കാത്തിരിപ്പിന്റെ ദുഃഖവുമായി മല്‍സ്യകന്യക

1denmark-trp
SHARE

തിരികെ വരുന്ന ഓരോ തിരയിലും ആരെയോ തിരയുകയാണു ലിറ്റിൽ മെർമെയ്ഡിന്റെ ജീവൻ തുടിക്കുന്ന കണ്ണുകൾ. ഒഴിഞ്ഞ കൈകളുമായി ഓരോ തിരകൾ അകന്നുപോകുമ്പോഴും മെർമെയ്ഡിന്റെ കണ്ണുകളിൽ കാണാം നിരാശയുടെ ഓളങ്ങൾ. എം.ടി.വാസുദേവൻനായരുടെ‘ മഞ്ഞിലെ’ വിമലയെപ്പോലെ ഇതാ ഇവിടെയൊരാൾ ഒരു നൂറ്റാണ്ടായി കാത്തിരിക്കുന്നു. ഇതു നൈനിറ്റാളല്ല. അങ്ങു ദൂരെ ഡെൻമാർക്. കാത്തിരിപ്പിന്റെ ദുഃഖം ഘനീഭവിച്ച ശിൽപമായി ലിറ്റിൽ മെർമെയ്ഡ് എന്ന മൽസ്യകന്യക.

ഒരു പെൺകുട്ടിയുടെ മുഖവും മറ്റൊരു പെൺകുട്ടിയുടെ ഉടലും മൽസ്യത്തിന്റെ വാലുമായി ഡെൻമാർക്കിലെ ലിറ്റിൽ മെർമെയ്ഡ് ശിൽപം സഞ്ചാരികളുടെ മനസ്സിൽ ആഞ്ഞുകൊത്തുന്നു. കോപ്പൻഹേഗനിലെ തുറമുഖത്ത് വലിയൊരു പാറക്കല്ലിൽ കടലിലേക്കു കണ്ണുനട്ടിരിക്കുന്ന ഈ വിഷാദ രൂപം സ്ഥാപിച്ചിട്ട് ഓഗസ്റ്റ് 23ന് 105 വർഷം തികയുന്നു. പ്രതികാരത്തിന്റെയും പ്രതിഷേധത്തിന്റെയും തീപ്പൊള്ളലുകൾക്കു നടുവിലാണു ലിറ്റിൽമെർമെയ്ഡ് മൂകസാക്ഷിയായി നിൽക്കുന്നത്. തല കൊയ്തും കൈ വെട്ടിയും കരി ഓയിൽ കോരിയൊഴിച്ചും ഈ പ്രതിമയ്ക്കു നേരെ നടന്ന അക്രമങ്ങൾ ഒട്ടേറെ. എന്നിട്ടും ഓരോവട്ടവും കണ്ണുകളിൽ കൂടുതൽ പ്രതീക്ഷ നിറച്ച് ആ മൽസ്യകന്യക കാത്തിരിക്കുന്നു. ഒരിക്കൽ തന്നെ മറന്നുപോയ ആ രാജകുമാരൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ.

denmark-trp4

ലോകമെങ്ങുമുള്ള കുട്ടികളുടെ നെഞ്ചിൽ വേദനയുടെ നീർത്തുള്ളിയായി പടർന്ന ലിറ്റിൽ മെർമെയ്ഡ് എന്ന പുസ്തകം 1836ലാണ് ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൻ രചിക്കുന്നത്. ഡെൻമാർക്കിൽ അന്നു പ്രചാരത്തിലിരുന്ന നാടൻപാട്ടുകളിൽനിന്നാണു മെർമെയ്ഡ് എന്ന മൽസ്യകന്യകയെ ആൻഡേഴ്സൻ സൃഷ്ടിച്ചത്. പുസ്തകം രചിച്ച് 77 വർഷങ്ങൾക്കുശേഷം കോപ്പൻഹേഗനിലെ ആൻഡേഴ്സന്റെ ജന്മഗൃഹത്തിനു തൊട്ടടുത്താണു മെർമെയ്ഡ് ശിൽപം സ്ഥാപിച്ചത്. ന്യൂയോർക്കിനു സ്റ്റാച്യു ഓഫ് ലിബർട്ടിപോലെ, റിയോ ഡി ജനീറോയ്ക്ക് ക്രൈസ്റ്റ് ദ് റിഡിമീർ പ്രതിമപോലെ ..ഡെൻമാർക്കിന്റെ അഭിമാനസ്തംഭമാണ് മെർമെയ്ഡ്.

അഴകിൽ പാതി...

ലിറ്റിൽ മെർമെയ്ഡിന്റെ കഥ വായിച്ചു വളർന്ന കാൾ ജേക്കബ്സൺ ആണ് മെർമെയ്ഡ് ശിൽപം നിർമിക്കാൻ തീരുമാനിച്ചത്. കാൽമുട്ടിനു മുകളിൽവരെ മനുഷ്യരൂപവും കാലുകൾക്കു പകരം മൽസ്യരൂപവുമുള്ള പെൺകുട്ടിക്കു മോഡലാകാൻ അന്നത്തെ പ്രശസ്ത ബാലെ നർത്തകി എലൻ പ്രൈസിനെയാണു ക്ഷണിച്ചത്. എഡ്വേർഡ് എറിക്സനായിരുന്നു ശിൽപി. പക്ഷേ നഗ്നയായി പോസ് ചെയ്യാൻ എലൻ പ്രൈസ് വിസമ്മതിച്ചതോടെ അവരുടെ മുഖം മാത്രമേ ശിൽപത്തിൽ കൊത്തിയുള്ളൂ. ശിൽപിയുടെ ഭാര്യ എലൈൻ എറിക്സന്റെ രൂപമാണ് നഗ്ന ഉടലായി ചിത്രീകരിച്ചത്. അങ്ങനെ ഒരു പെൺകുട്ടിയുടെ തലയും മറ്റൊരു പെൺകുട്ടിയുടെ ഉടലും മൽസ്യത്തിന്റെ വാലുമായി 1913 ഓഗസ്റ്റ് 23ന് മെർമെയ്ഡ് പിറന്നു. വെങ്കലത്തിൽ തീർത്ത ശിൽപത്തിന് ഒന്നേകാൽ മീറ്റർ ഉയരവും 175 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു.

കോപ്പൻഹേഗനിലെ ലാൻജെലിനി തുറമുഖത്ത് കടലിലേക്കു നോക്കിയിരിക്കുന്ന ദുഃഖപുത്രിയായാണു ശിൽപം പ്രതിഷ്ഠിച്ചത്. 2010ൽ ഷാങ്ഹായിൽ നടന്ന എക്സ്പോയിൽ ഡാനിഷ് പവിലിയനിൽ സ്ഥാപിക്കാനായി പ്രതിമ കൊണ്ടുപോയിരുന്നു. തിരിച്ചെത്തിച്ച മെർമെയ്ഡിനെ പിന്നീട് ഇളക്കിമാറ്റിയിട്ടില്ല. ആളുകൾ കയറുന്നത് ഒഴിവാക്കാനായി ആദ്യം വെള്ളത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. 2014ൽ ഇത് കരയ്ക്ക് അടുപ്പിച്ചു. അങ്ങനെ ചുറ്റും സെൽഫിയെടുക്കുന്ന ആൾക്കൂട്ടത്തിനിടയിലും എന്നും തനിച്ചിരിക്കുന്നു ഈ ദുഃഖപുത്രി.

പരാക്രമം പ്രതിമയോട്

പ്രതിഷേധങ്ങൾക്കും പ്രതികാരങ്ങൾക്കും സ്ഥിരം ഇരയായിരുന്നു മെർമെയ്ഡ് ശിൽപം. ഏതു വിഷയത്തിലുള്ള പ്രതിഷേധവും മെർമെയ്ഡിനു മേൽ തീർക്കുന്നതായിരുന്നു ഒരുകാലത്തെ രീതി. 1964ൽ പ്രതിമയുടെ തല വെട്ടിയാണു സിറ്റുവേഷനിസ്റ്റ് മൂവ്മെന്റ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. ഈ തല പിന്നീടു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് അതേരൂപത്തിലൊരു തല പ്രതിമയ്ക്കു നിർമിച്ചുനൽകുകയായിരുന്നു. 1990ലും തല വെട്ടിമാറ്റാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കഴുത്തിൽ 18 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ് അവശേഷിച്ചെങ്കിലും ‘വധ’ശ്രമത്തെ അതിജീവിച്ചു. 1998ലായിരുന്നു അടുത്ത തലവെട്ടൽ. രണ്ടുദിവസത്തിനുശേഷം തല അടുത്തുള്ള ടെലിവിഷൻ സ്റ്റേഷനിൽ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. 2003 സെപ്റ്റംബർ പത്തിനായിരുന്നു ഏറ്റവും വലിയ ക്രൂരത.

2denmark-trp

പ്രതിമയുടെ ചുവടുഭാഗം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു തകർത്തു. പിന്നീട് തുറമുഖത്തെ വെള്ളത്തിൽ കണ്ടെത്തിയ പ്രതിമയുടെ കാൽപാദവും കൈപ്പത്തിയും തകർന്നിരുന്നു. 1984ൽ രണ്ടു യുവാക്കൾ പ്രതിമയുടെ വലതു കൈ വെട്ടിമാറ്റി. പക്ഷേ രണ്ടുദിവസത്തിനകം അത് അവിടെത്തന്നെ കണ്ടെത്തി. 2004ൽ മൽസ്യകന്യക ബുർഖയണിഞ്ഞു കാണപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ ചേരാൻ തുർക്കി അപേക്ഷ നൽകിയതിലുള്ള പ്രതിഷേധമായിരുന്നു ഇത്. 2007 മേയിലും ബുർഖ അണിയിച്ചു പ്രതിഷേധം നടന്നു.

ലിറ്റിൽ മെർമെയ്ഡ്

കുട്ടിക്കഥകൾക്കെല്ലാം ഒടുവിൽ രാജകുമാരൻ രാജകുമാരിയെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുമ്പോൾ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ മൽസ്യകന്യക സഫലമാകാത്ത പ്രണയത്തിന്റെ പ്രതീകമാണ്, ത്യാഗത്തിന്റെയും. കപ്പലപകടത്തിൽനിന്നു രക്ഷിച്ച രാജകുമാരനെ പ്രണയിച്ചു മനുഷ്യസ്ത്രീയാകാൻ ആഗ്രഹിക്കുന്നെങ്കിലും മൽസ്യകന്യകയുടെ പ്രണയം തിരിച്ചറിയാതെ രാജകുമാരൻ മറ്റൊരു വിവാഹം കഴിക്കുന്നു. പാട്ടു പാടാനുള്ള കഴിവു നഷ്ടപ്പെടുത്തി പകരം കാലുകൾ ഏറ്റുവാങ്ങിയ മൽസ്യകന്യകയ്ക്കു രാജകുമാരനെ കൊലപ്പെടുത്തി വീണ്ടും മൽസ്യകന്യകയാകാമായിരുന്നു. പക്ഷേ, പ്രണയിച്ച രാജകുമാരനെ കൊലപ്പെടുത്താൻ തയാറാകാതെ കടലിൽ ചാടി ജീവൻ ത്യജിക്കുന്നു. മൽസ്യകന്യകയുടെ ത്യാഗം തിരിച്ചറിഞ്ഞ ദേവതമാർ അവളെ മാലാഖയാക്കുന്നു; ദൈവസന്നിധിയിൽ പ്രണയത്തിന്റെ പ്രതീകമായി മൽസ്യകന്യകയ്ക്ക് അനശ്വരജീവിതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA