വീസയില്ലാതെ സഞ്ചരിക്കാവുന്ന ആറ് രാജ്യങ്ങൾ

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന പലർക്കും വിലങ്ങുതടിയാകുന്ന ഒന്നാണ് വീസ പ്രശ്‍നങ്ങൾ. ഔപചാരികമായ പല കടമ്പകളിൽ കൂടി കടന്നാൽ മാത്രമേ മിക്ക  രാജ്യങ്ങളും അവരുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നൽകാറുള്ളൂ. അതിയായ ആഗ്രഹമുണ്ടെങ്കിലും വീസ ലഭിക്കാതെ യാത്രകൾ മുടങ്ങി പോകുന്ന ധാരാളമാളുകളുണ്ട്. വീസയില്ലാതെ യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആ സമയങ്ങളിൽ ആലോചിക്കാറുണ്ട്. അത്തരക്കാർക്കും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കുമായിതാ..ഇന്ത്യയിൽ നിന്നും വീസ വേണ്ടാതെയും കുറച്ചു ദിവസങ്ങൾ വീസയില്ലാതെയും  താമസിക്കാൻ കഴിയുന്ന ചില രാജ്യങ്ങൾ. അതിസുന്ദരമായ കാഴ്ചകൾ കൊണ്ട് മനോഹരമായവയാണ് ഇവയിൽ പല രാജ്യങ്ങളും. അത്തരത്തിലുള്ള ചില രാജ്യങ്ങളിലൂടെ... നമ്മുടെ രാജ്യത്തെ പാസ്‌പോർട്ടുമായി ഒന്ന് സഞ്ചരിച്ചുവരാം.

നേപ്പാൾ 

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ആകർഷകമായ നിരവധി കാഴ്ചകൾ നിറഞ്ഞ ഭൂമിയാണ്. പാസ്പോർട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയോ കയ്യിലുണ്ടെങ്കിൽ, യാതൊരു തടസങ്ങളുമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണിത്. വിമാനമാർഗമല്ലാതെ, റോഡു മാർഗവും നേപ്പാളിലേക്ക് എത്തിച്ചേരാവുന്നതാണ്. 

സഞ്ചാരികളുടെ മനസ്സുകീഴടക്കുന്ന ഒരുപാട് കാഴ്ചകൾ നേപ്പാളിന്‌ സ്വന്തമായുണ്ട്. ബാഗ്മതി നദിക്കു സമീപത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം, ഹൈന്ദവ വിശ്വാസികൾ വളരെ പരിപാവനമായി കാണുന്ന ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ഭക്തപൂർ ഡർബാർ സ്ക്വയർ, ഭക്തപൂർ രാജവംശത്തിലെ കല, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം അറിയാൻ കഴിയും. സാഹസികരായ യാത്രികരെയും ഒട്ടും നിരാശപ്പെടുത്തില്ല നേപ്പാൾ. അന്നപൂർണ സർക്യൂട്ട്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങ് പാതകളിലൊന്നാണ്. ഒക്ടോബര്-നവംബര് മാസങ്ങളാണ് ട്രെക്കിങ്ങിന് അനുയോജ്യം. ഉറപ്പിച്ചു പറയാം... അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും മികച്ചയിടങ്ങളിലൊന്നാണ് നേപ്പാൾ. 

ഭൂട്ടാൻ 

രാജ്യത്തിലെ ദേശീയ വരുമാനം ഉയർന്നതല്ലെങ്കിലും മുഴുവൻ ജനതയുടെയും സന്തോഷം കണക്കിലെടുത്താൽ ഏറ്റവും മുൻനിരയിൽ തന്നെ സ്ഥാനമുള്ള രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഇന്ത്യയിൽ നിന്നും വീസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭൂട്ടാനും സ്ഥാനമുണ്ട്. റോഡ് മാർഗമോ, വിമാനത്തിലോ ഭൂട്ടാനിലെത്തി ചേരാം. 

ഭൂട്ടാനിലെ വിമാനത്താവളമായ പാറോയിൽ നിന്നും ഒരു മണിക്കൂറോളം യാത്രയുണ്ട് തലസ്ഥാനമായ തിംബുവിലേക്ക്. അവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന നിരവധി കാഴ്ചകളിലൊന്നാണ് ബുദ്ധ പോയിന്റ്. അവിടെ നിന്നും മൂന്നു മണിക്കൂറോളം യാത്ര ചെയ്താൽ, പുനാഖയിലെത്തി ചേരാം. ഹിമാലയത്തിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഡോച്ചുലാ പാസ്, വാസ്തുവിദ്യയുടെയും തച്ചു ശാസ്ത്രത്തിന്റെയും അസാധാരണ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന പുനാഖ ഡോങ്, വാങ്‌ഡോ ഫൊദ്രങ്, ട്രെക്കിങ്ങ് പ്രിയർക്കായി ടാക്ട്സാങ് അല്ലെങ്കിൽ ടൈഗർസ് നെസ്റ്റ് മോണാസ്റ്ററി എന്നിവയെല്ലാം ഭൂട്ടാനിലെ മനസ്സുനിറയ്ക്കുന്ന കാഴ്ചകളാണ്.

ഹോങ്കോങ്ങ് 

പതിനാലു ദിവസം വരെ ഇന്ത്യക്കാർക്ക് സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന രാജ്യമാണ് ഹോങ്കോങ്ങ്. ആകാശംമുട്ടുന്ന  നിരവധി കെട്ടിടങ്ങളും നൈറ്റ് മാർക്കറ്റുകളും ഡിസ്‌നി ലാൻഡും രുചികരമായ ഭക്ഷണവും നൽകുന്ന ഈ നാടിനോട് പൊതുവെ സഞ്ചാരികൾക്കൊക്കെ ഏറെ പ്രിയമാണ്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരുടെ  സ്വർഗമെന്നാണ് ഹോങ്കോങ് അറിയപ്പെടുന്നത്. അത്രെയേറെ വ്യത്യസ്തമാണ് ഇവിടുത്തെ മാർക്കറ്റുകൾ.  

ഹോങ്കോങ്ങിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന ഉയരം കൂടിയ കെട്ടിടങ്ങൾ, പാർട്ടികളോട് താല്പര്യമുള്ളവർക്കായി 90 പബ്ബുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളുമുള്ള  ലാൻ ക്വയ്‌ ഫൊങ്, ഏതുപ്രായത്തിലും ആസ്വദിക്കാൻ കഴിയുന്ന ഡിസ്നി ലാൻഡിലെ കാഴ്ചകളുമൊക്കെ ഹോങ്കോങ്ങിലെത്തുന്ന സഞ്ചാരികൾക്കായുള്ള കാഴ്ചകളാണ്.

മാല ദ്വീപുകൾ 

മധുവിധു ആഘോഷിക്കാനാണ് കൂടുതൽ പേരും ഈ രാജ്യം തെരഞ്ഞെടുക്കുന്നത്. മനോഹരമായ ബീച്ചുകളാണ്  ഇവിടുത്തെ പ്രധാനാകര്ഷണം. ഇന്ത്യക്കാർക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന അയൽരാജ്യമാണിത്.

പാസ്‌പോർട്ടും തിരിച്ചുവരുന്നതിനുള്ള ടിക്കറ്റും കയ്യിൽ കരുതണം. ലോകത്തിലെ തന്നെ അതിമനോഹരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ബീച്ച് റിസോർട്ടുകൾക്കു പേരുകേട്ട നാടാണ് മാലദ്വീപുകൾ. അതുകൊണ്ടു തന്നെ അവിടുത്തെ താമസം സഞ്ചാരികളെല്ലാം ഇഷ്ടപ്പെടുമെന്നത് തീർച്ചയാണ്. യാത്ര അതിന്റെ പരിപൂര്ണതയിൽ ആസ്വദിക്കണമെങ്കിൽ വാട്ടർ വില്ലകളിൽ താമസിക്കണം. 

സിനിമാതാരങ്ങളടക്കമുള്ള പ്രശസ്തർ അവധികാലം ആഘോഷിക്കാൻ ഇവിടെയെത്താറുണ്ട്. സുന്ദരമായ പ്രകൃതിയും കടൽ കാഴ്ചകളും ബീച്ചുകളും ജലകേളികളും ഇവിടെയെത്തുന്നവരെ ഏറെ രസിപ്പിക്കും. സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് തുടങ്ങിയ രസകരമായ കളികൾക്കെല്ലാം ഇവിടെ അവസരമുണ്ട്. 

മൗറീഷ്യസ് 

വീസയുടെ വലിയ തടസങ്ങളില്ലാതെ സന്ദർശിക്കാൻ കഴിയുന്ന, ഇന്ത്യയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്ന അതിസുന്ദരിയായ ഒരു രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരത്വമുള്ളവർക്ക് സന്ദർശന സമയത്ത് വീസ നൽകുന്നതാണ്. അതിനായി സന്ദർശകരുടെ കൈവശം പാസ്‌പോർട്ടും തിരിച്ചുവരവിനുള്ള ടിക്കറ്റും ഉണ്ടാകേണ്ടതാണ്. 60 ദിവസം വരെ ഇങ്ങനെ മൗറീഷ്യസിൽ താമസിക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളും രുചികരമായ കടൽ മൽസ്യ വിഭവങ്ങളും കഴിക്കാമെന്നു തന്നെയാണ് മൗറീഷ്യസിന്റെ ഏറ്റവും വലിയ പ്രത്യേകത. 

നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ നാട്, സൗന്ദര്യം നിറഞ്ഞ ബീച്ചുകൾ കൊണ്ട് മാത്രമല്ല പ്രശസ്തമായത്.  മഴക്കാടുകളും വെള്ളച്ചാട്ടങ്ങളും മലകയറ്റ പാതകളും വന്യമൃഗങ്ങളും കൊണ്ട് സമ്പന്നമാണ് മൗറീഷ്യസ്. ഇന്നാട്ടിലെ പ്രധാന ദേശീയോദ്യാനമാണ് ബ്ലാക്ക് റിവർ ഗോർജസ് , നിരവധി സസ്യ, മൃഗ ജാലങ്ങളെ ഇവിടെ കാണാവുന്നതാണ്. ട്രൗ ഔസ് സർഫസ് എന്നറിയപ്പെടുന്ന നിർജീവമായ അഗ്നിപർവതവും കോളനി ഭരണത്തിന്റെ ഭൂതകാലം പേറുന്ന യുറേക്ക ഹൗസുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കും.

കംബോഡിയ

ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാടാണ് കംബോഡിയ. ഇന്ത്യൻ പൗരന്മാർക്ക് മുപ്പതു ദിവസത്തേക്ക് വീസ നൽകുന്ന രാജ്യമാണിത്. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. 

ഇന്നാട്ടിലെ പ്രധാന കാഴ്ചകളിൽ ഇടമുള്ളയിടങ്ങളാണ് ഫ്നോം പെന്നിലെ  റോയൽ പാലസ്. ഖമർ വാസ്തുവിദ്യയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് ഈ കൊട്ടാരം. അതുപോലെതന്നെ കംബോഡിയയിലെ രാജവാഴ്ചയെക്കുറിച്ചു മനസിലാക്കാനുള്ള അവസരവും സഞ്ചാരികൾക്കുണ്ട്. സാംസ്‌കാരിക ഗ്രാമമെന്ന തീം പാർക്കും സിയെം റീപ്പിലെ മ്യൂസിയവും കംബോഡിയയിലെ കലയെയും സംസ്കാരത്തെയയും ചരിത്രത്തെയും കുറിച്ച്  സന്ദർശകർക്ക് വലിയ അവഗാഹം നൽകും. അതിമനോഹരങ്ങളായ കാഴ്ചകൾ കൊണ്ട്  നിശ്ചയമായും സഞ്ചാരികളുടെ മനസുകീഴടക്കുന്ന ഒരു രാജ്യമാണ് കംബോഡിയ.