യുവനടൻമാരിൽ ശ്രദ്ധേയരായ കാളിദാസും ടോവിനോയും നീരജ് മാധവും കാഴ്ചകളുടെ ലഹരിയിലാണ്. നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഭാഗമായി മലയാള സിനിമയിലെ ഒട്ടുമിക്ക യുവതാരങ്ങളും കാനഡയിലാണ്. വീണുകിട്ടിയ അവസരത്തിൽ കാനഡയുെട മായാലോകത്തെ കാഴ്ചകളിലാണ് ഇക്കൂട്ടർ. സുന്ദരകാഴ്ചകള്‍ അടിച്ചുപൊളിച്ചു ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നീരജ് മാധവും ടോവിനോയും കാളിദാസനുമൊക്കെ. കാനഡയിലെ കാഴ്ചകളിൽ ഏറ്റവും മനോഹരമായത് നയാഗ്ര വെള്ളച്ചാട്ടമാണ്. ടോവിനോയ്ക്കും കാളിദാസനുമൊപ്പം നയാഗ്ര കാണാൻ പോയത് ഏറെ രസകരമായിരുന്നുവെന്ന് നീരജ് മാധവ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ നിന്ന് വ്യക്തമാണ്. ആഘോഷത്തിമർപ്പിലാണ് മൂവരും ഇവരുടെ കൂടെ നീരജിന്റെ ഭാര്യയായ ദീപ്തിയുമുണ്ട്.
നായകനായും സംവിധായകനായും കൊറിയോഗ്രാഫറായുമെല്ലാം തിളങ്ങുന്ന നീരജ്, വിവാഹിതനായ ശേഷം യാത്രകളുടെ തിരക്കിലാണ്. കാനഡ യാത്രയുടെ ഭാഗമായി, ആ നാടിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന നിരവധി നീരജ് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്നത്. അതിലേറ്റവും മനോഹരമായ ഒന്ന് ലോകത്തിലെ തന്നെ വലുതും വളരെ പ്രശസ്തവുമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ്.
നയാഗ്രയുടെ സൗന്ദര്യം മലയാളികൾ ആദ്യമറിഞ്ഞത് ഒരു സിനിമാക്കാരനിലൂടെയാണ്. ഐ വി ശശി എന്ന സംവിധായകൻ, തന്റെ ഏഴാം കടലിനക്കരെ എന്ന ചിത്രത്തിലൂടെ, നയാഗ്രയുടെ രൂപഭംഗി മലയാളികൾക്ക് ആദ്യമായി കാണിച്ചു തന്നു. ''സുര ലോക ജലധാര ഒഴുകി..ഒഴുകി''..... എന്ന ഗാനത്തിലൂടെ നയാഗ്രയുടെ മോഹിപ്പിക്കുന്ന സൗന്ദര്യം മലയാളികൾ ഒന്നടങ്കം കണ്ടു. പിന്നീട് വർഷങ്ങൾക്കു ശേഷം ടു കണ്ട്രീസ് എന്ന ദിലീപ് ചിത്രവും നയാഗ്രയുടെ അഴകിനെ അഭ്രപാളികളിലാക്കി. സുന്ദരവും വന്യവുമായ ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ, ഒരു വിഡിയോ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം നീരജ് മാധവ്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ശബ്ദവും, ആർത്തലച്ചു താഴേക്ക് പതിക്കുന്ന ജലത്തിന്റെ വന്യതയുമെല്ലാം ദൃശ്യമാക്കുന്ന തരത്തിലുള്ളതാണ് നീരജിന്റെ വിഡിയോ.
മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ജലധാരയും ആകാശത്തു തെളിഞ്ഞുനിൽക്കുന്ന മനോഹരമായ മഴവിലുമൊക്കെ നീരജ് ദൃശ്യവത്കരിച്ചിട്ടുണ്ട്. ജലം താഴേക്ക് പതിക്കുമ്പോഴുണ്ടാകുന്ന വലിയ ശബ്ദവും ആ വിഡിയോയിൽ നിന്ന് വളരെ വ്യക്തമായി കേൾക്കാം. പച്ചനിറത്തിലുള്ള ജലം വേഗത്തിൽ ഒഴുകി വരുന്ന കാഴ്ചകൾ അതിസുന്ദരമാണ്. നയാഗ്രയുടെ മനോഹാരിത മുഴുവൻ വെളിപ്പെടുത്തുന്നുണ്ട് സെക്കൻഡ് മാത്രം നീളുന്ന നീരജ് മാധവിന്റെ വിഡിയോ.
ഏഴ് ലോകാദ്ഭുതങ്ങളിൽ ഒന്നായ നയാഗ്ര, യു എസ് എ യുടെയും കാനഡയുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അതിർത്തിയിൽ ആയതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളിൽ നിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ഹോഴ്സ് ഷൂ ഫാൾസ്, അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വിൽ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് നയാഗ്ര. ആറ് ദശലക്ഷം ക്യൂബിക് ഫീറ്റ് ജലമാണ് ഓരോ മിനിട്ടിലും താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയും ഈ വെള്ളച്ചാട്ടത്തിലാണ്. 165 അടി ഉയരത്തിൽ നിന്നാണ് ജലം താഴേക്ക് പതിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ ഇരമ്പലും ശബ്ദവും ഉണ്ടാകും. പുകപോലെ ജലം മുകളിലേക്ക് ഉയരുന്ന കാഴ്ച കൗതുകം ജനിപ്പിക്കും. അമേരിക്കയിൽ നിന്നും ഒഴുകിയെത്തുന്ന ജലം കാനഡയിലേക്കാണ് പതിക്കുന്നത്. അതുകൊണ്ടു തന്നെ കാനഡയിൽ നിന്നുള്ള കാഴ്ചയിലാണ് നയാഗ്രയ്ക്ക് കൂ