മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 1432 എന്ന ചെറുവിമാനം ലങ്കാവിയെ ലക്ഷ്യമാക്കി ക്വലാലംപൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നു. ഒക്ടോബര്‍-നവംബര്‍ മലേഷ്യയിലെ മണ്‍സൂണ്‍ കാലമാണ്. മഴ നനഞ്ഞ് വിമാനം മേഘപാളികള്‍ക്ക് ഉള്ളിലേയ്ക്ക് ഏകദേശം അന്‍പതു മിനിറ്റ് നീളുന്ന യാത്ര. മേഘങ്ങള്‍ക്കിടയിലൂടെ കടലില്‍ പച്ചത്തുരുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ലങ്കാവി, കാടും മലയും തടാകവും പുഴയും പട്ടണവും ഗ്രാമങ്ങളും എല്ലാം ഒത്തുചേരുന്ന മരതകദ്വീപ് സമൂഹം നീലക്കടലില്‍ പച്ചപ്പൊട്ടുകള്‍ പോലെ.... ആകാശക്കാഴ്ചയില്‍ തന്നെ ലങ്കാവി മനസു കീഴടക്കി.
വിമാനം ലങ്കാവി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ തൊട്ടു. വിമാനത്താവളത്തിനു പുറത്ത് ഞങ്ങളെ കാത്ത് വിന്‍ നില്‍പ്പുണ്ടായിരുന്നു. വെല്‍ക്കം ടു ലങ്കാവി, നൈസ് ടു മീറ്റ് യു.... എന്ന പതിവ് ടൂര്‍ ഗൈഡ് പല്ലവിയോടെ.
ആകാശക്കാഴ്ചയില്‍ കണ്ണില്‍പ്പെട്ട കൂറ്റന്‍ ചെമ്പരുന്തിന്റെ പ്രതിമ കാണാനാണ് ആദ്യം പോയത്. ലങ്കാവിയിലെ ഇന്ത്യന്‍ വംശജരുടെ വിശ്വാസമനുസരിച്ച് ഈ ദ്വീപ് ഭഗവാന്‍ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ വിശ്രമസ്ഥലമാണ്. മലയ് ഭാഷയില്‍ ഹെലാങ് എന്നാല്‍ പരുന്ത്. കാവി എന്നാല്‍ ചുവപ്പു കലര്‍ന്ന ചാര നിറം. ചാരനിറത്തിലുള്ള ചെമ്പരുന്തുകള്‍ ലങ്കാവിയുടെ കണ്ടല്‍ക്കാടുകളുടെ മുകളില്‍ വട്ടമിട്ടു പറക്കുന്നതു കൊണ്ടാണ് ഈ ദ്വീപുകള്‍ക്ക് ലങ്കാവി എന്ന പേരു വന്നത്. ചെമ്പരുന്തുകളുടെ നാട് എന്ന മിത്തിനെ ഉറപ്പിക്കാനാണ് മലേഷ്യന്‍ ഭരണകൂടം ഈഗിള്‍ സ്ക്വയര്‍ നിര്‍മിച്ചത്. ലങ്കാവിയുടെ തീരത്ത് കടലിലേക്ക് ഇറക്കി, സോവനീര്‍ കടകള്‍, പാര്‍ക്ക്, കുളങ്ങള്‍, വോക്ക് വേ, ഓപ്പണ്‍ എയര്‍ തിയറ്റര്‍ എന്നിവയുള്ള ലങ്കാവിയുടെ പ്രഭാത സവാരിക്കും സായാഹ്നങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാകുന്ന ഈഗിള്‍ സ്ക്വയര്‍. ടൂറിസ്റ്റുകള്‍ പരുന്തു പ്രതിമയ്ക്കു മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. സായാഹ്നങ്ങളില്‍ ഇവിടം ആളുകളെ കൊണ്ട് നിറയും. ടൂര്‍ ഗൈഡ് വിന്‍ പറഞ്ഞു. കടലില്‍ ടൂറിസ്റ്റുകളുമായി യാട്ടുകളും ചെറു കപ്പലുകളും കാതടപ്പിക്കുന്ന സംഗീതച്ചീളുകള്‍ കപ്പലില്‍ നിന്ന് കാറ്റില്‍ കാതിലേക്ക്.
കോക് ബീച്ചിനു സമീപമുള്ള ഷെറാട്ടന്‍ ബീച്ച് റിസോര്‍ട്ടിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു.... തീരം ചേര്‍ന്നുള്ള റോഡിലൂടെ പോകുമ്പോള്‍ ഒരു കാര്യം കണ്ണില്‍ പെട്ടു. നല്ല വെള്ളമണലാണ് ലങ്കാവിയുടെ തീരങ്ങളില്‍. പക്ഷേ, ആ വെള്ള നിറത്തിന് ഒരു നിരപരാധിയുടെ ചോരയുടെ മണമുണ്ട് എന്ന് പറഞ്ഞ് വിന്‍ കഥയുടെ കെട്ടഴിച്ചു. ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ചതിയുടെ കഥ.
ലങ്കാവിയുടെ കണ്ണകി
മധുരയെ ശപിച്ചു ചാമ്പലാക്കിയ കണ്ണകിയെപ്പോലെയാണ് ലങ്കാവിക്കാര്‍ക്ക് മഹ്സൂരി. അതിസുന്ദരിയായിരുന്നു മഹ്സൂരി. ഗ്രാമത്തലവനടക്കം ആ ഗ്രാമത്തിലുള്ള മിക്ക പുരുഷന്മാരും മഹ്സൂരിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ മഹ്സൂരി ഗ്രാമത്തലവന്റെ അനുജനെയാണ് വിവാഹം ചെയ്തത്. ലങ്കാവിയെ ആക്രമിക്കാന്‍ വന്ന വിദേശ സേനയോട് പട പൊരുതാന്‍ മഹ്സൂരിയുടെ ഭര്‍ത്താവ് പോയ സമയം. ഗ്രാമത്തിലൂടെ പാട്ടുപാടി വന്ന നാടോടി ഗായകന് മഹ്സൂരി തന്റെ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കി. അവളുടെ സൌന്ദര്യത്തില്‍ അസൂയ ഉണ്ടായിരുന്ന ഗ്രാമമുഖ്യന്റെ ഭാര്യ മഹ്സൂരി ഭര്‍ത്താവിനെ വഞ്ചിച്ചവളാണെന്ന് നുണ പറഞ്ഞു പരത്തി. തന്റെ വിവാഹ അഭ്യര്‍ഥന മഹ്സൂരി നിരസിച്ചതില്‍ ദേഷ്യമുണ്ടായിരുന്ന ഗ്രാമമുഖ്യന്‍ ഇതൊരു അവസരമായി കണ്ടു. മഹ്സൂരിയെ ഒരു മരത്തില്‍ കെട്ടിയിട്ട് ചാട്ടവാറിന് അടിച്ചു. തല വെട്ടിക്കളയാന്‍ ഉത്തരവിട്ടു.
തന്റെ നിരപരാധിത്വം കരഞ്ഞുപറഞ്ഞ മഹ്സൂരിയുടെ വാക്കുകള്‍ അവളുടെ ഭര്‍ത്താവു പോലും ചെവിക്കൊണ്ടില്ല. മരിക്കുന്നതിനു മുമ്പ് അവള്‍ ലങ്കാവിയെ ശപിച്ചു. ഏഴു തലമുറ യാതൊരു അഭിവൃദ്ധിയുമില്ലാതെ പോകട്ടെ എന്ന്. മഹ്സൂരിയെ വെട്ടിയപ്പോള്‍ അവളുടെ ശരീരത്തില്‍ നിന്ന് വെള്ള രക്തം ഒഴുകി. അത് പുരണ്ട് ഈ മണലിന്റെ നിറം വെള്ളയായി, വിന്‍ കഥ പറഞ്ഞു നിര്‍ത്തി. ഞങ്ങളെ ഒന്നു നോക്കി.
മഹ്സൂരിയുടെ മരണത്തോടെ ലങ്കാവിയുടെ ശാപകാലം തുടങ്ങി. വൈദേശിക ആക്രമണത്തില്‍ ലങ്കാവി നിലംപൊത്തി. പാടശേഖരങ്ങള്‍ അഗ്നിക്കിരയായി. പ്രകൃതിക്ഷോഭങ്ങള്‍ ലങ്കാവിയുടെ തകര്‍ച്ച പരിപൂര്‍ണമാക്കി. മഹ്സൂരിയുടെ ഏഴാം തലമുറയുടെ ജനനത്തോടെയാണ് ലങ്കാവിയുടെ ശനിദശ മാറിയത്. കോട്ട് മഹ്സൂരി (മഹ്സൂരിയുടെ ശവകുടീരം) എന്ന ആ ഓര്‍മകുടീരം കുവാ ടൌണിന് 17.8 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ലങ്കാവിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ ചെറു മ്യൂസിയവും മഹ്സൂരിയുടെ കഥ അവതരിപ്പിക്കുന്ന നാടക തിയറ്ററുമുണ്ട്. വിന്‍ കഥ പറയുമ്പോള്‍ ഞങ്ങളുടെ വാഹനം ഒരു ബീച്ചിനു സമീപത്തു കൂടി കടന്നുപോയി. വെള്ളം പഞ്ചാരമണല്‍ നിറഞ്ഞ ബീച്ച്, മഹ്സൂരിയുടെ മുഖം ആ മണലില്‍ തെളിയുന്നുണ്ടോ?
ലങ്കാവിയിലെ മലകള്‍ക്കും തടാകങ്ങള്‍ക്കുമെല്ലാം ഇതുപോലൊരോ കഥ പറയാനുണ്ട്. ബുരാവു ബേയിലെ ഓറിയന്റല്‍ വില്ലേജിലാണ് ലങ്കാവിയിലെ പ്രശസ്തമായ കേബിള്‍ കാര്‍. കിലിം, ജിയോ ഫോറസ്റ്റിന്റെ ഭാഗമായ മഴക്കാടുകള്‍ക്കു മുകളിലൂടെ മാറ്റ് സിന്‍കാങ് മലയുടെ മുകളിലേക്കുള്ള കേബിള്‍ കാര്‍ ലങ്കാവിയാത്രയിലെ പ്രധാന കാഴ്ചയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ കാര്‍ ടോപ്പ് സ്റ്റേഷനില്‍ നിന്നാല്‍, പൊട്ടി വീണു പായലുപിടിച്ച പാത്രക്കഷ്ണങ്ങള്‍ പോലെ ലങ്കാവി ദ്വീപുസമൂഹം നമുക്കു മുമ്പില്‍ തെളിയും. അവിടെ വച്ചാണ് സിന്‍കാങ്-റായ പര്‍വതങ്ങളുടെ കഥ കേട്ടത്.
ഒരു കല്യാണാലോചനയും അടുക്കള വഴക്കും
സിന്‍കാങ്ങും റായയും ലങ്കാവിയിലെ രണ്ടു പ്രമുഖ കുടുംബങ്ങളിലെ കാരണവന്മാരായിരുന്നു. ഉറ്റ സുഹൃത്തുക്കളും. തങ്ങളുടെ സൌഹൃദം കൂടുതല്‍ ഉറപ്പിക്കാന്‍ അവരുടെ മക്കള്‍ തമ്മിലുള്ള വിവാഹം നടത്താന്‍ അവര്‍ ആലോചിച്ചു. പക്ഷേ, ആലോചന മുറുകിയതോടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു തുടങ്ങി. അതൊടുവില്‍ വലിയ അടിയിലെത്തി. അടുക്കളപാത്രങ്ങള്‍ വരെ ആയുധങ്ങളായി. ഈ വഴക്കിനിടയില്‍ തെറിച്ചു വീണ കറിയുടെ ഗ്രേവിയാണ് കൂവാ ടൌണ്‍ ആയി മാറിയത്. പൊട്ടിയ പാത്രങ്ങള്‍ വീണ സ്ഥലമാണ് ബെലാന്‍ഗാ പെക്ക എന്ന ഗ്രാമമായത്. കുവാ എന്ന വാക്കിന്റെ മലായ് അര്‍ഥം ഗ്രേവി, ബെലാന്‍ഗാ പക്കെ എന്നാല്‍ പൊട്ടിയ അടുക്കള പാത്രങ്ങള്‍ എന്നും, കഥയ്ക്ക് ഒരു പിന്‍ബലം നല്‍കുന്ന രീതിയില്‍ ഗൈഡ് വിന്‍ പറഞ്ഞു. സിന്‍കാങ്ങിന്റെയും റായയുടെയും വഴക്കിനിടയിലേക്ക് മാറ്റ് സാവാര്‍ എന്ന സുഹൃത്ത് മധ്യസ്ഥനായി വന്നു. ജനങ്ങളുടെ മുമ്പില്‍ സ്വയം നാണംകെടരുതെന്ന് മാറ്റ് സാവാര്‍ കൂട്ടുകാരെ ഉപദേശിച്ചു. സിന്‍കാങ്ങിനും റായ്ക്കും തങ്ങളുടെ പ്രവര്‍ത്തിയില്‍ ലജ്ജ തോന്നി. നാടിനെ സംരക്ഷിക്കുന്ന പര്‍വതങ്ങളായി ഇരുവരും സ്വയംമാറി. ഭാവിയില്‍ ഇവര്‍ തമ്മില്‍ കലഹമുണ്ടാകാതിരിക്കാന്‍ മാറ്റ് സാര്‍വര്‍ ഈ രണ്ട് പര്‍വതങ്ങളെയും നോക്കുന്ന രീതിയില്‍ ഒരു ചെറുകുന്നായും രൂപപ്പെട്ടു.
കേബിള്‍ കാറിന്റെ ടോപ്പ് സ്റ്റേഷനില്‍ നിന്നാണ് ഡോണ്‍ സിനിമയിലൂടെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പരിചിതമായ സ്കൈ ബ്രിഡ്ജിലേക്കുള്ള വഴി. ഞങ്ങള്‍ ചെല്ലുമ്പോള്‍ റിപ്പയറിങ്ങിനായി അതു അടച്ചിരിക്കുകയായിരുന്നു. മഴക്കാടുകള്‍ക്കു മുകളിലൂടെ ഏകദേശം 700 മീറ്റര്‍ സമുദ്ര നിരപ്പിന് മുകളില്‍ ഒരു പാലം മഴക്കാടുകളുടെയും ലങ്കാവി ദ്വീപ് സമൂഹത്തിന്റെ സൌന്ദര്യം നടന്നു കാണാന്‍ പറ്റാത്തതിന്റെ നിരാശയില്‍ കേബിള്‍ കാറില്‍ താഴേയ്ക്ക്.
നദി കടന്നു കടലിലേക്ക്
ഓറിയന്റല്‍ വില്ലേജില്‍ നിന്ന് നേരെ കിലിം ജിയോപാര്‍ക്കിലേക്കായിരുന്നു യാത്ര. ലങ്കാവിയിലെ കിലിം നദിയുടെ തീരത്താണ് കണ്ടല്‍ക്കാടുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുണ്ണാമ്പു പാറകളും നിറഞ്ഞ കിലിം ജിയോപാര്‍ക്ക്. കിലിം നദിയിലൂടെ ജിയോ ഫോറസ്റ്റ് ചുറ്റി ആന്‍ഡമാന്‍ കടലിലേക്കുള്ള ബോട്ടു യാത്ര ലങ്കാവിയിലെ മറക്കാനാവാത്ത ഒരനുഭവമാണ്. ബോട്ട് കിലിം നദിയിലൂടെ പതിയെ നീങ്ങിത്തുടങ്ങി. ആദ്യ സ്റ്റേഷന്‍ ചെറിയൊരു ഫോറസ്റ്റ് ട്രക്കിങ് സ്ഥലമാണ്. കാലവും പ്രകൃതിയും ചേര്‍ന്ന് ചുണ്ണാമ്പു പാറകളില്‍ രൂപപ്പെടുത്തിയ ഗുഹകള്‍ക്ക് ഉള്ളിലൂടെ ജിയോ ഫോറസ്റ്റിനെ അറിയാന്‍ ഒരു കാല്‍നട യാത്ര.
വെള്ളം ഇറ്റു വീഴുന്ന ഇരുണ്ട ചുണ്ണാമ്പുകല്ല് ഗുഹയിലേക്ക്... ലൈറ്റ് അടിച്ചപ്പോള്‍ തലയ്ക്കു മുകളില്‍ ഒരായിരം വാവലുകള്‍ തൂങ്ങിക്കിടക്കുന്നു. ക്യാമറ ഫ്ളാഷ് അടിച്ചാല്‍ വാവലുകള്‍ ആക്രമിക്കും എന്ന മുന്നറിയിപ്പിന് വില നല്‍കാന്‍ അവയുടെ എണ്ണം കണ്ടപ്പോള്‍ തീരുമാനിച്ചു. ബാറ്റ് കേവ് കടന്ന് കണ്ടല്‍കാട് ചുറ്റി നടന്ന് വീണ്ടും ബോട്ടിലേക്ക്.
ഒഴുകി നടക്കുന്ന ഫിഷ് ഫാം ആയിരുന്നു അടുത്ത പോയിന്റ്. ബോട്ടിന് വേഗമേറി. അഞ്ചു മിനിറ്റ് കഴിഞ്ഞതും കിലിം നദിയിലെ ഫ്ളോട്ടിങ് ഫിഷ് ഫാമുകളും അവയോടു ചേര്‍ന്നുള്ള മാര്‍ക്കറ്റും മുന്നില്‍. നദി അവിടെ ഒരു അഴിമുഖമാവുകയാണ്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പായ്വഞ്ചികളിലും യാട്ടുകളിലും എത്തിയവര്‍ നദിയില്‍ വിശ്രമിക്കുന്നു. ആദ്യം കണ്ട ഫിഷ് ഫാമിനടുത്തേയ്ക്ക് ബോട്ട് അടുപ്പിച്ചു. നദിയില്‍ തന്നെ ഒരുക്കിയിട്ടുള്ള ചെറു ടാങ്കുകളില്‍ ഈല്‍, സ്റ്റിങ് റേ, സ്റ്റിങ് ക്രാബ് തുടങ്ങി പല വിധത്തിലുള്ള മീനുകളെ അവിടുത്തെ ജീവനക്കാരന്‍ സോള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.
അപകടകാരിയായ സ്റ്റിങ് റേയെ തൊട്ടുനോക്കാമോ? സോള്‍ വെല്ലുവിളിച്ചു. ആദ്യം തൊടുന്ന ആള്‍ക്ക് ഫ്രീയായിട്ട് ഒരു അപൂര്‍വ ഹെഡ് മസാജ്. സോള്‍ പ്രലോഭിപ്പിച്ചു.
സ്റ്റിങ് റേ കയ്യില്‍ കുത്തിയാല്‍ ചാവില്ലല്ലോ എന്ന ധൈര്യത്തില്‍ ഫിഷ് ഫാമിന്റെ തറയില്‍ മുട്ടുകുത്തി സ്റ്റിങ് റേയുടെ ടാങ്കിലേക്ക് കയ്യിട്ടു. സോള്‍ ഒരു റിങ് മാസ്റ്ററെപ്പോലെ സ്റ്റിങ് റേയുടെ തലയില്‍ തലോടി ധൈര്യപ്പെടുത്തി. വഴുക്കലുള്ള അതിന്റെ തലയില്‍ ഞാന്‍ ഒന്നു തൊട്ടു. ഒരു ജേതാവിനെപ്പോലെ ചിരിച്ചുകൊണ്ട് എഴുന്നേറ്റപ്പോള്‍ സോള്‍ ഒരുവലിയ കൊമ്പന്‍ ഞണ്ടിനെ എന്റെ തലയിലേക്ക് വച്ചു. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു നിന്നു. തലയിലിരിക്കുന്ന ഞണ്ട് ഇറുക്കുമോ? അതിന്റെ വാലു പോലത്തെ കൊമ്പു കൊണ്ട് കുത്തുമോ? ചിരി മാഞ്ഞു. ഞണ്ട് തലയിലൂടെ നടന്നു തുടങ്ങി. നടുക്കം ഒരു ഇക്കിളിയായി. രണ്ടു മിനിറ്റിനുള്ളില്‍ സോള്‍ എന്നെ ഞണ്ടിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ചു. സോളിനോട് നന്ദി പറഞ്ഞ് ബോട്ടിലേക്ക്.
ബോട്ട് ആന്‍ഡമാന്‍ കടലിലേക്ക്. കടലിലെ കൂറ്റന്‍ പാറയെ ചുറ്റി കിലിം ജിയോഫോറസ്റ്റ് പാര്‍ക്കിന്റെ പൂമുഖത്തൂടെ വീണ്ടും കിലിം നദിയിലേക്ക്... വേഗമെടുത്ത് കിലിം ബോട്ടുജട്ടിയിലേക്ക്. ദ്വീപിലെ മികച്ച യാത്രാനുഭവങ്ങളിലൊന്ന് സ്വന്തമായതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.
മലേഷ്യക്കാരന്റെ മാഹി
കുറഞ്ഞ ചെലവില്‍ ബൂസ് ആകാന്‍ മലേഷ്യയില്‍ നിന്ന് ഫ്ളൈറ്റിനു ലങ്കാവിയില്‍ വന്നാല്‍ പോലും ലാഭമാണ്. ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മലേഷ്യന്‍ സുഹൃത്ത് വിജയ് പറഞ്ഞു. ചുരുക്കത്തില്‍ മലേഷ്യക്കാരന്റെ മാഹിയാണ് ലങ്കാവി. പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, ചോക്ലേറ്റ്സ്, കാറുകള്‍, ക്രോക്കറി തുടങ്ങി സ്വദേശി- വിദേശ ഉത്പന്നങ്ങള്‍ മലേഷ്യയില്‍ ലഭ്യമാകുന്നതിനേക്കാള്‍ 20 ശതമാനം വിലക്കുറവില്‍ ലങ്കാവിയില്‍ ലഭ്യമാണ്. എന്നാല്‍, കാറുകള്‍ പോലുള്ളവ ലങ്കാവിക്ക് പുറത്തുകൊണ്ടുവരണമെങ്കില്‍ നികുതി നല്‍കണം. ഷോപ്പിങ് കഴിഞ്ഞപ്പോഴേയ്ക്കും സൂര്യന്‍ കടലിലിറങ്ങിക്കഴിഞ്ഞിരുന്നു. ലങ്കാവിയുടെ ദിവസം ഇവിടെ തുടങ്ങുന്നു.
സംഗീതം തിരതല്ലുന്ന ബീച്ചുകള്‍
സന്ധ്യ ആറുമണിയാവുമ്പോള്‍ ലങ്കാവിയുടെ ദിനം തുടങ്ങി എന്നത് മനസിലാവണമെങ്കില്‍ പാന്‍റ്റായ് സെനാങ് ബീച്ചിലോ, ഈഗിള്‍ സ്ക്വയറിലോ എത്തിയാല്‍ മതി. ബോബ് മാര്‍ലി സംഗീതവും നൃത്തവും ലഹരിയും രുചികളും നിറയുന്ന ലങ്കാവിയുടെ മറ്റൊരു മുഖം അവിടെ കാണാം. പൊതുവെ അപകടരഹിതമായ കടല്‍ത്തീരങ്ങളാണ് ലങ്കാവിയുടേത്. നമ്മുടെ നാട്ടിലെ വഞ്ചിവീടുകള്‍ക്കു പകരം യാട്ട് ക്രൂസുകളാണ് ലങ്കാവിയുടെ വാട്ടര്‍ ടൂറിസത്തിന്റെ മുഖം. തെലാഗ ഹാര്‍ബര്‍ പാര്‍ക്കില്‍ നിന്നു ചെറുതും വലുതുമായ യാട്ടുകള്‍ സഞ്ചാരികള്‍ക്ക് ദ്വീപുകള്‍ ചുറ്റി വരുന്ന കടല്‍ യാത്രയും ഭക്ഷണവും സംഗീതവും താമസവുമെല്ലാം വാഗ്ദാനം ചെയ്യുന്നു. നടന്നു നടന്ന് ലങ്കാവിയിലെ ഒരു ഡ്രൈവ് ഇന്‍ ബീച്ചിലെത്തി. സ്കൂട്ടറിലും കാറുകളിലും സഞ്ചാരികള്‍ തീരങ്ങളിലൂടെ കുതിച്ചു പായുന്നു. വാട്ടര്‍ ബൈക്ക് സ്കീയിങ്, പാരാ ഗൈഡിങ് തുടങ്ങിയ പലവിധ വിനോദോപാധികള്‍... കാഴ്ചകള്‍ കണ്ടു നടന്നു.
തിരികെ ഹോട്ടലില്‍ എത്തേണ്ടേ? മലേഷ്യന്‍ യാത്രയിലൂടെ സുഹൃത്തുക്കളായ ജോണ്‍ ചീരനും കൃഷ്ണകാന്ത് റെഡ്ഡിയും വിളിച്ചു ചോദിച്ചു. ടാക്സിക്കാരനുമായി ചെറിയൊരു വിലപേശല്‍. ലങ്കാവിയില്‍ ബസോ മറ്റു പൊതുവാഹനങ്ങളോ ഇല്ല. ടാക്സിയോ, വാടകയ്ക്ക് ലഭിക്കുന്ന കാറോ, സ്കൂട്ടറോ, ബൈക്കോ ആണ് ആശ്രയിക്കാവുന്ന മാര്‍ഗം. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഏര്‍പ്പാടാക്കിത്തരുന്ന വാഹനങ്ങളാണ് ടൂറിസ്റ്റുകള്‍ക്ക് കിട്ടാവുന്ന റിസ്ക് കുറഞ്ഞ ഗതാഗത സംവിധാനം.
ലങ്കാവി ദിനങ്ങള്‍ തീരുകയാണ്. വൈല്‍ഡ് ലൈഫ് പാര്‍ക്ക്, ലാമാന്‍ പാഡി അഥവാ റൈസ് മ്യൂസിയം, മാര്‍ഡി അഗ്രോ പാര്‍ക്ക്, ജെറ്റ് സ്കീ ഐലന്‍ഡ് ടീര്‍, സ്കൂബാ ഡൈവിങ്, ലെജന്‍ഡ് പാര്‍ക്ക്... അങ്ങനെ കണ്ടതിലുമേറെ കാണാനുള്ള കാഴ്ചകളാണ് ലങ്കാവിയില്‍. ഇത്തരം കാണാത്ത കാഴ്ചകളാണ് ഓരോ സഞ്ചാരിയേയും ലങ്കാവിയിലേക്ക് തിരികെ വിളിക്കുന്നത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം മേഘങ്ങളുടെ വെള്ളപ്പുതപ്പിനുള്ളിലേക്ക്. പുതിയ സഞ്ചാരികള്‍ക്ക് കഥക്കൂട്ടുകളുമായി മഹ്സൂരിയും സിന്‍കാങ്ങും റായയും മാറ്റ് സാവറുമെല്ലാം അങ്ങു താഴെ കാത്തിരിക്കുന്നു. മലേഷ്യന്‍ മണ്‍സൂണ്‍ ഉമ്മ വയ്ക്കുന്ന വിമാനജാലകത്തിലൂടെ താഴേയ്ക്കു നോക്കി കൈവീശി....
ജുംപാ ലാഗീ ലങ്കാവി. (ബൈ ബൈ, സീ യൂ ലങ്കാവി).
എംഎച്ച്: ആകാശത്തെ ആതിഥേയര്‍
മലേഷ്യന്‍ ആതിഥേയത്തിന്റെ സൌഹാര്‍ദത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റേത്. ഏകദേശം 150ലേറെ രാജ്യങ്ങളിലെ 900 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് (എംഎച്ച്) ഏഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നാണ്. ഇന്ത്യയില്‍ കൊച്ചി, ചെന്നൈ, ബാംഗൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എംഎച്ച് വിമാനങ്ങള്‍ ക്വലാലംപൂരിലേക്ക് പറക്കുന്നു. യാത്രക്കാര്‍ക്ക് ഇന്‍ ഫ്ളൈറ്റ് ഷോപ്പിങ് സൌകര്യം, തമിഴും ഹിന്ദിയുമടക്കം വിവിധ ഭാഷകളിലുള്ള സിനിമകള്‍. സ്വാദേറിയ ഫ്ളൈറ്റ് ക്വിസീന്‍, ബെര്‍ത്ഡേ- ആനിവേഴ്സറി ആഘോഷങ്ങള്‍ തുടങ്ങി ക്ളാസ് വ്യത്യാസമില്ലാതെ യാത്രക്കാര്‍ക്ക് മലേഷ്യന്‍ ആതിഥ്യം അനുഭവിച്ചറിയാം. ഓരോ യാത്രയിലും മലേഷ്യന്‍ ടൂറിസത്തിന്റെ ആകാശമുഖമാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്.
Travel Info
മലേഷ്യയുടെ വടക്കുപടിഞ്ഞാറ് ആന്‍ഡമാന്‍ കടലിലാണ് 104ദ്വീപുകളടങ്ങിയ ലങ്കാവി ദ്വീപ് സമൂഹം. പ്രധാന ദ്വീപ് ലങ്കാവി. മലേഷ്യയിലെ കേദ സ്റ്റേറ്റിന്റെ ഭാഗമായ ലങ്കാവി. കേദയുടെ രത്നം എന്നാണ് അറിയപ്പെടുന്നത്.
How to Reach
By Air : -ഇന്ത്യയില്‍ നിന്ന് കൊച്ചി, ചെന്നൈ, ബാംഗൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ക്വലാലംപൂരിലേക്ക്. അവിടെ നിന്ന് ലങ്കാവിയിലേക്ക് എംഎച്ച്, എയര്‍ ഏഷ്യ തുടങ്ങിയ വിമാനങ്ങള്‍ ഉണ്ട്.
By Sea :- മലേഷ്യന്‍ തീരദേശ പട്ടണങ്ങളായ കൌല കേദ, കൌല പെര്‍ലിസ്, പെനാങ് എന്നിവിടങ്ങളില്‍ നിന്ന് ലങ്കാവിയിലേക്ക് ഫെറി സര്‍വീസ് ഉണ്ട്.
Where to Stay :- സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ബജറ്റ് ഹോട്ടലുകള്‍ വരെ ലങ്കാവിയില്‍ ലഭ്യമാണ്.
Climate :- 24-23 ഡിഗ്രി സെല്‍ഷ്യസ്. നവംബര്‍-മാര്‍ച്ച് മികച്ച ടൂറിസം സീസണ്‍.
Currency :- മലേഷ്യന്‍ റിങ്കിറ്റ്
Visa Info : www.kin.gov.my/web/guest/requirment.for.foreigner