ADVERTISEMENT

വിദ്യാർഥികൾക്ക് പുതിയ ടൂർ പാക്കേജുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായാണ് ഈ ടൂർ പരിപാടി. 'ട്രാവൽ ടു ടെക്നോളജി' എന്നു പേര് നൽകിയിരിക്കുന്ന വിദ്യാഭ്യാസ, വിനോദ യാത്രാ പരിപാടി സംഘടിപ്പിക്കുന്നത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ്.

പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യത്തെ യാത്രയിൽ പെരുവെമ്പ സർക്കാർ ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി. ചാവക്കാട് മറൈൻ അക്വേറിയം, തൃശൂർ സൂ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. ചിറ്റൂർ ഡിപ്പോയുടെ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഓർഗനൈസ് ചെയ്തത്.

'ട്രാവൽ ടു ടെക്നോളജി' പരിപാടിക്ക് ആദ്യമായി മുൻകൈ എടുത്തത് മലപ്പുറം ജില്ലയാണ്. ടൂറുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ജില്ല പാലക്കാടാണ്. വ്യാവസായിക, സാങ്കേതിക മേഖലകളിലെ പ്രവർത്തനങ്ങളിലേക്കു വിദ്യാർഥികൾക്കു നേരിട്ട് എക്സ്പോഷർ നൽകുക എന്നതാണ് 'ട്രാവൽ ടു ടെക്നോളജി' സംരംഭം ലക്ഷ്യമിടുന്നത്.

വളരുന്ന വ്യാവസായിക മേഖലകളെക്കുച്ച് വിദ്യാർഥികൾ കൂടുതൽ മനസ്സിലാക്കുന്നതിനും വികസ്വര സമ്പദ്‌ വ്യവസ്ഥയ്ക്ക് ആവശ്യമായ വ്യവസായങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്.

ട്രാവൽ ടു ടെക്നോളജിയുടെ ഭാഗമായി ഏകദേശം 135 ടൂർ പാക്കേജുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കേരളത്തിലെ വിവിധങ്ങളായ വ്യാവസായിക യൂണിറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആർഒ, കെഎസ്ആർടിസി റീജിയണൽ വർക് ഷോപ്പ്, യുണൈറ്റഡ് ഇലക്ട്രിക്കൽ ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാന്റ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഈ യാത്രയ്ക്കു കുട്ടികളിൽ നിന്ന് 500 രൂപയിൽ താഴെയാണ് ഫീസ്  ഈടാക്കുന്നത്. ഈ വ്യാവസായിക സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ദിവസം കുട്ടികൾക്ക് ഭക്ഷണവും നൽകും. രാവിലെ യാത്ര ആരംഭിച്ച് വൈകുന്നേരം തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കൊപ്പം അധ്യാപകരും ഉണ്ടായിരിക്കും. കൂടുതൽ വിശദാംശങ്ങൾക്കും യാത്രകൾ ബുക്ക് ചെയ്യുന്നതിനും സ്കൂളുകൾക്ക് ബജറ്റ് ടൂറിസം ജില്ല കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. പാലക്കാട് ഡിപ്പോ: 9447837985, 8304859018, ചിറ്റൂർ, നോർത്ത് പറവൂർ ഡിപ്പോ: 9495390046, മണ്ണാർക്കാട് ഡിപ്പോ: 9446353081.

English Summary:

KSRTC launches 'Travel to Technology', an affordable tour package for students to experience Kerala's industrial and technological marvels. Explore ISRO, Milma, and more!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com