Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ പത്മനാഭസ്വാമിയുടെ മൂലസ്ഥാനം

Ananthapura-Lake-Temple1 അനന്തപുര തടാക ക്ഷേത്രം

ജലസമീപത്തിലായിരിക്കും മിക്ക ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അത് നദിയായും പുഴയായും കുളമായുമൊക്കെ നമുക്ക് ദർശിക്കാനും കഴിയുന്നതാണ്. എന്നാൽ കേരളത്തിലെ അത്യപൂർവമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് അനന്തപുര ക്ഷേത്രം. തടാക നടുവിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. വളരെ മനോഹരവും അപൂർവവുമായ ഈ ക്ഷേത്രകാഴ്ചകൾ കാണാൻ നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

Ananthapura-Lake-Temple തടാകത്തിലെ സസ്യാഹാരം മാത്രം കഴിക്കുന്ന മുതല

കാസർകോട് ജില്ലയിലെ ബേക്കലിനടുത്താണ് അനന്തപുര തടാക ക്ഷേത്രം. തിരുവന്തപുരത്തെ ശ്രീപത്മനാഭസ്വാമിയുടെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണ് കരുതപ്പെടുന്നത്. ഇരുക്ഷേത്രങ്ങളിലെയും ആരാധനാമൂർത്തി ശ്രീ പത്മനാഭൻ തന്നെയാണ്. ഏറെ വിചിത്രമാണ് അതുമായി ബന്ധപ്പെട്ട ഐതീഹ്യ കഥകൾ. വില്വ മംഗല സ്വാമികളായിരുന്നു ആദ്യകാലത്തു ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ നിർവഹിച്ചിരുന്നത്. അദ്ദേഹത്തെ സഹായിക്കാനായി എവിടെ നിന്നോ വന്നൊരു ബാലനുമുണ്ടായിരുന്നു. വളരെ കുസൃതിയായിരുന്ന ആ ബാലനെ അദ്ദേഹം ഒരിക്കൽ തള്ളിമാറ്റുകയും അവൻ തെറിച്ചു വീഴുകയും ചെയ്തു. ഇനി എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു കൊണ്ട് ആ ബാലൻ അപ്രത്യക്ഷനായി. കൂടെയുണ്ടായിരുന്നത് സാക്ഷാൽ വിഷ്ണു ഭഗവാനാണെന്നറിഞ്ഞ വില്വ മംഗലം സ്വാമികൾ തെക്കോട്ടു സഞ്ചരിക്കുകയും ദിവ്യ തേജസ് കണ്ട അനന്തൻക്കാട്ടിൽ ഭഗവാനെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ആ അനന്തൻക്കാടിന്ന് പത്മനാഭസ്വാമികളുടെ തട്ടകമായ തിരുവനന്തപുരമാണ്.

Ananthapura-Lake-Temple4 അനന്തപുര തടാക ക്ഷേത്രം

ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. പുരാതന വാസ്തുവിദ്യയുടെ സമോഹനമായ കാഴ്ചകൾ ഈ ക്ഷേത്രത്തിന്റെ നിർമാണത്തിൽ കാണുവാൻ കഴിയുന്നതാണ്. തടാകത്തിനു നടുവിൽ നിർമിച്ച ക്ഷേത്രമായതു കൊണ്ട് തന്നെ കടുത്ത മഴയിൽ ജലനിരപ്പുയരുമോ എന്ന സംശയം സ്വാഭാവികമായും ഉണർന്നേക്കാം. പക്ഷേ, ആ കാര്യത്തിലും ഈ ക്ഷേത്രം ഒരു അത്ഭുതമാണ്. എത്ര കടുത്ത മഴയിലും ഈ ക്ഷേത്രത്തിലെ ജലനിരപ്പ്  ഉയരാറില്ല. തടാകത്തിന്റെ വലതുവശത്ത് ഒരു ഗുഹയുടെ പ്രവേശന കവാടം ഉണ്ടെന്നും ആ ഗുഹ തിരുവനന്തപുരം വരെ നീളുന്നതാണെന്നും അതിലൂടെയാണ് അനന്തപത്മനാഭൻ തിരുവനന്തപുരത്തേക്ക് പോയതെന്നുമാണ് വിശ്വാസം.

അനന്തപുര തടാക ക്ഷേത്രം അനന്തപുര തടാക ക്ഷേത്രം

തടാകത്തിലെ സസ്യാഹാരം മാത്രം കഴിക്കുന്ന മുതലയും ക്ഷേത്രത്തിലെത്തുന്നവർക്കു ഒരു കൗതുക കാഴ്ചയാണ്. ബാബിയ എന്ന വിളിപ്പേരുള്ള തടാകത്തിലെ മുതലയ്ക്ക് പൂജാരിമാർ നൽകുന്ന നിവേദ്യചോറാണ് ഭക്ഷണം. തടാകത്തിലെ മീനുകളെ പോലും ഭക്ഷിക്കുന്ന ശീലം ഈ മുതലയ്ക്കില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്നവർക്ക് ഈ മുതലയുടെ ദർശനം എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. ഇതിനെ കാണുവാൻ കഴിയുന്നത് പോലും പുണ്യമായാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ തടാകത്തിലുണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചു കൊന്നു. ഇപ്പോഴുള്ളത് എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് ആർക്കും യാതൊരു അറിവുമില്ല. തനിയെ തടാകത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ആളുകൾ സ്നേഹത്തോടെ ബാബിയ എന്ന് വിളിക്കുന്ന നിരുപദ്രവകാരിയായ ഈ മുതല.

പഞ്ചലോഹത്തിലോ ശിലയിലോ അല്ലാതെ കടുശർക്കര എന്ന ഒരു സവിശേഷ കൂട്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രത്തിലെ ഭഗവാന്റെ വിഗ്രഹം. ശർക്കരയും മെഴുകും നല്ലെണ്ണയും ഗോതമ്പുപൊടിയും ഉൾപ്പെടെ അറുപത്തിനാല് ചേരുവകൾ കൂട്ടിചേർത്ത് നിർമിച്ചിട്ടുള്ളതാണ് കേൾവിക്കാരിൽ വിസ്മയമുണർത്തുന്ന പത്മനാഭന്റെ വിഗ്രഹം. കൃത്രിമ ചായക്കൂട്ടുകളില്ലാതെ തീർത്തും പ്രകൃതിദത്തമായി നിർമിച്ച ചായങ്ങൾ കൊണ്ട് വരച്ച ക്ഷേത്ര ചുവരുകളിലെ ചിത്രങ്ങൾ ആരിലും കൗതുകമുണർത്തുന്നവയാണ്. ഈ ചിത്രങ്ങൾക്ക്  ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇവയെ സംബന്ധിച്ച വേറൊരു വലിയ  വസ്തുത.

കാസർകോട്, ബേക്കലിൽ നിന്നും 25 കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.