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് ടെമ്പിൾ അഥവാ ഇസ്കോൺ ഒരു ആരാധനാലയം മാത്രമല്ല ആത്മീയ പഠനവും ധ്യാനവും ലക്ഷ്യം വച്ചാണ്. ക്ഷേത്രത്തിൽ പതിവായി ഭജനകൾ, കീർത്തനങ്ങൾ, ധ്യാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷം ധ്യാനപരിശീലനങ്ങൾക്ക് നൽകുന്നതാണ്.