പ്രകൃതി വരച്ചു വച്ച ഈ അഴകു കണ്ടാൽ മനസ്സ് താനെ ഉണരും...അഴകിൽ മുങ്ങിയ ആനന്ദം... 'കാതലർദിന 'ത്തിലെ 'എന്ന വിലൈയഴകേ' എന്ന മനോഹര ഗാനം ചിത്രീകരിച്ച ഓസ്ട്രേലിയയിലെ മെൽബണിലെ ടൊൽവ് അപ്പോസില്‍സിലെ സുന്ദരകാഴ്ചകളിലെത്തിയ സന്തോഷത്തിലാണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 'എന്ന വിലൈയഴകേ ഗാനം ആലപിച്ച് മെൽബണിലെ കാഴ്ചകളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.
ഓസ്ട്രേലിയയിലെ വിക്റ്റോറിയ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ പോർട്ട് കാംപ്ബെൽ നാഷനൽ പാർക്കിൻെറ തീരപ്രദേശത്തുള്ള മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനിൽ ഒന്നാണ് Twelve Apostles. ചുണ്ണാമ്പുകല്ലിന്റെ ശേഖരം നിറഞ്ഞ പ്രദേശം കൂടിയാണിവിടം. ഓസ്ട്രേലിയയില്‍ എത്തുന്ന സഞ്ചാരികൾക്ക് കാണാൻ കൊതിക്കുന്ന കാഴ്ചകളാണ് ഇൗ പ്രദേശം ഒരുക്കുന്നത്. ഒൻപതു ശിലാസ്തൂപങ്ങള്‍ നിറഞ്ഞ ഇവിടെ നിന്നും 2005 ൽ ഒരെണ്ണം നശിച്ചുപോയെങ്കിലും ബാക്കി എട്ട് ശിലാസ്തൂപങ്ങളുടെ സൗന്ദര്യം നിറഞ്ഞ ടൊൽവ് അപ്പോസില്‍സിലെ കാഴ്ചകൾ തേടി നിരവധി സഞ്ചാരികൾ എത്താറുണ്ട്.
ഇൗ സൗന്ദര്യത്തിന് മാറ്റ്കൂട്ടുന്ന ഇൗപ്രദേശം ചില സിനിമകളുടെ ലൊക്കോഷൻ കൂടിയാണ്. സിനിമകളിലൂടെ കണ്ട കാഴ്ചകൾ നേരിട്ട് ആസ്വദിക്കാനായി എത്തുന്നവരും കുറവല്ല. ഏതൊരു സഞ്ചാരിക്കും വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കുന്ന ഡെസ്റ്റിനേഷനാണ് ഒാസ്ട്രേലിയ. ഓസ്‌ട്രേലിയയിലെ മെൽബണിലേക്കുള്ള യാത്രയിൽ ഒരുപാട് മികച്ച അനുഭവങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
മെൽബണിലെ ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെയുള്ള യാത്രയും അവിടുത്തെ കാഴ്ചകളും ആരെയും ആകർഷിക്കും. ഓസ്‌ട്രേലിയയിലെ ഏറ്റവും മനോഹരമായ തീരദേശങ്ങളുടെയും മഴക്കാടുകളുടെയും മോഹിപ്പിക്കുന്ന ഭംഗി ആസ്വദിക്കാൻ തീർച്ചയായും പറക്കണം ഓസ്‌ട്രേലിയയിലേക്ക്. മെൽബണിലെ Twelve Apostles ലെ കാഴ്ചകളിൽ മതിമറന്ന് ആനന്ദലഹരിയിലാണ് മഞ്ജു വാര്യർ.