കലിഫോർണിയ കാണാൻ പോകാം, കാലിയല്ലാത്ത പോക്കറ്റുമായി

ൈദവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും കലിഫോർണിയ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നു. അമേരിക്കയിൽ ഏറ്റവും അധികം ടൂറിസ്റ്റുകളെത്തുന്ന സംസ്ഥാനമാണ് കലിഫോർണിയ. ഹോളിവുഡും ഡിസ്നി ലാൻഡും ഓറഞ്ച് –മുന്തിരിത്തോപ്പുകളും വീഞ്ഞുൽപാദന കേന്ദ്രങ്ങളും കൂടാതെ കലയും സ്വാതന്ത്ര്യവും വിരിഞ്ഞുലയുന്ന തെരുവുകളും ഷോപ്പിങ് സ്വർഗങ്ങളും ഒക്കെ അമേരിക്കയുടെ ഈ പടിഞ്ഞാറൻ സംസ്ഥാനം സഞ്ചാരികൾക്കു മുന്നിൽ നിരത്തിവയ്ക്കുന്നു. കടലോരവും  മരുഭൂമിയും മഞ്ഞുതേച്ച മലത്തലപ്പുകളും പുല്ലുപാകിയ മലഞ്ചെരിവുകളും കുത്തനെയല്ലാതെ വളരാനറിയാത്ത കോണിഫർമര വനങ്ങളുമൊക്കെ ഇൗ നാടൊരുക്കുന്ന അനുഭവ വൈവിധ്യങ്ങൾ.  ആർഭാടത്തിന്റെ കൊടുമുടികൾ. ചെലവേറിയ സഞ്ചാരപഥങ്ങൾ.  

 പക്ഷേ ചെലവിന്റെ ആ കൊടുമുടികൾ കയറിയിറങ്ങിപ്പോരാൻ പറ്റുന്നവരായി ഇന്ത്യക്കാരെ കലിഫോർണിയ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണു വിളിക്കുന്നത് –വരിക വരിക! വിസിറ്റ് കലിഫോർണിയ!! visitcalifornia.com 

പുറത്തുനിന്നുള്ളവർക്കായി കലിഫോർണിയ ആദ്യമേ തുറന്നുവയ്ക്കുന്ന ഒരിടമാണ് ഹോളിവുഡ്. സിനിമയുടെ, ഗ്ലാമറിന്റെ, വിനോദ വ്യവസായത്തിന്റെ ലോക തലസ്ഥാനം. അക്കാദമി അവാർഡ് (ഓസ്ക്കർ) പ്രഖ്യാപനത്തിന്റെ സസ്പെൻസ് നിറച്ച് മിനി സ്ക്രീനിൽ നമ്മൾ കാണുന്ന ഡോൾബി തിയറ്റർ ദേ, ഹോളിവുഡ് ബുളിവാഡിന്റെ ഓരത്ത് അങ്ങനെ നിൽക്കുന്നു. റസൂൽ പൂക്കുട്ടിയൊക്കെ ഓസ്ക്കർ വാങ്ങിനിന്ന അതിന്റെ അരങ്ങ്.  3401 സീറ്റുകളുള്ള പെർഫോമൻസ് ഓഡിറ്റോറിയം. തിയറ്റർ ടൂർ വഴി ഡോൾബിയുടെ കൗതുകങ്ങൾ അടുത്തറിയാം. കുറെ അറിയാനുണ്ടവിടെ. ഡോൾബിയുടെ മുന്നിലൂടെയാണ് വോക്ക് ഓഫ് ഫെയിം. ഹോളിവുഡ് ബുളിവാഡിന്റെ (റോഡിന്റെ) ഇരുവശത്തുമുള്ള വീതിയേറിയ നടപ്പാത. വിനോദ വ്യവസായ മേഖലയിലെ താരങ്ങളുടെ പേരുകൾ നക്ഷത്രങ്ങളായി പതിച്ച ഈ നടപ്പാതകൾ ഏറെ സജീവം. ഹോളിവുഡ് കഥാപാത്രങ്ങൾ ബാറ്റ്മാനും സ്പൈഡർമാനുമൊക്കെ അവിടെ കറങ്ങി നടക്കുന്നു. ഒപ്പം നിന്നു നമുക്ക്  ഫോട്ടോയെടുക്കാം. ഹായ് പറഞ്ഞു സന്തോഷം പങ്കിടാം. പാടുന്നവർ, വരയ്ക്കുന്നവർ, കുട്ടിസർക്കസുകാർ, വളമാല വിൽപനക്കാർ. സുവിശേഷപ്രസംഗകർ– തെരുവ് സജീവം. 

യൂണിവേഴ്സൽ സ്റ്റുഡിയോ ഒരുക്കിത്തരുന്ന അഭൗമ സിനിമാബന്ധ അനുഭവങ്ങൾ, കൗബോയ് സിനിമകളിൽ കണ്ട മലനിരകളിലൂടെയുള്ള കുതിരസവാരി – ഹോളിവുഡ് ത്രില്ലടിപ്പിക്കും. 

യൂണിവേഴ്സൽ വളപ്പിൽ‌ വമ്പൻ ദിനോസറുകളെ കഴുത്തിൽ കയറിട്ടു പിടിച്ചു നടത്തിക്കാം. ജുറാസിക് പാർക്ക് റൈഡിലെ പുഴ സഞ്ചാരത്തിൽ അവയുമായി നേർക്കുനേർ വരാം. മറ്റൊരു റൈഡിൽ ഹാരിപോട്ടറുമൊത്ത് മാന്ത്രിക ലോകത്ത് പറന്നുനടക്കാം. അങ്ങനെ പലത്.  സ്റ്റുഡിയോ ടൂറിൽ പഴയ സിനിമകളുടെ സെറ്റുകളും രംഗങ്ങളും ഒത്താൽ സിനിമാ നിർമാണം തന്നെയും കാണാം. വലിയൊരു തീംപാർക്ക് കൂടിയാണല്ലോ യൂണിവേഴ്സൽ. 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ തീം പാർക്കുകളിലൊന്നും കലിഫോർണിയയ്ക്കു സ്വന്തം–‍ഡിസ്നി ലാൻഡ്. കാഴ്ചകൾ കണ്ടുള്ള ട്രെയിൻ യാത്രയും റൈഡുകളും ഡിസ്നി കഥാപാത്രങ്ങളുമായി കണ്ടുമുട്ടലും അവിടെ. ഒടുവിൽ മിക്കിയുടെ വീട്ടിലും കയറിയിറങ്ങി മിക്കി സിനിമയും കണ്ടു പോരാം. 

ഡിസ്നിലാൻഡിനും മുന്നേയുള്ള ഒരു തീംപാർക്കാണ് നോട്ട്സ് ബെറി ഫാം (Knott's Berry Farm). ഒന്നൊന്നര നൂറ്റാണ്ടു മുമ്പത്തെ അമേരിക്ക എന്തായിരുന്നു എന്നറിയാനും കൂടിയുള്ള ഒരു വേദി. പ്രേതനഗര  ആവിഷ്കാരവും (ഗോൾഡ് റഷ് കാലത്ത് ഖനി കേന്ദ്രീകരിച്ചുണ്ടാകുകയും പിന്നെ ആളൊഴിഞ്ഞു പോകുകയും ചെയ്ത പട്ടണങ്ങളാണ് ഗോസ്റ്റ് ടൗൺസ് എന്ന പ്രേതനഗരങ്ങൾ ) ഉഗ്രൻ റൈഡുകളും റോളർ സ്കേറ്ററുകളും സജീവമായ പഴയ സ്വർണഖനിയുടെ ആവിഷ്കാരവുമെല്ലാം കൊണ്ട് ആകർഷകമാണ് ബെറി ഫാം. ചരിത്രമേറെയുള്ള ഫ്രൈഡ് ചിക്കൻ ഡിന്നർ തനതു തീറ്റ വിഭവം. താൽപര്യഭേദം കൊണ്ട് ചിലർ ഡിസ്നിലാൻഡിനെക്കാൾ ബെറി ഫാം ഇഷ്ടപ്പെട്ടേക്കാം. 

കടലാണ് സാന്റിയാഗോയുടെ ആകർഷണം. മ്യൂസിയങ്ങളാണ് അതിന്റെ ഗരിമ. ബീച്ചുകളും വമ്പൻ‌ ബോട്ടുകളിലെ കടൽയാത്രയും (ക്രൂസ്) ഒക്കെയായ കടലനുഭവങ്ങൾ. പണിനിർത്തിയ യുദ്ധക്കപ്പൽ യുഎസ്എസ് മിഡ്​വേ അടക്കമുള്ള മ്യൂസിയങ്ങൾ. മ്യൂസിയം ഒന്നും രണ്ടുമല്ല 46 എണ്ണമുണ്ട് സാന്റിയോഗോയിൽ. മൃഗശാല പ്രസിദ്ധം. ഒരു ന്യൂജെൻ തീംപാർക്കുമുണ്ട് – ലീഗോലാൻഡ്. 

വയനാടൻ ചുരം കടയറിപ്പോകുന്നതിനു സമാനമായൊരനുഭവമാണ് ബിഗ് ബെയറിലേക്കുള്ള യാത്ര. പൊതുവേ ചൂട് കാലാവസ്ഥയുള്ള കലിഫോർണിയയിലെ ഒരു തണുപ്പുകേന്ദ്രം. ബിഗ് ബെയർ എന്നാൽ ‘വൻ കരടി’ തന്നെ. മലമുകളിലെ തടാകത്തിനു ചുറ്റുമുള്ള കാട്ടിൽ സാധാരണയിലും വലിപ്പമുള്ള കരടികൾ ഉണ്ടായിരുന്നത്രേ. തടാകത്തെ അതുകൊണ്ടു ‘ബിഗ് ബെയർ ലെയ്ക്ക്’ എന്നു വിളിച്ചു. പിന്നെ സ്ഥലം തന്നെ ബിഗ് ബെയർ ആയി. കലിഫോർണിയയിൽ പതിവില്ലാത്ത മഞ്ഞുവീഴ്ചയുള്ള ഇൗ മലനിരകൾ സ്കീയിങ്ങിനു പ്രസിദ്ധം. സ്നോ തനിയെ വന്നില്ലെങ്കിൽ കൃത്രിമമായി സൃഷ്ടിച്ചു മലഞ്ചെരിവുകളെ മഞ്ഞുപുതപ്പിച്ചു സ്കീയിങ് നടത്തും. സ്കീയിങ് പഠിപ്പിച്ചുതരികയും ചെയ്യും. ഒരഞ്ചു ക്ലാസു കൊണ്ട് ആർക്കും സ്കീയിങ് നടത്താമെന്നു പരിശീലകർ പറയുന്നു. ഒരു ക്ലാസിനേ സമയം കിട്ടിയുള്ളൂ. അഞ്ചുതവണ തെന്നി നീങ്ങി. അഞ്ചുതവണയും മലർന്നടിച്ചു വീണു. ഒന്നും പറ്റില്ല എന്നത് ആശ്വാസം.  പഠിച്ചില്ലെങ്കിലും സ്കീയിങ് എങ്ങനെ ചെയ്യണമെന്ന് ആർക്കും പറഞ്ഞുകൊടുക്കാവുന്ന അവസ്ഥയിലെത്തും നമ്മൾ; അത്ര ഭംഗിയായി കാര്യങ്ങൾ പറഞ്ഞുതരും പരിശീലകർ. 

ശേഷം സാഹസിക ടൂറിസത്തിൽ കാട്ടിലൂടെ ഓഫ് റോഡ് ജീപ്പ് ബൈക്ക് യാത്രകളുമുണ്ട്. ആ പോക്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് സ്വർണം തേടി യൂറോപ്യൻമാർ തുരന്നുപോയ ഖനികളുടെ ചില മുഖപ്പുരകളും കാട്ടിൽ കാണാം. ഇറങ്ങാൻ പറ്റില്ല. ചത്തുപോകും. ആകെ വിഷ വായുവാണ്. 

അംബരചുംബികളൊന്നുമില്ല ബിഗ് ബെയറിൽ. 65,000 മാത്രം ജനസംഖ്യയുള്ള പട്ടണത്തിൽ അരുമ തോന്നിക്കുന്ന കൊച്ചു വീടുകളാണെല്ലാം. കൂടുതലും തടികൊണ്ടുണ്ടാക്കിയവ. ക്രിസ്മസ് കാർഡിലൊക്കെ കാണുംപോലുള്ളവ. കരടികളായി കാണാനുള്ളത് ഉണ്ടാക്കിവച്ചവയെ  മാത്രം. 

കേരളത്തിൽനിന്നു പോകുന്നവർക്കു പറ്റിയ കാലാവസ്ഥയാണു കലിഫോർണിയയിൽ. അമേരിക്കയെക്കുറച്ചു കേൾക്കുമ്പോഴേ ഓ്ഡമ വരുന്ന തണുപ്പ് ഇവിടെ തീരെയില്ല. ആണ്ടിൽ 320 ദിവസവും വെയിലുണ്ട് എന്നതാണു സിനിമാ വ്യവസായം അമേരിക്കയുടെ ഇതരഭാഗങ്ങളെ വിട്ടു കലിഫോർണിയയിലെ ഹോളിവുഡിൽ തമ്പടിക്കാൻ കാരണം. സിനിമ ഒൗട്ട് ഡോറിൽ സൂര്യവെളിച്ചത്തിൽ മാത്രം ചിത്രീകരിക്കേണ്ടിയിരുന്ന പഴയ കാലത്ത് ഒഴുക്കുമുറിയാത്ത ഇൗ സൂര്യവെളിച്ചം സിനിമാക്കാരെ അങ്ങോട്ടു വിളിച്ചു. കലിഫോർണിയയുടെ കഥാകാരൻ ജോൺ സ്റ്റീൻബെക്കിന്റെ ‘ഗ്രെയ്പ്സ് ഓഫ് റാത്ത്’ നോവൽ തുടങ്ങുമ്പോൾ തന്നെ ഒക്​ലഹോമയിൽനിന്നു കലിഫോർണിയയിലേക്കു കുടിയേറാനൊരുങ്ങുന്ന കുടുംബത്തിലെ സർവംസഹയായ അമ്മ ഏറെ പ്രതീക്ഷയോടെ പറയുന്നതു തന്നെ ‘‘അവിടെ തണുപ്പില്ലല്ലോ’’ എന്നാണ്. (ഇപ്പോഴതു നന്നായി മനസ്സിലായി). 

കാഴ്ച കാണൽ മാത്രമല്ല ഇവിടൊക്കെ പോയാൽ ചില നല്ല കാര്യങ്ങളും പഠിക്കാം. ഇരുപതും ഇരുപത്തിനാലും വരെ ലെയ്നുകളുള്ളതു മുതൽ രണ്ടുവരിപ്പാതയടക്കം റോഡുകളിലെ ട്രാഫിക് അച്ചടക്കം. മനുഷ്യൻ പെരുമാറുന്നിടത്തൊക്കെ, ഓരോ അൻപതു മീറ്ററിലും എന്നു പോലും പറയാം – ഉള്ള വൃത്തിയുള്ള റെസ്റ്റ് റൂമുകൾ (ടോയ്​ലെറ്റ്), ഒരിടത്തും തെറ്റാത്ത ക്യൂ. അന്യനോ അപരിചിതനോ ഒക്കെ ആയ ആളോടുമുള്ള പെരുമാറ്റ മര്യാദ. ദേഷ്യം മറക്കൽ അങ്ങനെ ചിലത്. 

ലിഫ്റ്റിൽ വന്നിറങ്ങുന്നവർ കയറാനോടിവരുന്നവർക്കായി തിരിഞ്ഞുപോയി വാതിൽ അടയാതെ നിർത്തുന്ന മര്യാദയൊന്നും നമുക്കിവിടെ പ്രതീക്ഷിക്കാറായിട്ടില്ലല്ലോ. അവൻ കുറച്ചവിടെ നിൽക്കട്ടെ എന്ന  മനസ്സിലിരിപ്പ് നമുക്ക് പോയിട്ടില്ല. 

മറ്റൊരു രംഗം. കലിഫോർണിയയിൽ എത്തിയതു മുതൽ ഞങ്ങൾ അഞ്ചംഗ ഇന്ത്യൻ പത്ര സംഘത്തിന്റെ ഡ്രൈവർ ആണ് സണ്ണി മായ്. വിയറ്റ്നാമിൽനിന്നെത്തിയ അഭയാർഥി അമേരിക്കൻ‌. താമസിച്ച ഹോട്ടലിൽനിന്നു പുറത്തു  പോകാൻ പിന്നിലേക്കും ഒരു വഴിയുണ്ട്. പലതവണ പോയത് അതുവഴിയാണ്. ഒടുവിൽ ഒരു ദിവസം ആഫ്രിക്കൻ അമേരിക്കൻ ആയ ഒരു െസക്യൂരിറ്റിക്കാരൻ തടഞ്ഞു. ഇൗ വഴി പോകാൻ പറ്റില്ല. 

സണ്ണിക്കു ദേഷ്യം വന്നു. ‘‘ഇപ്പോഴെന്താ ഇങ്ങനെ, കഴിഞ്ഞ ഒരാഴ്ചയായി ഞാൻ പലതവണ ഇൗ വഴി തന്നെയാണു പോയത്. 

‘‘ഐ ഡോണ്ട് ബിലീവ് യൂ’’.   സെക്യൂരിറ്റിയും ഇഞ്ചിനു പിന്നോട്ടില്ല. 

സണ്ണി വണ്ടി നിർത്തിയിട്ടു പുറത്തിറങ്ങി. 

‘‘തന്റെ മേലുദ്യോഗസ്ഥനെ വിളിക്ക്’’. 

തർക്കത്തിനൊടുവിൽ സെക്യൂരിറ്റി ചീഫ് വന്നു. എല്ലാം കേട്ടു സംഗതി ‘കോംപ്ലിമെന്റ്സാക്കി’. സണ്ണിക്ക് ആ വഴി തന്നെ പോകാം. കാർ അനങ്ങിത്തുടങ്ങിയതും ഉടക്കിയ സെക്യൂരിറ്റിക്കാരൻ ഉച്ചത്തിൽ പറഞ്ഞു: ‘അയാം സോറി’. സണ്ണി വണ്ടി ചവിട്ടി ഗ്ളാസ് താഴ്ത്തി: ‘..റ്റ്സ് ഓൾറൈറ്റ് . ഹാവ് എ നൈസ് ഡേ’. 

– നമുക്കിവിടെ ഒരു വഴക്ക് ഇങ്ങനെ തീരുമോ? 

യാത്രകൾ മാറ്റത്തിലേക്കു കൂടിയുള്ള വഴികളാണ്. ആ യാത്രകളിലേക്കാണു കലിഫോർണിയ ഇന്ത്യക്കാരെയും വിളിക്കുന്നത്. ഉച്ചത്തിൽ തുമ്മുക, ഉറക്കെ വർത്തമാനം പറയുക തുടങ്ങിയ കുഴപ്പങ്ങളൊക്കെ ഇന്ത്യൻ ടൂറിസ്റ്റുകളെക്കുറിച്ചു പറയാനുണ്ടെങ്കിലും (അതറിയാൻ നെറ്റിൽ തപ്പിയാൽ മതി) അമേരിക്കയും അറിയുന്നു യാത്രയ്ക്ക് ഇന്ത്യക്കാരും പണമെറിയുന്നുണ്ട്. ഡ്രൈവർ സണ്ണിയുടെ വാക്കുകൾ: ‘ഇന്ത്യൻസ് ആർ ഗുഡ്; റിച്ച്. ബെംഗളൂരുവിൽനിന്ന് ഒരു ബിസിനസുകാരൻ മക്കളും കൊച്ചുമക്കളുമൊക്കെയായി ഈയിടെ വന്നു.  തന്ന ടിപ്പ് നാനൂറു ഡോളർ. എനിക്കു കിട്ടിയതിൽ ഏറ്റവും വലിയ ടിപ്പ്’’. 

ഡിമോണിറ്റൈസേഷന്റെയും ജിഎസ്ടിയുടെയും അപഹാരമൊക്കെ കഴിഞ്ഞാൽ‌ ഇന്ത്യയിൽ നിന്നു കൂടുതൽ‌ ആളെത്തുമെന്നു പ്രതീക്ഷിക്കുന്നു കലിഫോർണിയ. കേരളത്തിൽ നിന്നും.

∙ ഫാക്ട് ബോക്സ്

ഇന്ത്യൻ ടൂറിസ്റ്റുകൾ;

കലിഫോർണിയയുടെ പ്രതീക്ഷ

2016 ൽ കലിഫോർണിയയിലെത്തിയ ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണം 3.19 ലക്ഷം.   2021 ൽ പ്രതീക്ഷിക്കുന്നത് 4.49 ലക്ഷം. 

2016 ൽ ഇന്ത്യൻ ടൂറിസ്റ്റുകൾ കലിഫോർണിയയിൽ ചെലവിട്ട പണം 70.6 കോടി ഡോളർ. 2021 ൽ ചെലവിടുമെന്നു പ്രതീക്ഷിക്കുന്നത് 104 കോടി ഡോളർ.