ഒരു യാത്രക്കിടയിലാണ് വ്യത്യസ്ത ശബ്ദവുമായി ''എല്ലാരും ചൊല്ലണ് '' എന്ന ഗാനം കേട്ടത്. പഴയ ഗാനത്തിന്റെ സുഖമൊട്ടും ചോരാത്ത കവർ വേർഷൻ ആയിരുന്നുവത്. ഗാനം പൂർത്തിയായപ്പോൾ അതാരാണ് പാടിയിരിക്കുന്നതെന്നു വെറുതെയൊന്നു തിരഞ്ഞു നോക്കി. കുറച്ചു സമയത്തെ തിരച്ചിലിനൊടുവിൽ ഗായികയെ കണ്ടെത്തി. ഗായികയെ അല്ല ഗായികമാരെ. അമൃത സുരേഷും അഭിരാമി സുരേഷും ചേച്ചിയും അനിയത്തിയും ചേർന്നാണ് ആ ഗാനത്തെ ഇത്രയധികം മനോഹരമാക്കിയത് കൂടെ അമൃതയുടെ സ്വന്തം ബാൻഡായ അമൃതം ഗമയയും.
പാട്ടിനെ കുറിച്ച് ചോദിച്ചാൽ അമൃതയ്ക്ക് നൂറുനാവാണ്. യാത്രകളെ കുറിച്ച് ചോദിച്ചാലും അമൃത വാചാലയാകും. പാട്ടും യാത്രകളും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ പോലെയാണെന്നാണ് അമൃത പറയുന്നത്. അത്രമേൽ അവ തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. സംഗീതത്തെ ഒപ്പം കൂട്ടി നമുക്ക് ഈ ലോകം മുഴുവൻ സഞ്ചരിക്കാം. ഭാഷയൊന്നും ആ യാത്രയിൽ ഒരു തടസവും സൃഷ്ടിക്കില്ല. കാടും കടലും മലയും താണ്ടി അമൃതയുടെ സംഗീതയാത്ര തുടരുകയാണ്. മനോഹരമായ സംഗീതം കൊണ്ട് ഈ ഗായികയിപ്പോൾ സഞ്ചരിക്കാത്ത നാടുകളില്ല. ടാൻസാനിയയും യുഎസ്എയും ദുബായും സ്വിറ്റ്‌സർലാൻഡുമൊക്കെ സംഗീതയാത്രയിൽ അമൃതയുടെ മനസ് കീഴടക്കിയ നാടുകളാണ്. ആ യാത്രകളെയും പാട്ടുകളെയും കുറിച്ച് അമൃത മനോരമ ഓൺലൈനോട് മനസ് തുറക്കുന്നു.
ടാൻസാനിയ തെരുവിൽ പാട്ടുപാടിയപ്പോൾ
"ഒരുപാട് നാടുകളിലേക്ക് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും സുഖകരമായ ഓർമകൾ സമ്മാനിച്ചത് ടാൻസാനിയയാണ്. ഒരു ഷോയുടെ ഭാഗമായിട്ടായിരുന്നു ആ യാത്ര. വളരെ സുന്ദരമായ പ്രകൃതിയും അതുപോലെ തന്നെ സുന്ദരമായ മനസുള്ള മനുഷ്യരും. ആഫ്രിക്കൻ രാജ്യമായതുകൊണ്ടു തന്നെ എന്തുകൊണ്ടോ മനസിൽ ഒരു ചെറിയ ഭയമുണ്ടായിരുന്നു. പക്ഷേ, വളരെ സാധുക്കളായ മനുഷ്യരാണ് അവിടെയുള്ളത്. വളരെ സ്നേഹത്തോടയാണ് അവർ പെരുമാറുന്നതും സംസാരിക്കുന്നതുമൊക്കെ. ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടുത്തെ സംഗീതത്തെ കുറിച്ചറിയാൻ എനിക്ക് വലിയ ആകാംക്ഷയാണ്". - അമൃത പറയുന്നു.
കാഴ്ചകൾ കാണാനും ടാൻസാനിയയെ കുറിച്ച് അടുത്തറിയാനുമായി അവിടുത്തെ തെരുവുകളിലൂടെ നടക്കാനിറങ്ങിയപ്പോൾ വളരെ ഹൃദ്യമായ ഒരു അനുഭവം അവിടെ നിന്നുമുണ്ടായി. വൈവിധ്യമുള്ള വസ്തുക്കൾ വിൽക്കുന്നവരെ ആ തെരുവുകളിൽ കാണാൻ സാധിച്ചു. കൂടുതൽ സംസാരിച്ചപ്പോൾ, ഞാനൊരു പാട്ടുകാരിയാണെന്നൊക്കെ അറിഞ്ഞപ്പോൾ അവരെന്നോട് പാട്ടുപാടാൻ ആവശ്യപ്പെട്ടു. നമ്മുടെ നാടൻ പാട്ടുകളാണ് ഞാൻ പാടിയത്. അവരും എനിക്കൊപ്പം പാടി. ഏറെ രസകരമായിരുന്നു ആ നിമിഷങ്ങൾ. മൂന്നു ദിവസം ആ നാട്ടിലുണ്ടായിരുന്നു. വളരെയധികം സന്തോഷിച്ച ദിവസങ്ങളായിരുന്നുവത്. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ അതുകൊണ്ടു തന്നെ ഇപ്പോൾ വലിയ താൽപര്യമാണ്. അടുത്ത യാത്രയിനി ഉഗാണ്ടയിലേക്കാണ്. ഉടനെ തന്നെയുണ്ട് ആ യാത്ര.
കാഴ്ചകളുടെ മാസ്മരികലോകം ദുബായ്
ഷോകളുടെ ഭാഗമായി നിരവധി രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടി. അങ്ങനെ ഏറ്റവും കൂടുതൽ സന്ദർശിച്ചിട്ടുള്ള രാജ്യം ദുബായ് ആണ്. ആകാരഭംഗി കൊണ്ടും നിർമാണകല കൊണ്ടും മഹാവിസ്മയം തീർക്കുന്ന ദുബായ് ആരെയും മോഹവലയത്തിലാക്കും. ദുബായിലെത്തിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ബുർജ് ഖലീഫും ദുബായ് ഫൗണ്ടനുമൊക്കെയാണെങ്കിലും അതിലും രസകരമാണ് മരുഭൂമിയിലെ സാഹസിക ഡെസേര്‍ട്ട് സഫാരിയും ആവേശമുണര്‍ത്തുന്ന ബെല്ലി ഡാന്‍സുമൊക്കെ ശരിയല്ലേ? ദുബായ് സൗന്ദര്യത്തിൽ ആഘോഷിച്ച ദിവസങ്ങൾ ഇന്നും ഒാർമയിൽ മായാതെ നിൽക്കുന്നു.
കാഴ്ചകളുടെ നിധികുംഭമാണ് ദുബായ്. മരുഭൂമി എന്നാണ് നമ്മൾ വിശേഷിപ്പിക്കുന്നതെങ്കിലും സുന്ദരമായ നിരവധി കാഴ്ചകൾ ആ നാട്ടിലുണ്ടെന്നതാണ് സത്യം. ദുബായ് നഗരത്തെ അതിന്റെ സൗന്ദര്യലാസ്യഭാവത്തിൽ നിലനിർത്തുന്നത് ഇൗ സൗന്ദര്യ മൂർത്തികൾ തന്നെയാണ്. സാഹസികർക്കും അല്ലാത്തവർക്കും കുഞ്ഞുങ്ങൾക്കുമൊക്കെ ഇഷ്ടപ്പെടുന്ന, കൗതുകം നിറഞ്ഞ വിവിധയിടങ്ങൾ ആ നാട്ടിലുണ്ട്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വർഷത്തിൽ നാലുതവണയൊക്കെ പോകാറുള്ളതുകൊണ്ടു തന്നെ ദുബായിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഒാരോ തവണ പോകുമ്പോഴും പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന ദുബായ് എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണെന്നും അമൃത പറയുന്നു.
മഞ്ഞിൽ കുളിച്ച സ്വിറ്റ്സർലൻഡ്, അതിശയിപ്പിച്ച യുഎസ്
ഈയടുത്തു പോയിട്ടുള്ളതിൽ മനോഹരമായ യാത്ര സ്വിറ്റ്സർലാൻഡിലേക്കുള്ളതായിരുന്നു. കേട്ടുമാത്രം പരിചയമുള്ള മഞ്ഞുവീഴ്ച എന്ന പ്രതിഭാസം ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. മഞ്ഞും തണുപ്പും മൂടിക്കിടക്കുന്ന ആ നാട് എന്നെ ഒട്ടൊന്നുമല്ല അതിശയിപ്പിച്ചത്. ചിത്രങ്ങളിലൊക്കെ കാണുന്നതുപോലെ കണ്‍പീലികളിലൊക്കെ മഞ്ഞുകണങ്ങൾ പറ്റിപിടിച്ചിരിക്കുമായിരുന്നു. ജീവിതത്തിൽ ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും സുന്ദരമായ യാത്രയേതെന്നു ചോദിച്ചാൽ അത് ആ സ്വിറ്റ്സർലൻഡ് യാത്ര തന്നെയാണ്.
ഒരുപാട് തവണ പോയിട്ടില്ലെങ്കിലും യു എസിലെ കാഴ്ചകളും എനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഷോയുടെ ഭാഗമായി യു എസ് യാത്ര നടത്തിയിട്ടുണ്ട്. പല സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുമുണ്ട്. കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്ചകളുടെ അദ്ഭുതലോകം എന്നുതന്നെ യു എസിനെ വിശേഷിപ്പിക്കാം. ഏറെ മനോഹരമായ ആ രാജ്യം. കേട്ടറിഞ്ഞ കാഴ്ചകൾ കണ്ണിന് മുന്നിൽ നിരന്നപ്പോൾ മനസിനും സുഖം.
കൊച്ചി എന്നും പഴയ കൊച്ചി തന്നെ
എവിടെയൊക്കെ പോയാലും എന്റെ സ്വന്തം നാടായ കൊച്ചിയോടു തന്നെയാണ് ഏറെ പ്രിയം. കൊച്ചി എന്നും പഴയ കൊച്ചി തന്നെയാണ്. കൊച്ചിയിലെ എല്ലാ സ്ഥലങ്ങളും എനിക്കേറെ പരിചിതമാണ്. കേരളത്തിന്റെ ഗോവ എന്ന ഒാമനപേരിൽ അറിയപ്പെടുന്ന കൊച്ചിയുെട സൗന്ദര്യത്തെ കുറിച്ചുള്ള വർണന എത്ര പറഞ്ഞാലും അധികമാകില്ല. കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് കായല്‍ തീരം തന്നെയാണ്. അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെയുള്ള യാത്രയുമൊക്കെ അവിസ്മരണീയമാണ്. മനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമായ കൊച്ചി എത്ര സുന്ദരിയാണല്ലേ? അമൃത സുരേഷ് പറഞ്ഞു നിർത്തി.