കിളിമഞ്ജാരോയുടെ നാട്ടിൽ

kilimanjaro-trip5
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ- 9

ഒന്നര മണിക്കൂർ വൈകി ദാർ എസ് സലാമിലേക്കുള്ള വിമാനമെത്തി. കിളിമഞ്ജാരോയിൽ നിന്നു വരുന്ന വിമാനമാണ്. പിറ്റേന്ന് ഞങ്ങൾക്കു പോകേണ്ടതും അവിടേയ്ക്കു തന്നെ. കിളിമഞ്ജാരോ പർവതശൃംഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിയാണ്. എത്ര കനത്ത ചൂടിലും തലപ്പത്ത് മഞ്ഞ് മൂടിക്കിടക്കും. ടാൻസാനിയ സന്ദർശിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ആഗ്രഹമാണ് കിളിമഞ്ജാരോ കാണുക എന്നത്, പക്ഷേ പലർക്കും അതു സാധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം മിക്ക സമയത്തും പർവതാഗ്രം മേഘപാളികളാൽ മൂടപ്പെട്ടു കിടക്കും. ആകാശം ഒരു മേഘം പോലുമില്ലാതെ തെളിഞ്ഞു നിന്നാലും ശ്രീകൃഷ്ണനു ചുറ്റും ഗോപികമാരെന്ന പോലെ കിളിമഞ്ജാരോയെ ചുറ്റിപ്പറ്റി കാണും, മേഘങ്ങളുടെ വൻപട.

സൻസിബാറിൽ നിന്ന് വിമാനത്തിൽ കയറാൻ ഏതാനും പേരെ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും കിളിമഞ്ജാരോയിൽ നിന്ന് ദാർ എസ് സലാമിലേക്ക് യാത്ര ചെയ്യുന്നവരാണ്. എന്റെ തൊട്ടടുത്തിരുന്നയാളോട് ചോദിച്ചു: 'എന്താണ് കിളിമഞ്ജാരോയിലെ സ്ഥിതി? ആകാശം മേഘാവൃതമാണോ? കൊടുമുടി കാണാൻ കഴിയുമോ?'

kilimanjaro-trip
സൻസിബാർ എയർപോർട്ട് 

മറുപടി തീർത്തും നിരാശജനകമായിരുന്നു. കുറേ ദിവസങ്ങളായി കിളിമഞ്ജാരോ മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കാൻ തുടങ്ങിയിട്ട്. തന്നെയുമല്ല, അവിടെ എപ്പോഴും മഴയുമാണ്. ദാർ എസ് സലാമിൽ നിന്ന് കിളിമഞ്ജാരോ ഭാഗത്തേക്കുള്ള റോഡിൽ ഒരു പാലം കനത്ത മഴയിൽ ഒഴുകിപ്പോയി. അങ്ങനെ റോഡ് ഗതാഗതം പോലും തടസ്സപ്പെട്ടിരിക്കുകയാണ്.അത്തിപ്പഴം പൂത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു പറഞ്ഞ അവസ്ഥയിലായി ഞാൻ. പൊറ്റക്കാടും സക്കറിയയും എഴുതി കൊതിപ്പിച്ച കിളിമഞ്ജാരോ കാണാനായി എത്രവർഷമായി ഞാൻ നോമ്പു നോറ്റിരിക്കുന്നു! എന്നിട്ട് വന്നതോ, പെരുമഴക്കാലത്തും!

നാളെ മുതൽ മൂന്നുനാല് ദിവസം കിളിമഞ്ജാരോയുടെ പരിസരത്തൊക്കെ ഞങ്ങളുണ്ടാവും. അതിനിടയ്ക്ക് ഒരു ദിവസം, ഒരേയൊരു ദിവസം മഴയൊക്കെ മാറി, മാനം തെളിഞ്ഞ്, കിളിമഞ്ജാരോ ഞങ്ങളുടെ മുന്നിൽ വിശ്വരൂപം കാട്ടും- ഞാൻ വെറുതെയങ്ങ് ആശ്വസിച്ചു.

kilimanjaro-trip2
ദാർ എസ് സലാം എയർപോർട്ട്

വെറും 25 മിനിട്ട് കൊണ്ട് വിമാനം ദാർ എസ് സലാമിൽ നിലംതൊട്ടു. അപ്പോഴേയ്ക്കും തുള്ളിക്കൊരു കുടം പേമാരിയും തുടങ്ങി.

ഞങ്ങൾ സുരേഷിന്റെ ഫ്‌ളാറ്റിലെത്തി. ആഹാരമൊക്കെ പകൽ വന്നുപോകുന്ന വേലക്കാരി തയ്യാറാക്കി വെച്ചിട്ടുണ്ട്. 'ടുഡു' എന്നു വിളിപ്പേരുള്ള വേലക്കാരി ടാൻസാനിയക്കാരിയാണെങ്കിലും വർഷങ്ങളായി സുരേഷിന്റെ വീട്ടിൽ സേവനമനുഷ്ഠിക്കുന്നതു കൊണ്ട് മലയാളിത്തമുള്ള കറികളൊക്കെ പാകം ചെയ്യാനറിയാം. പക്ഷേ, അതൊന്നും കഴിക്കാവുന്ന മാനസികാവസ്ഥയായിട്ടില്ല, ടുഡുവിന്. ഗംഭീര സാമ്പാറും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കി വെച്ചിട്ട് ടുഡു മാറിയിരുന്ന് ബ്രഡും ജാമും കഴിക്കും.

kilimanjaro-trip3
മേഘങ്ങൾക്കിടയിൽ, അൽപ്പം ഉയർന്നു നിൽക്കുന്ന ഭാഗത്താണ് കിളിമഞ്ജാരോ ശൃംഗം

ഇത്ര എരിവുള്ളതൊന്നും തനിക്ക് കഴിക്കാൻ പറ്റില്ലെന്നാണ് ടുഡുവിന്റെ വിശദീകരണ പിറ്റേന്ന് രാവിലെ 11 മണിക്കാണ് കിളിമഞ്ജാരോയിലേക്കുള്ള 'ഫാസ്റ്റ് ജസ്റ്റ്'വിമാനം. ഒരു മണിക്കൂറേയുള്ളൂ യാത്രാസമയം. ഇന്ത്യയിൽ ഒരുമണിക്കൂർ പറക്കണമെങ്കിൽ 2000-3000 രൂപ കൊടുത്താൽ മതിയെങ്കിൽ ആഫ്രിക്കയിൽ 5000 രൂപയിലേറെയാണ് ടിക്കറ്റ് നിരക്ക്. ആഭ്യന്തരവിമാന യാത്രയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഏറ്റവും നിരക്കു കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്.

                             രാവിലെ സുരേഷിന്റെ ഡ്രൈവർ എയർപോർട്ടിൽ എത്തിച്ചു. ചെക്ക് ഇൻ ചെയ്ത് 'ഫാസ്റ്റ് ജെറ്റ്' കാത്തിരുന്നു. ആഫ്രിക്കൻ നാടുകളിലെ  ജനങ്ങളുടെ പ്രിയപ്പെട്ട വിമാന സർവീസുകളിലൊന്നാണിത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗാണ് ഹെഡ് ഓഫീസ്. കെനിയ, മൊസാംബിക്, സിംബാബ്‌വെ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ഫാസ്റ്റ് ജെറ്റ് സർവീസ് നടത്തുന്നുണ്ട്. കൃത്യ സമയത്തു തന്നെ വിമാനം പുറപ്പെട്ടു. വലതുവശത്താണ് എനിക്ക് സീറ്റ് കിട്ടിയത്. എയർഹോസ്റ്റസ് അടുത്തു വന്നപ്പോൾ ഞാൻ ചോദിച്ചു. 'കിളിമഞ്ജാരോ ഏതുവശത്താണ്?' 'വലതു വശത്തു തന്നെ'- കറുത്ത സുന്ദരി സുന്ദരമായ മന്ദഹാസത്തോടെ മൊഴിഞ്ഞു. സന്തോഷമായി. 'കിളിമഞ്ജാരോ, നിന്നെ ആകാശത്തു വെച്ചു തന്നെ ക്യാമറയിലാക്കും'- ഞാൻ മനസ്സിൽ പറഞ്ഞു. ആകാശത്ത് മേഘങ്ങളുടെ ലോകകപ്പ് നടക്കുകയാണ്. മേഘങ്ങളിൽപെട്ട് ആടിയുലഞ്ഞാണ് വിമാനത്തിന്റെ പോക്ക്. ഞാൻ ക്യാമറ റെഡിയാക്കി പുറത്തേക്ക് കണ്ണുനട്ട് കാത്തിരുന്നു. ഒരു നിമിഷമെങ്കിലും കിളിമഞ്ജാരോ ദർശനം നൽകുമോ?

kilimanjaro-trip4
കിളിമഞ്ജാരോ എയർപോർട്ട് 

വിമാനം താഴാൻ പോവുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ഞാൻ കണ്ണുരണ്ടും മിഴിച്ച് പുറത്തേക്ക് നോക്കി. ഒന്നുമില്ല. പുകപോലെ മേഘങ്ങൾ മാത്രം.സീറ്റ്‌ബെൽറ്റ് ധരിക്കാനാവശ്യപ്പെട്ട് അടുത്തെത്തിയ സുന്ദരിയോട് ചോദിച്ചു: 'എവിടെ കിളിമഞ്ജാരോ?' 'മേഘങ്ങളില്ലെങ്കിൽ ഇപ്പോൾ കിളിമഞ്ജാരോ വ്യക്തമായി കാണാമായിരുന്നു. പക്ഷേ ഇന്ന് കാണാൻ പറ്റുമെന്നു തോന്നുന്നില്ല'- മറുപടി. ഞാൻ ഹതാശനായി. പക്ഷേ ആരോട് പരാതിപ്പെടാൻ! ക്യാമറ ഓഫ് ചെയ്ത് മിണ്ടാതിരിക്കുക തന്നെ. കിളിമഞ്ജാരോ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പക്ഷേ, വേറൊരു വിസ്മയം കണ്ണിൽ തെളിഞ്ഞു. പച്ചപ്പ്! എന്തൊരു പച്ചനിറമാണ് മരങ്ങൾക്കും ചെടികൾക്കും പുല്ലിനും! അവിശ്വസനീയമായ ഹരിതാഭ. തുടർന്നുള്ള മൂന്നു ദിവസം ആ ഹരിതാഭയുടെ ലോകത്തു തന്നെയായിരിക്കും ജീവിതമെന്ന് അപ്പോൾ ഞാനറിഞ്ഞില്ല.

നല്ല ഭംഗിയുള്ള ഒരു ചെറിയ  എയർപോർട്ടാണ് കിളിമഞ്ജാരോയിലേത്. മോഷി, അരൂഷ എന്നീ നഗരങ്ങൾക്കിടയിൽ കൃഷിഭൂമിക്കു നടുവിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. കിളിമഞ്ജാരോ ശൃംഗം സ്ഥിതി ചെയ്യുന്ന മോഷിയിൽ മറ്റൊരു  എയർപോർട്ട് ഉണ്ടെങ്കിലും അവിടേക്ക് കോസ്റ്റൽ എയർലൈൻസിന്റെ ചാർട്ടേർഡ് ഫ്‌ളൈറ്റുകളാണ് കൂടുതലും സർവീസ് നടത്തുന്നത്. കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് മോഷിയിലേക്ക് 60 കി.മീ ദൂരമുണ്ട്. വന്യമൃഗ സങ്കേതമായ ഗോരങ്‌ഗോരോ, കിളിമഞ്ജാരോ ശൃംഗം എന്നിവയാണ് ഞങ്ങൾക്കിവിടെ പ്രധാനമായും കാണാനുള്ളത്. അതിനായി ഒരു പാക്കേജ് ടൂർ എടുത്തിട്ടുണ്ട്. ഗോരങ്‌ഗോരോ ടൂർ ചിലവു കൂടിയ ഏർപ്പാടാണ്. ഒരു ദിവസം താമസം അടക്കം ഒരാൾക്ക് 25,000 രൂപയോളം ചിലവു വരും. പക്ഷെ അത് നൽകാതെ ഗോരങ്‌ഗോരോയിൽ എത്തുക എളുപ്പമല്ല. അല്ലെങ്കിൽ അവിടേക്ക് ടൂർ പോകുന്ന ആരെയെങ്കിലും സമീപിച്ച് ചെറിയ തുക നൽകി അവരുടെ  വാഹനത്തിൽ കയറിക്കൂടണം. സക്കറിയ അങ്ങനെയാണ് ചെയ്തത്. അതിനു പക്ഷേ, പറ്റിയ ആളുകളെ കാത്തിരുന്നു കണ്ടെത്തണം. ഞാനതിന് മുതിർന്നില്ല എന്നുമാത്രം.

kilimanjaro-trip6
കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്കുള്ള പാത 

എയർപോർട്ടിനു പുറത്ത് നിറഞ്ഞ ചിരിയുമായി, 'ബൈജു' എന്ന ബോർഡ്  കൈയിലേന്തി ഒരു ദീർഘകായൻ  നിൽപ്പുണ്ടായിരുന്നു. 'ഐ ആം ജിം'- അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 'ഇനി മൂന്നുദിവസം ഞാനാണ് നിങ്ങളുടെ ഡ്രൈവറും ഗൈഡും' ജിമ്മിനെ ഒറ്റനോട്ടത്തിൽ ഇഷ്ടമായി. പക്വതയുള്ള ഒരു മനുഷ്യൻ. സ്‌നേഹം തോന്നുന്ന പെരുമാറ്റം. ജിം വന്നിരിക്കുന്നത് തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസറുമായിട്ടാണ്.

നമ്മൾ കണ്ടുവരാറുള്ള ലാൻഡ്ക്രൂയിസറിൽ നിന്ന് ഈ വാഹനത്തിന് ഒരു വ്യത്യാസമുണ്ട്. നീളം അല്പം കൂടുതലാണ്. ഏഴുപേർക്ക് സുഖമായി ഇരിക്കാവുന്ന രീതിയിൽ ഒരു വാനിന്റെ ഉള്ളിലെന്നപോലെ സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നു. ഏറ്റവും പിന്നിൽ ഇരുമ്പു കമ്പിയിട്ട ഒരു ഭാഗമുണ്ട്, ലഗേജുകൾ സൂക്ഷിക്കാൻ. ഉള്ളിൽ നിന്ന് കൈയിട്ട് അവിടെ നിന്ന് ഒന്നും എടുക്കാനാവില്ല. പുറത്തുനിന്ന് ലോക്ക് തുറന്നാലേ അവിടെ നിന്ന് ലഗേജ് എടുക്കാൻ സാധിക്കൂ. ലഗേജ് സ്‌പേസ് ബാങ്ക് ലോക്കർ പോലെ ഭദ്രമാക്കി വെച്ചിരിക്കുന്നത് ഇവിടുത്തെ കള്ളന്മാരെ ഭയന്നാണ്. ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളാണ് ജിമ്മിന്റെ വാഹനത്തിൽ സഞ്ചരിക്കുന്നത്. അവരുടെ സാധനസാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ആവശ്യമാണല്ലോ.

kilimanjaro-trip7
കിളിമഞ്ജാരോ എയർപോർട്ടിൽ നിന്ന് അരൂഷയിലേക്കുള്ള പാത 

 വിനോദ സഞ്ചാരികൾ സഞ്ചരിക്കുന്ന എല്ലാ ഫോർവീൽ ഡ്രൈവ് വാഹനങ്ങളിലും ഈ സുരക്ഷാസംവിധാനമുണ്ട്. വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടി ഇങ്ങനെ 'കസ്റ്റമൈസ്' ചെയ്തു നൽകുന്ന കമ്പനികൾ ദാർ എസ് സലാമിലുണ്ടെന്ന് ജിം പറഞ്ഞു. രണ്ടു ലക്ഷം രൂപയാണ് ലാൻഡ് ക്രൂയിസറിന്റെ നീളം കൂട്ടാനുള്ള നിരക്ക്. ജിം പഴയൊരു സൈനികനാണ്. റിട്ടയർ ചെയ്തു കഴിഞ്ഞാണ് ടൂറിസ്റ്റ് ഗൈഡ് കം ഡ്രൈവറായത്. ഈ ജോലിയിലൂടെ ഇഷ്ടം പോലെ സമ്പാദിക്കാനാവുന്നുണ്ടെന്ന് ജിം പറഞ്ഞു. ആദ്യമൊക്കെ മറ്റൊരാളുടെ കമ്പനിക്കു വേണ്ടിയാണ് ഓടിയിരുന്നതെങ്കിൽ, ഇപ്പോൾ സ്വന്തം ട്രാവൽ കമ്പനിയാണ് ജിമ്മിന്. മൂന്ന് ലാൻഡ് ക്രൂയിസറുകൾ സ്വന്തമായി വാങ്ങി. ഭാര്യയ്ക്ക് സ്വന്തം ബിസിനസ്സിനായി പണവും നൽകി. അവർ  സാനിറ്ററി സാധനങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ് നടത്തുന്നു. രണ്ട് ആൺമക്കളാണ് ജിമ്മിന്. ഇരുവരും കോളേജിലാണ്.

എയർപോർട്ടിൽ നിന്ന് പുറത്തു കടന്നപ്പോൾ ഇരുവശത്തും വിശാലമായ കൃഷിഭൂമി കണ്ടു. ദൂരെ ഒരു പർവതത്തിന്റെ ലക്ഷണങ്ങളുണ്ട്. ഒന്നും വ്യക്തമല്ല. 'എവിടെയാണ് കിളിമഞ്ജാരോ?' ഞാൻ ചോദിച്ചു. 'അവിടെ വലതുഭാഗത്താണ്. മേഘങ്ങളും മഴയുമില്ലെങ്കിൽ എയർപോർട്ടിൽ നിന്നിറങ്ങിയാൽ ആദ്യം നമ്മളെ സ്വാഗതം ചെയ്യുന്നത് കിളിമഞ്ജാരോ കൊടുമുടിയാണ്. പക്ഷേ മഴക്കാറ് മൂലം രണ്ടുമൂന്നു ദിവസമായി കൊടുമുടി കണ്ടിട്ട്' - ജിം പറഞ്ഞു.

കൃഷിത്തോട്ടത്തിനു നടുവിലൂടെ വാഹനമോടിച്ച്, റോഡരികിൽ നിർത്തിയിട്ട് ജിം തന്റെ ഗൈഡ് ജോലിയുടെ ആദ്യപടിയിലേക്ക് കടന്നു.

kilimanjaro-trip8
ജിമ്മിന്റെ,നീളം കൂട്ടിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 

'നിങ്ങൾ ഇപ്പോൾ എടുത്തിരിക്കുന്നത് ഗോരങ്‌ഗോരോ ടൂർ, കിളിമഞ്ജാരോയുടെ താഴ്‌വാരത്തേക്കുള്ള ടൂർ എന്നിവ മാത്രമാണ്. എന്നാൽ കൂടുതൽ പണം നൽകിയാൽ ചില ഓപ്ഷണൽ ടൂറുകളുമുണ്ട്. അവയെ കുറിച്ച് പറയാനാണ് ഞാൻ വാഹനം നിർത്തിയത്' -ജിം പറഞ്ഞു തുടങ്ങി. 'ഓപ്ഷണൽ ടൂറിൽ ഫാംഹൗസ് സന്ദർശനം, ഒരു പരമ്പരാഗത ആഫ്രിക്കൻ ഭവനസന്ദർശനം, കിളിമഞ്ജരോയുടെ താഴെയുള്ള ഒരു വെള്ളച്ചാട്ട സന്ദർശനം, ആഫ്രിക്കൻ കോഫി ടൂർ എന്നിവ പെടുന്നു.

ഓരോന്നിനും 25ഡോളർ വച്ച് നൽകണം. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം'. ഇത് ഗൈഡുമാരുടെ പതിവാണ്. നമ്മളെ കൊതിപ്പിച്ച് ഓപ്ഷണൽ ടൂർ എങ്ങനെയും ബുക്ക് ചെയ്യിക്കും. തരളഹൃദയനായ ഞാൻ മൂന്നു  ടൂറുകൾ ബുക്ക് ചെയ്യാമെന്ന് സമ്മതിച്ചു-ആഫ്രിക്കൻ ഭവന സന്ദർശനം, കോഫിടൂർ, വെള്ളച്ചാട്ട സന്ദർശനം.ജിമ്മിന് സന്തോഷമായി, പക്ഷേ മൂപ്പര് അതൊന്നും പുറത്തു കാണിക്കില്ല. ഈ നിർമമ ഭാവവും  തന്ത്രശാലികളായ ഗൈഡുമാരുടെ ലക്ഷണമാണല്ലോ!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA