കുളി ക്രൂഡ് ഓയിലിലായാൽ രോഗങ്ങൾ പമ്പ കടക്കും

crude-oil-bath2
SHARE

അതിരാവിലെ എഴുന്നേറ്റ്, നെറുകയിൽ അല്പം എണ്ണയും തേച്ച് കുളിക്കാനിറങ്ങുന്നതാണ് മലയാളികളുടെ ശീലം. പച്ചവെള്ളത്തിൽ അല്ലെങ്കിൽ ചൂടുവെള്ളത്തിൽ അതിനപ്പുറത്തേക്ക് കുളിക്കാൻ മറ്റൊരു ഓപ്ഷനെക്കുറിച്ച് നമ്മൾ ചിന്തിക്കാറില്ല. എന്നാൽ അസർബൈജാൻ  എന്ന രാജ്യത്തെ കുളി ക്രൂഡ് ഓയിലിലാണ്. ക്രൂഡ് ഓയിൽ കുളി ചില്ലറ കാര്യമാണെന്നു കരുതിയെങ്കിൽ തെറ്റി, നിരവധി രോഗങ്ങൾക്ക് ശമനമുണ്ടാക്കാൻ ഈ കുളിയ്ക്ക് കഴിയുമെന്നാണ് അസർബൈജാനിലെ ജനങ്ങൾ പറയുന്നത്. 

crude-oil-4
Image Courtesy:Naftalan Azerbaijan (facebook page)

കറുത്ത സ്വർണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസർബൈജാൻ. കഴിഞ്ഞ നൂറ്റിയെഴുപതു  വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നിന്നും 320 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫ്റ്റാലൻ. ഈ നാടാണ് ക്രൂഡ് ഓയിൽ കുളിയ്ക്ക് വലിയ പ്രചാരം നൽകിയത്. 1926 ലാണ് നഫ്റ്റാലൻ റിസോർട്ട് സ്ഥാപിക്കപ്പെട്ടു. ഒമ്പതു ഹോട്ടലുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വസന്തത്തിന്റെ ആരംഭം മുതൽ തന്നെ ഇവിടുത്തെ ഹോട്ടലുകളിൽ ആൾത്തിരക്കേറും. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സഞ്ചാരികൾ ഈ സമയത്ത് അവിടം സന്ദർശിക്കാനായി എത്തും. കാഴ്ചകൾ കാണുന്നതിനൊപ്പം ചൂടുള്ള ക്രൂഡ് ഓയിലിൽ ഒരു കുളി അതിനാണ് ഭൂരിപക്ഷം സഞ്ചാരികളും  നഫ്റ്റാലനിലേക്ക് എത്തുന്നത്. ഒരുവർഷം ഏകദേശം 15000 പേരാണ് ഈ കൊച്ചുപട്ടണത്തിൽ എത്തുന്നത്. ഭൂമിയുടെ രക്തമെന്നാണ് ഈ നാട്ടിലുള്ളവർ ക്രൂഡ് ഓയിലിനെ വിളിക്കുന്നത്.  

crude-oil-bath
Image Courtesy: Naftalan Azerbaijan

ത്വക് സംബന്ധമായ എഴുപതില്പരം രോഗങ്ങൾക്കും അണുനാശകമായുമെല്ലാമായാണ് ഈ ഓയിൽ ഉപയോഗിക്കപ്പെടുന്നത്. മൂത്രാശയ സംബന്ധമായതും ഗർഭവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ക്രൂഡ് ഓയിൽ കൊണ്ടുള്ള സ്നാനം ഉത്തമമാണെന്നാണ് ഭിഷഗ്വരന്മാർ വരെ സാക്ഷ്യപ്പെടുത്തുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ അസർബൈജാനി കവിയായിരുന്ന നിസാമി ഗഞ്ചാവിയുടെ കൃതികളിൽ നഫ്റ്റാലിൻ ഓയിൽ അയൽരാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളുണ്ട്. അതുപോലെ തന്നെ സഞ്ചാരിയായ മാർക്കോ പോളോയുടെ വിവരണങ്ങളിലും  ത്വക്ക് സംബന്ധിച്ച രോഗങ്ങൾക്ക് ഈ ഓയിൽ ഗുണകരമാണെന്ന രീതിയിലുള്ള എഴുത്തുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നു ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്രൂഡ് ഓയിൽ കുളിയിൽ അല്പം കാര്യമുണ്ടെന്നു തന്നെയാണ് ശാസ്ത്രവും പറയുന്നത്. അമ്പതു ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാർബണും അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഇതുത്തമമാണെന്നാണ് പറയപ്പെടുന്നത്. ചൂടാക്കുമ്പോൾ ഈ ഓയിലിന്റെ മണം അല്പം അസഹനീയം തന്നെയാണെന്നാണ് കുളി കഴിഞ്ഞു നിൽക്കുന്നവർപറയുന്നത്.  കുറച്ചേറെ സങ്കീർണമായ പ്രക്രിയയാണ് ബാത്ടബ്ബിലെ കിടപ്പും ദേഹം മുഴുവൻ ഈ എണ്ണ തിരുമ്മി പിടിപ്പിക്കുന്നതും കഴുകി കളയുന്നതുമൊക്കെ. എങ്കിലും പലരുടെയും അനുഭവങ്ങൾ ഇതേറെ മികച്ചതാണെന്ന അഭിപ്രായത്തിന് അടിവരയിടുന്നു. 

crude-oil-bath1
Image Courtesy:Naftalan Azerbaijan (facebook page)

ആറു വയസുമുതൽ നാൽപതു വയസുവരെയുള്ളവർക്കു മാത്രമേ ഈ കുളി ഉള്ളു. കൂടാതെ ആധുനിക രീതിയിൽ,എല്ലാ തരത്തിലുമുള്ള മെഡിക്കൽ പരിശോധനയ്ക്കു ശേഷം മാത്രമേ കുളിക്കാനായി കയറ്റുകയുള്ളു. ക്രൂഡ് ഓയിലിൽ കുളിക്കാനായി ആരെങ്കിലും അസർബൈജാനിലേക്കു വണ്ടി കയറുന്നുണ്ടെങ്കിൽണ് ഇക്കാര്യങ്ങൾ കൂടി ഓർമയിൽ വെയ്ക്കണേ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA