അപൂർവ്വ ആചാരങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൂടെ

വനവാസക്കാലത്ത് ശ്രീരാമൻ, പക്ഷിശ്രേഷ്ഠനായ ജടായുവിന് അന്ത്യകർമങ്ങൾ നടത്തിയത് ഒരു പുഴക്കരയിൽ വെച്ചായിരുന്നു. കർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്തു മഹാദേവൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതീഹ്യം. അങ്ങനെ സ്വയംഭൂ ആയ ശിവലിംഗമിരിക്കുന്ന പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം.  മകരം മാസം ഒന്നാം തീയതി മുതൽ മേടമാസം ഒന്നുവരെയുള്ള മൂന്നു മാസക്കാലം യാതൊരു വിധത്തിലുള്ള പൂജയോ കർമങ്ങൾ  ഇവിടെയില്ല. ഇത്തരത്തിൽ നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ഐതീഹ്യങ്ങളും നിലനിൽക്കുന്ന ഒരുപാട് ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. മഴയും വെയിലും മഞ്ഞും കാറ്റുംകൊണ്ട് ആൽത്തറയിലും വള്ളിപ്പടർപ്പിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നിരവധി മൂർത്തികളുണ്ട്. ആ ക്ഷേത്രമുറ്റങ്ങളിലൂടെ...

പനച്ചിക്കാട് ക്ഷേത്രം

വള്ളിപ്പടർപ്പിനുള്ളിൽ ദേവി അധിവസിക്കുന്ന ക്ഷേത്രമാണ് ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം. കോട്ടയം ജില്ലയിലെ പനച്ചിക്കാട് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതീക്ഷേത്രം വിദ്യാരംഭവുമായി ബന്ധപ്പെട്ടാണ് പ്രശസ്തമായത്. നവരാത്രി നാളുകളിൽ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്ക്  അനുഭവപ്പെടാറുണ്ട്. വിഷ്ണു ക്ഷേത്രമാണെങ്കിലും  ഇവിടെ ദേവിക്കാണ് പ്രാമുഖ്യം. ക്ഷേത്രത്തിലെ ദേവീ പ്രതിഷ്ഠയും ഏറെ കൗതുകം പകരുന്ന ഒരു കാഴ്ചയാണ്.

വള്ളിപ്പടർപ്പിനുള്ളിൽ, കുളക്കരയിലായാണ് ദേവി സ്ഥിതി ചെയ്യുന്നത്. ഇവിടെ പൂജാദികർമ്മങ്ങൾ ഒന്നും ചെയ്യാറില്ലെങ്കിലും ഈ മൂലവിഗ്രഹത്തിനു എതിർവശത്തായി സ്ഥാപിച്ചിട്ടുള്ള വിഗ്രഹത്തിലാണ് എല്ലാ പൂജകളും നടത്തുന്നത്. സരസ്വതീലത എന്നറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാൽ മൂടിയ വള്ളിപടർപ്പിലാണ്  ദേവീ പ്രതിഷ്ഠ. ഭക്തർക്ക് ഈ കുളക്കരയിൽ ചെന്ന് ദേവിയെ വണങ്ങാവുന്നതാണ്. വർഷത്തിലെ എല്ലാ ദിവസങ്ങളിലും ഇവിടെ എഴുത്തിനിരിക്കാമെന്ന ഒരപൂർവത കൂടി ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്.

 

കാർത്ത്യായനി ക്ഷേത്രം

കോഴികളെ പറപ്പിക്കുക എന്ന കൗതുകകരമായ ആചാരത്തിലൂടെ പ്രശസ്തമായ ക്ഷേത്രമാണിത്. തെറ്റിദ്ധരിക്കണ്ട, ചുട്ട കോഴികളെയൊന്നുമല്ല ഇവിടെ പറപ്പിക്കുന്നത്. ജീവനുള്ള കോഴികളെ തന്നെയാണ്. ഇങ്ങനെ പറത്തിവിട്ട നിരവധി കോഴികൾ ഈ ക്ഷേത്ര മതിലിനകത്തു താമസക്കാരായുണ്ട്. അതിഥികൾ വരുമ്പോൾ, കഴുത്തിൽ കത്തിയമരുമോ എന്ന പേടിയില്ലാതെ. കോഴി പറത്തൽ മാത്രമല്ല, മറ്റൊരു വിശേഷപ്പെട്ട സംഗതികൂടി  ഈ ക്ഷേത്രത്തിനു പറയാനുണ്ട്.

മറ്റൊന്നുമല്ല, ഉത്സവം തുടങ്ങി കഴിഞ്ഞാണ്  ഇവിടെ കൊടിയേറ്റ്. ദീർഘകാലങ്ങളായി രോഗങ്ങൾക്കൊണ്ടു വലയുന്നവർക്കു വേണ്ടിയുള്ള ഒരു പ്രത്യേക വഴിപാട് ഈ ക്ഷേത്രത്തിലുണ്ട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ കൂട്ടിക്കുഴച്ച്, കുഴലുപോലെ ചുരുട്ടിയ പാളയിൽ നിറച്ച് മണ്ണുപൊതിഞ്ഞതിനു ശേഷം തീയിൽ ചുട്ടെടുക്കുന്നു. കാർത്ത്യായനി ക്ഷേത്രത്തിലെ പ്രധാന വഴിപ്പാടായ ഇത് സേവിച്ചാൽ രോഗങ്ങൾ അകലുമെന്ന വിശ്വാസമുള്ളതു കൊണ്ട് തന്നെ ഇത് കഴിക്കാനായി ഇവിടെ ധാരാളം പേര് എത്താറുണ്ട്. ആലപ്പുഴയിലെ ചേർത്തലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പരബ്രഹ്മമൂർത്തീ ക്ഷേത്രം

ആൽത്തറയിൽ അധിവസിക്കുന്ന ഈശ്വരനാണ് ഓച്ചിറയിലെ പരബ്രഹ്മ മൂർത്തി. തനിക്കിരിക്കാൻ ആൽത്തറ തന്നെ ധാരാളമാണെന്നു ദേവപ്രശ്‍നത്തിലൂടെ വെളിപ്പെടുത്തിയ ഈശ്വരനവിടെ സകല ഋതുക്കളും അറിഞ്ഞുകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന കാഴ്ച വിസ്മയകരമാണ്. യാതൊരു തരത്തിലുള്ള പൂജയോ, വിഗ്രഹമോ, ശ്രീകോവിലോ ഈ ആൽത്തറയിലില്ല.

പകരം ആ ചൈതന്യം അവിടെ കുടിക്കൊള്ളുന്നുണ്ടെന്ന വിശ്വാസം മാത്രം. മുപ്പത്തിയാറ് ഏക്കറിലാണ് ഈ പുണ്യഭൂമി സ്ഥിതി ചെയ്യുന്നത്. ഒരു  കാവിന്റെ അന്തരീക്ഷമാണ്  പരബ്രഹ്മ മൂർത്തീ ക്ഷേത്രത്തിന്. വേലുത്തമ്പി ദളവയാണ് ഈ ആൽത്തറയുടെ നിർമാണം നടത്തിയത്. ഉപദേവതകൾക്കെല്ലാം ഇവിടെ ക്ഷേത്രങ്ങളുണ്ട്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ  ക്ഷേത്രം കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സ്ഥിതി ചെയ്യുന്നത്.

 

തൃക്കാക്കര ക്ഷേത്രം 

മൂന്നടി മണ്ണ് ചോദിച്ചു വന്ന ബ്രാഹ്മണന്  തന്റെ രാജ്യവും തന്നെയും സമർപ്പിച്ച മഹാബലി ചക്രവർത്തിയുടെ നാടാണ് കേരളം എന്ന ഐതീഹ്യത്തെ ബലപ്പെടുത്തുന്ന പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തൃക്കാക്കര. തന്നെ പരീക്ഷിക്കാനായി എത്തിയ ഭഗവാനാണ് അതെന്ന് മനസിലാക്കിയ മഹാബലി തനിക്കുള്ള സർവവും ആ കാൽക്കൽ സമർപ്പിക്കുകയായിരുന്നു എന്നാണ് പുരാണങ്ങൾ പറയുന്നത്.

വാമന രൂപത്തിൽ മഹാബലിയിൽ നിന്നും മൂന്നടി മണ്ണ് ചോദിക്കാനെത്തിയ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് തൃക്കാക്കര. കേരളത്തിലെ ഏക വാമന ക്ഷേത്രം കൂടിയാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം.