വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന 'ദൈവങ്ങളുടെ ദ്വീപി'ലേക്ക്...

പണ്ടുപണ്ട് കിഷ്കിന്ധ എന്ന രാജ്യത്തെ വാനരരാജാവായിരുന്നു ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായിരുന്ന ബാലി. എതിരെ യുദ്ധം ചെയ്യാൻ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നൊരു വരം ബാലിക്ക് ലഭിച്ചിരുന്നു. ഒരിക്കൽ ശിവപൂജ ചെയ്തുകൊണ്ടിരിക്കു‌മ്പോൾ തന്നെ വെല്ലുവിളിച്ച രാവണനെ ബാലി വാലിൽ ചുറ്റിയെടുത്ത് ലോകം മുഴുവൻ സഞ്ചരിച്ചു. അവസാനം ബാലിയെ രാമനെക്കൊണ്ട് സുഗ്രീവൻ വധിപ്പിച്ചു...




നമ്മുടെ കേരളം ലോക ടൂറിസം ഭൂപടത്തിൽ സ്വയം വിശേഷിപ്പിക്കുന്നത് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നാണല്ലോ. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്തോനേഷ്യയിലെ 17000 ത്തോളം ചെറുദ്വീപുകളിലൊന്നിൽ 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപുണ്ട്- ബാലി. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ 'ബാലി ദ്വീപ്' എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്. എന്നാൽ കേട്ടറിവിനേക്കാൾ വലുതാണ് ബാലി എന്ന സത്യം എന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും തിരിച്ചറിയുന്നു...   

ഡെൻപസർ വിമാനത്താവളത്തിലെ ബോർഡ്




ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണ് ഇന്തോനേഷ്യ. രാജ്യത്തെ ടൂറിസം ഹബ്ബായ ബാലിയിലെത്തിയതും ആ മുൻധാരണയോടെയുള്ള കാഴ്ചകൾ പ്രതീക്ഷിച്ചായിരുന്നു. എന്നാൽ വിസ്മയകരമെന്നു പറയട്ടെ, ബാലി ഒരു ഹിന്ദു ഭൂരിപക്ഷ ദ്വീപാണ്. വിശ്വാസങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും മുറുകെ പിടിക്കുന്ന ഒരു ജനത.


നമ്മുടെ കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്.


ക്വാലലംപൂർ വിമാനത്താവളം വഴിയാണ് ബാലിയിലേക്ക് മിക്ക വിമാനങ്ങളും സർവീസ് നടത്തുന്നത്. ഡെൻപസറാണ് പ്രധാന വിമാനത്താവളം.  കടലിനോട് ചേർന്നാണ് ഡെൻപസർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. കടൽത്തിരകളെ തൊട്ടുതൊട്ടില്ല എന്നപോലെ വിമാനം ഇവിടേക്ക് ലാൻഡ്‌ചെയ്യുന്ന കാഴ്ച മനോഹരമാണ്.

വിമാനം ലാൻഡിങ്ങിനു മുൻപുള്ള കാഴ്ച

ടൂറിസംസൗഹൃദ രാജ്യമെന്ന പ്രതിച്ഛായ പ്രചരിപ്പിക്കുന്നതിനായി സഞ്ചാരികൾക്ക് നേരത്തെയുണ്ടായിരുന്ന നിയന്ത്രങ്ങളും അധിക ചെലവുകളും ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയടക്കം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വീസ ആവശ്യമില്ല(Visa exemption). നേരത്തെയുണ്ടായിരുന്ന പ്രവേശന ഫീസും ഒഴിവാക്കിയിട്ടുണ്ട്. നേരെ വിമാനമിറങ്ങി ഇമിഗ്രേഷനിൽ ചെന്ന് പാസ്പോർട് സ്റ്റാമ്പ് ചെയ്തു ബാഗേജും കളക്ട് ചെയ്തു പുറത്തിറങ്ങാം. ഇത് വളരെ ലളിതവും സൗകര്യപ്രദവുമായി അനുഭവപ്പെട്ടു. ഇന്ത്യൻ സമയത്തേക്കാൾ 2.30 മണിക്കൂർ മുന്നിലാണ് ബാലിയിലെ സമയം.

ബാലിയുടെ തനതായ ശൈലിയിലുള്ള പ്രവേശന കവാടങ്ങൾ



ഇൻഡോനേഷ്യൻ രൂപയാണ് ഇവിടുത്തെ കറൻസി. ആദ്യമായി ഇന്ത്യൻ രൂപയുടെ മൂല്യത്തോട് ഒരു ബഹുമാനം തോന്നിയത് ഇവിടെയെത്തി കറൻസി മാറ്റിവാങ്ങിയപ്പോഴാണ്. ഒരു ഇന്ത്യൻ രൂപയ്ക്ക് ഏകദേശം 200 ഇൻഡോനേഷ്യൻ രൂപയോടടുത്ത് മൂല്യം ലഭിക്കും. രണ്ടായിരത്തിൽ തുടങ്ങി ഒരു ലക്ഷം രൂപയുടെ നോട്ട് വരെയുണ്ട്!... ചുരുക്കത്തിൽ കയ്യിലുണ്ടായിരുന്ന ഡോളർ മാറ്റിവാങ്ങിയപ്പോൾ കൈയിലെത്തിയത് അരക്കോടിയോളം ഇൻഡോനേഷ്യൻ രൂപ!...ഒരു സിനിമയിൽ സലിംകുമാർ പറയുന്നതുപോലെ സ്വന്തം കാശുകണ്ട് സ്വന്തം കണ്ണുതന്നെ തള്ളിപ്പോയ അവസ്ഥ.  


പക്ഷേ ഇവിടുത്തെ ചെലവുകൾ അറിയുമ്പോൾ ആ ഉത്സാഹം പതിയെ മാറും. കാരണം ഒരു ചായ കുടിക്കണമെങ്കിൽ കുറഞ്ഞത് 5000 ഇൻഡോനേഷ്യൻ രൂപ കൊടുക്കണം. എങ്കിലും താരതമ്യേന മുടക്കുന്ന രൂപയ്ക്കൊത്ത മൂല്യമുള്ള സേവനം ഇവിടെനിന്നും ലഭിക്കും. വിമാനത്താവളത്തിന് പുറത്ത് കറസി എക്സ്ചേഞ്ച് സേവനം നൽകുന്ന നിരവധി കടകളുണ്ട്. എങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കടുത്ത് കുറച്ചുകൂടി മെച്ചപ്പെട്ട വിനിമയനിരക്കുകൾ ലഭിക്കും.


ചെറുതെങ്കിലും ചേതോഹരമാണ് ബാലി. നിരത്തുകളെല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ഇൻഡോ- ചൈനീസ് സംസ്കാരത്തിന്റെ ശക്തമായ സ്വാധീനം ഇവിടുത്തെ ആചാരാനുഷ്ടാനങ്ങളിലും, നിർമിതികളിലും ഒക്കെ കാണാം. മിക്ക വീടുകളിലും കുടുംബക്ഷേത്രങ്ങളുണ്ട്. പുര എന്നാണ് ഈ ക്ഷേത്രങ്ങൾ ഇവിടെ അറിയപ്പെടുന്നത്. പ്രധാന ജംക്‌ഷനുകളിലെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും സംഭവങ്ങൾ പ്രതിപാദിക്കുന്ന പ്രതിമകൾ കാണാം.

ഘടോത്കചനും കർണ്ണനും തമ്മിലുള്ള യുദ്ധം പ്രതിപാദിക്കുന്ന ശിൽപം. പ്രധാന ജംക്ഷനുകളിലെല്ലാം പുരാണത്തെ ആസ്പദമാക്കിയുള്ള ഇത്തരം പ്രതിമകൾ കാണാം.

ശിൽപ്പകല, വാസ്തു, നിർമാണവിദ്യ, കലാരൂപങ്ങൾ എന്നിവയിലെല്ലാം തനിമ നിലനിർത്തുന്നു ബാലി. ടൂറിസത്തിന്റെ പെട്ടെന്നുണ്ടായ വളർച്ചയോടെ റിയൽ എസ്റ്റേറ്റ് മേഖലയും ഇവിടെ സജീവമായി തുടങ്ങി. യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ഉപഭോക്താക്കളെയും നിക്ഷേപകരെയും മാടിവിളിക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ ബോർഡുകൾ കാണാം.



പൊതുവെ വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണ് ബാലിയിൽ. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസൺ. ബലിനീസും ഇന്തോനേഷ്യനുമാണ് പ്രധാന ഭാഷകൾ. തദ്ദേശീയർക്ക് പൊതുവെ ഇംഗ്ലീഷ് ഭാഷയിൽ അവഗാഹം കുറവാണ്. എന്നാൽ എന്റെ കൂടെ ഇംഗ്ലീഷും തദ്ദേശീയ ഭാഷകളും നന്നായി സംസാരിക്കുന്ന ഗൈഡ് ഉണ്ടായിരുന്നതിനാൽ ഭാഷ തലവേദന സൃഷ്ടിച്ചില്ല.

ബാലിയിലെ ഒരു ഉത്സവഘോഷയാത്ര.



സഞ്ചാരസൗഹൃദ അന്തരീക്ഷമുള്ള നാടാണ് ഇൻഡോനേഷ്യ. തങ്ങളുടെ വേരുകൾ ഇന്ത്യയിൽ നിന്നായതുകൊണ്ടാകാം ഇന്ത്യക്കാരോട് പ്രത്യേക സ്നേഹമാണ് ബാലിക്കാർക്ക്. ഇന്ത്യയിൽ നിന്നാണെന്നു പറഞ്ഞപ്പോഴേക്കും പുരാണത്തെക്കുറിച്ചും തങ്ങളുടെ ഇന്ത്യൻ വേരുകളെക്കുറിച്ചും, ബോളിവുഡ് സിനിമകളെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും കജോളിനെക്കുറിച്ചുമൊക്കെ എന്റെ ഗൈഡും ഡ്രൈവറുമായ കൊമാങ് വാചാലമായി സംസാരിച്ചു. തദ്ദേശീയ സിനിമകൾ വളരെ ചുരുക്കമായതുകൊണ്ട് ബോളിവുഡ് സിനിമകളോട് അവർക്ക് പ്രത്യേക താത്പര്യമുണ്ട്.



കൊമാങ് പറഞ്ഞത് ഇവിടെ ഇന്ത്യൻ വ്യാപാരികൾക്കൊപ്പമെത്തിയ യോഗികളിൽ നിന്നാണ് ബാലിയിൽ ഹിന്ദുമതം പ്രചരിച്ചത് എന്നാണ്. കേരളത്തെക്കുറിച്ചും പ്രകൃതിഭംഗിയെക്കുറിച്ചും, മോഹൻലാൽ, മമ്മൂട്ടി, മലയാളസിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിച്ച് ഞാനും കൃതാർഥനായി. അവസാനം എന്നെ ഇന്തോനേഷ്യൻ ഭാഷയിൽ 'നമസ്കാരം' പറയുന്നത് പഠിപ്പിക്കാൻ ശ്രമിച്ച അയാൾ പച്ചവെള്ളം പോലെ മലയാളത്തിൽ 'നമസ്കാരം' പറയാൻ പഠിച്ചു. നമ്മൾ മലയാളികളോടാ കളി!...




കുട്ട എന്ന കടൽത്തീരവിനോദസഞ്ചാരകേന്ദ്രമാണ് ബാലിയിലെ ഒരു പ്രധാന ആകർഷണം. വിശാലമായ കടലോരമുള്ള മനോഹരമായ ബീച്ച്. ശക്തമായ കാറ്റും തിരമാലകളും നിരന്തരം ലഭിക്കുന്ന ബീച്ചിൽ സർഫിങ്, പാരാസെയിലിങ് അടക്കമുള്ള സാഹസികവിനോദങ്ങൾക്ക്  സഞ്ചാരികൾ ധാരാളമായെത്തുന്നു.

കുട്ട ബീച്ച്

ഇരുട്ട് വീഴുന്നതോടെ ഇവിടമാകെ വർണവിളക്കുകളാൽ പ്രകാശഭരിതമാകും. ഡാൻസ് ബാറുകളും, പബ്ബുകളും, സംഗീത നിശകളും, രതിയും ഉന്മാദവുമൊക്കെയായി ഇവിടെ രാത്രിക്കെപ്പോഴും ചെറുപ്പമായിരിക്കും.

കുട്ടയിലെ ഒരു ഡാൻസ് ബാർ



കുട്ട പ്രദേശത്തിന് സമീപമാണ് പാണ്ഡവ ബീച്ച്. പുരാണത്തിലെ പഞ്ചപാണ്ഡവന്മാരുടെ സ്മരണാർഥമാണ് കടൽത്തീരത്തിനു ആ പേര് ലഭിച്ചത്. കേരളത്തിലെ വർക്കല കടൽത്തീരത്തിനു സമാനമായി ഒരു മലഞ്ചെരിവിന് സമീപമാണ് കടൽത്തീരം സ്ഥിതിചെയ്യുന്നത്. ഈ മലകളിൽ പാണ്ഡവന്മാരുടെയും കുന്തിയുടെയും പ്രതിഷ്ഠകൾ കൊത്തിവച്ചിട്ടുണ്ട്. വിശ്വാസികൾ ഇവിടെ പതിവായി പൂജകൾ അർപ്പിക്കുന്നു.



ബാലി ബേർഡ് പാർക്ക് പകരം വയ്ക്കാനാകാത്ത കാഴ്ചാനുഭവമാണ് സമ്മാനിക്കുക. സാധാരണ മൃഗശാലകളിൽ കാണുന്നതിൽനിന്നും വിഭിന്നമായി പക്ഷികൾ സർവസ്വതന്ത്രരായി ഇവിടെ വിഹരിക്കുന്നു, വളരെ ഇണക്കത്തോടെ മനുഷ്യരുമായി ഇടപഴകുന്നു. 250 ലേറെ ഇനങ്ങളിലായി ആയിരത്തിലേറെ പക്ഷികൾ ഇവിടെയുണ്ട്.

ബാലി ബേർഡ് പാർക്ക്. പക്ഷികൾ വളരെ ഇണക്കത്തോടെ മനുഷ്യരുമായി ഇടപഴകുന്നു ഇവിടെ.

പാർക്കിൽ ഏറ്റവും തിരക്ക് ഫോട്ടോ പോയിന്റുകളിലാണ്. സന്ദർശകർക്ക് പക്ഷികളെ കയ്യിലും തോളിലുമൊക്കെ ഇരുത്തി ഫോട്ടോ എടുക്കാം. വളരെ ഇണക്കത്തോടെ പക്ഷികൾ പോസ് ചെയ്യാൻ ഇരുന്നുതരും. നിശ്ചിത സമയങ്ങളിൽ ബേർഡ് ഷോകളും ഇവിടെ സംഘടിപ്പിക്കുന്നു. പക്ഷികളുടെ അഭ്യാസ പ്രകടനങ്ങളും സന്ദർശകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ബാടുബുലാൻ എന്ന സ്ഥലത്ത് നാലര ഏക്കറിലായാണ് ബാലി ബേർഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നുതന്നെ ഉരഗങ്ങളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്.  


നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ആകാശദൃശ്യത്തിൽ ഒരു ചരടിൽ കോർത്ത മാലപോലെയാണ് ഈ ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത് എന്നാണ് ഗൈഡ് പറഞ്ഞത്. ഈ ക്ഷേത്രങ്ങളുടെ അടിത്തട്ടിൽ വസിക്കുന്ന വിഷപ്പാമ്പുകൾ ശത്രുക്കളിൽ നിന്നും ദുരാത്മാക്കളിൽനിന്നും ദ്വീപിനെ കാക്കുന്നു എന്നാണ് വിശ്വാസം. കടലിനെ അഭിമുഖീകരിക്കുന്ന 70 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് 11-ാം നൂറ്റാണ്ടിൽ നിർമിച്ച ഉലുവാറ്റു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉലുവാറ്റു ക്ഷേത്രം

ഇവിടെ നിന്നുള്ള കടലിന്റെ വിശാലമായ കാഴ്ച അതിമനോഹരമാണ്. ഉലുവാറ്റു ക്ഷേത്രത്തിനു സമീപമാണ് പതങ് പതാങ് ബീച്ച്. ചുണ്ണാമ്പുകല്ലിൽ വെട്ടിയെടുത്ത ഒരു ഗുഹയിലൂടെയാണ് ബീച്ചിലേക്ക് എത്തുക. പ്രശാന്ത സുന്ദരമായ കടൽത്തീരമാണ് ഇവിടെ. 'ഈറ്റ് പ്രേ ലവ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹോളിവുഡ് നടി ജൂലിയ റോബർട്ട്സ് ഇവിടെയെത്തിയതിനു ശേഷമാണ് ഈ കടൽത്തീരം പ്രസിദ്ധമായത്.

പതാങ് പതാങ് ബീച്ചിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ


കടലിന്റെ വേലിയേറ്റത്തിലും ഇറക്കത്തിലും നൂറ്റാണ്ടുകൾ കൊണ്ട് രൂപപ്പെട്ട ഒരു പാറയിലാണ് തനാലോട്ട് എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലിയിലെ ഏഴ് കടൽക്ഷേത്രങ്ങളിൽ പ്രധാനമാണ് തനാ ലോട്ട്. ബാലിയുടെ പുരാണവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ഇതിന്റെ ചരിത്രം. തിരമാലകൾ കൊണ്ട് കാലാന്തരത്തിൽ പാറയിൽ രൂപപ്പെട്ട ദ്വാരവുമായി നിൽക്കുന്ന മലയും ക്ഷേത്രവുമായി ചെറിയ അകലത്തിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നുള്ള അതിമനോഹരമായ സൂര്യാസ്തമന കാഴ്ച കാണാൻ നിരവധിയാളുകൾ എത്താറുണ്ട്.

എങ്ങോട്ടാണ് യാത്ര എന്ന് ഓഫീസിലാരോടും പറയാതെ പെട്ടിയുമെടുത്തു ബാലിയിലെത്തിയപ്പോൾ അവിടെയതാ നമുക്ക് മുന്നേയെത്തി രണ്ടുസഹപ്രവർത്തകർ അവധിയാഘോഷിക്കുന്നു! അങ്ങനെയൊരു അപ്രതീക്ഷിത പുനഃസമാഗമനം ഉണ്ടാക്കിയ ഞെട്ടലിനും സന്തോഷത്തിനും കൂടി തനാലോട്ട് വേദിയായി.   

തനാ ലോട്ട്

 

ബാലിയുടെ ഗ്രാമപ്രദേശമാണ് ഉബുഡ്. പച്ചപ്പട്ടുടുത്ത് വിശാലമായി പരന്നുകിടക്കുന്ന പാടങ്ങൾക്ക് നടുവിലൂടെയുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോൾ നാമിപ്പോഴും നാട്ടിൽത്തന്നെയാണോ എന്നു തോന്നിപ്പോകും. ഉബുഡിനു സമീപമാണ് തെഗനുംഗാൻ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വിദൂരകാഴ്ചയിൽ നമ്മുടെ അതിരപ്പിള്ളിയോട് സാദൃശ്യം തോന്നും ഈ വെള്ളച്ചാട്ടത്തിന്. അധികം ഒഴുക്കോ ആഴമോ ഇല്ലാത്തതിനാൽ നിരവധി സഞ്ചാരികൾ ഇവിടെ നീന്താനും മറ്റും എത്താറുണ്ട്. പരസ്യചിത്രീകരണങ്ങളും തകൃതിയായി നടക്കുന്നു.

ഉബുഡിലെ ഒരു വയൽപ്രദേശം

ബലിനീസ് മസാജ് എന്നറിയപ്പെടുന്ന സുഖചികിത്സയുടെ ജന്മഗൃഹവും ബാലി തന്നെ. ഒരു കുടിൽവ്യവസായം പോലെയാണ് ഇവിടെ മസാജ് പാർലറുകൾ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപമെല്ലാം നിരനിരയായി മസാജ് കേന്ദ്രങ്ങൾ കാണാം. നമ്മുടെ ആയുർവേദത്തിലെ ഉഴിച്ചിലും തിരുമ്മലുമായി ഏറെ സാമ്യമുണ്ട് ഈ മസാജിന്. ആയുർവേദ എണ്ണകൾ കൊണ്ട് ശാസ്ത്രീയമായ വിധത്തിൽ ചെയ്യുന്ന ഈ മസാജ് മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉത്സാഹവും പ്രദാനം ചെയ്യുന്നു.

ഒരു കുടിൽവ്യവസായം പോലെയാണ് ഇവിടെ മസാജ് പാർലറുകൾ.

തായ് ഭക്ഷണം വളരെ സ്വാദിഷ്ടകരമാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ വ്യക്തിപരമായി ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്താൻ താത്പര്യമില്ലാഞ്ഞതുകൊണ്ട് ആ വഴിക്കുപോയില്ല. ഷോപ്പിങ്ങിന് നിരവധി മാളുകളും വഴിയോരചന്തകളുമുണ്ട് ഇവിടെ. മികച്ച ഗുണമേന്മയുള്ള കരകൗശലവസ്തുക്കളും, സുവനീറുകളും, സുഗന്ധ ലേപനങ്ങളും, സൗന്ദര്യവർദ്ധകവസ്തുക്കളും, ബാഗുകളുമൊക്കെ വഴിയോര കടകളിൽനിന്നും വിലപേശി മേടിക്കാം. ഡെൻപസർ, ലീജിയൻ, സെമിന്യാക്, ജിംപാരൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ ഇനിയുമുണ്ട് ബാലിയിൽ. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത, ദ്വീപുകളായ ജാവ, ബന്ദുങ്, സുരബായ തുടങ്ങിയവയും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.   

ഡെൻപസർ വിമാനത്താവളം



അഞ്ചാം ദിവസം ഡെൻപസർ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ ജാലകത്തിൽകൂടി താഴേക്കു നോക്കുമ്പോൾ, അനന്തമായ നീലിമയിൽ, വിസ്മയങ്ങൾ മടിത്തട്ടിൽ ഒളിപ്പിച്ച ഒരു വശ്യസുന്ദരിയെപ്പോലെ ശയിക്കുകയാണ് ബാലി എന്നുതോന്നിപ്പോയി. ഇനിയും വരണമെന്ന് പറഞ്ഞു അവൾ യാത്രാമംഗളങ്ങൾ നേർന്നു... വീണ്ടും കൊച്ചിയുടെ പച്ചപ്പിലേക്ക് വിമാനം ലാൻഡ് ചെയ്തു...ശുഭം...  



ബാലിയിലേക്ക് എങ്ങനെ എത്താം? താമസം, യാത്രാസൗകര്യങ്ങൾ എങ്ങനെ സംഘടിപ്പിക്കും?

കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിൽ നിന്നും ഡെൻപസർ (ബാലി) വിമാനത്താവളത്തിലേക്ക് സർവീസുകൾ ഉണ്ട്. ക്വാലലംപൂരിൽ എത്തി അവിടെനിന്നാണ് കണക്‌ഷൻ ഫ്ളൈറ്റ് ലഭിക്കുക. ഓഫർ നോക്കി നേരത്തെ എടുത്താൽ ഇരുവശത്തേക്കും 15000 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. മേക് മൈ ട്രിപ്പ് അടക്കമുള്ള സൈറ്റുകൾ താമസത്തിന് നിരവധി ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇതിൽനിന്നും മികച്ചത് നോക്കി താമസം തരപ്പെടുത്താം. കൂട്ടമായി പോകാനാഗ്രഹിക്കുന്നവർക്ക് ഗൈഡഡ് ടൂറുകളും, ഒറ്റയ്ക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്നവർക്ക് പേഴ്സണൽ ഗൈഡ് കം ഡ്രൈവർമാരെയും ഓൺലൈൻ സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻസികളിൽനിന്നോ ബുക് ചെയ്യാൻ സാധിക്കും.

വീസ ആവശ്യമുണ്ടോ? പ്രവേശന ഫീസ് ഉണ്ടോ?
ഇല്ല. നടപടിക്രമങ്ങൾ ലഘുവാണ്.

പോകാൻ അനുയോജ്യമായ സമയം?
മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസൺ.