റാസൽഖൈമ വഴി അൽ ക്വസിമിയ പാലസിലേക്ക്

al-qasimi-palace1
SHARE

കുറച്ചു നാൾ മുൻപു വായിച്ച പുസ്തകമാണ് ബോബ് വുഡ്‌വാർഡിന്റെ The Choice : How Bill Clinton Won. അതിൽ രസകരമായ ഒരു ഭാഗമുണ്ട്. ഹിലറി ക്ലിന്റൻ തന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എലനോർ റൂസ്‌വെൽറ്റിന്റെയും ഗാന്ധിജിയുടെയും ആത്മാക്കളുമായി സംസാരിക്കുകയും ഉപദേശം തേടുകയും ചെയ്യുമായിരുന്നത്രെ!! അവരെ ഇതിനു സഹായിച്ചിരുന്നത് ജോൺ ഹ്യുസ്റ്റൻ എന്ന, അവരുടെ ആത്മീയ ഉപദേശകനായിരുന്നു. ഹ്യുസ്റ്റൻ - ഹിലറി സൗഹൃദവും ആത്മാക്കളുമായുള്ള ഇടപെടലുകളും വൈറ്റ് ഹൗസിലെ പരസ്യമായ രഹസ്യങ്ങളിൽ പെട്ടതായിരുന്നു. ഇതിനെക്കുറിച്ച് ബിൽ ക്ലിന്റൻ തന്നെ തുറന്നു സമ്മതിച്ചതായി ചില വാർത്തകളുമുണ്ട്.

ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ജിജ്ഞാസ വർധിക്കുന്നതിൽ ഹിലറി ഒരു നിമിത്തമായി എന്നതാണ് സത്യം. പിന്നീട് പാരാസൈക്കോളജിക്കൽ ഡോക്യുമെന്ററികളോട് തോന്നിയ പ്രിയം എന്റെ ഇന്ദ്രിയങ്ങളെ തുന്നിച്ചേർത്തത് ലാലോറി മാൻഷനോടും അത് സ്ഥിതി ചെയ്യുന്ന ന്യൂ ഓർലൻസിനോടുമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ധനികയും എണ്ണമറ്റ മനുഷ്യക്കുരുതികളാൽ കുപ്രസിദ്ധയുമായ മാഡം ലാലോറി താമസിച്ചിരുന്ന സൗധമാണ് ലാലോറി മാൻഷൻ.

al-qasimi-palace4

അവർ നടത്തിയ എണ്ണമറ്റ നരഹത്യകളും വീടിനുള്ളിലെ ഭീതിജനകമായ 'ടോർച്ചർ ചേംബറും' സ്വന്തം പാചകക്കാരനാൽ ആ വീട് അഗ്നിക്കിരയായതും ലാലോറിയുടെ തിരോധാനവും ഭൂതാവേശിതമെന്ന് ഇന്നും ജനങ്ങൾ വിശ്വസിക്കുന്ന ആ വീട്ടിൽനിന്ന് ഇടയ്ക്കിടെ ഉയരാറുള്ള തേങ്ങലുകളും എല്ലാം ഡോക്യൂമെന്ററിയിൽ ഭംഗിയായി പ്രതിപാദിച്ചിരുന്നു. അതിൽ എന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയത് അമേരിക്കൻ നടൻ നിക്കൊളാസ് കേജിന്റെ പേരാണ്. 2007 ൽ ആ സൗധം അദ്ദേഹം വാങ്ങുകയും പിന്നീട് വിൽക്കുകയും ചെയ്തുവെന്നത് ചരിത്രം. ലാലോറി മാൻഷൻ ഭൂതാവേശിതം തന്നെയെന്നും താൻ ആത്മാക്കളിലും അതീന്ദ്രിയ ശക്തികളിലും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പിന്നീടു പറയുകയുണ്ടായി.

al-qasimi-palace3

കുട്ടിക്കാലത്ത് കേട്ട് പരിചയിച്ച ഫെയ്റി ടെയ്‌ലുകളും സിനിമകളിൽ മാത്രം കണ്ടറിഞ്ഞ ആഭിചാര കർമങ്ങളും കൗമാര യൗവനങ്ങളിൽ തൊട്ടറിഞ്ഞ ഓജോ ബോർഡ് രഹസ്യങ്ങളും ആത്മാക്കളും മനുഷ്യരും തമ്മിലുള്ള സംസർഗ്ഗ കഥകളും മനുഷ്യന്റെ ഉപബോധ മനസ്സിൽ മായ്ക്കപ്പെടാൻ സാധ്യതയില്ലാത്ത ഭയത്തിന്റെയോ അമാനുഷികതയുടെയോ കൗതുകങ്ങളുടെയോ ഒരു മായികത സൃഷ്ടിക്കുമെന്നും പണമോ പദവിയോ പ്രശസ്തിയോ മനുഷ്യേതര ശക്തികളിൽ വിശ്വാസവും അഭയവും കണ്ടെത്താൻ അവനെ കൂടുതൽ പ്രേരിപ്പിക്കുമെന്നും മുകളിലെ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.

al-qasimi-palace2

ഇത്തരം വായനകളും സിനിമകളും ആത്മാക്കളുടെ ആലയമെന്ന് അറിയപ്പെടുന്ന ഇടങ്ങളിലേക്കൊരു യാത്ര എന്ന അദമ്യമായ മോഹം എന്നിലുണർത്തുകയും രാപകലുകളിൽ അതെന്നെ ശ്വാസം മുട്ടിക്കുവാൻ തുടങ്ങുകയും ചെയ്തിരുന്നു. ആഗ്രഹ സഫലീകരണാർഥം, ദുബായിൽ ആയിരുന്ന ഞാൻ അതിനു പറ്റിയ സ്ഥലങ്ങൾ സെർച്ച് ചെയ്യുവാൻ തുടങ്ങി. രണ്ടു സ്ഥലങ്ങളും കണ്ടെത്തി. റാസൽഖൈമയിലെ ജസീറ അൽ ഹംറ എന്ന മുക്കുവ ഗ്രാമവും അതിനടുത്തുള്ള അൽ ക്വാസിമിയ പാലസും. ഒഴിവു ദിനത്തിൽ സകുടുംബം അങ്ങോട്ടു തിരിച്ചു. ദുബായിൽനിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി ഷാർജ - അജ്‌മാൻ - റാസൽഖൈമ.

al-qasimi-palace

ദുബായിൽ നിന്ന് ഏകദേശം ഒന്നേകാൽ മണിക്കൂർ യാത്ര ഉണ്ട് റാസൽഖൈമയുടെ തെക്കേ അറ്റത്തുള്ള റാക് പോർട്ടിനോട് ചേർന്നു കിടക്കുന്ന ജസീറ അൽ ഹംറയിലേക്ക്. പ്രതീക്ഷിച്ചത് മണലാരണ്യത്തിലെ ഉപേക്ഷിക്കപ്പെട്ട, ഒറ്റപ്പെട്ട ഒരു ഗ്രാമമാണെങ്കിലും അത്യാവശ്യം നല്ല രീതിയിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചെറിയ വീടുകളുടെയും പോർട്ട് ക്യാബിനുകളുടെയും വളരെ അരികിലുള്ള ഹെറിറ്റേജ് വില്ലേജ് ആണ് ജസീറ അൽ ഹംറ. 

travel-trip

വൈകുന്നേരം നാലരയോടെ ജസീറ അൽ ഹംറയിൽ ഞങ്ങൾ എത്തിച്ചേർന്നു. ഉപ്പുകലർന്ന ചൂടു കാറ്റും കൂടണയുന്ന പക്ഷിപ്പറ്റങ്ങളും ആത്മാവ് ഉപേക്ഷിച്ച ഒരു സംസ്കാരത്തിന് പുറം വാർത്തകൾ എത്തിക്കുന്നതായി തോന്നി. കാലം കവർന്നെടുക്കാത്ത മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധം എന്റെ സിരകളിൽ നേർത്തലിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. എന്റെ നെറ്റിത്തടം തഴുകി ഒഴുകുന്ന വിയർപ്പിൻ തുള്ളികൾ തന്നെയാണല്ലോ കടൽസമ്പത്തു കൊണ്ട് പണ്ടിവിടം സമ്പന്നമാക്കിയ ആ ജനതയുടേതെന്നും ഒരു നിമിഷം ഓർത്തു പോയി.

travel-trip2

അസ്തമയത്തിനു മുമ്പ് കുറച്ചു നല്ല ചിത്രങ്ങൾ പകർത്തണം എന്നതു കൊണ്ട് ആ ചരിത്ര ശേഷിപ്പിലേക്ക് ഞങ്ങൾ കയറി. ഇരുന്നൂറോളം വീടുകൾ ഇവിടെ ഉണ്ടായിരുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. എണ്ണഖനനത്തിനു മുൻപുള്ള അറബ് ജനത ഈന്തപ്പനക്കൃഷിയും മത്സ്യബന്ധനവും തൊഴിലാക്കിയിരുന്നു. ഹംറയിലെ ജനങ്ങളും വ്യത്യസ്തരായിരുന്നില്ല. മൂന്നു വ്യത്യസ്ത ഗോത്രങ്ങളാണ് ഇവിടെ വസിച്ചിരുന്നത്.

അൽ സാബ് ഗോത്ര വംശജർക്കായിരുന്നു മേൽക്കൈ. അവരിൽനിന്ന് തന്നെയായിരുന്നു ഗോത്രത്തലവനും. 1830 മുതൽ 1969 വരെ ജനവാസമുണ്ടായിരുന്നു ഹംറയിൽ. പിന്നീട് അവിടെ ജിന്ന് ബാധ ഉണ്ടായതായും കൂട്ടത്തോടെ ജനങ്ങൾ അവിടെനിന്നു പലായനം ചെയ്തതായും പറയപ്പെടുന്നു. അതല്ല, റാസൽഖൈമയിലെ ഭരണാധികാരിയുമായുള്ള തർക്കത്തെ തുടർന്ന് ജനങ്ങൾ അബുദാബിയിലേക്കു ചേക്കേറിയതായും വാർത്തയുണ്ട്. അൽ സാബ് ഗോത്രത്തിൽ പെട്ട, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ 2002 മുതൽ വർഷത്തിൽ ഒരിക്കൽ ഇവിടെ ഒത്തുകൂടാറുണ്ട്. ആ ആഘോഷ ദിനത്തിൽ വർണ്ണാഭമായ വിളക്കുകളും അറബ് ടെന്റുകളും ആയിരം കൊടിമരങ്ങളും ഉയരാറുണ്ട്.

travel-trip4

ഹംറ സംസ്കാരത്തിൽ ദീർഘചതുരാകൃതിയിൽ ഉള്ള വീടുകൾ ആയിരുന്നു കൂടുതൽ. ചെറുതും വലുതുമായ ജനാലകൾ, കട്ടളകൾ മാത്രം ശേഷിക്കുന്ന വാതിലുകൾ, തടി കൊണ്ടും ഈന്തപ്പനയുടെ പാള കൊണ്ടും ബലപ്പെടുത്തിയ മേൽക്കൂരകൾ, ചുണ്ണാമ്പും മണലും കക്കയും ചെറു ചിപ്പികളും മൺകട്ടകളും കൊണ്ടു പണിത ഭിത്തികൾ, വീടിനോടു ചേർന്ന് ചെറു കിണറുകൾ, ജല സംഭരണികൾ, വീടുകളിൽ നിന്നല്പം മാറി ഓത്തുപള്ളിയും നമസ്കാരപ്പള്ളിയും... കാലം കാണികൾക്കായി ജിന്ന് പാട്ടിൽ പൊതിഞ്ഞ് കാത്തു വെച്ചിരുന്നതിൽ മണ്ണോടു ചേർന്നതും മണ്ണിനു മേൽ തലയെടുപ്പോടെ നിൽക്കുന്നതുമായ ചിലത് !!

travel-trip6

ഗ്രാമത്തിനുള്ളിലെ ഏക നമസ്കാരപ്പള്ളി അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാൻ ആരൊക്കെയോ ശ്രമിക്കുകയും വീണ്ടും ഉപേക്ഷിക്കുകയും ചെയ്തതായി കാഴ്ചയിൽ നിന്ന് വ്യക്തമാണ്. ചില വീടുകളുടെ കാര്യവും വ്യത്യസ്തമല്ല. ജിന്ന് എന്നത് മാന്ത്രിക സ്പർശത്താൽ അറബ് കഥകളിൽ മാത്രം ഉരുവാകുന്ന ഒന്നല്ലെന്നും മനുഷ്യനു മേൽ ശക്തമായ സ്വാധീനമുള്ളതാണെന്നുമുള്ള വിശ്വാസവും അതിന്റെ ഭയവും ശാസ്ത്രയുഗത്തിലും നമ്മെ കീഴ്പെടുത്തുന്നു എന്നതിന്റെ തെളിവു കൂടിയാണ് ജസീറ അൽ ഹംറ എന്ന ചുവന്ന ദ്വീപ്. 

travel-trip5

രണ്ടു മണിക്കൂറോളം ഹംറയിൽ ചെലവഴിച്ച ശേഷം ജിന്നുകളെ കാണാനാകാതെ, മനുഷ്യഗന്ധം മാത്രം നിറഞ്ഞ, കാലാതിവർത്തിയായ ഗ്രാമത്തിന്റെ നല്ല കുറച്ചു ചിത്രങ്ങളുമായി അടുത്ത സ്ഥലത്തേക്കു യാത്ര തിരിച്ചു.. 

travel-trip7

ഹംറയിൽനിന്ന് ഏകദേശം ഇരുപത് മിനിറ്റ് യാത്രയേ ഉള്ളു മുപ്പതു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള അൽ ക്വസിമിയ പാലസിലേക്ക്. ഹംറയിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സലിം റോഡ് വഴി പാലസിന്റെ വിശാലമായ മതിൽക്കെട്ടുകൾക്കു മുന്നിൽ ഞങ്ങളെത്തി. ഗേറ്റിനോടു ചേർന്നുള്ള മുറിയിൽ രണ്ടു ഗാർഡുകൾ. പാലസിനുള്ളിലേക്കു പൊതുജനങ്ങൾക്കു പ്രവേശനമില്ലെന്ന് അവരിൽനിന്നു വ്യക്തമായി. പുറത്തുനിന്ന് ചിത്രങ്ങൾ പകർത്തുന്നതിനോടൊപ്പം പാലസിനെ കുറിച്ചുള്ള കഥകൾ അവരോട് ചോദിച്ചറിഞ്ഞു. 30 വർഷം മുമ്പ് അഞ്ഞൂറ് മില്യൻ ദിർഹം ചെലവഴിച്ച് മോറോക്കൻ സ്റ്റൈലിൽ പണികഴിപ്പിച്ച ആഡംബര സൗധം.

travel-trip3

മ്യൂറൽ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ ഭിത്തികളും മാർബിളിൾ പ്രതിമകളും നയനമനോജ്ഞമായ എണ്ണച്ചായ ചിത്രങ്ങളും തടിയിൽ കടഞ്ഞ ശില്പങ്ങളും ക്രിസ്റ്റൽ വിളക്കുകളും കൊണ്ട് പ്രൗഢമായ മുറികൾ. പക്ഷേ ഒരൊറ്റ രാത്രി മാത്രമേ ഉടമസ്ഥർ ഇവിടെ താമസിച്ചിരുന്നുള്ളു. ആദ്യ ദിവസം തന്നെ നടന്ന ചില ഭീതിജനകമായ സംഭവങ്ങളാൽ പാലസിൽ പ്രേതബാധ ആരോപിച്ച് അവർ ഒഴിഞ്ഞു പോയതായി ഗാർഡുകളിൽ ഒരാൾ പറഞ്ഞു. മറ്റാരോ നടത്തിയ ആഭിചാര കർമത്തിന്റെ ഫലമാണിതെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പിന്നീടൊരിക്കലും അവകാശികൾ ഇവിടേക്കു തിരികെ വന്നിട്ടില്ലത്രേ !! ഇന്നും രാത്രികാലങ്ങളിൽ ജനാലകൾക്കരികിൽ കുട്ടികളുടെ രൂപവും ചില നേരം നിർത്താതെയുള്ള കരച്ചിലുകളും ഉണ്ടാവാറുണ്ടെന്ന് അയൽവാസികൾ സാക്ഷ്യം പറയുന്നു.. ന്യൂ ഒർലാൻസിലെ ലാലോറി മാൻഷനും അവിടെനിന്ന് ഇന്നും കേൾക്കാറുള്ള തേങ്ങലുകളും ഒരു നിമിഷാർദ്ധം എന്റെ മനസ്സിൽ ഉയർന്നുവന്നു. 

travel-trip1

അരമണിക്കൂറോളം അവിടെ ചെലവിട്ട് പാലസിന്റെ പുറം ചിത്രങ്ങൾ പല ആംഗിളുകളിൽ പകർത്തി ദുബായിലേക്കു തിരികെ പോകും വഴി മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ലത മങ്കേഷ്‌കർ ആലപിച്ച ഒരു പഴയ ഹിന്ദി പാട്ടിന്റെ വരികളായിരുന്നു.

तू जहाँ जहाँ चलेगा

मेरा साया साथ होगा

मेरा साया साथ होगा...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA