ആശങ്കയില്ലാതെ ഗോവ; പുതുവത്സരം ആഘോഷിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തി, ബീച്ച് ഷാക്കുകളിൽ 'പതിവ് തിരക്ക്'
Mail This Article
പതിവു തെറ്റിക്കാതെ പുതുവത്സരം ആഘോഷിക്കാൻ ഇത്തവണയും സഞ്ചാരികൾ ഗോവയിലേക്ക് ഒഴുകിയെത്തി. ഡിസംബർ 31ന് വൈകുന്നേരമായപ്പോഴേക്കും നിരവധി പേരാണ് ഗോവൻ ബീച്ചുകളിലേക്ക് പുതുവർഷത്തെ വരവേൽക്കാനായി എത്തിയത്. അർധരാത്രി ആയപ്പോഴേക്കും ഗോവൻ നിവാസികളും സഞ്ചാരികളും കടൽത്തീരത്തേക്ക് എത്തി. ആവേശത്തോടെ 2025 നെ അവർ വരവേറ്റു. ബീച്ചുകളിലേക്കുള്ള മിക്ക റോഡുകളിലും വലിയ ട്രാഫിക് ബ്ലോക്ക് ആയിരുന്നു അനുഭവപ്പെട്ടത്. ഗോവയിലെ പ്രശസ്തമായ പല ബീച്ചുകളിലേക്കും ചൊവ്വാഴ്ച വൈകുന്നേരം തന്നെ സഞ്ചാരികൾ എത്തി. 2024 ലെ അവസാന സൂര്യാസ്തമയം കാണുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്.
അർധരാത്രി ആയതോടെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഗോവ പുതുവർഷത്തെ വരവേറ്റു. മിക്ക ബീച്ച് ഷാക്കുകളിലും ഇതിനായി വലിയ തയാറെടുപ്പുകൾ നടത്തിയിരുന്നു. കരിമരുന്നു കലാപ്രകടനവും സംഗീത വിരുന്നും ഒക്കെയായാണ് ബീച്ച് ഷാക്കുകളിൽ പുതുവത്സര ആഘോഷം നടന്നത്. സംസ്ഥാന ഗവർണർ പി എസ് ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നു.
സമാധാനപരമായാണ് പുതുവത്സര ആഘോഷങ്ങൾ നടന്നതെന്നു ഗോവ വിനോദസഞ്ചാര വകുപ്പ് മന്ത്രി റോഹൻ കൗണ്ടെ പറഞ്ഞു. മിക്ക ഹോട്ടലുകളിലും ആളുകളെ കൊണ്ടു നിറഞ്ഞിരുന്നെന്നും പുതുവത്സര ആഘോഷങ്ങൾക്കുള്ള ഇഷ്ടകേന്ദ്രമായി ഗോവയെ തിരഞ്ഞെടുക്കുന്നതിൽ വിനോദസഞ്ചാരികൾ തയാറായതായും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർ ദേവാലയങ്ങളിൽ പുതുവത്സരത്തെ വരവേൽക്കാൻ ഒരുക്കിയ പാതിരാ കുർബാനയിൽ പങ്കാളികളായി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കർശന സുരക്ഷ ഒരുക്കിയിരുന്നു. പൊതുവേ സമാധാനപരമായിരുന്നു ഗോവയിലെ ഇത്തവണത്തെ പുതുവത്സര ആഘോഷം.
അതേസമയം, ഗോവയിലെ ബീച്ച് ഷാക്കുകളിൽ എല്ലാ പുതുവത്സര രാത്രികളിലും ഉണ്ടാകുന്ന തിരക്ക് ഇത്തവണ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഗോവയിലെ വിനോദസഞ്ചാര മേഖലയിൽ വലിയ തളർച്ചയാണ് ഉണ്ടാക്കിയത്. ഈ വർഷം ഓഗസ്റ്റിൽ തന്നെ താൽക്കാലിക ബീച്ച് ഷാക്കുകൾ സ്ഥാപിക്കാൻ ടൂറിസം വകുപ്പ് ലൈസൻസ് നൽകിയിരുന്നു. എന്നാൽ, തീരദേശ മേഖലയിലെ ബീച്ച് ഷാക്കുകളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ബീച്ച് ഷാക്ക് ഉടമകൾ വ്യക്തമാക്കുന്നു.
ഇവിടേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവു വന്നിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ബീച്ച് ഷാക്ക് ഉടമകൾ. താരതമ്യേന ചെലവു കുറഞ്ഞ തായ്ലൻഡ്, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിലേക്കു പോകാനാണ് സഞ്ചാരികൾ കൂടുതൽ താൽപര്യപ്പെടുന്നതെന്നും ഇത് ഗോവയെ സംബന്ധിച്ച് ആശങ്കാജനകമാണെന്നും ഗോവ ഷാക്ക് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ക്രൂസ് കാർഡോസോ പറഞ്ഞു.
എന്താണ് ബീച്ച് ഷാക്ക് ?
ഗോവൻ കടൽത്തീരങ്ങളിൽ കാണാൻ കഴിയുന്ന പുല്ലു മേഞ്ഞ ചെറിയ കുടിലുകളെയാണ് ബീച്ച് ഷാക്ക് എന്നു വിളിക്കുന്നത്. ഇത് വിനോദസഞ്ചാര ഉദ്ദേശ്യത്തോടെ താൽക്കാലികമായി നിർമിക്കുന്നതാണ്. ആരംഭത്തിൽ മത്സ്യബന്ധന തൊഴിലാളികൾ അവരുടെ കുടുംബത്തിന്റെ ഒരു ബിസിനസ് എന്ന നിലയിലാണ് ബീച്ച് ഷാക്ക് ആരംഭിച്ചത്. പിന്നീട് വിനോദസഞ്ചാര മേഖലയിൽ ബീച്ച് ഷാക്കുകൾ വലിയ സാധ്യതയായി വളരുകയായിരുന്നു. മൺസൂൺ സമയത്ത് ഷാക്കുകൾ അടച്ചിടും. പിന്നീട് സീസൺ ആകുന്നതോടെ ആയിരിക്കും ബീച്ച് ഷാക്കുകൾ സജീവമാകുക.