ഇംഗ്ലണ്ട് യാത്രയുടെ ഓർമയ്ക്ക്

എഴുത്തുകാരൻ വില്യം ഡാൻ റിപിൾ ഒരിക്കൽ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരേ സമയം പല ലോകത്തിൽ ജീവിക്കാൻ കഴിവുള്ളവരാണ് ഇന്ത്യക്കാരെന്ന്. അവർ കോട്ടും സ്യൂട്ടും ധരിച്ച് ഇംഗ്ലീഷ് പറയുന്നവരാണ് ഓഫീസിലെങ്കിൽ, വീട്ടിൽ അവർ മുണ്ടും ബനിയനും ധരിച്ച് മാതൃഭാഷയിൽ മാത്രം സംസാരിക്കുന്നു. സംസ്ക്കാരം, പൈതൃകം തുടങ്ങിയ ക്ലീഷേ പദങ്ങൾ ഒന്നും തന്നെ വില്യം ഉപയോഗിച്ചു കണ്ടില്ല.

ഈയിടെ എന്റെ ചില സുഹൃത്തുക്കൾക്കൊപ്പം ഞാൻ ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര പോയി. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനാണ് ലണ്ടനിൽ സ്ഥിരതാമസമാക്കിയ മുരളി വെട്ടത്ത് എന്ന മലയാളിയെ പരിചയപ്പെടുത്തിയത്. കഴിഞ്ഞ മുപ്പതു കൊല്ലമായി മുരളി എന്ന മുരളിയേട്ടൻ ലണ്ടനിലെ സ്ഥിരതാമസമാക്കാരനാണ്. ജപ്പാൻകാരിയായ ഭാര്യ മിച്ചിരിവും മകൻ രാമുവും പലവിധ സംസ്ക്കാരങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്നവരാണെന്ന് മനസ്സിലായി.

മുരളി വെട്ടത്തിന്റെ മകൻ രാമുവിനൊപ്പം രാധിക

സാമ്പാറും ചോറും മെഴുക്കുപുരട്ടിയുമൊക്കെയായി സമൃദ്ധമായിരുന്നു മുരളിയേട്ടന്റെ വീട്ടിലെ ഭക്ഷണം. മലയാളത്തിലുണ്ടായ ഞങ്ങളുടെ വർത്തമാനങ്ങളിൽ ചിലത് ഭാര്യയ്ക്ക് വേണ്ടി മൊഴിമാറ്റം നടത്തുന്നുണ്ടായിരുന്നു മുരളിയേട്ടൻ. മുരളിയേട്ടനാണ് വടക്കൻ ഇംഗ്ലണ്ടിലെ ഷെഫിൽഡിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റിലിലെ മനഃശാസ്ത്രജ്ഞയായ ഡോ. സീനയെ പരിചയപ്പെടുത്തിയത്. മുംബൈയിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 20 വർഷമായി ഇംഗ്ലണ്ടിൽ കഴിയുന്ന സീന വൃത്തിയായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ ഉള്ളാലെ സന്തോഷിച്ചു.

നന്നായി ചിത്രം വരയ്ക്കുന്ന അക്ഷരങ്ങളെ ബഹുമാനിക്കുന്ന അതിന്റെയെല്ലാമപ്പുറത്ത് മനുഷ്യരോട് ഭംഗിയായി ഇടപെടുന്ന സീനയോട് യാത്ര പറഞ്ഞപ്പോൾ ഞങ്ങൾ ഇനിയും കാണേണ്ട വരാണെന്ന് ഒരു തോന്നൽ ഉള്ളിലുണ്ടായി. ഇന്ത്യക്ക് പുറത്തുള്ള അപരജീവിതത്തിലും കേരളത്തെ അനുഭാവപൂർവ്വം നോക്കി കാണുന്നവരായിരുന്നു ആ രണ്ട് സുഹൃത്തുക്കളും. ഇന്ത്യൻ ജനാധിപത്യ രീതി നൽകുന്ന അവസരങ്ങൾ കുറഞ്ഞു തുടങ്ങിയെന്നവർ രണ്ടു പേരും ഗൗരവ പൂർവ്വം ആശങ്കപ്പെട്ടിരുന്നു. ജീവിതാവസാനം വരെ ഓർക്കാമെന്ന മൗനവാഗ്ദാനത്തിലൂടെയാണ് ഞാൻ ആ രണ്ട് നല്ല മനസ്സുകളോടും യാത്ര പറഞ്ഞത്.

‘ഷേക്സ്പിയേഴ്സ് ഗ്ലോബ് ’ എന്നു പുനർനാമകരണം ചെയ്യപ്പെട്ട ഗ്ലോബ് തിയറ്ററിന്റെ ആധുനിക രൂപം. 1599–ൽ ഷേക്സ്പിയറിന്റെ നാടകക്കമ്പനിയാണ് ഗ്ലോബ് തിയറ്റർ ആദ്യം നിർമിച്ചത്.

എന്റെ പ്രിയ സുഹൃത്ത് സിന്ധുവിന്റെ മകൾ മീനാക്ഷി എന്ന മിടുക്കിയുടെ ബിരുദാനന്തര ചടങ്ങിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഞാനും അവർക്കൊപ്പം ഇംഗ്ലണ്ടിലെ ത്തിയത്. ഷെഫിൽഡ് ഹലോറ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തു മീനാക്ഷി എന്ന യുവ എഞ്ചിനീയർ. യാത്രയിൽ മുഴുവൻ ഇംഗ്ലീഷുകാരുടെ അന്തസുള്ള പെരുമാറ്റത്തെക്കുറിച്ച് ഞങ്ങൾ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടിരുന്നു. പൊതു സ്ഥലങ്ങളിൽ, റോഡിൽ ഒക്കെ അവർ കാണിക്കുന്ന അന്തസ് ക്യൂപാലിക്കുന്നതിൽ അവർ കാണിക്കുന്ന മര്യാദ....അതെല്ലാം ശരാശരി മലയാളികളായ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

മീനാക്ഷിയോടൊപ്പം രാധിക.

മിനാക്ഷിക്കൊപ്പം താമസസ്ഥലം പങ്കിടുന്ന ഇംഗ്ലീഷുകാരികൾ മാന്യമായും ശാന്തമായും പെരുമാറുന്നവരവായിരുന്നു. എന്നാൽ ഒരു ദിവസം ഞാനും മിനാക്ഷിയുടെ ബന്ധുവും കിടന്നുറങ്ങിയ മുറിയിലെ ഹീറ്റർ യാതൊരു മുന്നറിയിപ്പുമില്ലാതെ പണിമുടക്കി. ഷെഫിഡിൽത്തന്നെയുള്ള ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള എയർ ബി ആന്റ് ബി യിൽ ഞങ്ങൾക്ക് താമസിക്കാൻ ഏർപ്പാടുണ്ടാക്കി. സാധാരണ ഇത്തരം മുറികൾ ഈടാക്കുന്ന വാടകയേക്കാൾ കൂടുതൽ അയാൾ ഈടാക്കിയെങ്കിലും കൊടും തണുപ്പിനെ നേരിടാൻ കെൽപ്പില്ലാത്തവരായതു കൊണ്ടു ഞങ്ങൾ വില പേശിയില്ല.

വടക്കൻ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ സഹയാത്രിക സിന്ധുവിനൊപ്പം രാധിക.

ഞങ്ങൾക്ക് കിടക്കാൻ തന്ന മുറിയിൽ അയാളുടെ പഴകിയ വീട്ടുപകരണങ്ങൾ സൂക്ഷിച്ചിരുന്നു. മുറി അകത്തു നിന്ന് പൂട്ടാൻ കഴിയില്ലെന്ന് ഉടമസ്ഥർ പറഞ്ഞപ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വകുറവ് തോന്നിയെങ്കിലും അതു കാര്യമാക്കേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു.

നടക്കുമ്പോൾ ശബ്ദമുണ്ടാക്കി കുഞ്ഞിനെ ഉണർത്തരുത് എന്നും പറഞ്ഞു. ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ ഇറങ്ങുമ്പോൾ ശരിക്കും ഒരു മോഷ്ടാവിന്റെ മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ രണ്ടു പേരും. എല്ലാം സഹിച്ചത് കൊടും തണുപ്പിനെ ഓർത്തു മാത്രമായിരുന്നു. എന്നാൽ ‘മാന്യനായ’ ആ സത്രം നടത്തിപ്പുകാരൻ ഞങ്ങളുടെ മുറിയിലെ ഹീറ്റർ പ്രവർ‌ത്തിപ്പിച്ചില്ല. രാത്രി മുഴുവൻ തണുത്തു വിറച്ചു കിടന്നു ഞങ്ങൾ രണ്ടു സ്ത്രീകൾ. കോട്ട പോലുള്ള ആ വീട്ടിൽ അയാൾ ഏതു മുറിയിലാണ് ഉറങ്ങുന്നതെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അയാളുടെ കുഞ്ഞ് ഉണർന്നാലോ എന്ന ഭയം കൊണ്ട് ഞങ്ങൾ അനങ്ങാതെയിരുന്നു. നേരെ വെളുക്കുന്നതു വരെ. രാവിലെ വഷളൻ ചിരിയുമായി സുഖാന്വേഷണത്തിന് എത്തിയ അയാളോട് ഞങ്ങൾ ദേഷ്യപ്പെട്ടു. അയാളാകട്ടെ സ്വയം ന്യായീകരിക്കുകയും തർക്കിക്കുകയും ചെയ്തു. തർക്കങ്ങൾക്ക് ഒടുവിൽ അല്ലെങ്കിലും നിങ്ങൾ മലയാളിൾ ഇങ്ങനെയാണ് എന്ന് അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു. പരസ്പരമുള്ള സംസാരം അന്തസ്സിന്റെ എല്ലാ അതിർത്തികളും ലംഘിച്ചപ്പോൾ ഞങ്ങൾ മുറിവിട്ടിറങ്ങി. മാന്യമായ പെരുമാറ്റം എന്താണെന്ന് വർഷങ്ങളായുള്ള യൂറോപ്യൻ ജീവിതത്തിൽ നിന്നും അയാൾ പഠിച്ചില്ല എന്നു വേണം മനസ്സിലാക്കാൻ.

സംസ്കാര വൈരുദ്ധ്യം ഉണ്ടെങ്കിൽ പോലും ആ നാടിനെ മനസ്സിലാക്കാനോ അറിയാനോ അയാൾ ശ്രമിച്ചില്ല. എന്നു വേണം കരുതാൻ. അയാളുടെ കുറ്റമല്ല, ഭാരതീയ സംസ്ക്കാരം എന്നൊക്കെ പൊള്ളയായി പറയുന്ന ഒരു തലമുറയുടെ കണ്ണി മാത്രമാണ് അയാൾ. രണ്ടു രാജ്യങ്ങളിലെയും മൂല്യങ്ങളിൽ നിന്നും ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ ജീവിക്കുന്ന ആ പാവം ‘ഇരയ്ക്ക്’ മാപ്പു കൊടുത്തു കൊണ്ടാണ് ഞങ്ങൾ നാലു സ്ത്രീകൾ ഇംഗ്ലണ്ട് വിട്ടത്.