കുക്കു പറയും സമയം

cuckoo clock
SHARE

കൂടിന്റെ വാതില്‍ തുറന്ന് ‌ഇറങ്ങിവന്ന് സമയമറിയിക്കുന്ന കുക്കുബോർഡിനെ അറിയാതെ സ്നേഹിച്ചുപോയിട്ടില്ലേ ? ഇതാ കുക്കു ക്ലോക്കുകൾ ഉണ്ടാക്കുന്ന നഗരത്തിലേയ്ക്ക് ഒരു യാത്ര.

ഒരു സുന്ദരസു‌ഷുപ്തിയിലായിരുന്നു അവൾ. വസന്ത പുഷ്പ ങ്ങൾ നിറഞ്ഞു നിന്ന താഴ് വാരത്തിലൂടെ ഒരു ദേവകുമാരനെ പ്പോലെ അവൻ വരുന്നു. പെട്ട‌ന്നതാ ചുവരിലെ ദാരു ഭംഗി യാര്‍ന്ന ഘടികാരത്തിന്റെ സുവർണ വാതായനത്തിലൂടെ ഒരു നീലക്കുയിൽ പുറത്തു വന്നു. അത് മെല്ലേ തേനൂറും ശബ്ദ ത്തിൽ കൂകാൻ തു‍ടങ്ങി. താൻ കാത്തിരുന്ന ഗന്ധര്‍വന്റെ പദനി സ്വനം പോലെയാണ് അവൾക്കത് തോന്നിയത്.

നോവലിലോ സിനിമയിലോ ഇത്തരമൊരു രംഗം നമ്മള്‍ വായിച്ചി രിക്കാം: കണ്ടിരിക്കാം. കാല്പനികമായൊരു സ്വപ്നം പോലെ യോ വീണ്ടും കാണാൻ കൊതിക്കുന്ന മോഹിപ്പിക്കുന്ന കാഴ്ച പോലെയോ ആണ് ‘കുയിൽ കൂകുന്ന ഭിത്തി ഘടികാരം’ നമു ക്കെല്ലാം അനുഭവമാകുന്നത്. അതുകൊണ്ടാകാം. ഇനി കുക്കു ക്ലോക്കിന്റെ ഗ്രാമത്തിലേക്കു പോകാമെന്ന ടൂർഗൈഡിന്റെ വാക്കുകള്‍ കേട്ടപ്പോൾ ഞങ്ങളെല്ലാം മോഹിതരായിപ്പോയത്.

പറുദീസ നഷ്ടത്തിന്റെ ചെറു വിഷാദച്ഛായയിലായിരുന്നു അപ്പോൾ ഞങ്ങൾ. ഗാഢനീലിമയാർന്ന കുന്നുകളും പുൽമേടു കളും സ്വച്ഛശാന്തമായ പൂക്കളും എന്തിന് സ്വർഗത്തെ പുൽകി നിൽക്കുന്ന ആല്‍പ്സ് ദേശങ്ങളും നഷ്ടപ്പെട്ടതിന്റെ ദു:ഖം. സുന്ദര ഗ്രാമങ്ങൾ മറയാൻ തുടങ്ങിയിരിക്കുന്നു. അതെ, സ്വിറ്റ്സർലൻഡിലെ അവസാനത്തെ പ്രഭാതമാണിത്. സൂറിച്ച് നഗര ദൃശ്യങ്ങൾ മറഞ്ഞു തുടങ്ങിയ ഇനി ഫ്രാൻസിന്റെ ഓരം പറ്റി ജർമനിയിലേക്ക്.

ജർമൻ ന‌ഗരമായ മ്യ‌ൂണിച്ചിലേക്കുളള നെടുംപാത നാലുവരിയാ യിരുന്നു. സുതാര്യമായ ഗ്ലാസുകള്‍ ഘടിപ്പിച്ച ബെന്‍സ് ബസി ന്റെ പുറത്ത് പുകമഞ്ഞ് നിർണയാതീതമായ ഭാവങ്ങളോടെ കുറേ ദൂരം പുറകെയുണ്ടായിരുന്നു. നെടിയ പച്ചത്തഴപ്പാര്‍ന്ന ചെറു പർവതങ്ങൾക്കിടെ നൂറുകണക്കിന്, വൈവിധ്യം നിറഞ്ഞ പൂക്കൾ ചൂടി നിൽക്കുന്ന താഴ് വാരങ്ങൾ (പ്രയോഗത്തിന് മഹാകവി ഒഎൻവി യോടു കടപ്പാട്) ശിലയും കന്മദവും വെളള വുമെല്ലാം ചേർന്ന ഒരു മാന്ത്രിക മിശ്രിതവുമായി മഹാപ്രഭാവ മായ റൈൻ നദി ഇടയ്ക്കിടെ വന്നു പോയി.

അനിൽ മംഗലത്ത്
റൈൻ വെളളച്ചാട്ടത്തിനരികിൽ ലേഖകൻ

ഒടുവിൽ റൈനിലെ ഒരു വെളളച്ചാട്ടത്തിനരികിൽ വണ്ടി നിന്നു. ഇത് അതിർത്തിയാണ്. സ്വിസ് കാഴ്ചകൾ ഇവിടെ തീരുന്നു. സ്വിസ്ഫ്രാങ്ക് മാറ്റി സാധാനങ്ങള്‍ വാങ്ങാനും വെളളച്ചാട്ടത്തിന് നടുവിലെ ചെറുദുർ‌ഗത്തിൽ ബോട്ടിൽ പോകാനും നല്ല തിരക്കു ണ്ടിവിടെ. ബസ് പാർക്കിങ് ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഒന്ന് അമ്പര ക്കാതിരുന്നില്ല. ഏഷ്യയിൽ എവിടെയോ എത്തിയതു പോലെ. സഞ്ചാരികൾ ഭൂരിഭാഗവും ചൈനക്കാരും ഇന്ത്യാക്കാരും!

സഞ്ചരിക്കുന്ന വീസ മ്യൂസിയം

യുറോപ്യൻ യൂണിയൻ രാജ്യങ്ങളോട് പൊതുവായുളള ഷെങ്ക ൺ വീസ നടപ്പായതോടെയാണ് യൂറോപ്പിലേക്ക് ഏഷ്യൻ സഞ്ചാരികൾ പ്രവഹിക്കാൻ തുടങ്ങിയത്. ഇംഗ്ലണ്ട് അംഗമെല്ലെ ങ്കിലും നാല്പതിലേറെ രാജ്യങ്ങളിൽ ഒറ്റ വീസയില്‍ പോകാം. ആദ്യം ഏത് രാജ്യമാണോ സഞ്ചരിക്കുന്നത് ആ വീസയാണ് പൊതുവായി സ്വീകരിക്കുന്നത്. മുമ്പ് സന്ദർ‌ശിച്ച രാജ്യങ്ങളുടെ വിവരണം എയർപോർട്ടിൽ അന്താരാഷ്ട്ര യാത്രികർ നല്‍കേ ണ്ടിവരും. എന്നാൽ അത് ഒരു പൊല്ലാപ്പായി മാറിയ ഒരാൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. തൃപ്പൂണിത്തുറ സ്വദേശി യായ ഉണ്ണിക്ക‍ൃഷ്ണ മേനോൻ. മുപ്പതോളം പാ‌സ്‌പോർട്ടുകളുമാ യാണ് യാത്ര. കാരണം ഗ്രീൻലാന്‍ഡ് ഉൾപ്പെടെ ഒട്ടുമിക്ക രാജ്യ ങ്ങളും പോയിക്കഴിഞ്ഞിരുന്നു. പല രാജ്യങ്ങളും പലവട്ടം. ഇമ്മി ഗ്രേഷൻ കൗണ്ടറിൽ മുൻ പാസ്പോര്‍ട്ടുകൾ ആവശ്യപ്പെട്ടാൽ ആസ്വദിച്ചു കൊണ്ടുതന്നെ മേനോൻ അവ അവർക്കുമുന്നിൽ വിടർത്തി വയ്ക്കും

ജര്‍മൻ അതിര്‍ത്തി കടന്നതോടെ സ്ഥലഗതികൾ മാറാൻ തുട ങ്ങി. പര്‍വതങ്ങൾ ചെറു കുന്നുകൾക്ക് വഴിമാറുന്നു.ഫാം ഹൗസു കളുടെ സ്ഥാനത്ത് വൈവിധ്യമാർന്ന കൃഷിപ്പാടങ്ങൾ. ആകാശ ത്തെ നീലിമ തെല്ല് മങ്ങിയപോലെ‌. പരന്ന പച്ച പരവതാനി പോലുളളതാണ് സ്വിസ് പ്രകൃതിയും മനുഷ്യരുമെങ്കിൽ മരനിബി ഡമായ വനം പോലെയാണത്രെ ജർമൻ സ്വത്വം. നിശിതമായ ചില നിര്‍ബന്ധങ്ങൾ വീട്ടിലും ഓഫീസിലും റോഡിലും ട്രെയിനി ലുമെല്ലാം ജർമൻകാർക്കുണ്ട്. ഓരോ ഗ്രാമങ്ങള്‍ക്കും നഗരങ്ങൾ ക്കും പ്രത്യേക വ്യവസായങ്ങള്‍, അവയൊക്കെ വമ്പന്‍ ഭീമന്മാരു ടെ നിയന്ത്രണത്തിൽ. റോഡിനിരുവശവും മിന്നി മറയുന്ന ബോഷ് ബെൻസ,് ഓഡി ഫോക്സ് വാഗൺ കെട്ടിടങ്ങൾ ജർമൻ പ്രതാപം വിളിച്ചോതുന്നവയാണ്. ചൂതാട്ടകേന്ദ്രങ്ങളും ബിയർ ഹാളുകളും ധാരാളം ഉണ്ടെങ്കിലും മ്യൂണിച്ചിന്റെ പ്രധാന പ്രശ സ്തി മ്യൂസിയങ്ങളാണ്. 50 പ്രധാന മ്യൂസിയമുളളതിൽ ബിഎം ഡബ്ള്യൂ കാർ മ്യൂസിയമേ ഞങ്ങൾക്കു കാണാനായുളളൂ. സ്പൈറൽ രൂപത്തില്‍ രണ്ടു സ്തംഭങ്ങളായി പൊങ്ങി നീലാ കാശം മുട്ടി നിൽക്കുന്ന ഈ മ്യൂസിയം ശില്പകലയുടെ അത്യദ്ഭു ത മാതൃകയാണ്. ഏഴ് കെട്ടിടങ്ങളിലായി ബിഎംഡബ്ള്യൂവിന്റെ ആദ്യ കാർ മുതൽ നിർമാണ വഴികളെല്ലാം പ്രദർശിപ്പിച്ചിരി ക്കുന്നു.

ഞങ്ങള്‍ കാണാതായപ്പോൾ

മ്യൂണിച്ചില്‍ നിന്ന് ഉലം, സ്കര്‍ട്ഹാർഡ് വഴി ബ്ലാക്ഫോറസ്റ്റി ലുളള എളുപ്പവഴിയായിരുന്നു പിന്നെ യാത്ര. വിശാലമായ പാട ങ്ങളും തോട്ടങ്ങളും. മേഞ്ഞു നടക്കുന്ന കുതിരക്കൂട്ടങ്ങള്‍ക്കിട യിൽ ചെറിയ കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മക്കുതിര. സത്യത്തിൽ കുതിര പാലു കുടിക്കുന്നത് ആദ്യമായി കാണുകയാ യിരുന്നു.

ഹൈവേകളിൽ വാഹനം നിർത്തിയിടുക, അസാധാരണമാം വിധം സാവധാനത്തിലോ വേഗതയിലോ പോകുക ഇവയെല്ലാം ജർമനിയിൽ നിഷിദ്ധമാണ്. മണിക്കൂറുകളോളം യാത്ര ചെയ്യുന്ന വർക്ക് നിർത്തിയിടാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പ്രത്യേക പാര്‍ക്കുകളുണ്ട്. മിക്കവാറും പെട്രോൾ പമ്പുകളോട് ചേർന്നാണ് ഷോപ്പിങ് കോംപ്ലക്സുകളും ബിയർ പാർലറുകളു മൊക്കെയുളള ഇത്തരം സംവിധാനങ്ങൾ.

മീർസ് ബർഗിനു സമീപം അത്തരമൊരു സ്ഥലത്തുവച്ചാണ് ഞാനും സഹയാത്രികനായ വർഗീസ് മാഷും കാണാതെ പോയ ത് ! ഷോപ്പിങ്ങിനിടയിൽ പുറത്തേക്കു പോയതായിരുന്നു ഞങ്ങൾ. അഞ്ചു മിനിറ്റ് കഴിഞ്ഞെത്തിയപ്പോൾ ബസ് കാണാ നില്ല. ആദ്യത്തെ പത്തു മിനിറ്റോളം ബസ് വരുമോയെന്നു നോക്കി നിന്നു. ബാഗും മൊബൈലും പാസ്പോര്‍ട്ടുമെല്ലാം ബസിലാണ്. പിന്നെ ടെൻഷനായി. അപ്പോഴാണ് വലിയൊരു ബോർ‍ഡ് മാഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു പശുകിടാവിന്റെ വായടച്ചു നിൽക്കുന്ന സുന്ദരി. പഴയ ചില രാഷ്ട്രീയ ബന്ധങ്ങ‌ൾ ഉളളതിനാലാകാം ഈ ചിത്രം മാഷില്‍ ഇന്ദിരാഗാന്ധിയുടെ ഓര്‍മയാണ് ഉണർത്തിയത്. പശുവും കിടാവുമായിരുന്നല്ലോ ഇന്ദിരാ കോൺഗ്രസിന്റെ ചിഹ്നം. ബസ് കാണാത്തതിന്റെ യാതൊരു ടെൻഷനുമില്ലാതെ മാഷ് ഇന്ദിരാഗാന്ധിക്ക് എതിരായി ക‌ൃഷ്ണയ്യർ വിധിച്ചത് ശരിയായിരുന്നോ! ഇന്ദിര റായ് ബറേലി യില്‍ തോറ്റത് എന്തു കോണ്ട്? എന്റെ ടെൻഷൻ ഉയരുന്നതി നൊപ്പം മാഷിന്റെ ചോദ്യങ്ങളും കൂടി വന്നു. മണിക്കൂര്‍ ഒന്നു കഴിഞ്ഞിട്ടും ബസിന്റെ പൊടി പോലുമില്ല. ഫോൺ ബൂത്ത് കണ്ടെത്താനുളള ‌ശ്രമം പരാജയപ്പെട്ടു. പോലീസിനോടു പറയാൻ എന്തോ അകാരണമായ പേടി. എന്തും വരട്ടെയെന്നു വച്ച് ബസ് കാത്തു നിന്നു. അപ്പോൾ മാഷ് അടിയന്തിരാവ സ്ഥയും കഴിഞ്ഞ് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതു വരെ എത്തിയിരുന്നു. പെട്ടെന്നതാ വരുന്നു മറുഭാഗത്തു കൂടി ദൈവം പറഞ്ഞു വിട്ടതുപോലെ ഞങ്ങളുടെ ബസ്.

ബസ് പുറപ്പെട്ടു മിനിറ്റുകള്‍ക്കുളളിൽ ഞങ്ങളെ കാണാതായത് അവർ അറിഞ്ഞിരുന്നത്രെ. പക്ഷേ, ഓണ്‍വേയിൽ പെട്ടെന്നു തിരിക്കാനാവാതെ ‌മണിക്കൂറോളം ഓടിയിട്ടാണ് തിരികെ എത്തിയിരിക്കുന്നത്. ജർമൻ ട്രാഫിക് നിയമങ്ങൾ സുന്ദരമായ തുപോലെ കരാളവുമാണെന്ന് അന്ന് ഞങ്ങളറിഞ്ഞു. (ഇന്ദിരാഗാ ന്ധിയുടെ ബാക്കി ജീവിതത്തെക്കുറിച്ച് പിന്നീട് ഞങ്ങൾ ചർച്ച ചെയ്ത് ഒത്തു തീർപ്പിലെത്തി).

ബ്ലാക്ക് ഫോറസ്റ്റിലേക്ക്

Black Forest
ബ്ലാക്ക് ഫോറസ്റ്റ്

ഇനി യാത്ര ഇരുണ്ട വന രമ്യതയിലേക്കാണ്. മേപ്പിൾ ദേവദാരു വനങ്ങൾ നിബിഡമായതാകാം,.ഈ താഴ് വരയ്ക്ക് പച്ചയ്ക്കു പകരം കറുപ്പാണ് നിറം. കുറച്ചൊക്കെ പ്രകാശരഹിതവും അപ്രസന്നവുമാണെന്ന് ഒരു ഇന്ത്യാക്കാരന് തോന്നാവുന്ന പ്രക‍ൃതി. എങ്കിലും ദാരു നിര്‍മിതമായ രമ്യഹർമങ്ങളുടെ ബാൽക്കണിയില്‍ തുന്നിയിട്ട ടുലിപ് പൂക്കളുടെ കൂടകൾ കാഴ്ചയിൽ വസന്തം കൊണ്ടു വന്നു. വസന്തകാലമെന്നാൽ ഇവിടെ ഗ്രീഷ്മമാണ്. വേനലിന്റെ തുടക്കം. യൂറോപ്പിൽ സൂര്യപ്രകാശത്തിന് ആഹ്ലാദമെന്നു കൂടി പര്യായമുണ്ടെന്ന് പറയാം. ആഭ്യന്തര ടൂറിസ്റ്റുകൾ സജീവമായിരുന്നു. വാടകയ്ക്കെടുത്ത വലിയ കാരവനുകളിൽ കുടുംബസമേതമാണ് പലരും യാത്ര ചെയ്യുന്നത്. റൈൽ നദീതീരങ്ങളിലും ഗ്രാമചത്വരങ്ങളിലും പാര്‍ക്കുകളി ലുമൊക്കെ നൂറുകണക്കിനു കാരവനുകള്‍ നിരന്നു കിടപ്പുണ്ട്.

ബസ് കറുത്ത വനഗിരികളിലേക്ക് കടന്നതോടെ ബസിൽ പാട്ടുയര്‍ന്നു. ‘കാട് കറുത്ത കാട്’ ഇതിനേക്കാള്‍ നിബിഡമായ വനങ്ങൾ കേരളത്തിലുണ്ടെങ്കിലും ശ്യാമരാശി പൂണ്ട ഇതു പോലൊന്ന് കണ്ടിട്ടില്ല. ഏതാണ്ട് 150 കിലോമീറ്ററിലേറെ പരന്നു കിടക്കുന്ന, തീരെ ജനവാസം കുറഞ്ഞ ഭാഗമാണ് ബ്ലാക്ക് ഫോറസ്റ്റ് മേഖല. അനേകം നാടോടിക്കഥകളുടെ കേന്ദ്രമായ ഇവിടെ നിന്നാണ് ബ്ലാക്ക് ഫോറസ്റ്റ് കേക്കും വിഖ്യാതമായ കുക്കൂസ് ക്ലോക്കും രൂപം കൊണ്ടത്. അതിവേഗ വാഹന മത്സരങ്ങൾക്കും മഞ്ഞിലുളള സ്കീയിങ്ങിനുമായി യൂറോപ്യർ ഇവിടെ തമ്പടിക്കുമ്പോള്‍ ഐസ്ക്രീം നുണയാനും കുക്കുവിന്റെ സമ‌യമറിയിക്കൽ നേരിട്ടു കേൾക്കാനും വിദേശ ടൂറിസ്റ്റുകള്‍ എത്തുന്നു.

കുയിൽ കൂകും ഘടികാരങ്ങൾ

‌ഗ്രീക്കിൽ നാഴികമണികൾക്ക് കോഴി കൂകുന്ന പടങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ ഓർമയിലാകാം കുയിൽ കൂകുന്ന ഘടികാര ങ്ങൾ ഇവിടെ രൂപം കൊണ്ട‌ത്. പതിനാറാം നൂറ്റാണ്ടിൽത്തന്നെ ആദ്യ ക്ലോക്ക് ബ്ലാക്ക് ഫോറസ്റ്റിലുണ്ടായി. 1850-ല്‍ ക്ലോക്ക് ഉണ്ടാക്കുന്ന സ്കൂള്‍ നിലവിൽ വന്നു. ജർമൻ ക്ലോക്ക് റോഡും കുക്കു ക്ലോക്ക് മ്യൂസിയവുമൊക്കയായി ഇപ്പോൾ ദേശം തന്നെ കുക്കു ക്ലോക്കിനെ ഏറ്റെടുത്തിരിക്കുന്നു.

ഒരു കാലത്ത് വലിയ കമ്പനികൾ കുക്കു ക്ലോക്ക് നിർമിക്കാനായി രംഗത്തു വന്നെങ്കിലും ബ്ലാക്ക് ഫോറസ്റ്റിലെ കുടുംബമഹിമ പുലർത്തുന്ന പരമ്പരാഗത വൈദ്യത്തിനു മുന്നിൽ അവരെല്ലാം തോറ്റു പിന്‍വാങ്ങിയത്രെ. ഇന്ന് കുക്കു ക്ലോക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരമുളള കുടുംബത്തിലാണ് യഥാര്‌ത്ഥ ക്ലോക്കുകള്‍ ലഭിക്കുക. റാബെ എന്ന ഗ്രിൽ റസ്റ്ററന്റ് കൂടി ഉൾപ്പെട്ട ഒരു കുക്കു ഗ്രാമത്തിലാണ് ‍ഞങ്ങൾ ചെന്നത്. കോടമഞ്ഞ് പുതച്ച മലകൾ ചൂഴ്ന്ന് നിൽക്കുന്ന ഗ്രാമം. പരമ്പരാഗത ദാരുശില്പ ഭംഗിയാൽ ബഹുവിധ നിലകളോട് കൂടിയ രണ്ട് കെട്ടിടങ്ങൾ. ഒന്നിന്റെ താഴെ റസ്റ്ററ‌ന്റും മുകളിൽ കുക്കു ക്ലോക്ക് വിപണന കെട്ടിടവുമാണ്. മറ്റേതിൽ ഫാക്ടറി പ്രവര്‍ത്തിക്കുന്നു.

cuckoo clocks
കുക്കു ക്ലോക്ക് മ്യൂസിയം

പൂമുഖത്തു തന്നെ വലിയ നാഴികമണിക്കു താഴത്തെ പവിലിയ നിൽ അഞ്ചു മണി അടിച്ചു. അപ്പോഴതാ വലിയ വാതായനം തുറന്ന് കുയിൽ കൂകി തുടങ്ങി. അതിനൊപ്പം അഞ്ചു ജോഡി നർത്തകർ പാർശ്വത്തിൽ നിന്ന് നൃത്തമായി വന്ന് അകത്തു പോകും. പന്ത്രണ്ട് മണിയാണെങ്കിൽ പന്ത്രണ്ട് ജോഡി നർത്ത കർ പന്ത്രണ്ട് പ്രാവശ്യം നൃത്തമാടിപ്പോകും.

നർത്തനം കണ്ട് അകത്തു കയറിയാൽ നൂറുകണക്കിന് ക്ലോക്കു കളുടെ സംഭരണ കേന്ദ്രമായി. കുഞ്ഞൻ ക്ലോക്ക് മുതൽ പത്ത് അടിയിലേറെ ഉയരമുളള ഭീമൻ ക്ലോക്കു വരെയുണ്ട്. മിക്കതി ന്റെയും നിറം ചുവപ്പു പടർന്ന മഹാഗണി വർണം. കൈ കൊണ്ടും സൂക്ഷ്മമായ യന്ത്രങ്ങൾകൊണ്ടും നിര്‍മിച്ച് സമയ ക്ലിപ്തത നൂറ്റാണ്ടുകളോളം കാത്തു സൂക്ഷിക്കുന്നതിനാലാണ് ഈ ക്ലോക്കുകൾ ചരിത്രത്തിന്റെ ഭാഗമായത്. സവിശേഷമായ ദാരു ചിത്രങ്ങളും കൊത്തുപണികളും കൂടി ചേരുമ്പോൾ അഭൗമമായ ഒ‌രു തലത്തിലാണ് ഈ ക്ലോക്കുകൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ക്വാര്‍ട്സ് ക്ലോക്കുകളും നിർമിക്കുന്നുണ്ടെങ്കിലും പെൻഡുലം നിയന്ത്രിക്കുന്ന പഴയ മട്ടിലുളള വയ്ക്കാണ് ആവശ്യക്കാരേറെ. കുറഞ്ഞ ക്ലോക്കിന് വില ഇന്ത്യൻ രൂപയിൽ ഇരുപതിനായിരത്തിനടുത്തു വരും. കൂടിയതിന് പത്ത് ലക്ഷത്തോളം.

കൊത്തു പണികൾക്കും ജാലകത്തിനും പിന്നിലെ യന്ത്രനിർമിതമായ കൈ തിരിയുമ്പോഴാണ് കുരുവി കൂടുവിട്ടിറങ്ങുന്നത്. കാസ്റ്റ് അയണും ദേവദാരുവും ചേർത്തുണ്ടാക്കുന്ന രണ്ട് പൈപ്പ് വഴി കുക്കു ശബ്ദം പുറത്തേക്കു വരുന്നു. ഇതിനായി ചെറിയ പുകതളളലും സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ ഇലക്ട്രോകാന്തിക തരംഗങ്ങള്‍ കൊണ്ട് ഈ വിദ്യയൊക്കെ ആധുനികവത്കരിച്ചി രിക്കുന്നു. കുയിലിന്റെ കൂകൽ കൂടാതെ 20 തരം വ്യത്യസ്ത ശബ്ദങ്ങളിലും ക്ലോക്ക് നിർമ്മിക്കുന്നുണ്ടത്രെ. ബിയർ കുടിയന്മാ രുടെ പാട്ടും ദേഷ്യക്കാരിയായ ഭാര്യയുടെ ആട്ടുമൊക്കെ ഇവയി ലുണ്ട്. ഏതായാലും ഇന്ത്യാക്കാർ ഇതൊന്നും കേൾക്കാൻ ആവ ശ്യപ്പെടാറില്ലെന്ന് ഗൈഡ് പറഞ്ഞു. കാരണം ഇതു രണ്ടും സ്വന്തം വീട്ടിൽ ഇഷ്ടം പോലെ കാണുമല്ലോ.

ക്ലോക്കൊക്കെ കണ്ടു വാങ്ങിയ ശേഷം റസ്റ്ററന്റിലെത്തി ബ്ലാക്ക് ഫോറസ്റ്റ് കേക്കും മഷ്റൂം പേസ്ട്രിയും ഓർഡർ നൽകിയിട്ട് ഗ്രാമമൊക്കെ ഒന്നു ചുറ്റിക്കറങ്ങാൻ ഞങ്ങൾ ഇറങ്ങി. അപ്പോൾ റൈനിനും ഡാന്യൂബിനും ജലസമൃദ്ധി നൽകുന്ന നീർച്ചോലക ളിൽ നിന്നു കോട നിറഞ്ഞ കാറ്റു വീശുന്നുണ്ടായിരുന്നു. അതിൽ മയങ്ങി മയങ്ങി അങ്ങനെ നിൽക്കേ വീണ്ടും കുക്കു കൂകി തുടങ്ങി .... സമയമായി പോലും

How to reach & What to see

ജർമനിയെന്നു കേൾക്കുമ്പോൾ ബർലിൻ മതിലായിരിക്കും ആദ്യം ഓർക്കുക. എന്നാൽ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്, ഹൈഡൽ ബർഗ് പോലുളള വൻ നഗരങ്ങൾ, ബ്ലാക്ക് ഫോറസ്റ്റ്, ആൽപ്സ്, റൈൻ, ഡാന്യൂബ് നദി യാത്രകൾ, മോഹിപ്പിക്കുന്ന വൈൻ യാഡുകൾ തുടങ്ങി കാണാനേറെയുണ്ട് ഇവിടെ. രണ്ടാം ലോക മഹായുദ്ധങ്ങളുടെ ഒരു മ്യൂസിയമായും ജർമനിയെ നോക്കി കാണാം. മേയ് മുതല്‍ സെപ്റ്റംബർ വരെയാണ് ടൂറിസ്റ്റ് സീസൺ. യൂറോപ്പിന് പൊതുവായുളള ഷെങ്കൺ വിസ കൊണ്ട് എവിടെ വേണമങ്കിലും സഞ്ചരിക്കാം. യൂറോയാണ് കറന്‍സി. ഒരു യൂറോയ്ക്ക് 60 ഇന്ത്യൻ രൂപ. ആവശ്യത്തിനു തുക നാട്ടിൽ നിന്നു തന്നെ മാറി സൂക്ഷിക്കുന്നതാണു നല്ലത്.

‍സാധാരണ ഹോട്ടൽ മുറിക്ക് 100 യൂറോയെങ്കിലും ചെലവ് വരും. രണ്ടു പിന്നോടു കൂടിയ മൊബൈൽ ചാര്‍ജർ, കമ്പിളി പുതപ്പുത കൾ. അത്യാവശ്യം മരുന്നുകൾ എന്നിവ കരുതാൻ മറക്കരുത്. കൂടുതൽ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വെബ്സൈറ്റുകൾ നോക്കുക.

www.lonelyplant.com www.justgermany.org

ഒരു ദിവസം മൂന്നു രാജ്യം

Lake Constance
കോൺസ്റ്റന്‍സ് തടാകവും നഗരവും

ഒറ്റ ദിവസം കൊണ്ട് മൂന്നു രാജ്യങ്ങൾ ഒന്നെത്തി നോക്കാവുന്ന കോൺസ്റ്റന്‍സ് തടാക മേഖലയിൽ സൈക്കിൾ സവാരിക്കാർക്കായി 27കിലോമീറ്റർ നീളമുളള ‘വബോഡൻസ് സൈക്കിൾ പാത്ത്’’ ഉണ്ട്. ഈ നീലത്തടാക പരിസരത്ത് 30 കിലോമീറ്റർ കൊണ്ട് മൂന്നു രാജ്യങ്ങ‌ൾ കാണാം. ജർമനിയിലെ ലിൻഡാവു നഗരത്തിൽ നിന്ന് അതിരാവിലെ സൈക്കിളുമായി ഇറങ്ങുക. ആസ്ട്രിയയിലെ ബർജൻസിലെത്താം. അവിടെ നിന്ന് കേബിൾ കാറിൽ 1064 മീറ്ററ്‍ ഉയരമുളള എന്‍സർ മലയ്ക്ക് മുകളിലെത്തിയാൽ കോൺസ്റ്റൻസ് തടാകത്തിന്റെ അതിമ നോഹര ദൃശ്യവും ആൽപ്സ് പർവതവും ഒന്നിച്ചു കാണാം. വീണ്ടും സൈക്കിളിൽ ബർജെന്‍ സെറായിൽ എത്തിയാൽ റൈൻ നദിയായി. അവിടെ നിന്ന് ഒരു മണിക്കൂർ കൊണ്ട് സ്വിറ്റ്സർലൻ ഡിലെ റോർഷ്വായിലെത്തി സ്വിസ് ചോക്ലേറ്റും വാച്ചും വാങ്ങി അടുത്ത ചങ്ങാടം പിടിച്ചാൽ നേരിട്ട് ലിൻഡാഡുവിൽ തിരിച്ചെ ത്താം. റോമൻ മതിലും ഇരട്ടഗോപുരത്തോടുകൂടിയ അതിപ്രാ ചീനമായ കത്തീഡ്രലുമുളള കൊളോൺ നഗരം തീർച്ചയായും കണ്ടിരിക്കണം. നൈൽ നദീതീരത്തെ ഈ പട്ടണം മികച്ച ഷോപ്പിങ് അദ്ഭുതവും നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA