കടൽ കടന്ന് ആമകളുടെ സാമ്രാജ്യത്തിൽ 

മനുഷ്യന്റെ ജന്മനാട്ടിൽ അധ്യായം 7

കടലിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ ആടിയുലയുകയാണ്. ആകാശം ഇരുണ്ടുകൂടി നിൽക്കുന്നു. ഉടനെയെങ്ങും മഴ പെയ്തു തോരുന്ന ലക്ഷണമില്ല. 'ഈ പെരുമഴയിൽ എങ്ങനെ ബോട്ടു കയറി പ്രിസൺ ഐലൻഡിലെത്തും?' - നീന്തലറിയാത്ത, കടലിനെ കടലോളം പേടിയുള്ള ഞാൻ സുരേഷിനോടു ചോദിച്ചു.

സ്നേക്ക് ഐലൻഡ്

ശരിയാണ്, ഈ സമയത്ത് കടലിലൂടെയുള്ള ബോട്ട് യാത്ര അത്ര സേഫ് അല്ല. നമുക്ക് പിന്നീട് എപ്പോഴെങ്കിലും പോകാം-സുരേഷ് ഇങ്ങനെ പറയുമെന്ന് ഞാൻ ആശിച്ചു പക്ഷേ സുരേഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. 'ഏയ്, ഒന്നും പേടിക്കാനില്ല. ഞാൻ ഇതിലും വലിയ മഴയത്താണ് കഴിഞ്ഞ തവണ പ്രിസൺ ഐലൻഡിൽ പോയത്!'സുരേഷ് ഇതുംപറഞ്ഞിട്ട് ബോട്ട് ഡ്രൈവറെ സമീപിച്ചു. ഇതൊന്നും ഒരു മഴയല്ലെന്നും ഇക്കാണുന്നതൊന്നും തിരമാലയല്ലെന്നുമായിരുന്നു ഡ്രൈവറുടെ നിരീക്ഷണം!

അങ്ങനെ, പേടിത്തൊണ്ടനായ എന്റെ കടൽപേടിയ്‌ക്കൊന്നും പ്രസക്തിയില്ലാതായി. സുരേഷ് പറഞ്ഞ നിരക്ക് ബോട്ടുകാരൻ സമ്മതിച്ചതോടെ ഞാൻ ഭയന്നുവിറച്ച് ബോട്ടിൽ കയറി. ബോട്ട് സ്റ്റാർട്ടായതോടെ, അല്പം കുറഞ്ഞു നിന്ന മഴ വീണ്ടും പേമാരിയായി. എന്റെ ഭയം തിരമാലയോളം ഉയർന്നു. എന്റെ ഭാവമാറ്റം കണ്ട ബോട്ട് ഡ്രൈവർ ചിരി തുടങ്ങി. എന്നിട്ട് കളിയായി ബോട്ട് ഉലയ്ക്കാനും തുടങ്ങി.nഇനിയും ബോട്ട് ഉലച്ചാൽ നിന്നെ കൊന്നിട്ട് പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുമെന്ന്  ഞാൻ വിളിച്ചു പറഞ്ഞു. അതോടെ അവൻ വീണ്ടും ചിരി തുടങ്ങി.

പ്രിസൺ ഐലന്റിലേക്ക് ബോട്ടിൽ പുറപ്പെടുന്നു.പിന്നിൽ കാണുന്നത് സൻസിബാർ നഗരം

വലിയ തിരമാലകളിൽ ആടിയുലഞ്ഞ് ബോട്ട് പ്രിസൺ ഐലൻഡിനെ ലക്ഷ്യമാക്കി നീങ്ങി. 35 മിനുട്ടെടുക്കും അവിടെ എത്താൻ. എന്തായാലും തീരം വിട്ട് പത്തുമിനുട്ട് കഴിഞ്ഞപ്പോൾ കടൽ ശാന്തമായതായി തോന്നി. പേടിയ്ക്കു ശമനം സംഭവിച്ചു.

വലതുവശത്ത് നിറയെ മരങ്ങളുമായി ഒരു ദ്വീപ് നിൽപുണ്ട്. ആരും കൊതിച്ചു പോകുന്നത്ര ഹരിതാഭമാണ് ആ ദ്വീപ്. ഞങ്ങളുടെ ഹോട്ടൽ മുറിയിൽ നിന്ന് പലതവണ ആ ദ്വീപ് കണ്ടിരുന്നു. കരയിൽ നിന്ന് ഏറെ അകലെയല്ലാതിരുന്നിട്ടും അവിടെ മനുഷ്യസ്പർശമേറ്റ ലക്ഷണമൊന്നും കാണാനില്ല.

'ആ ദ്വീപിൽ ആരും പോകാറില്ലേ?'-  ബോട്ട് ഡ്രൈവറോട് ചോദിച്ചു.

പ്രിസൺ ഐലന്റിലെ കടൽപ്പാലത്തിൽ

'ഇല്ല. അവിടെ പോയാൽ ജീവനോടെ തിരികെ വരില്ല. മരങ്ങളെക്കാൾ കൂടുതൽ പാമ്പുകളാണ് അവിടെ. സ്‌നേക്ക് ഐലൻഡ് എന്നാണ് പേര്'.

250 മീറ്റർ മാത്രമേ സ്‌നേക്ക് ഐലൻഡിന് നീളമുള്ളു. മുഴുവൻ പാറക്കെട്ടുകളാണ്. വിവിധ വംശത്തിൽപ്പെട്ട എലികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവയുടെയും വാസസ്ഥാനമാണിത് പംഗാവിനി എന്നാണ് സ്‌നേക്ക് ഐലൻഡിന്റെ പരമ്പരാഗത വിളിപ്പേര്. ഇപ്പോൾ പാമ്പുകളെയും മറ്റ് ഉരഗങ്ങളെയും പറ്റി ഗവേഷണം നടത്തുന്നവരാണ് ഈ ദ്വീപ് പ്രധാനമായും സന്ദർശിക്കുന്നത്. അതിനായി ഗവൺമെന്റിന്റെ അനുമതി വാങ്ങണം. നിശ്ചിത ഫീസും അടയ്ക്കണം.

പ്രിസൺ ഐലന്റിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകൾ

സ്‌നേക്ക് ഐലൻഡിന്റെ ഉൾഭാഗത്തെ ചിത്രങ്ങളേതെങ്കിലും ഇന്റർനെറ്റിൽ ലഭ്യമാണോ എന്ന് പിന്നീട് പരതിയപ്പോൾ ലഭിച്ചത് ഗംഭീരനൊരു ഡോക്യുമെന്ററിയാണ്. ബിബിസി നിർമ്മിച്ച ആ ഡോക്യുമെന്ററിയിൽ മരത്തിൽ തൂങ്ങിയും പാറയിൽ ചുരുണ്ടുകൂടിയും കിടക്കുന്ന നൂറുകണക്കിന് പാമ്പുകളെ കാണാം. പാമ്പുകളുടെ ലോക സമ്മേളനം നടക്കുന്ന സ്‌നേക്ക് ഐലൻഡിൽ ക്യാമറയുമായി കടന്നു കയറി മനോഹരമായ ഡോക്യുമെന്ററി നിർമ്മിച്ച ബിബിസി ടീമിനെ മനസാ നമിച്ചു പോയി!

പ്രിസൺ ഐലന്റിലേക്കുള്ള കവാടം 

                  ഏറെ ദൂരെയല്ലാതെ പ്രിസൺ ഐലൻഡ് ദൃശ്യമായി. കടലിലേക്ക് ഇറക്കി നിർമ്മിച്ച മനോഹരമായ കടൽപ്പാലമാണ് ആദ്യം കാണുക. അതിനു പിന്നിൽ ചെറിയൊരു മതിൽക്കെട്ട്. ദ്വീപിനു ചുറ്റും നാട പോലെ പഞ്ചാരമണൽ ബീച്ച്. ഇളം നീലകടൽ മണൽത്തരികളെ ചുംബിക്കുന്നു.

ഏതാനും ബോട്ടുകൾ ദ്വീപിനോട് ചേർന്ന് 'പാർക്ക്'ചെയ്തിട്ടുണ്ട്. ബീച്ചിൽ ചുറ്റി നടക്കുന്നവരെയും കാണാം.

പ്രിസൺ ഐലന്റിലെ ഹോട്ടലിലെ  നീന്തൽക്കുളം

ബോട്ടടുക്കാനായി ജെട്ടിയൊന്നുമില്ല, പ്രിസൺ ഐലൻഡിൽ. കരയോടടുക്കുമ്പോൾ ബോട്ടിൽ നിന്ന് ചാടിയിറങ്ങി നടക്കുക. കണ്ണീരുപോലെ തെളിഞ്ഞ വെള്ളമാണ്. അടിത്തട്ടുവരെ കാണാവുന്നത്ര സുതാര്യം. അതുകൊണ്ട്, നടന്നു കരയിലേക്കു കയറുന്നത് സുന്ദരമായ അനുഭവമാണ്. ദ്വീപിലേക്ക് പടി കയറി എത്തുന്നത് ഒരു സ്വിമ്മിങ്പൂളിനരികെയാണ്. പഴയ കൊളോണിയൽ ബംഗ്ലാവുകളിലൊന്ന് ഇപ്പോൾ റിസോർട്ടാണ്. അതിന്റെ ഭാഗമാണീ നീന്തൽ കുളവും.ഒരരികു ചേർന്ന് കാണുന്ന പഴയ കെട്ടിടമാണ് ദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്.  വിദേശികൾ ഇവിടെ നിന്ന് നാല് ഡോളറിന്റെ ടിക്കറ്റ് എടുത്തിട്ടു വേണം കാഴ്ചകളിലേക്ക് പ്രവേശിക്കാൻ.  വീണ്ടും മഴ തുടങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ സ്വീകരണ മുറിയിൽ മഴമാറാൻ കാത്തിരുന്നു. മുറിയിൽ പഴയകാല ചിത്രങ്ങളും ചില ഉടമ്പടികളുടെ പകർപ്പുകളും മറ്റും ഭിത്തിയിൽ ചില്ലിട്ടു വെച്ചിട്ടുണ്ട്. പഴയ ദിനപത്രങ്ങളുടെ കട്ടിങ്ങുകളും പഴയകാല നാണയങ്ങളുമൊക്കെ കണ്ണാടിക്കൂട്ടിലും സക്ഷിച്ചിട്ടുണ്ട്. അവയിലൂടെ ദ്വീപിന്റെ ചരിത്രം മനസ്സിലാക്കാം.

സൻസിബാറിൽ നിന്ന് 5.6 കി.മീ തെക്ക് പടിഞ്ഞാറായാണ് പ്രിസൺ ഐലന്റിന്റെ സ്ഥാനം ചങ്ഗു എന്നാണ് ദ്വീപിന്റെ പഴയ പേര്. 800 മീറ്റർ നീളവും 230 മീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. പണ്ടുകാലം മുതൽ തന്നെ ഇന്ത്യയിൽ നിന്നുള്ള കച്ചവടക്കാർ ടാൻസാനിയയിലേക്ക് പോകുംവഴി ഇടത്താവളമാക്കിയിരുന്നത് ചങ്ഗു ദ്വീപിനെയാണ്. അങ്ങനെയിരിക്കെ, 1850കളിൽ, ധനികനായ ഒരു അറബി  അനുസരണക്കേടു കാട്ടുന്ന അടിമകളെ ഏകാന്തത്തടവിൽ പാർപ്പിക്കാനായി ദ്വീപിൽ ഒരു കെട്ടിടം പണിതു. 1873 വരെ അടിമകളുടെ 'ദുർഗുണപരിഹാര പാഠശാല' യായി ദ്വീപ് തുടർന്നു.

പ്രിസൺ ഐലന്റിലെ പഴയ ബംഗ്ളാവ് ഹോട്ടൽ ആക്കിയപ്പോൾ 

ഇക്കാലമായപ്പോഴേക്കും ആഫ്രിക്കയിൽ അടിമവ്യാപാരം നിരോധിച്ചിരുന്നു. തുടർന്ന് ദ്വീപ് സ്വന്തമാക്കിയത് സുൽത്താന്റെ സൈനിക കമാൻഡറായ  ജനറൽ ലോയ്ഡ് മാത്യുസാണ്. അദ്ദേഹം തനിക്ക് താമസിക്കാനായി വലിയൊരു വീടു പണിയുകയാണ് ആദ്യം ചെയ്തത്. പിന്നെ ഒരു ജയിലും നിർമ്മിച്ചു.

പ്രിസൺ ഐലന്റിലെ പഴയ ബംഗ്ളാവ് ഹോട്ടൽ ആക്കിയപ്പോൾ 

1893ൽ പണിത ഈ ജയിലിൽ പക്ഷേ ഒരിക്കലും തടവുകാരെ പാർപ്പിക്കാൻ കഴിഞ്ഞില്ല. പകരം, പകർച്ചവ്യാധി പിടിപെടുന്നവരെ മറ്റുള്ളവരിൽ നിന്ന് അകറ്റി പാർപ്പിക്കാനാണ് ഉപയോഗിച്ചത്. അധികവും മഞ്ഞപ്പനി പിടിപെട്ടവരാണ് ദ്വീപിലുണ്ടായിരുന്നത്. രോഗികൾ ഇല്ലാത്ത സമയങ്ങളിൽ ബ്രിട്ടീഷുകാർ സുഖവാസത്തിനെത്തിയിരുന്നതും ഇവിടെത്തന്നെ. അതിനായി ഒരു ഗസ്റ്റ്ഹൗസും ഇവിടെ പണികഴിപ്പിക്കപ്പെട്ടു.

ഹോട്ടലിലേക്ക് കയറുന്ന പടവുകൾ

ഭീമൻ ആമകളുടെ പേരിലും പ്രിസൺ ഐലൻഡ് പ്രശസ്തമാണ്. 1919ൽ സീഷെൽസിലെ ബ്രിട്ടീഷ് ഗവർണർ സമ്മാനിച്ച നാല് ഭീമൻ ആമകളാണ് ആദ്യമായി ഇവിടെ എത്തിയത്. 1955 ആയപ്പോഴേക്കും ഇവയുടെ എണ്ണം 200 ആയി ഉയർന്നു. ദ്വീപു മുഴുവൻ ആമകൾ 'മേഞ്ഞു' നടന്നു എന്നു ചുരുക്കം. അതോടെ 'ആമക്കള്ള'ന്മാരുടെയും വിഹാരഭൂമിയായി പ്രിസൺ ഐലൻഡ്. അവർ രാത്രിയിൽ ബോട്ടിൽ വന്ന് ആമകളെ കയറ്റിക്കൊണ്ടുപോയി. വിദേശരാജ്യങ്ങളിൽ പലരും ഇവയെ വളർത്താനോ മാംസം ഭക്ഷിക്കാനോ വലിയ വില കൊടുത്തുവാങ്ങി. അങ്ങനെ 1955 ഓടെ ആമകളുടെ എണ്ണം 100 ആയി ചുരുങ്ങി. വീണ്ടും കാലം കഴിയവേ, ആമകൾ നാമവശേഷമാകുന്ന സ്ഥിതി വന്നു. 1996ൽ ഇവ വെറും ഏഴെണ്ണമായപ്പോൾ ഗവൺമെന്റ് ഉണർന്നു. 80 ആമകളെക്കൂടി ദ്വീപിലെത്തിച്ചു. പക്ഷെ ഇവയിൽ  40 എണ്ണവും മോഷ്ടിക്കപ്പെട്ടു.

ആമകളുടെ വാസസ്ഥാനത്തേക്കുള്ള കവാടം

ആമകൾ ദ്വീപിൽ അലഞ്ഞു നടക്കുന്നതു കൊണ്ടാണ് മോഷ്ടിക്കപ്പെടുന്നത് എന്നു മനസ്സിലാക്കിയ സർക്കാർ അവയെ വേലി കെട്ടി സംരക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി 'വേൾഡ് സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ആനിമൽസ്' എന്ന സംഘടനയുടെ സഹായവും ലഭിച്ചു. അതോടെ ഈ ഭീമൻ ആമകളുടെ  എണ്ണം വീണ്ടും ഉയർന്ന് ഇരുന്നൂറായി.. ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയിലാണ്  'ആൾഡബ്രഷെലിസ് ജൈജാന്റിയ' എന്ന വർഗ്ഗത്തിൽപ്പെടുന്ന ഈ ആമകളുടെ സ്ഥാനം.  ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ആമകളാണ് ഈ വർഗ്ഗത്തിൽ പെടുന്നത്. 

ഇഴഞ്ഞു നീങ്ങുന്ന ആമകൾ 

                    മഴ അല്പം തോർന്നപ്പോൾ ആമകളുടെ താവളത്തിലേക്ക് നടന്നു. ഒരു സൊസൈറ്റിയാണ് ഇപ്പോൾ ഇവയെ പരിപാലിക്കുന്നത്. സൊസൈറ്റിയുടെ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് നിൽപ്പുണ്ട്. പടിപ്പുര പോലെയുള്ള ഒരു ഓഫീസ് കടന്നാൽ ആമകളുടെ വിഹാര ഭൂമിയായി. വേലി കെട്ടിത്തിരിച്ച വലിയൊരു പ്രദേശം മുഴുവൻ ആമകൾ. ആമകളെന്നു പറഞ്ഞാൽ, ഒരു കുട്ടിയാനയുടെ വലിപ്പമുണ്ട്. ഓരോന്നിനും. ചിലർ ധ്യാനനിമഗ്നരായി നിൽക്കുന്നു. ചിലർ ഇഞ്ചിഞ്ചായി ഇഴഞ്ഞു നീങ്ങുന്നു.

സൻസിബാറിലെ ആമകൾ 

ഈ വർഗ്ഗത്തിൽപ്പെടുന്ന ആമകൾക്ക് 120 സെന്റിമീറ്ററിലേറെ നീളമുള്ള ശരീരവും 250 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. നീണ്ട കഴുത്തും  ഭാരം താങ്ങാൻ പറ്റുന്നത്ര വലിപ്പവും കനവുമുള്ള കാലുകളുമുണ്ട്. ഈ കാലുകളിൽ ഉയർന്നു നിന്ന് ഒരു മീറ്റർ ഉയരത്തിലുള്ള ഇലകൾ ഭക്ഷിക്കാനും ഇവയ്ക്ക് കഴിയുമത്രെ.വലിയ ശരീരവും ചെറിയ തലയുമായി നടക്കുന്ന ഈ ഭീമൻ ആമകളെ കാണാൻ അത്ര രസമുണ്ടെന്നു പറഞ്ഞുകൂടാ.

.ഇപ്പോൾ ഐലന്റിന്റെ ഓഫീസ് ആയി മാറിയ പഴയ കെട്ടിടത്തിന്റെ ഉൾഭാഗം 

പൊഴിഞ്ഞു കിടക്കുന്ന ഇലകളും പൂക്കളും ഭക്ഷിച്ചു കൊണ്ടാണ് ആമകളുടെ നടപ്പ്. വനിതാരത്‌നങ്ങൾക്ക് വലിപ്പം അല്പം കുറവാണ്. കുഞ്ഞുങ്ങളുമുണ്ട് കൂടെ. കുഞ്ഞുങ്ങൾക്ക് നമ്മുടെ നാട്ടിലെ വലിയ ആമകളുടെ വലിപ്പമുണ്ടെന്നു പറഞ്ഞാൽ സംഗതി ഏകദേശം പിടികിട്ടിക്കാണുമല്ലോ!

സൻസിബാറിലെ ആമകൾ 

                              ആമകളുടെ സാമ്രാജ്യത്തിൽ നിന്നിറങ്ങി, ഭാംഗിയായി ടൈൽ വിരിച്ച നടപ്പാതയിലൂടെ നടക്കുമ്പോൾ ആദ്യം കാണുന്നത് പണ്ട് പകർച്ചവ്യാധിക്കാരെ താമസിപ്പിക്കാനായി നിർമ്മിച്ച 

സൻസിബാറിലെ ആമകൾ 

'ക്വാറന്റൈൻ കെട്ടിട'മാണ്. 904 പേർക്കു വരെ താമസിക്കാൻ സൗകര്യമുണ്ടായിരുന്ന ഈ കെട്ടിടം ഇപ്പോൾ ഗവർമെന്റ് ഉടമസ്ഥതയിലുള്ള റിസോർട്ടാണ്. ഈ പ്രധാനകെട്ടിടം കൂടാതെ കടലിനോട് ചേർന്ന് 15 കോട്ടേജുകളും പുതിയതായി നിർമ്മിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാർ പണ്ടു നിർമ്മിച്ച ചില കോടതി കെട്ടിടങ്ങളെയോ എറണാകുളം മഹാരാജാസ് കോളേജിലെ കെട്ടിടങ്ങളെയോ ഓർമ്മിപ്പിക്കുന്നുണ്ട്, 'ക്വാറന്റൈൻ ബിൽഡിംഗ്'.

സൻസിബാറിലെ ആമകൾ 

തടികൊണ്ടുള്ള ഗോവണികളും കൈവരികളും വലിയ ഫ്രഞ്ച് വിൻഡോകളുമൊക്കെയുള്ള കെട്ടിടത്തിന്റെ പഴമ നിലനിർത്തിക്കൊണ്ടു തന്നെ സംരക്ഷിച്ചിരിക്കുകയാണ്. വീതിയുള്ള പടികൾ കയറി മേലെയെത്തുമ്പോൾ അതിവിശാലമായ മുറികൾ കാണാം. കൊളോണിയൽ ശൈലിയിലുള്ള പഴയ ഫർണിച്ചറുകൾ മുറികൾക്ക് മോടി കൂട്ടുന്നു. പഴയകെട്ടിടത്തിൽ പ്രവർത്തിക്കുന്നതു കൊണ്ട് ഹെറിറ്റേജ് ഹോട്ടൽ എന്ന ഗണത്തിൽ പെടുത്തി വലിയ വാടകയാണ് മുറികൾക്ക് ഈടാക്കുന്നത്.

 ഒരു ദ്വീപിൽ, പുറം ലോകവുമായി ബന്ധമില്ലാതെ, നക്ഷത്രസൗകര്യങ്ങൾ ആസ്വദിച്ചു കഴിയണമെങ്കിൽ സ്വാഗതം, പ്രിസൺ ഐലൻഡിലേക്ക്...

(തുടരും)