മുംബൈയിൽ നിന്നു സൂയസിലേക്കു പുറപ്പെട്ട കപ്പലിലാണ് ഷെനാസ് ജനിച്ചത്. ഒട്ടുമിക്ക കപ്പിത്താന്മാരുടേയും മക്കളെപ്പോലെ അഞ്ചു വയസ്സുവരെ കപ്പലിലായിരുന്നു അവളുടെ ജീവിതം. തിരമാലകൾ ചൂണ്ടിക്കാണിച്ച് അമ്മ പറഞ്ഞു കൊടുത്ത കഥകളിലൂടെ അവൾ ഈ ലോകത്തെ കണ്ടു. വളർന്നു വലുതായി ഹിന്ദി സിനിമയിൽ താരമായപ്പോഴേക്കും യാത്രകൾ ഷെനാസിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. വല്ലപ്പോഴും വീണു കിട്ടുന്ന ഒഴിവു സമയത്തു പോലും വീട്ടിലിരിക്കാതെ അവൾ യാത്ര ചെയ്തു. shehnaz treasurywala എന്നു യു ട്യൂബിൽ സെർച്ച് ചെയ്താൽ ആ യാത്രകളുടെ വിഡിയോ കാണാം. വിഡിയോ ലോഗർ അഥവാ വ്ലോഗർ എന്നാണ് സഞ്ചാരികളുടെ ലോകത്ത് ഷെനാസ് അറിയപ്പെടുന്നത്. അടുത്തിടെ കുമരകത്തു വച്ച് ഷെനാസിനെ കണ്ടുമുട്ടി. നൂറു രാജ്യ ങ്ങളിലൂടെ യാത്ര ചെയ്തതിന്റെ അനുഭവങ്ങൾ മനോരമ ട്രാവലുമായി പങ്കുവച്ചു.
‘‘സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണു ഞാൻ. യാത്രകൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. അതിനായി ചെലവാക്കുന്ന പണത്തിന്റെ കണക്കു നോക്കാറില്ല. ലോക സഞ്ചാരമാണ് ഇപ്പോൾ ജീവിത ലക്ഷ്യമെന്നു പോലും പറയാൻ മടിയില്ല.
ഉത്തരവാദിത്തമുള്ള യാത്രിക എന്ന പേരിൽ അറിയപ്പെടാനാണ് എന്റെ ആഗ്രഹം. ഇതിനകം നൂറിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഓരോ രാജ്യങ്ങളും സമ്മാനിക്കുന്ന പുതുമയും കൗതുകവും ഞാൻ ആസ്വദിക്കുന്നു. കേരളത്തിൽ ഇതു പത്താമത്തെ സന്ദർശനമാണ്. ഉച്ചയ്ക്കു കഴിച്ച കരിമീനിന്റെ സ്വാദ് ഇപ്പോഴും നാവിൽ നിന്നു വിട്ടു മാറിയിട്ടില്ല. ഇനിയും നൂറു തവണ വന്നു പോയാലും വീണ്ടും ഇവിടേക്കു വരാൻ തോന്നും. കേരളം അത്രയ്ക്കു മനോഹരമാണ്.’’
ട്രാവൽ വിഡിയോകൾ യു ട്യൂബിൽ അപ് ലോഡ് ചെയ്തപ്പോഴാണ് ലോകം ഷെനാസിനെ ശ്രദ്ധിച്ചത്. സിനിമാ താരം മോഡൽ, ടിവി അവതാരക എന്നൊക്കെയായിരുന്നു അതുവരെയുള്ള മേൽവിലാസം. വിഡിയോ ദൃശ്യങ്ങൾ ഹിറ്റായതോടെ േപരിനൊപ്പം വ്ലോഗർ എന്നൊരു വിശേഷണവും വന്നു ചേർ ന്നു. ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും ഷെനാസിന്റെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായി. സമൂഹ മാധ്യമങ്ങളിൽ സഞ്ചാരത്തിനു പുതുവഴി വെട്ടിത്തുറന്ന ആ വലിയ കഥ ഷെനാസ് പറഞ്ഞു തുടങ്ങി.
മോഡൽ, സിനിമാ നടി, യാത്രിക
ഹോമി ട്രഷറിവാല എന്ന കപ്പിത്താനാണ് എന്റെ അച്ഛൻ, കപ്പൽ യാത്രയ്ക്കിടെയാണ് അമ്മ എന്നെ പ്രസവിച്ചത്. അഞ്ചു വയസ്സുവരെ ഒരു രാജ്യത്തു നിന്നു മറ്റു രാജ്യങ്ങളിലേക്കായുള്ള യാത്രകളായിരുന്നു. അമ്മയുടെ കയ്യിലിരുന്ന് ലോകം മുഴുവൻ ചുറ്റിക്കണ്ടു. മുംബൈയിൽ സെന്റ് സേവ്യേഴ്സ് കോളജിൽ പഠിക്കുന്ന സമയത്ത് എംടിവിയിൽ അവതാരകയായി ജോലി കിട്ടി. ജീവിതത്തിൽ അതൊരു ബ്രേക്കായി.
വരുമാനത്തിനു വഴി തെളിഞ്ഞതോടെ യാത്ര ആരംഭിച്ചു. ബാല്യകാലത്ത് കടലിൽക്കൂടി സഞ്ചരിച്ച രാജ്യങ്ങളുടെ ഭൂപ്രതലത്തിൽ ഞാൻ ഒറ്റയ്ക്കു ലാൻഡ് ചെയ്തു. കൗതുകം തോന്നിയതെല്ലാം ക്യാമറയിൽ പകർത്തി. വിഡിയോകൾക്കു സഞ്ചാരികൾ നൽകിയ പിന്തുണ വീണ്ടും യാത്ര ചെയ്യാൻ പ്രേത്സാഹനമായി. ടിക്കറ്റിനും താമസച്ചെലവിനും പണം ഒത്തു വന്നപ്പോഴെല്ലാം ഓരോ രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനിടെ പരസ്യ ചിത്രങ്ങളിൽ മോഡലായി. വ്ലോഗുകൾ ശ്രദ്ധിക്കപ്പെട്ട സമയത്താണ് ട്രാവൽ ചാനലിലും അമേരിക്കൻ ഓപ്പറ ‘വൺലൈഫ് ടു ലിവ്’ എന്ന പ്രോഗ്രാമിലും പങ്കെടുത്തത്. അതിനു ശേഷം സിനിമയിൽ അഭിനയിച്ചു. യാത്രയൊഴികെ മറ്റെല്ലാം എന്റെ ജീവിതത്തിൽ ഓരോ അവസരങ്ങളില്‍ വന്നു ചേരുകയായിരുന്നു.
ഫോട്ടോകളാണ് എന്റെ യാത്രകൾക്കു ഭംഗി കൂട്ടുന്നത്. ഡിഎസ്എൽ ആർ ക്യാമറയും ട്രൈപ്പോഡുമായാണ് യാത്ര ചെയ്യാറുള്ളത്. യാത്രയ്ക്കു മുൻപ് സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയാറാക്കും. അവിടെ എത്തിയ ശേഷം ക്യാമറ വയ്ക്കാൻ പറ്റിയ ലൊക്കേഷൻ കണ്ടെത്തലാണ് ആദ്യത്തെ പണി. ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം ആ സ്ഥലത്ത് അപ്പോൾ കാണുന്നതിനെക്കുറിച്ചെല്ലാം എന്റേതായ ശൈലിയിൽ വിവരിക്കും. റിമോട്ട് ഉപയോഗിച്ചുള്ള ക്യാമറ വാങ്ങിയതോടെ ഷൂട്ടിങ് എളുപ്പമായി.
അച്ഛന്റെയും അമ്മയുടെയും കൂടെ കുട്ടിക്കാലത്ത് കേരളത്തിൽ വന്നിട്ടുണ്ട്. അന്ന് ആദ്യമായി മൂന്നാറും ആലപ്പുഴയും കണ്ടു. എംടിവിയുടെ പ്രോഗ്രാമിനായിരുന്നു രണ്ടാം വരവ്. അന്നാണ് ഞാൻ ആദ്യമായി ചീനവല കാണുന്നത്. തലമുടിയിൽ വെളിച്ചെണ്ണ തേച്ചു കുളിച്ചത് മറക്കാനാവില്ല. മുംബൈ യിൽ ജനിച്ചു വളർന്ന എനിക്ക് പുതിയ അറിവും അനുഭവവുമായിരുന്നു അത്. ഓരോ തവണ കേരളത്തിൽ നിന്ന് മടങ്ങുമ്പോഴും എന്റെ ശരീരഭാരം അഞ്ചു കിലോ കൂടാറുണ്ട്. കേരളത്തിൽ വരുമ്പോൾ ഡയറ്റിങ്ങൊക്കെ മാറ്റി വയ്ക്കും. അളവൊന്നും നോക്കാതെ വാരിത്തിന്നും. ഇവിടുത്തെ മീൻകറിക്കും കപ്പയ്ക്കുമെല്ലാം അത്രയ്ക്കു സ്വാദാണ്.
കായലും നെൽപ്പാടങ്ങളും തെങ്ങിൻ തോട്ടവും വാഴയുമൊക്കെ കേരളത്തിന്റെ സ്വന്തം കാഴ്ചകളാണ്. സ്നേഹമുള്ള ജനങ്ങളും സ്വാദുള്ള ഭക്ഷണവും വീണ്ടും വീണ്ടും ഇവിടേക്കു വരാൻ മോഹമുണ്ടാക്കുന്നു. രണ്ടു തവണ ഞാൻ ആയുർവേദ മസാജ് ചെയ്തിട്ടുണ്ട്. പാരമ്പര്യ രീതികളിലുള്ള ആയുർവേദ മരുന്നുകൾ ശരീരത്തിനും മനസ്സിനും റീഫ്രഷ്െമന്റ് നൽകി.
100 രാജ്യങ്ങൾ കണ്ടു
അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഒരേ മനസ്സോടു കൂടിയാണ് യാത്ര ചെയ്യാറുള്ളത്. ഏതാണ് ഇഷ്ടപ്പെട്ട രാജ്യ മെന്നു ചോദിച്ചാൽ മറുപടിയില്ല. എല്ലാ രാജ്യങ്ങളും മനോഹരമാണ്. അതിന്റെതായ ഭംഗിയിൽ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ മരുഭൂമികളിൽ പോലും വിരസത തോന്നില്ല. മെക്സിക്കോയിലെ ബീച്ചുകളിൽ യോഗ ചെയ്യാനാണ് എനിക്കിഷ്ടം. ഇന്തോനേഷ്യയിൽ പുരാതന മന്ദിരങ്ങളോടു ചേർന്നു നിൽക്കാനാണ് താത്പര്യം. മാലദ്വീപ് സന്ദർശിച്ചപ്പോൾ കടലിൽ നീന്തി. ന്യൂയോർക്കിൽ ഷോപ്പിങ് നടത്തി. ആഫ്രിക്കയിൽ ഗ്രാമവാസികളോടൊപ്പം ഫോട്ടോയെടുത്തു. ഡൈവിങ്, ഡോൾഫിനുകൾക്കൊപ്പം നീന്തൽ, വയറു നിറയെ ഭക്ഷണം കഴിക്കൽ... ഓരോ രാജ്യങ്ങളും ഓരോ വിധത്തിലുള്ള അനുഭവങ്ങളിലൂടെ സന്തോഷം പകരുന്നു.
ഒരു സ്ഥലത്തു ചെല്ലുമ്പോഴാണ് മറ്റൊരു രാജ്യത്തിന്റെ പ്രത്യേകത മനസ്സിലാവുക. വലിയ പ്രതീക്ഷകളോടെ സന്ദർശിച്ച രാജ്യമാണ് ഗ്രീസ്. പുരാതന സംസ്കാരത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് ആ രാഷ്ട്രം. നമ്മളൊക്കെ ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് മനുഷ്യർ അവിടെ അദ്ഭുതങ്ങൾ സൃഷ്ടിച്ചു. ഒറ്റയ്ക്കുള്ള യാത്രകളിൽ മാത്രമേ ആരുടേയും ശല്യമില്ലാതെ കാഴ്ചകൾ മതിവരും വരെ കണ്ടാ സ്വദിക്കാൻ കഴിയൂ.
ഭക്ഷണത്തോടു വലിയ ഇഷ്ടമാണ്. ചോറായാലും ഉരുളക്കിഴങ്ങായാലും എനിക്കു പ്രശ്നമല്ല. എവിടെ പോയാലും ആ നാടിന്റെ സ്പെഷലുകൾ തേടിപ്പിടിച്ച് വാങ്ങും. നാവിനു രുചി തോന്നിയാൽ വയറു നിറഞ്ഞതിനു ശേഷവും കഴിക്കും.
ചൈനയിൽ പോയാൽ ആദ്യമൊരു ചായ ഓർഡർ ചെയ്യും. ചൈനക്കാരുടെ ചായയ്ക്ക് അതിഥികളെ സംതൃപ്തരാക്കാനുള്ള കഴിവുണ്ട്. അതേസമയം, കാനഡയിൽ ചെല്ലുമ്പോൾ അവിടുത്തുകാരോടു വർത്തമാനം പറഞ്ഞിരിക്കാറാണു പതിവ്. സൗഹൃദങ്ങൾക്കു മര്യാദ കൽപ്പിക്കുന്നവരാണ് കാനഡക്കാർ.
നരേന്ദ്രമോദി മറുപടി നൽകിയില്ല
ഞാൻ സമ്പന്ന കുടുംബത്തിലെ അംഗമല്ല. ജോലി ചെയ്തു പണമുണ്ടാക്കുന്നു. നേരത്തെ പറഞ്ഞല്ലോ, ഒറ്റയ്ക്കുള്ള യാത്ര എനിക്ക് സന്തോഷം നൽകുന്നു. ധൈര്യമുള്ള സ്ത്രീകൾക്ക് ഈ ലോകത്ത് എവിടെ വേണമെങ്കിലും ഒറ്റയ്ക്കു യാത്ര ചെയ്യാം. നൂറു വിദേശരാജ്യങ്ങളിലൂടെ യാത്ര ചെയ്തിട്ടും എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതേസമയം, ഒരു സ്ത്രീയെന്ന നിലയിൽ നമ്മുടെ നാട്ടിലെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇവിടെ ഒരു സ്ത്രീക്ക് രാത്രി മൂന്നു മണിക്ക് ഒറ്റയ്ക്കു നടക്കാൻ പറ്റുമോ?
ഡൽഹിയിൽ യൂബർ കാറിൽ യുവതിയെ മാനഭംഗപ്പെടുത്തിയ സമയത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രിക്ക് ഞാൻ തുറന്ന കത്ത് എഴുതിയിരുന്നു. മറുപടി കിട്ടിയില്ല എന്നാൽ, ആ കത്ത് 25 ലക്ഷം പേർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.....
ഇത്രയും പറഞ്ഞ് ഷെനാസ് സംഭാഷണത്തിനു ഫുൾ സ്റ്റോപ്പിട്ടു. അതിനുശേഷം ‘‘കൊതുകിന്റെ ശല്യമല്ലാതെ കേരളത്തിൽ മറ്റൊന്നും പേടിക്കാനില്ല ’’ എന്നൊരു കോംപ്ലിമെന്റും കൂട്ടിച്ചേർത്തു.