കുന്തിപ്പുഴയുടെ വടക്കു ഭാഗത്താണ് വെള്ളിനേഴി. ഒളപ്പമണ്ണ മന നിലനിൽക്കുന്ന ഗ്രാമത്തിന് കഥകളിയുടെ തറവാട് എന്ന പേരാണ് അനുയോജ്യം. അതേസമയം, അടയ്ക്കാപുത്തൂർ കണ്ണാടി പോലെ പല കൗതുകങ്ങളും ആ നാട്ടിൽ പിറവിയെടുക്കുന്നുണ്ട്. പണത്തിനും പ്രശസ്തിക്കും പിന്നാലെ പായാതെ വേദികളിൽ ജീവിതം ഉഴിഞ്ഞവസാനിപ്പിച്ച വലിയൊരു സംഘം കലാകാരന്മാരുടെ നാടാണ് വെള്ളിനേഴി.

കാണാൻ ആളുകൾ കുറഞ്ഞുവെന്ന സുകൃതക്ഷയം ഒഴിവാക്കിയാൽ ഇ ന്നും വെള്ളിനേഴി പോലെ വിശുദ്ധമായൊരു കലാഗ്രാമം ഭൂമിയിൽ വേറെയില്ല. വെറുംവാക്കു പറഞ്ഞ് പഴങ്കഥയായി മാറേണ്ട പാരമ്പര്യമല്ല വെള്ളിനേഴിയിലെ കല്ലുവഴിച്ചിട്ടകൾ. നിഷ്കളങ്കമായ ആ ഗ്രാമഹൃദയത്തിലൂടെ മനോരമ ട്രാവലർ ഒരു യാത്ര നടത്തി. വെള്ളിനേഴിയിലെ പ്രഗല്ഭരായ കലാകാരന്മാർ കേരളത്തിനു നൽകിയ ആത്മാർഥതയുടെ മൂല്യം തുറന്നു കാണിക്കുകയാണ് ഉദ്ദേശ്യം
കേളികൊട്ട്

കഥകളി കണ്ടിട്ടുള്ളവർ കേട്ടറിഞ്ഞിട്ടുണ്ടാകും കല്ലുവഴിച്ചിട്ടയുടെ കാഠിന്യം. കലാമണ്ഡലം രാമൻകുട്ടി നായർ ആത്മകഥയിൽ പറയുന്നുണ്ട് അതിന്റെ കഷ്ടപ്പാടുകൾ. മുദ്ര തെറ്റിക്കുന്ന ശിഷ്യരുടെ മുതുകത്തു വീഴുന്ന ഗുരുവിന്റെ കൈപ്പത്തിയുടെ കനം രാമൻകുട്ടിയാശാന്റെ വാക്കുകളിലൂടെ വായനക്കാർക്ക് അനുഭവിച്ചറിയാം. പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്ന പ്രതിഭയാണ് വെള്ളിനേഴിയിലെ കഥകളി ആചാര്യൻ. കീഴ്പടം കുമാരൻ നായരും രാമൻകുട്ടി നായരുമൊക്കെ പട്ടിക്കാംതൊടിയുടെ ശിഷ്യരാണ്. വെള്ളിനേഴിയെ കണ്ടറിയാനുള്ള യാത്ര മഹാനായ പട്ടിക്കാംതൊടിയാശാന്റെ വീട്ടിൽ നിന്നു തുടങ്ങാം.

‘‘പട്ടിക്കാംതൊടിയാശാന്റെ ഓർമകളും അദ്ദേഹം കെട്ടിയാടിയിരുന്ന കിരീടവും മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റേതായി വീടൊന്നും ഇവിടെയില്ല’’ വെള്ളിനേഴിയിൽ വഴികാട്ടിയായി എത്തിയ ഡോ. അച്യുതൻകുട്ടി കാര്യം വിശദീകരിച്ചു. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ ഗവേഷകന്റെ ജോലി ‘പുഷ്പം പോലെ വലിച്ചെറിഞ്ഞ്’ മുംബൈയിൽ നിന്നു ജന്മദേശത്തേക്കു മടങ്ങിയ കലാസ്നേഹിയാണ് അച്യുതൻകുട്ടി. ഇപ്പോൾ മുഴുവൻ സമയം കഥകളിയുടെ പുറകെയാണ്. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; വെള്ളിനേഴിയിൽ ജനിച്ചവരുടെ രക്തത്തിനു കഥകളിയുടെ ചുവപ്പാണ്.
പദ്മശ്രീ കീഴ്പടം
അറുപത്തഞ്ചു കൊല്ലം മുൻപ് വരുമാന നികുതി കൊടുത്തിരുന്ന കഥകളിക്കാരനാണ് കീഴ്പടം കുമാരൻ നായർ. അക്കാലത്ത് ചെണ്ടപ്പുറത്തു കോലു വീഴുന്നിടത്തെല്ലാം കീഴ്പടത്തിന്റെ ആട്ടമുണ്ടായിരുന്നു. തമിഴ് സിനിമയിലെ മുടിചൂടാമന്നനായ എം.ജി.ആർ. ഉൾപ്പെടെയുള്ള പ്രശസ്തർ കീഴ്പടത്തിന്റെ ഉറ്റ ചങ്ങാതികളിൽ ചിലരാണ്.

‘‘എം.ജി.ആറിനെ നൃത്തം പരിശീലിപ്പിച്ചത് അച്ഛനായിരുന്നു. എം. ജി.ആർ ഞങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്.’’ പദ്മശ്രീ കീഴ്പടം കുമാരൻ നായരുടെ മകൻ ഉണ്ണി പറഞ്ഞു. ആ തറവാടിന്റെ എളിമയ്ക്കു മുന്നിൽ കാലത്തിന്റെ മാറ്റങ്ങൾ ആഡംബരം ചാർത്തിയിട്ടില്ല. ഒരു കാലത്ത് ഈ വീട്ടുമുറ്റത്തു നിന്ന് കഥകളിക്കമ്പക്കാർ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ‘‘അതൊന്നും ഇപ്പോഴുള്ളവർക്കു പറഞ്ഞാൽ മനസ്സിലാവില്ല.’’ ഉണ്ണിയുടെ വാക്കുകൾ ഉമ്മറക്കോലായയിൽ മുഴങ്ങി. അത് പട്ടിക്കാംതൊടിയാശാന്റെ ഫോട്ടോ തൂക്കിയ ചുമരിൽ പ്രതിധ്വനിച്ചു.
ആട്ടപ്രമാണിയായിരുന്ന പദ്മശ്രീ വാഴേങ്കട കുഞ്ചു നായരുടെ വീട്ടിലേക്കാണ് പിന്നീടു പോയത്. അദ്ദേഹത്തിന്റെ മകൻ വാഴേങ്കട വിജയൻ നായരാണ് ഇപ്പോൾ അവിടെയുള്ളത്. വിട്ടുവീഴ്ചയില്ലാത്ത ചിട്ട പുലർത്തുന്ന കഥകളിയാശാനാണ് വിജയൻ നായർ. ‘‘കുഞ്ചു നായരുടെ മകനായതുകൊണ്ട് കിട്ടിയ നേട്ടങ്ങളാണ് ഇതെല്ലാം’’ – കഥകളിയെ ഉപാസിച്ചുണ്ടാക്കിയ പേരും പ്രശസ്തിയും വിജയനാശാൻ അച്ഛന്റെ പാദങ്ങളിൽ സമർപ്പിച്ചു. ‘‘കഥകളിയിൽ കൃത്രിമമായി ഒന്നും ചേർക്കാൻ പാടില്ല. മറ്റു നഷ്ടങ്ങളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഞാൻ ആലോചിച്ചിട്ടില്ല.’’ കേന്ദ്രസർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള വിജയനാശാൻ വിനയത്തിന്റെ പുതപ്പിൽ സ്വയമൊതുങ്ങി. അതിനു ശേഷം ഇരു കൈകളും നെഞ്ചോടു ചേർത്ത് തൊഴുതു. ഈ സാത്വിക ഭാവത്തിനു വെള്ളിനേഴിക്കാർ പറയുന്ന പേരാണ് ‘ഗുരുത്വം’.

കലാഗ്രാമം
വെള്ളിനേഴിക്ക് ‘കലാഗ്രാമം’ പദവി നൽകി കേരള സർക്കാർ അംഗീകരിച്ചിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. അതിനെക്കുറിച്ച് വാർത്തകളും പ്രചാരണങ്ങളുമൊക്കെ കുറേ ഉണ്ടായെങ്കിലും അവിടെ എന്തൊക്കെയാണ് കാണാനുള്ളതെന്ന് യാത്രികർക്ക് ഇനിയും മനസ്സിലായിട്ടില്ല.
കഥകളിയുടെ വേഷവും ചമയങ്ങളും എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അടയ്ക്കാപുത്തൂർ കണ്ണാടിയെക്കുറിച്ചും കുറുവട്ടൂരിലെ ബുദ്ധ ഗുഹയെപ്പറ്റിയും കേട്ടിട്ടുണ്ടോ? ഒളപ്പമണ്ണമന കണ്ടിട്ടുണ്ടോ?
വെള്ളിനേഴിയിൽ ഉടലെടുത്തതും നിലനിൽക്കുന്നതുമായ അപൂർവ കാഴ്ചകൾ ഇതിലൊന്നും അവസാനിക്കുന്നില്ല. ഭ്രാന്തൻകല്ല്, പനാംകുന്നിലെ കൊലമരം, അഷ്ടപദി, ഏഴാംമുത്തി, ഓണപ്പാട്ട്, കളമെഴുത്തുപാട്ട്, കാളപൂട്ട്, കോലംകളി, കൈകൊട്ടിക്കളി, ചാക്യാർകൂത്ത്, ചെറുമക്കളി, തോൽപ്പാവക്കൂത്ത്, നന്തുണിപ്പാട്ട്, നായാടിക്കളി, പടകളിത്തല്ല്, പരിചമുട്ടുകളി, പാന, പാങ്കളി, പാമ്പുംതുള്ളൽ, പൂതനും തിറയും... ഈ ലോകത്തു മറ്റൊരു കലാഗ്രാമവും വെള്ളിനേഴിയോളം വരില്ലെന്നു പറയാൻ വേറെ തെളിവെന്തു വേണം?

നാലഞ്ചു കടകളും ഒന്നു രണ്ടു ചായക്കടകളുമുള്ള ചെറിയ അങ്ങാടിയാണ് വെള്ളിനേഴി. ബാക്കി ഭാഗം റബർ തോട്ടങ്ങളും കാടുപിടിച്ച പറമ്പുകളുമാണ്. നാലഞ്ചേക്കർ സ്ഥലത്ത് ഒരു വീട് എന്ന കണക്കിലാണ് ആൾ താമസം. മേൽത്തട്ടുള്ള ഓടു മേഞ്ഞ വീടുകളാണ് ഒട്ടുമിക്കതും. മുണ്ടും നീളൻ ഷർട്ടുമണിഞ്ഞ് ചന്ദനക്കുറി തൊട്ട ആണുങ്ങൾ. സാരിയുടുത്ത് ഭസ്മക്കുറി ചാർത്തിയ പെണ്ണുങ്ങൾ.
പശുക്കളെ മേയ്ച്ച് പാടവരമ്പത്തു ചുറ്റിത്തിരിയുന്നവരും തലച്ചുമടുമായി നടന്നു പോകുന്നവരും വെള്ളിനേഴിയുടെ ഗ്രാമീണ ഭംഗിക്ക് തൊങ്ങലണിയിക്കുന്നു. ഇങ്ങനെ പലവിധ കാഴ്ചകളിലൂടെ പാടവരമ്പിറങ്ങിയാണ് ചുട്ടികലാകാരന്മാരായ കലാനിലയം രാജീവിന്റെയും പദ്മനാഭന്റെയും പണിപ്പുരയിലെത്തിയത്. കഥകളിക്കുള്ള ‘കോപ്പ്’ നിർമിക്കുന്ന കലാകാരന്മാരാണ് രാജീവും പദ്മനാഭനും. മൂന്നായി പിരിയുന്ന റോഡിന്റെയറ്റത്ത് പാടത്തിന്റെയരികിലാണ് ഇവരുടെ പണിശാല.

കിരീടം, വള, ഹസ്തകടകം, തോ ൾപൂട്ട്, പരുത്തിക്കാമണി, കുരലാരം, ഒറ്റനാക്ക്, കഴുത്താരം... കഥകളിക്കുവേണ്ടതെല്ലാം രാജീവിന്റെയും പദ്മനാഭന്റെയും കരവിരുതിൽ ഒരുങ്ങുന്നു. ‘‘പുരുഷ വേഷത്തിന് ആവശ്യമുള്ള ചമയം ഉണ്ടാക്കാൻ ഒന്നര മാസം വേണം. രൂപമുണ്ടാക്കിയ ശേഷം നിറം പിടിപ്പിച്ച് മിനുക്കും തൊങ്ങലും ചാർത്തണം. മുത്തുകൾ തുന്നി പിടിപ്പിക്കണം. മറ്റലങ്കാരങ്ങൾ ഒട്ടിക്കണം. കിരീടം മിനുക്കാനാണ് കൂടുതൽ സമയം വേണ്ടത്. ’’ രാജീവ് സൃഷ്ടിയുടെ കഥ പറഞ്ഞു. രാജീവും പദ്മനാഭനും കഥകളിക്കു ചുട്ടികുത്താൻ പോകാറുണ്ട്.
‘‘ആട്ടക്കഥ പോലെ നീണ്ടു കിടക്കുകയല്ലേ ജീവിതം’’ – കലാകാരന്മാരുടെ ഹൃദയത്തിലേക്ക് അച്യുതൻകുട്ടി വെളിച്ചം പടർത്തി.

മരത്തടി ഉപയോഗിച്ച് കഥകളിക്കോപ്പുണ്ടാക്കുന്ന കോതാവിൽ രാമൻകുട്ടി ആചാരിയുടെ വീട്ടിലേക്കാണ് പിന്നീടു പോയത്. കിരീടത്തിന്റെ മിനുക്കു പണിയിലായിരുന്നു രാമൻകുട്ടിയേട്ടൻ. അഴിച്ചിട്ട കേശഭാരം പോലെ അദ്ദേഹത്തിനു ചുറ്റും കഥകളി കോപ്പുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഉളിയിൽ നിന്നു പിടിവിടാതെ രാമൻകുട്ടിയേട്ടൻ കഥ പറഞ്ഞു.
‘‘കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത് കീരീടമാണ്. കിരീടങ്ങൾ നാലുതരം – ആദ്യാവസാനം, ഇടത്തരം, കുറ്റിച്ചാമരം, കുട്ടിത്തരം. ആദ്യാവസാന കിരീടമുണ്ടാക്കാൻ ഒരു മാസം വേണം. ഒരു വേഷത്തിന് ആവശ്യമായ ചമയങ്ങളുണ്ടാക്കാൻ മൂന്നു മാസം വേണം. മരത്തിന്റെ വില നോക്കിയാൽ ഒരു വേഷത്തിന് എഴുപതിനായിരം രൂപ ചെലവു വരും.’’
രാമൻകുട്ടിക്ക് അറുപത്തൊമ്പതു വയസ്സായി. പന്ത്രണ്ടാം വയസ്സിൽ അച്ഛൻ കൃഷ്ണനാചാരിയുടെ ശിഷ്യത്വത്തിൽ തുടങ്ങിയതാണ് മരപ്പണി. വെള്ളിനേഴിയിലെ പ്രശസ്തനായ മരപ്പണിക്കാരനായിരുന്നു കൃഷ്ണൻ. ഹസ്തകടകമുണ്ടാക്കാൻ അവസരം കിട്ടിയ കൃഷ്ണൻ കഥകളിക്കു കോപ്പുണ്ടാക്കി പേരെടുത്തു. രാമൻകുട്ടി ആ പാരമ്പര്യം പിന്തുടർന്നു.
ഒളപ്പമണ്ണ മന
വെള്ളിനേഴിയുടെ ചരിത്രത്തിന് ബുദ്ധമതത്തോളം പഴക്കമുണ്ടെന്നാണ് അച്യുതൻകുട്ടി മനസ്സിലാക്കിയിട്ടുള്ളത്. വായ്ഭാഗം വട്ടമണിഞ്ഞ് മുകളിൽ ദ്വാരമുള്ള കുറുവട്ടൂരിലെ ഗുഹയാണ് അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയതിൽ പിന്നെ ഗുഹ നിൽക്കുന്ന സ്ഥലത്തിന്റെ ഉടമ ഭയത്തിലാണ്. പഴമ തെളിഞ്ഞാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കുമോ എന്നാണ് അവരുടെ പേടി.

വെള്ളിനേഴിയിൽ ഇങ്ങനെ കൗതുകങ്ങൾ പലതുണ്ട്. അതിൽ ഏറ്റവും അദ്ഭുതം നിറഞ്ഞ കാഴ്ച ഒളപ്പമണ്ണ മനയാണ്. ഇരുപതേക്കറിൽ പരന്നു കിടക്കുന്ന എട്ടുകെട്ടും മാളികപ്പുരയും ആട്ടക്കലയുടെ സ്വർഗമായിരുന്നു. അതിനുമപ്പുറം വ ള്ളുവനാട്ടിൽ സാഹിത്യവും കലാപാരമ്പര്യങ്ങളും നട്ടു വളർത്തിയ പണ്ഡിതന്മാരുടെ തറവാടാണ് ഒളപ്പമണ്ണ മന. ഋഗ്വേദം മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്, ഒളപ്പമണ്ണ മനയെ വേദ അധ്യാപന കേന്ദ്രമാക്കി മാറ്റിയ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കാവ്യ ഭാഷയിൽ പുതുഭാവങ്ങൾ തെളിച്ച കവി ഒളപ്പമണ്ണ, ഇവരുടെയെല്ലാം ആശിർവാദത്തിൽ വളർന്നു വലുതായ ഒരു കൂട്ടം കലാകാരന്മാർ... ജീവിച്ചിരിക്കുന്നവരും കാലയവനികയ്ക്കു പിന്നിലേക്കു മറഞ്ഞവരുമായ കലാപ്രതിഭകളുടെ ഓർമകൾ മനയുടെ ഓരോ കോണുകളിലും ഇന്നും നിലനിൽക്കുന്നു.

എട്ടു കെട്ടിന്റെ എതിർവശത്തുള്ള പ ത്തായപ്പുരയുടെ കോളിങ് ബെല്ലിന്റെ സ്വിച്ച് അമർത്തി. ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ മകൻ ഡോ. വാസുദേവന്റെ ഭാര്യ ശ്രീദേവി അവിടെ ഉണ്ടായിരുന്നു. മന കാണാൻ വ ന്നതാണെന്നു പറഞ്ഞപ്പോൾ മാനേജരെ വിളിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തു തരാൻ നിർദേശിച്ചു.
‘‘രാവിലെ പത്തു മണി മുതൽ ഒരു മണിവരെയാണ് ഓഫിസ് സമയം. മന കാണാൻ ആരെങ്കിലും വന്നാൽ സമയമൊന്നും നോക്കാറില്ല.’’ മാനേജർ ശങ്കരനാരായണൻ വടക്കിനിയുടെ വാതിൽ തുറന്നു. ഒളപ്പമണ്ണ മനയിലെ ഇരുപത് അംഗങ്ങൾ ഭാരവാഹികളായ ദേവീപ്രസാദം എന്ന ട്രസ്റ്റിനാണ് ഇപ്പോൾ മനയുടെ ഉടമസ്ഥത.

ആകാശഗംഗ എന്ന സിനിമ ചിത്രീകരിച്ചത് ഒളപ്പമണ്ണ മനയിലാണ്. ആറാം തമ്പുരാനിലെ വീടിന്റെ ഉൾഭാഗങ്ങളും എന്നു നിന്റെ മൊയ്തീനിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടും ഷൂട്ട് ചെയ്തത് ഇവിടെയാണ്. നടുത്തളവും അതിവിശാലമായ ഊട്ടുപുരയും കിടപ്പറകളുമായി ഇതുപോലൊരു എട്ടുകെട്ട് നിർമിക്കുന്ന കാര്യം ഇനിയുള്ള കാലം ചിന്തിക്കാൻ പോലുമാകില്ല. അറയും നിരയും മുറികളും വാതിലും പാത്രങ്ങളുമെല്ലാം അത്ര വിദഗ്ധമായാണ് നിർമിച്ചിട്ടുള്ളത്. വാതിലുകളെക്കാൾ വലുപ്പമുള്ള ഭരണികളും പാത്രങ്ങളും മുറിയുടെ പുറത്തേക്ക് എടുക്കാനാവില്ല. കഥകളിയാചാര്യൻ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ കെട്ടിയാടിയിരുന്ന കിരീടവും ഇവിടെ ഭദ്രമായി സംരക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മരപ്പാത്രങ്ങളും പല്ലക്കും അലമാരയും വടക്കിനിയിലെ മുറികളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ലൈബ്രറി, കവിയുടെ കസേര തുടങ്ങിയവ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. ഋഗ്വേദത്തിന്റെ മലയാള പരിഭാഷ സൂക്ഷിച്ചിട്ടുള്ള മുറിയാണ് ഒന്നാം നിലയിലെ അമൂല്യമായ കാഴ്ച.
വടക്കിനിയുടെ എതിർവശത്തെ പ ത്തായപ്പുരയുടെ രണ്ടാം നിലയിൽ അതിഥിയായി എത്തിയിരുന്ന പ്രമുഖരിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരും ഉൾപ്പെടുന്നു. വെള്ളിനേഴിയിൽ വരുന്ന സമയത്ത് പട്ടിക്കാംതൊടിയാശാന്റെ മുറിയോടു ചേർന്നുള്ള റൂമിലാണ് ചെമ്പൈ താമസിച്ചിരുന്നത്. ‘‘വെള്ളിനേഴിയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് ഒളപ്പമണ്ണ മന. അത് എല്ലാവരും കണ്ടു മനസ്സിലാക്കണം’’ മനയുടെ മാനേജർ യാത്രികരെ സ്വാഗതം ചെയ്തു.
അടയ്ക്കാപുത്തൂർ കണ്ണാടി
ആറന്മുളയിലേതു പോലെ വെള്ളിനേഴിക്കുമുണ്ട് സ്വന്തമായൊരു പൈതൃകക്കണ്ണാടി. പ്രോത്സാഹിപ്പിക്കാനും പരസ്യങ്ങൾ ചെയ്യാനും ആരുമില്ലാത്തതുകൊണ്ടാണ് അടയ്ക്കാപുത്തൂർ ക ണ്ണാടിയുടെ പെരുമ അറിയപ്പെടാതെ പോയത്.
‘‘കളിമണ്ണും ഓടും ചകിരിയും ചേർത്ത് കരു ഉണ്ടാക്കലാണ് ആദ്യ പടി. ചെമ്പും വെളുത്തീയ്യവും ഇതിനകത്തേക്ക് ഉരുക്കിയൊഴിക്കും. ലായനി ഉറച്ച ശേഷം മണ്ണുപൊട്ടിച്ച് കണ്ണാടിയുടെ ആദ്യ രൂപം പുറത്തെടുക്കും. ചിത്രം തെളിയുന്നതു വരെ ഉരച്ചു മിനിക്കിയ ശേഷം വെങ്കലത്തിലുണ്ടാക്കിയ ഫ്രെയിമിൽ ഘടിപ്പിക്കും.’’ ബാലൻ മൂശാരിയുടെ മകൻ കൃഷ്ണകുമാർ കണ്ണാടി നിർമിക്കുന്ന രീതി വിശദീകരിച്ചു. ബാലൻ മൂശാരിയാണ് വെ േള്ളാട് ഉരച്ചു മിനുക്കി ആദ്യത്തെ വാൽക്കണ്ണാടി ഉണ്ടാക്കിയത്. ഉരുക്കും തകരവും ചേർത്ത് സ്വർണ നിറത്തിൽ ഫ്രെയിമുണ്ടാക്കിയ കൃഷ്ണകുമാർ അടയ്ക്കാപുത്തൂർ കണ്ണാടിയെ വാ ൽക്കണ്ണാടിയാക്കി. രണ്ടു മാസം പണിയെടുത്ത് ഏഴ് ഇഞ്ച് വലുപ്പമുള്ള കണ്ണാടി ഉണ്ടാക്കിയിട്ടുണ്ട് കൃഷ്ണകുമാർ. ‘‘ഒരു കണ്ണാടി ഉണ്ടാക്കാൻ നാലു ദിവസം മെനക്കെട്ടിരിക്കണം. കൈകൊണ്ടു തൊട്ടു മിനുക്കിയാണ് കണ്ണാടിയും ഫ്രെയിമും ഉണ്ടാക്കുന്നത്. ഇതിനെ വെറുമൊരു തൊഴിലായി കണ്ടാൽ കണ്ണാടിക്കു തിളക്കം കുറയും.’’ അച്ഛൻ പകർന്നു തന്ന കുലത്തൊഴിലിനെ കച്ചവടമാക്കാൻ ഉദ്ദേശ്യമില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഈ അത്മാർഥതയാണ് വെള്ളിനേഴിയുടെ പരിശുദ്ധിക്ക് എന്നും മുതൽക്കൂട്ടായി നിലനിൽക്കുന്നത്. കൃഷ്ണകുമാറിന്റെ സഹോദരൻ ഹരിഗോവിന്ദൻ ശിൽപ്പിയാണ്. നൂറിലേറെ ശിൽപ്പങ്ങൾക്കു ജീവ ൻ പകർന്നിട്ടുള്ളയാളാണ് ഹരി. സിംഗപ്പൂരിലെ ബൂ ൺലെയിൽ സ്ഥാപിച്ചിട്ടുള്ള അൽഫോൻസാമ്മയുടെ ശിൽപ്പവും ഇതിൽ ഉൾപ്പെടുന്നു.
‘‘ഒരു ഡോക്ടറെപ്പോലെ മനുഷ്യ ശരീരത്തിന്റെ ഘടനയെ മനസ്സിലാക്കിയാലേ ശിൽപ്പം പൂർണതയിലെത്തുകയുള്ളൂ. അസ്ഥിയും മസിലുമാണ് ആദ്യം രൂപപ്പെടുത്തിയെടുക്കുക. മുഖം മിനുക്കിയെടുക്കുന്നതിനു കൂടുതൽ സമയം വേണം. ഒരു വെങ്കലപ്രതിമ പൂർത്തിയാക്കാൻ ഒരു വർഷം വേണ്ടി വരും. വിലയെക്കുറിച്ചല്ല; ശിൽപ്പത്തിന്റെ ഭംഗിക്കാണ് പ്രാധാന്യം കൊടുക്കുന്നത്’’– ഹരിയുടെ കരസ്പർശത്തിൽ ദൈവികത തുളുമ്പിയ വിഗ്രഹങ്ങൾ ഈ വാക്കുകൾക്കു സാക്ഷി.

തിരശ്ശീല
പണത്തിനു മീതെ പറന്ന പരുന്തുകളായിരുന്നു വെള്ളിനേഴിയിലെ കലാകാരന്മാർ. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും അവർ പുലർത്തിയ സത്യസന്ധതയാണ് വെള്ളിനേഴിപ്പെരുമ. ഗുരുക്കന്മാർ പിന്തുടർന്ന ആത്മാർഥതയുടെ തിരികൾ ഇന്നത്തെ തലമുറയും കെടാതെ കാത്തുസൂക്ഷിക്കുന്നു. അൽപ്പം വൈകിയെങ്കിലും അതു തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ വെള്ളിനേഴിക്ക് കലാഗ്രാമം എന്ന പദവി നൽകി.
വെള്ളിനേഴിയുടെ തെളിഞ്ഞ ഹൃദയം നേരിൽ കണ്ട് മടങ്ങാനൊരുങ്ങുമ്പോൾ കുചേലവൃത്തം കഥയാണ് ഓർമ വന്നത്. വീട്ടിലേക്കു ചെല്ലാൻ വൈകിയതിന്റെ കാരണം തിരക്കിയ ശ്രീകൃഷ്ണനോട് കുചേലൻ മനസ്സു തുറക്കുന്നു:
പല ദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ
നലമൊടു കാൺമതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ല...
ഏറെ നാളായി വെള്ളിനേഴിയിൽ വരണമെന്നു കരുതുന്നു. ഇപ്പോഴാണ് കളമൊരുങ്ങിയത്. കുചേലനു കിട്ടിയ സമ്പത്തുപോലെ വിലമതിക്കാനാവാത്ത കാഴ്ചകളുമായാണ് മടക്കം. .
അറിയാം
പാലക്കാട് ജില്ലയിലാണ് വെള്ളിനേഴി. ഒറ്റപ്പാലം, ചെർപ്പുളശ്ശേരി എന്നിവയാണ് സമീപ പട്ടണങ്ങൾ. പാലക്കാട് – വെള്ളിനേഴി 43 കി.മീ. തൃശൂർ – വെള്ളിനേഴി 60 കി.മീ.