അമേരിക്കയിലെ വൈറ്റ് ഹൗസ്, പാരീസിലെ ഐഫെൽ ഗോപുരം, സിഡ്‌നിയിലെ ഒപേറ ഹൗസ്,നമ്മുടെ താജ്മഹൽ; ലോകത്തിന്റെ വിവിധ കോണുകളിലുള്ള വമ്പൻ അതിശയകാഴ്ചകൾ. ഒരു ചെറിയ സായാഹ്ന സവാരിയിൽ ഇതെല്ലാം ചുറ്റിനടന്നു കാണാനാകുമോ.? അസാധ്യം എന്നു കരുതരുത്. ചൈനയിലെ തെക്കൻ പ്രവിശ്യയിലുള്ള ഷെൻജൻ നഗരത്തിലേക്കു ചെല്ലണം. അതേഭാവത്തിലും രൂപത്തിലും ലോകാദ്ഭുതങ്ങൾ കൂട്ടംകൂടിയിരിക്കുന്നു.
അദ്ഭുതങ്ങളുടെ പാർക്ക്
വിവിധ ഭൂഖണ്ഡങ്ങളിലുള്ള വിസ്മയദൃശ്യങ്ങളും ചരിത്രസ്മാരകങ്ങളും തനിമ നഷ്ടമാകാതെ കിലോമീറ്ററുകൾക്കുള്ളിൽ പുനർനിർമിച്ചിരിക്കുകയാണു ഷെൻജൻ നഗരത്തിൽ. ‘വിൻഡോ ഓഫ് ദ് വേൾഡ്’ എന്നാണ് അദ്ഭുതങ്ങൾ കുടപിടിക്കുന്ന ഇൗ പാർക്കിന്റെ പേര്. വിശ്വവിഖ്യാതമായ ‘ചൈനീസ് ഡ്യൂപ്ലിക്കറ്റ്’ ഉൽപ്പന്നങ്ങളല്ല,മറിച്ചു ഗുണമേന്മയിൽ യഥാർഥ അദ്ഭുതകാഴ്ചകളെ തോൽപ്പിക്കുന്ന ദൃശ്യഭംഗിയുള്ള മാതൃകകളാണ് ഓരോന്നും.കേവലം 38 വർഷം മാത്രം പഴക്കമുള്ള ഷെൻജൻ ചൈനയുടെ വ്യവസായിക തലസ്ഥാനമാകാനുള്ള കുതിപ്പിലാണ്.
ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കു ചൈന കയറ്റി അയയ്ക്കുന്ന ഡ്യൂപ്ലിക്കറ്റ് സാമഗ്രികളുടെ ഭൂരിഭാഗവും നിർമിക്കുന്നത് ഇവിടെയും പരിസരങ്ങളിലുമാണ്. വിവിധരാജ്യങ്ങളിൽ നിന്നു കച്ചവട ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന നഗരം. ‘ലോകത്തിന്റെ ഇൗ ജാലകത്തിൽ’ 118 ഏക്കറിൽ ചൈന തീർത്തിരിക്കുന്നതു ലോകാദ്ഭുതങ്ങളടക്കം 130 വിസ്മയകാഴ്ചകൾ. മാതൃകകളാണെങ്കിലും നിർമാണത്തിൽ വിട്ടുവീഴ്ചയില്ല. ബക്കിങ്ഹാം പാലസും, പിരമിഡുകളും കൊളോസിയവും ‘ഒറിജിനൽ’ തന്നല്ലേ എന്നുപോലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. അതേനിറത്തിലും മാതൃകയിലും രൂപഭംഗിയിലുമാണു നിർമാണം. ചിലതിനു വലുപ്പത്തിൽ മാത്രം അൽപ്പം കുറവുണ്ടാകും എന്നു മാത്രം. എന്നാൽ അത്ര ചെറിയവയല്ല. ഐഫൽ ടവർ 108 മീറ്റർ ഉയരത്തിലാണു നിർമിച്ചിരിക്കുന്നത്.
ഭൂഖണ്ഡങ്ങൾ ഒരു കുടക്കീഴിൽ
ഓരോ ഭൂഖണ്ഡങ്ങൾക്കും അവിടുത്തെ അതിശയകാഴ്ചകൾക്കും പ്രത്യേകം സ്ഥലം ഇവിടെ വേർതിരിച്ചിട്ടുണ്ട്. ഭൂഖണ്ഡങ്ങളിലേക്കു പോകുംമുൻപ് ആദ്യമെത്തുക ‘വേൾഡ് സ്ക്വയർ’ എന്നു പേരിട്ട സ്ഥലത്ത്.ഫ്രാൻസിലെ ഗ്ലാസ് പിരമിഡ്, ചൈന ഗേറ്റ്, ഇൗജിപ്ത് ഗേറ്റ് എന്നിവ കൂടാതെ വേൾഡ് മാപ്പ് ഫൗണ്ടൻ തുടങ്ങിയവ ഇവിടെയുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിനാണ് അടുത്ത സ്ഥാനം. ദ് ഗ്രാൻഡ് പാലസ് ഓഫ് തായ്‌ലൻഡ്, താജ്മഹൽ, കുവൈറ്റ് ടവർ എന്നിവ കൂടാതെ ദക്ഷിണ കൊറിയ, ജപ്പാൻ, കംബോഡിയ, മ്യാന്‍മാർ, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നടക്കമുള്ള 15 അദ്ഭുതകാഴ്ചകളും ഇവിടെ നിരന്നിരിക്കുന്നു.
സിഡ്‌നിയിലെ ഒപേറ ഹൗസ് ഉൾപ്പെടെ കാണാവുന്ന ഓഷ്യാനിയയുടെ പ്രദേശം കഴിഞ്ഞു യൂറോപ്പിലെ കാഴ്ചകളിലേക്ക്. ഐഫൽ ടവര്‍, പിസായിലെ ചെരിഞ്ഞ ഗോപുരം, ഫ്രാൻസിലെ സെന്റ് മൈക്കൾ ആബി, ഇറ്റലിയിലെ കൊളോസിയം,ലണ്ടൻ ടവർ പാലം തുടങ്ങി 24 അദ്ഭുതങ്ങൾ ഇവിടെ അടുത്തടുത്തായുണ്ട്. പിരമിഡും കെനിയൻ നാഷനൽ പാർക്കും അടങ്ങുന്ന ആഫ്രിക്കൻ പ്രദേശം കഴിഞ്ഞാൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ കാഴ്ചകളായി. നയഗ്രാ വെള്ളച്ചാട്ടം, സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി എന്നിങ്ങനെ തുടരുന്ന കാഴ്ചകൾ. കച്ചവടങ്ങൾ ചൈനയ്ക്കു ഒഴിവാക്കാനാവില്ല. രാജ്യന്തര തെരുവുകളുടെ പകർപ്പുകളാണു അദ്ഭുതകാഴ്ചകളുടെ അവസാനഭാഗം.
നൈസര്‍ഗികതയോടെ പുനര്‍നിര്‍മാണം
കളിപ്പാട്ടവും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും കോപ്പിയടിക്കുന്ന ലാഘവത്തോടുള്ള പുനർനിർമാണമല്ല മറിച്ചു ഓരോ അദ്ഭുതകാഴ്ചകളും അതേപടി പുനർനിർമിച്ചിരിക്കുന്നു. താജ്മഹലിനു മുൻപിൽ നിന്നാൽ ‘ചൈനീസ്’ ആണെന്നെ തോന്നില്ല. യഥാർഥ ഇന്ത്യൻ താജ്മഹലിനോടു കിടപിടിക്കും. എല്ലാ കാഴ്ചകളും ഇങ്ങനെ തന്നെ. പകർപ്പുസാമഗ്രികൾ കയറ്റി അയച്ചു മാത്രമല്ല അദ്ഭുതപകർപ്പുകളെ കാണാൻ ആളുകളെ ആകർഷിച്ചു വരുത്തുകയാണു ചൈനയിപ്പോൾ. പാർക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദികളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിലുളള കലാരൂപങ്ങൾ അതേ തനിമയോടെ അവതരിപ്പിക്കുന്ന കലാസംഘങ്ങളും അദ്ഭുതം കൂട്ടും.
പാർക്കിനു നടുവിൽ തലയുയർത്തി നിൽക്കുന്ന ഐഫൽ ടവറിനു മുകളിലേക്കു ലിഫ്റ്റിനുമസമാനമായ കണ്ണാടിക്കൂട്ടിൽ ഉയർന്നുപോകാനാകും. ഏറ്റവും മുകളിലെത്തിയാൽ ഇൗ അദ്ഭുതകാഴ്ചകളുടെ ആകാശദൃശ്യം മറ്റൊരു അദ്ഭുതം വിരിയിക്കും. സായാഹ്നങ്ങളിൽ വൈദ്യുതദീപങ്ങളും ഫൗണ്ടനുകളും കൂടി ചേരുന്നതോടെ കാഴ്ച അതിമനോഹരമാകും. ഒരു ദിവസം മുഴുവൻ ഒരാൾക്കു യാത്ര ചെയ്തു കാണാനുള്ളത്ര ദൃശ്യങ്ങളാണ് ഇവിടെയുള്ളത്.
1993 ലാണു ഇൗ പാർക്ക് കാണികൾക്കായി തുറന്നത്. ചൈനയുടെ കറൻസിയായ 30 യുവാൻ നൽകിയാൽ ഒരാൾക്കു പ്രവേശനം ലഭിക്കും. പാർക്കിനുള്ളിൽകൂടി സഞ്ചരിക്കുന്നതിനു തയാറാക്കിയ പ്രത്യേക വാഹനങ്ങളുണ്ട്. ഇൗ വാഹനത്തിൽ കയറിയിരുന്നാൽ മതി. ഓരോ ഭൂഖണ്ഡങ്ങളിലൂടെ ഇൗ വാഹനം സഞ്ചരിക്കും. അദ്ഭുതകാഴ്ചകളുടെ അടുത്തെത്താം. കാണാനും ഫോട്ടോയെടുക്കാനും അൽപസമയം വാഹനം നിർത്തിത്തരുകയും ചെയ്യും.