മൃഗങ്ങളുടെ സാമ്രാജ്യത്തിലേക്ക്

മനുഷ്യന്റെ ജന്മനാട്ടിൽ -12 

'വെൽകം ടു ദി ഗൊരങ്‌ഗോരോ കൺസർവേഷൻ ഏരിയ' എന്ന് എഴുതിയ കവാടത്തിനു മുന്നിൽ വാഹനം നിർത്തി. ഇവിടെ നിന്ന് സുരക്ഷിത വനപ്രദേശം ആരംഭിക്കുകയാണ്. കാട്ടിലൂടെ ഏതാനും കിലോമീറ്റർ ഓടുമ്പോൾ ഗൊരങ്‌ഗോരോ അഗ്നിപർവത മുഖമെത്തും.

കവാടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചു. എന്നിട്ട് പോകാൻ അനുവദിച്ചു.ടാർ ചെയ്തിട്ടില്ലാത്ത കാട്ടുപാതയിലൂടെയാണ് യാത്ര. ഇരുവശവും മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നു. അഞ്ചാറ് കിലോമീറ്റർ കഴിഞ്ഞപ്പോൾ സമതല ഭൂമിയിലെത്തി. ചെറിയ കുന്നുകൾക്കിടയിലൂടെ ലാൻഡ് ക്രൂയിസർ ഓടിക്കൊണ്ടിരുന്നു.റോഡ് കുറുകെ കടക്കുന്ന കന്നുകാലിക്കൂട്ടങ്ങളും അവരെ നിയന്ത്രിച്ചു നീങ്ങുന്ന മസായിമാരെയും കണ്ടപ്പോൾ ജോ പറഞ്ഞു: 'ഈ കാട്ടിൽ പലയിടങ്ങളിലും  മസായി ഗ്രാമങ്ങളുണ്ട്.'

ഗൊരങ്ഗോരോ സംരക്ഷിതവന പ്രദേശത്തേക്കുള്ള പ്രവേശന കവാടം 

വീണ്ടും യാത്ര തുടരവേ, ഇടതുവശത്ത് മരങ്ങൾക്കിടയിലൂടെ പെട്ടെന്നൊരു വെളിച്ചം കടന്നുവന്നു. പിന്നെ കണ്ടത് ആകാശത്തിന്റെ അതിർത്തി പോലെ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ മലനിരകളാണ്. മൺവഴിയ്ക്കും മലനിരകൾക്കുമിടയിൽ കണ്ണെത്താദൂരം പച്ചപ്പുൽ മൈതാനം. അതിനു നടുവിൽ സൂര്യനും മേഘങ്ങളും മുഖം നോക്കുന്ന വിസ്തൃതമായ തടാകം. മലഞ്ചെരുവുകളിൽ കുടവിരിച്ചതുപോലെ ഉയരം കുറഞ്ഞ ആഫ്രിക്കൻ മരങ്ങൾ. അതിനിടയിൽ ചിതറിക്കിടക്കുന്ന മസായി കുടിലുകൾ. അവയുടെ ഉണങ്ങിയ ഓലമേഞ്ഞ ഉരുണ്ട മേൽക്കൂരകൾ പച്ചപ്പിനിടയിൽ പെയിന്റിങിന്റെ ചാരുത സൃഷ്ടിക്കുന്നു. തലേന്നു പെയ്ത മഴയിൽ ഈറനണിഞ്ഞു നിൽക്കുന്ന പ്രകൃതിയിൽ ഇടയ്ക്കിടെ വന്നുപോകുന്ന മഞ്ഞിന്റെ കുഞ്ഞലകൾ.

കന്നു കാലികളെ  മേയ്ച്ചു കൊണ്ട് ഒരു മസായി

അവയ്ക്കിടയിലൂടെ അവ്യക്തമായി തെളിഞ്ഞു കാണുന്ന ആട്ടിൻപറ്റങ്ങൾ. പച്ചപ്പിൽ കോൺട്രാസ്റ്റ് നിറത്തിന്റെ ഭംഗിയോടെ ആട്ടിടയന്റെ ചുവന്ന മേലങ്കി-വാക്കുകളിൽ എഴുതി ഫലിപ്പിക്കാനാവാത്ത ദൃശ്യഭംഗി.പരിമിതമായ വാക്കുകളിൽ ആ അനന്യസുന്ദര ദൃശ്യത്തെ ഇത്രയൊക്കെയേ എഴുതി ഫലിപ്പിക്കാനാവൂ! നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്രയും മനോഹാരിത ഇതിനുമുമ്പ് പ്രകൃതി എന്റെ മുന്നിൽ തുറന്നു തന്നിട്ടില്ല ഒരിക്കലും കണ്ണിൽ നിന്നു മായരുതേ എന്നു ചിന്തിച്ചു പോയ ദൃശ്യഭംഗി ക്യാമറയിൽ പകർത്താൻ അല്പനേരം പുറത്തിറങ്ങി. വീഡിയോയിലും സ്റ്റിൽക്യാമറയിലുമായി ആർത്തിപൂണ്ട് ദൃശ്യങ്ങൾ പകർത്തവേ ജിം തിരക്കു കൂട്ടി .'ഇപ്പോൾ തന്നെ പത്തുമണി കഴിഞ്ഞു. ഗൊരങ്‌ഗോരോ ക്രേറ്ററിൽ പത്തരയ്ക്കെങ്കിലും പ്രവേശിക്കണം കാരണം, മൂന്നരയ്ക്കു മുമ്പ് ക്രേറ്ററിൽ നിന്നും പുറത്തു കടക്കണമെന്നാണ് നിയമം. തിരക്കു പിടിക്കാതെ  മൃഗങ്ങളെ കണ്ടു തീർക്കണ്ടേ..'

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

എല്ലാവരും വാഹനങ്ങളിൽ ചാടിക്കയറി യാത്ര തുടങ്ങി. പ്രകൃതിദൃശ്യങ്ങൾ വീണ്ടും മൺവഴിയിലും മരങ്ങളിലും ഒതുങ്ങി. ഇതിനിടെ ചില റിസോർട്ടുകളുടെ ബോർഡുകൾ കണ്ടുതുടങ്ങി. ആൻറ് ബിയോണ്ട്,  നെപ്ട്യൂൺ, സെറീന എന്നൊക്കെയാണ് റിസോർട്ടുകൾ അഥവാ ഫോറസ്റ്റ് ലോഡ്ജുകളുടെ പേരുകൾ. ലോകത്തിലേറ്റവുമധികം മുറിവാടകയുള്ള റിസോർട്ടുകളാണിവയെല്ലാം.

ഒരു മുറിക്ക് കുറഞ്ഞത് ഒരു ലക്ഷം  രൂപയാണ് ഒരു ദിവസത്തെ വാടക. കോട്ടേജുകൾ ഗൊരങ്‌ഗോരോ അഗ്നിപർവതമുഖത്തേക്കാണ് തുറന്നിരിക്കുന്നത് എന്നതാണ് ഈ റിസോർട്ടുകളുടെ പ്രാധാന്യം. അഭൗമമായ ആ കാഴ്ചയിലേക്ക് കണ്ണും നട്ടിരിക്കാൻ ഒരു ലക്ഷം രൂപ ഒട്ടും കൂടുതലല്ലെന്ന് ഗൊരങ്‌ഗോരോ സന്ദർശിച്ചിട്ടുള്ള ആരും സമ്മതിക്കും. റിസോർട്ടുകൾക്കപ്പുറം ഗൊരങ്‌ഗോരോ ക്രേറ്റർ തുടങ്ങുകയാണ്. പക്ഷെ വാഹനത്തിലിരുന്നാൽ അതു കാണാനാവില്ല.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള മൺപാത

അല്പം ദൂരെ മറ്റൊരു ഗേറ്റ് കണ്ടു. അവിടെ  ഏതാനും ലാൻഡ്ക്രൂയിസറുകൾ നിർത്തിയിട്ടുണ്ട്. 'ക്രേറ്ററിലേക്ക് കടക്കാനുള്ള ഗേറ്റാണിത്. അവിടെയും ചില പരിശോധനകൾ കഴിഞ്ഞാൽ നമ്മൾ ക്രേറ്ററിൽ പ്രവേശിക്കുകയായി' - ജിം പറഞ്ഞു. പൊടുന്നനെ വലതുവശത്ത്, മരങ്ങൾക്കിടയിലൂടെ പ്രകാശം കടന്നുവന്നു. കടലിനു മീതെ കാണുന്ന ആകാശം പോലെ ഒരു തുറസ്സായ പ്രദേശത്തിന്റെ ലക്ഷണങ്ങൾ - ഗൊരങ്‌ഗോരോ ക്രേറ്റർ! ക്രേറ്ററിന്റെ ആദ്യ ദർശനത്തിൽ തന്നെ വാ പൊളിച്ചു നിന്നുപോയി. എന്തൊരു ലോകമാണത്! വീണ്ടും വാക്കുകൾ പരിമിതമായിപ്പോകുന്നു.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

എങ്കിലും എന്നെക്കൊണ്ട് കഴിയുംവിധം ഞാനത് വിവരിക്കാം. നമ്മൾ ഒരു വലിയ ചായകപ്പിന്റെ മേലെ ഇരുന്നു കൊണ്ട് കപ്പിനുള്ളിലേക്ക് നോക്കിയാൽ എങ്ങനെയിരിക്കും? അതാണ് പ്രവേശനകവാടത്തിൽ നിന്നുള്ള ക്രേറ്ററിന്റെ കാഴ്ച. കപ്പിനുള്ളിൽ ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്ത് പുൽമൈതാനം. കപ്പിന്റെ ഭിത്തികൾ പോലെ മാനം മുട്ടുന്ന മരനിരകൾ. പുൽമൈതാനത്തിനു നടുവിൽ അവിടവിടെയായി ആകാശം പ്രതിഫലിക്കുന്ന, ചെറുതും വലുതുമായ തടാകങ്ങൾ. അങ്ങിങ്ങ് ഉയർന്നു നിൽക്കുന്ന ചെറുമരങ്ങൾ. മഞ്ഞ് മുട്ടിയുരുമ്മിപ്പോകുന്ന പ്രകൃതി. ഈ പുൽമൈതാനത്തിൽ ലക്ഷക്കണക്കിന് വന്യമൃഗങ്ങൾ. പ്രവേശനകവാടം കടന്ന് 'കപ്പി'ന്റെ ഭിത്തിയിലൂട വെട്ടിയിറക്കിയ മൺപാത നീളുന്നത് പുൽമൈതാനങ്ങളിലേക്കാണ്, മൃഗങ്ങളുടെ സാമ്രാജ്യത്തിലേക്കാണ്...

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

ലെബനനിലെ ബെവാ താഴ്‌വാരം മുതൽ മൊസാംബിക് വരെ നീണ്ടുകിടക്കുന്ന, 6000 കി.മീ. നീളത്തിലുള്ള ഒരു പിളർപ്പിന്റെ ഭാഗമാണ് ഗൊരങ്‌ഗോരോയും. ഗ്രേറ്റ് റിഫ്റ്റ്‌വാലി എന്നറിയപ്പെടുന്ന വിള്ളലിൽ പർവതങ്ങൾ, തടാകങ്ങൾ, നദികൾ വനങ്ങൾ, അഗ്നിപർവതങ്ങൾ എന്നിവയെല്ലാമുണ്ട്. രണ്ടോ മൂന്നോ ലക്ഷം വർഷം മുമ്പ് ഗൊരങ്‌ഗോരോയിലുമുണ്ടായിരുന്നു, ഒരു അഗ്‌നിപർവതം. ആ അഗ്നിപർവതം പൊട്ടിത്തെറിച്ച്, പർവതം പോലെ ഉയർന്നുനിന്ന അഗ്നിപർവത മുഖം ഏതാനും വർഷങ്ങൾ കൊണ്ട് ഇടിഞ്ഞ് മണ്ണോടു ചേർന്നു.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

അങ്ങനെ ഭൂമിയിലെ ഏറ്റവും നീളം കൂടിയ വിള്ളലിനുള്ളിലുണ്ടായ അഗ്നിപർവത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഗൊരങ്‌ഗോരോ ക്രേറ്റർ എന്നു പറയാം. മൂന്നു ലക്ഷം വർഷം മുമ്പു തന്നെ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യാസ്ഥികൂടം ലഭിച്ചത് ഇവിടെ നിന്ന് ഏറെ ദൂരയെല്ലാത്ത ഓൾഡുവായ് താഴ്‌വരയിൽ നിന്നാണ്. എഡി 1800ൽ മസായ് ഗോത്രക്കാർ എത്തുന്നതുവരെ വിവിധ ഗോത്രങ്ങളുടെ നായാട്ടുഭൂമിയായിരുന്നു ഗൊരങ്‌ഗോരോ. മസായികൾ കന്നുകാലി വളർത്തലും കൃഷിയുമായി ഇവിടെ കഴിഞ്ഞുവന്നു.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

1892 ൽ യൂറോപ്യന്മാർ ഈ പ്രദേശം കണ്ടെത്തി. ജർമ്മൻകാരായ രണ്ട് സഹോദരന്മാർ അഡോൾഫും ഫ്രഡറിച്ചും - ജർമ്മൻ ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ പക്കൽ നിന്ന് ഗൊരങ്‌ഗോരോ ക്രേറ്റർ   പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയും ചെയ്തു. അവർ ഇവിടെ നായാട്ടു സംഘങ്ങളെ കൊണ്ടുവന്ന്, കൂട്ടുകാരെ ആനന്ദിപ്പിക്കാനായി വന്യമൃഗങ്ങളെ വെടിവെച്ചും കൊല്ലുന്നതും പതിവായിരുന്നു.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

ക്രേറ്ററിനുള്ളിൽ എവിടെയും കാണപ്പെടുന്ന വൈൽഡ് ബീസ്റ്റ് എന്ന മൃഗത്തെ വെടിവെച്ച് ഓടിച്ച് അതിർത്തി കടത്തി വിടുന്നതും ജർമ്മൻ സഹോദരന്മാരുടെ വിനോദമായിരുന്നത്രേ.1921ൽ വന്യമൃഗ സംരക്ഷണ നിയമത്തിനു കീഴിലായി ഗൊരങ്‌ഗോരോയും പരിസരപ്രദേശങ്ങളും നായാട്ട് നിരോധിക്കപ്പെട്ടു. എന്നാൽ, അതോടൊപ്പം തന്നെ ക്രേറ്ററിനുള്ളിൽ ജനവാസവും നിയമവിരുദ്ധമാക്കി. കൃഷി ചെയ്തും വന്യമൃഗങ്ങളെ പരിപാലിച്ചും കഴിഞ്ഞിരുന്ന ആയിരക്കണക്കിന് മസായികൾക്ക് ക്രേറ്റർ വിട്ട് പോകേണ്ടി വന്നു. തുടർന്ന് 1979ൽ യുനെസ്‌കോ പൈതൃകപ്പട്ടികയിലും ഗൊരങ്‌ഗോരോ ഇടം നേടി.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള വഴിയിലെ സുന്ദര പ്രകൃതി ദൃശ്യം

അഗ്നിപർവത സ്‌ഫോടന ഫലമായുണ്ടായ വൻപർവതങ്ങൾക്കു നടുവിൽ, 610 മീറ്റർ താഴ്ചയിലാണ് വന്യമൃഗങ്ങളഉടെ വാസസ്ഥലമായ ഗൊരങ്‌ഗോരോ  ക്രേറ്റർ. ലോകത്തിലെ ഏഴ് പ്രകൃതിദത്ത വിസ്മയങ്ങളിലൊന്നായ ക്രേറ്ററിന് 260 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

പർവതങ്ങളാൽ ചുറ്റപ്പെട്ടതുകൊണ്ട് ധാരാളം മഴ കേറ്ററിനുള്ളിൽ ലഭിക്കുന്നുണ്ട്. കുറ്റിച്ചെടികളും പുൽമേടുകളും തടാകങ്ങളുമൊക്കെ ഏതു കാലാവസ്ഥയിലും ക്രേറ്ററിനുള്ളിൽ കാണാം. മക്കാത്ത എന്നറിയപ്പെടുന്ന ഉപ്പുജലതടാകവും ക്രേറ്ററിലുണ്ട്. 25,000 ത്തിലധികം വലിയ വന്യമൃഗങ്ങൾ ക്രേറ്ററിനുള്ളിൽ വസിക്കുന്നുണ്ട് എന്നാണ് കണക്ക്. സീബ്ര, കാട്ടുപോത്ത്, ഹിപ്പോപ്പൊട്ടോമസ്, വൈൽഡ് ബീസ്റ്റ്, സിംഹം, ചീറ്റപ്പുലി, വിവിധ തരം മാനുകൾ, ഫ്‌ളമിംഗോ പക്ഷികൾ എന്നിവയൊക്കെ ക്രേറ്ററിനെ വന്യമൃഗ സമൃദ്ധമാക്കുന്നു.

'ഗ്രേറ്റ് മൈഗ്രേഷൻ' എന്നറിയപ്പെടുന്ന മൃഗങ്ങളുടെ കൂട്ടപാലായനത്തിന്റെ വേദി കൂടിയാണ് ഗൊരങ്‌ഗോരോ. പുതിയ മേച്ചിൽ പുറങ്ങൾ തേടി ടാൻസാനിയയിൽ നിന്ന് കെനിയയിലേക്കും തിരിച്ചുമുള്ള 20 ലക്ഷത്തിലധികം മൃഗങ്ങളുടെ അതിജീവനയാത്രയാണത്. സെരങ്കട്ടി വന്യമൃഗ സങ്കേതത്തിൽ നിന്ന് മസായിമാര വന്യമൃഗ സംരക്ഷണകേന്ദ്രത്തിലേക്കും തിരിച്ചുമാണ് ഈ കൂട്ടപാലായനം. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവുമധികം മൃഗങ്ങൾ ഈ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നത്.

ഗൊരങ്ഗോരോ ക്രേറ്ററിലേക്കുള്ള പ്രവേശന കവാടം

വൈൽഡ് ബീസ്റ്റുകൾ, സീബ്രകൾ, മാനുകൾ എന്നിവയാണ് കൂട്ടയോട്ടത്തിലെ പ്രധാനമൃഗങ്ങൾ. കുത്തൊഴുക്കുള്ള ഗ്രുമെറ്റി, മാരാ നദികൾ കടന്ന്, വെടികൊണ്ട പോലെ ഓടുന്ന മൃഗങ്ങളെ പുഴയിൽ വെച്ച് ചീങ്കണ്ണികൾ പിടികൂടുന്നത് പതിവാണ്. കൂട്ടയോട്ടക്കാരെ സിംഹങ്ങളും മറ്റും ഓടിച്ചിട്ട് പിടികൂടുന്ന കാഴ്ചയും കാണാം. ചുരുക്കം പറഞ്ഞാൽ 3000ത്തിലധികം കി.മീ. വരുന്ന കൂട്ടപ്പാലയനത്തിനിടെ 20  ലക്ഷത്തോളം വരുന്ന ഓട്ടക്കാരിൽ 2.5 ലക്ഷവും പല കാരണങ്ങൾ കൊണ്ട് കൊല്ലപ്പെടുന്നു.

എന്നാലും ഓട്ടം നിലയ്ക്കുന്നില്ല. ഒരിടത്ത് വേനലിന്റെ വറുതി ആരംഭിക്കുമ്പോൾ മഴയുള്ളിടത്തേക്കുള്ള ഈ പലായനം നൂറ്റാണ്ടുകളായി തുടരുന്നു. ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ എത്താറുണ്ട്. ആ സമയത്ത് ഗൊരങ്‌ഗോരോ ടൂറിന്റെ നിരക്ക് ഇരട്ടിയോളമാകും. എത്ര ലക്ഷം രൂപ കൊടുത്താലും ഇവിടുത്തെ റിസോർട്ടുകളിൽ മുറി കിട്ടുകയുമില്ല. അതെല്ലാം വളരെ നേരത്തെ തന്നെ ലോകത്തിലെ കോടീശ്വരന്മാർ ബുക്ക് ചെയ്തിട്ടുണ്ടാവും.

(തുടരും)