2018 ജനുവരിയിലാണ് മൂന്നു കൂട്ടുകാരും ഒന്നിച്ച് സ്കാൻഡിനേവിയ ഭാഗത്തെ, ആർട്ടിക് സർക്കിൾ യാത്ര പോയത്. ആ യാത്രയിൽ ഫിൻലാൻഡിന്റെ വടക്കു ഭാഗത്തുള്ള ലാപ്പ്ലാൻഡിലെ കുറെ സ്ഥലങ്ങൾ സന്ദർശിക്കുകയുണ്ടായി. ആ യാത്രയുടെ ഭാഗമായിട്ടാണ്, കുട്ടിക്കാലത്തെ കൗതുകമായിരുന്ന ഫെയറി ടെയിൽ കഥകളിലൂടെ കണ്ടിരുന്ന ഹസ്ക്കി നായകൾ വലിക്കുന്ന വണ്ടിയിൽ സഞ്ചരിക്കാൻ സാധിച്ചത്.
ഞങ്ങൾ താമസിച്ചിരുന്ന ലാപ്പ് ലാൻഡിലെ ‘‘ലെവി’’ എന്ന സ്ഥലത്തു നിന്നും ഏകദേശം അരമണിക്കൂർ വണ്ടി ഓടിച്ചു പോകാവുന്ന ദൂരത്തിലാണ് ‘‘ലെവി ഹസ്ക്കി പാർക്ക്’’, ലാപ്പ് ലാൻഡിലെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഹസ്ക്കി സഫാരികൾ ഉണ്ടെങ്കിലും. കൂടുതൽ ഉൾപ്രദേശത്തു കുറച്ചുകൂടെ കാടും മഞ്ഞുമുള്ള സ്ഥലത്തു വേണം എന്ന് താരുമാനിച്ചുകൊണ്ടാണ് ഇവിടെ ഹസ്ക്കി റൈഡിനായി തിരഞ്ഞെടുത്തത്.
മാത്രമല്ല ബാക്കിയുള്ള സ്ഥലങ്ങളിൽ, മൂന്നോ നാലോ നായകൾ വണ്ടി വലിക്കുമ്പോൾ, അവിടെ പത്തിലധികം നായകളാണ് ഒരു വണ്ടി വലിക്കുവാനുള്ളത്.
ലാപ്പ് ലാൻഡിലെ മൈനസ് 25 നു മുകളിലുള്ള തണുപ്പിൽ, വീടുകളോ, ആൾപെരുമാറ്റമോ ഇല്ലാത്ത, മഞ്ഞു മൂടിക്കിടക്കുന്ന വഴികളിലൂടെ വണ്ടി ഓടിച്ചുകൊണ്ടു ഞങ്ങൾ കൃത്യ സമയത്തു ലെവി ഹസ്ക്കി പാർക്കിൽ എത്തി. അവിടെ എത്തുമ്പോൾ ഞങ്ങളെ കൂടാതെ പത്തു പന്ത്രണ്ടുപേരുടെ വേറെ ഒരു ഗ്രൂപ്പും ഉണ്ടായിരുന്നു. ലെവി ടൗണിൽ ഉള്ള ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ നിന്നാണ് ഇവിടേക്കുള്ള ടൂർ എടുക്കുന്നത്. ഒരു ആൾക്ക് രണ്ടു കിലോമീറ്റർ ദൂരം റൈഡ് ചെയ്യാൻ 60 EUR ആണ് ചാർജ്.
ഹസ്ക്കി പാർക്കിന്റെ വാതിൽ തുറന്ന് ഉള്ളിലോട്ടു ചെല്ലുമ്പോൾ, വരുന്ന ആളുകളെ സ്വീകരിക്കാൻ ഗെയ്ഡിനൊപ്പം നിൽക്കുന്നത് ഒരു കൊച്ചു ക്യൂട്ട് പ്രോമറേനിയൻ വിഭാഗത്തിൽ പെടുന്ന നായ ആണ്. അവൾ വരുന്ന എല്ലാവരുടെ അടുത്ത് ചെന്ന് വാലാട്ടി മണം പിടിച്ചുകൊണ്ടും ചാടികയറിയും എല്ലാവരുടെയും കൂട്ടുകാരാവുന്നുണ്ട്. ആദ്യം തന്നെ ഗെയ്ഡ് ഞങ്ങളെ അവിടുത്തെ ചില മൃഗങ്ങളെ പരിചയപ്പെടുത്തുവാൻ കൊണ്ടുപോയി.
നാല് ചെന്നായ്ക്കൾ, ഒരു ആർട്ടിക് കുറുക്കൻ പിന്നെ നാൽപതോളം സൈബീരിയൻ നായകളും ഉണ്ട്. കൂടാതെ, എല്ലാവരുമായിട്ടും ഇണങ്ങുന്ന വലിയ കൊമ്പുകളുള്ള, നല്ല വെളുത്ത നിറമുള്ള ഒരു റെയിൻ ഡിയരും ഉണ്ട്. ഈ മൃഗങ്ങളുടെ പ്രത്യേകതകളെപ്പറ്റി ഗെയ്ഡ് വാ തോരാതെ വിശദീകരിച്ചു.
ഞങ്ങൾ കാത്തിരിക്കുന്ന ഹസ്ക്കി സഫാരിക്ക് സമയമായി. പുറകിൽ കാടിനോട് ചേർന്ന സ്ഥലത്തു ഹസ്ക്കി വണ്ടികൾ റെഡിയാക്കി നിർത്തിയിരിക്കുന്നു. ഒരു വണ്ടി വലിക്കാൻ പതിനാലോളം നായകൾ. അതിൽ പലതും ഓടാൻ റെഡിയായി കുരച്ചുകൊണ്ടു ചാടി ചാടി ആണ് നിൽക്കുന്നത്. നായകളുടെ ശക്തിയിൽ വണ്ടി നീങ്ങി പോകാതിരിക്കാൻ ഇരുമ്പിന്റെ ഒരു ആങ്കർ (നകൂരം) തറയിൽ ഇട്ടു ചവിട്ടിപ്പിടിച്ചിട്ടുണ്ട്. ഒരു വണ്ടിയിൽ രണ്ടുപേർക്കു യാത്ര ചെയ്യാം. റെയിൻഡിയർ തൊലിയിൽ ഉണ്ടാക്കിയ ഇരിപ്പിടമാണ് വണ്ടിയുടെ ഉള്ളിൽ. കാലു നീട്ടി തറയുടെ അതേ നിരപ്പിനലാണ് ഇരിക്കുന്നത്. കൂടാതെ തണുപ്പ് അടിച്ചു കയറാതിരിക്കാൻ നല്ല കട്ടിയുള്ള ഒരു പുതപ്പും നമ്മുടെ മുകളിലൂടെ ഇട്ടു തരും.
കയറി ഇരുന്നു എല്ലാം സെറ്റായി കഴിഞ്ഞാൽ വണ്ടി ഓടിക്കുന്ന ആൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ആങ്കർ കാലുകൊണ്ട് തട്ടി മാറ്റും. എന്നിട്ടു ഒരു വിസിലും അടിക്കും. ഹോ.. പിന്നെ ഒന്നും പറയണ്ട. ആളുടെ വിസിലടി കേട്ടതും, പട്ടികളെല്ലാം കുതിച്ചു ചാടി ഒരു ഓട്ടമാണ്. വണ്ടിയിൽ ഇരിക്കുന്ന ഞങ്ങൾക്ക് വിമാനത്തിൽ ടേക്ക് ഓഫ് ചെയ്യുന്ന സമയത്തു വണ്ടി എടുക്കുന്ന പോലെയാണ് തോന്നിയത്. വിചാരിച്ച പോലെ അല്ല. സൂപ്പർ ഫാസ്റ്റായാണ് നായകൾ ഓടുന്നത്.
വണ്ടി കാട്ടിലെ ഇടവഴികളിലൂടെ മഞ്ഞിൽ അതിവേഗം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഓടിയോടി തണുത്തുറഞ്ഞു കിടക്കുന്ന നദിയുടെ അരികിൽ എത്തി. ഞങ്ങടെ വണ്ടി വളരെ വേഗത്തിൽ ഓടി, തൊട്ടു മുന്നിലെ വണ്ടിയുടെ അടുത്ത് എത്തിയതിനാൽ, ഞങ്ങളുടെ വണ്ടിക്കാരൻ രണ്ടു മിനിട്ടു വണ്ടിയൊന്നു നിർത്തി. എന്നാൽ നായകൾ നിൽക്കാൻ ഒരുക്കമല്ല. അവർ ഉറക്കെ കുരച്ചുകൊണ്ട് ചാടി ചാടി നിൽക്കുകയാണ്. വണ്ടിക്കാരന്റെ സിഗ്നൽ കിട്ടിയതും, വീണ്ടും കുതിച്ചു ചാടി ഓട്ടം തുടങ്ങി. ശരിക്കും ഏതോ മായാജാല കഥകളിൽ കണ്ടിട്ടുള്ളപോലെ ഒരു മനോഹരമായ അനുഭവമായിരുന്നു.
എന്റെ പക്കലുണ്ടായിരുന്ന ഷവോമി Mijia 360 ഡിഗ്രി ക്യാമറയിൽ വിഡിയോ ഷൂട്ടു ചെയ്യുന്നുണ്ടായിന്നു. ജീവിതത്തിൽ അപൂർവം മാത്രം കിട്ടുന്ന അവസരത്തെ 360ൽ കാണണമെന്നായിരുന്നു ആഗ്രഹം. വിആറിൽ കണ്ട് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവം ആസ്വദിക്കാം. റൈഡ് കഴിഞ്ഞു തിരിച്ചു വന്ന ഞങ്ങൾക്ക് വീണ്ടും ഒന്നുകൂടെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ, വേറെയും ആളുകൾ ഇതിൽ കയറാൻ നിക്കുന്നതുകൊണ്ടും, മൂന്നു മണിയോടു കൂടി ഇരുട്ടു വീഴുന്നതു കൊണ്ടും അത് നടന്നില്ല.
ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ മിസ് ചെയ്യാൻ പാടില്ലാത്ത ഒന്നായിട്ടാണ് ഈ ഹസ്ക്കി സഫാരിയെ ഞാൻ കാണുന്നത്. ഈ എട്ട് മിനിറ്റ് റൈഡ്, ഞങ്ങൾക്ക് തന്നത് അമ്പതു വർഷം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഓർമയാണ്.