മനുഷ്യന്റെ ജന്മനാട്ടിൽ -13
ചെക്ക്‌പോസ്റ്റിൽ നിന്നാൽ വലതുവശത്തു കാണുന്നത് ഗൊരങ്‌ഗോരോ ക്രേറ്ററാണ്. ആകാശത്തിലെ വലിയൊരു ദ്വാരത്തിലൂടെ താഴേക്കു നോക്കുമ്പോൾ ഭൂമി എങ്ങനെയാണോ കാണാനാവുന്നത്,അതു പോലെയാണെന്നു പറയാം, മേലെ നിന്നുള്ള ക്രേറ്ററിന്റെ ദൃശ്യം. പച്ചപ്പും തടാകങ്ങളും ഒറ്റപ്പെട്ട മരങ്ങളുമൊക്കെ ഒരു തളികയിലെന്നപോലെ കാണപ്പെടുന്നു.
രേഖകൾ എല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഗൊരങ്‌ഗോരോ അഗ്നിപർവതമുഖത്തേക്കുള്ള ഗേറ്റ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു. ഇനി വൈകുന്നേരം വരെ മൃഗങ്ങളുടെ ലോകത്താണ് ജീവിതം. എന്നാൽ ചില ദിവസങ്ങളിൽ വളരെക്കുറച്ച് മൃഗങ്ങളേ പ്രത്യക്ഷപ്പെടാറുള്ളു എന്ന് ജിം പറഞ്ഞു. 'സിംഹങ്ങളെ കാണാൻ സാധിക്കണേ എന്നാണ് എല്ലാ സഞ്ചാരികളുടെയും പ്രാർത്ഥന. സിംഹം ഇര പിടിക്കുന്നതു കൂടി കാണാൻ കഴിഞ്ഞാൽ യാത്ര വിജയമായി' - ജിം കൂട്ടിച്ചേർത്തു.
'ഗെയിം' എന്നാണ് മൃഗങ്ങൾ ഇരപിടിക്കുന്നതിനെ ഗൈഡുമാർ വിളിക്കുന്നത്. ക്രേറ്ററിന്റെ ഭൂരിഭാഗവും വെളിമ്പ്രദേശമായതിനാൽ സിംഹവും മറ്റും ഇരകളെ ഓടിച്ച് പിടിക്കുന്നത് കിലോമീറ്ററുകൾ ദൂരെ നിന്നു തന്നെ കാണാൻ കഴിയും. മാൻകൂട്ടങ്ങളെ സിംഹം ഓടിക്കുന്നതും ഹതഭാഗ്യനായ ഏതെങ്കിലുമൊരു മാനിനു മേൽ ചാടി വീണ് ഭക്ഷണമാക്കുന്നതുമായ 'അൾട്ടിമേറ്റ് ഗെയിം' ഭാഗ്യമുണ്ടെങ്കിൽ കാണാമെന്നാണ് ജിമ്മിന്റെ പക്ഷം. മാനിന് പ്രാണവേദന, കാഴ്ചക്കാർക്ക് വീണവായന എന്നതാണ് ഈ 'ഗെയിമി'ന്റെ യഥാർത്ഥ സ്വഭാവം എന്നു പറയേണ്ടതില്ലല്ലോ!ഒരു ചായക്കപ്പിന്റെ മേലെ ഇരുന്നു കൊണ്ട് ഉള്ളിലേക്കു നോക്കുന്നതു പോലെയാണ് ചെക്ക്‌പോസ്റ്റിൽ നിന്നുകൊണ്ട് ക്രേറ്റർ കാണുന്നത് എന്നു പറഞ്ഞല്ലോ.
ചായക്കപ്പിനുള്ളിലേക്ക് കൂറെ ദൂരം യാത്ര ചെയ്യണം. കുത്തനെ ചെത്തിയിറക്കിയ മൺവഴിയിലൂടെയാണ് യാത്ര. 'നാലുവശവും നോക്കുക. എപ്പോൾ വേണമെങ്കിലും ഏതു മൃഗവും പ്രത്യക്ഷപ്പെടാം' -ജിം പറഞ്ഞു. എന്നിട്ട് തകർപ്പനൊരു ബൈനോക്കുലറും കൈയിൽ തന്നു.
വിമാനം ലാൻഡ് ചെയ്യുന്നതു പോലെ ലാൻഡ് ക്രൂയിസർ കുത്തനെയുള്ള റോഡിലൂടെ സമതല പ്രദേശത്തേക്ക് എത്തിക്കൊണ്ടിരുന്നു. പെടുന്നനെ, ഇടതുവശത്ത് ഒരു മരത്തിനു താഴെയായി ആദ്യ വന്യമൃഗം ദർശനം തന്നു. ഒരു കൊമ്പനാന. ആഫ്രിക്കൻ ആനയുടെ സർവ ഗാംഭീര്യത്തോടെയും വലിയ ചെവികൾ ഇളക്കി, ചെളി വാരിപ്പൂശിയ ശരീരവുമായി അവൻ ഞങ്ങളെ സാകൂതം നോക്കി. നീണ്ട കൊമ്പുകൾ കണ്ട് അല്പം ഭയം തോന്നിയെങ്കിലും എല്ലാം ഉള്ളിലൊതുക്കി.
ഗൊരങ്‌ഗോരോയിൽ വന്യമൃഗങ്ങളുടെ ആക്രമണം പതിവില്ല. കർശനമായ നിർദ്ദേശങ്ങൾ തന്നാണ് ഓരോ സഞ്ചാരിയെയും ക്രേറ്ററിലെത്തിക്കുന്നത്. ഉച്ചഭക്ഷണത്തിനായി നിർത്തുന്ന ഒരു തടാകക്കരയിലല്ലാതെ, മറ്റൊരിടത്തും സഞ്ചാരികൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. എല്ലായിടത്തും നമ്മൾ കാണാത്ത രീതിയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും ക്രേറ്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുമുണ്ട്. നിർദ്ദേശം പാലിക്കാതെ ആരെങ്കിലും വാഹനത്തിനു പുറത്തിറങ്ങിയാൽ ശിക്ഷ ഉറപ്പാണ്.
ഒറ്റയാനെ പിന്നിലാക്കി ലാൻഡ്ക്രൂയിസർ സമതലത്തിൽ ലാൻഡ് ചെയ്തു. തുടർന്ന്, വൈകിട്ട് 3.30 വരെയുള്ള ഓരോ നിമിഷവും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു. കാഴ്ചബംഗ്ലാവിലെ ഇരുണ്ട കൂട്ടിൽ മാത്രം കണ്ടിട്ടുള്ള പലതരം വന്യമൃഗങ്ങൾ ഗൊരാങ്‌ഗോരോയുടെ സ്വച്ഛതയിൽ നിർഭയരായി അലഞ്ഞുനടക്കുന്ന കാഴ്ച.
ഇവിടെ നമ്മളാണ് കൂട്ടിൽ; മൃഗങ്ങൾ സ്വതന്ത്രരും.ഗൊരാങ്‌ഗോരോയിൽ മൃഗങ്ങളുടെ സ്വച്ഛവിഹാരത്തിന് തടസ്സം നിൽക്കുന്നതായി യാതൊന്നുമില്ല. മനുഷ്യനിർമ്മിതികൾ ഒന്നുമില്ല എന്നർത്ഥം. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പുൽമൈതാനങ്ങളിലും കാട്ടരുവികളിലും മലമുകളിൽ നിന്ന് തുള്ളിച്ചാടിയൊഴുകുന്ന നീരുറവകളിലും അപൂർവമായി മാത്രം കാണുന്ന വൃക്ഷങ്ങളുടെ ശീതളച്ഛായയിലുമായി മൃഗങ്ങൾ മേഞ്ഞു നടക്കുന്നു.
സമതലത്തിൽ എത്തിയപ്പോൾ വാഹനത്തിന്റെ മേൽമൂടിയിലെ വലിയ ജനൽ തുറന്നുകൊള്ളാൻ ജിം പറഞ്ഞു. നാലുപേർക്ക് തലവെളിയിലിട്ട് നിൽക്കാനുള്ള വലിപ്പമുള്ള ഒരു ദ്വാരമാണ് റൂഫിലുള്ളത്. യാതൊരു തടസ്സവുമില്ലാതെ മൃഗങ്ങളെ കാണാനുള്ള സുരക്ഷിതമായ മാർഗ്ഗമാണിത്. വാഹനത്തിന്റെ ജനൽ ഗ്ലാസുകളൊന്നും തുറക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. കഴുകന്മാർ മുതൽ പുലികൾ വരെ എന്തിനും ചാടിക്കയറാൻ പറ്റുന്നത്ര വലിപ്പമുണ്ട് വിൻഡോകൾക്ക്.
അതുകൊണ്ട്, റൂഫിലെ വിൻഡോയിലൂടെ മാത്രമേ തല പുറത്തിട്ട് നിൽക്കാൻ പാടുള്ളൂ.അടുത്ത ദൃശ്യം കാട്ടുപോത്തുകളുടേതായിരുന്നു. ആനയുടെ വലിപ്പമുണ്്, ഇവിടുത്തെ കാട്ടുപോത്തുകൾക്ക്. വളഞ്ഞ് 'റ'പോലുള്ള കൊമ്പുകളുമായി അവ പുൽമൈതാനത്ത് വെയിൽ കായുന്നു. തികച്ചും അപകടകാരികളാണ് കാട്ടുപോത്തുകളെന്ന് ജിം പറഞ്ഞു. ലാൻഡ് ക്രൂയിസറൊക്കെ കുത്തിമറിച്ച് നാമാവശേഷമാക്കാൻ 'സിൻസറസ് കാഫർ' എന്ന വംശത്തിൽപ്പെട്ട ഈ കാട്ടുപോത്ത് ഒന്നു മനസു വെച്ചാൽ മതി! ആഫ്രിക്കയിൽ പ്രതിവർഷം 200 പേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടാറുണ്ടത്രെ. ഗൊരാങ്‌ഗോരോയിൽ മാത്രം 7000 കാട്ടുപോത്തുകളുണ്ട്.
സമതല ഭൂമിയിൽ ഞങ്ങളുടെ വാഹനം കൂടാതെ പത്തിലധികം ലാൻഡ്ക്രൂയിസറുകൾ വേറെയുമുണ്ട്. എല്ലാവരും മേൽമൂടി തുറന്ന് പുറത്തേക്ക് കണ്ണുംനട്ടിരിക്കുന്നു. ചില വാഹനങ്ങളിൽ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർമാരാണുള്ളത്. അവരുടെ ക്യാമറയുടെ ലെൻസിന് മനുഷ്യരെക്കാൾ നീളമുണ്ട്!
തുടർന്ന് നേരിടേണ്ടി വന്നത് വൈൽഡ്ബീസ്റ്റുകളുടെ കൂട്ടത്തെയാണ്. ഒരു ലക്ഷണം കെട്ട 'ലുക്കാ'ണ് വൈൽഡ് ബീസ്റ്റിന്. പശുവിന്റെ ശരീരവും മുഖത്തും ശരീരത്തിന്റെ മേൽഭാഗത്തും നീണ്ട രോമങ്ങളും ക്രൂരമായ മുഖഭാവവുമാണ് ഈ മൃഗത്തിനുള്ളത്. കേറ്ററിനുള്ളിൽ 7000 വൈൽഡ് ബീസ്റ്റുകളാണുള്ളത്. പക്ഷേ, ഗ്രേറ്റ് മൈഗ്രേഷന്റെ സമയത്ത് 10 ലക്ഷം വൈൽബീസ്റ്റുകൾ ഈ പ്രദേശത്ത് എത്തുമത്രെ! ഇവ കൂട്ടമായേ സഞ്ചരിക്കാറുള്ളൂ. ഗൊരാങ്‌ഗോരോയിൽ എവിടെ നോക്കിയാലും മിനിമം 100 വൈൽഡ് ബീസ്റ്റുകളെങ്കിലും ഒന്നിച്ചു കൂടി സൊറ പറഞ്ഞു നിൽക്കുന്നതു കാണാം.
വിവിധ ടൂർ കമ്പനികളുടെ വാഹനങ്ങളാണ് ക്രേറ്ററിനുള്ളിലുള്ളതെങ്കിലും ഗൈഡുമാർ തമ്മിൽ വയർലെസ് കമ്യൂണിക്കേഷനുണ്ട്. അപൂർവമായി പ്രത്യക്ഷപ്പെടുന്ന സിംഹത്തേയോ മറ്റോ ഏതെങ്കിലും ഗൈഡ് കണ്ടാൽ ഉടൻ തന്നെ മറ്റ് ഗൈഡുമാർക്ക് സന്ദേശം ലഭിക്കും. ഉടനെ എല്ലാ വാഹനങ്ങളും ആ പ്രദേശത്തേക്ക് കുതിക്കുകയായി.
പ്രധാനപാത വിട്ട് ഇടവഴികളിലേക്ക് പൊതുവെ ലാൻഡ്ക്രൂയിസറുകൾ പ്രവേശിക്കാറില്ലെങ്കിലും സിംഹത്തെയും മറ്റും കണ്ടെന്നു വിവരം കിട്ടിയാൽ ഏതുപാതയിലും വാഹനം കുതിച്ചെത്തിക്കും, ഗൈഡുമാർ.ഒരു പറ്റം സീബ്രകൾ കുണുങ്ങി കുണുങ്ങി വഴി കുറുകെ കടന്നു. ജിം വാഹനം നിർത്തിയിട്ട് വഴിയൊരുക്കി. ഒരു ഭയവുമില്ല, മൃഗങ്ങൾക്ക് . വാഹനത്തിന്റെ ഇരമ്പവും മനുഷ്യന്റെ ശബ്ദവുമൊന്നും അവയെ ഭയപ്പെടുത്തുന്നില്ല. 'വേണമെങ്കിൽ പടമെടുത്തിട്ട് പോടേ' എന്ന മട്ടിൽ, നടന്നു പോകുംവഴി ചില മൃഗങ്ങൾ തിരിഞ്ഞു നിന്ന് ക്യാമറയ്ക്ക് പോസു ചെയ്യാറുമുണ്ട്!
കണ്ടാമൃഗങ്ങളായിരുന്നു അടുത്ത കാഴ്ച. രണ്ട് പൊണ്ണത്തടിയന്മാർ ഒറ്റക്കൊമ്പ് ഉയർത്തിപ്പിടിച്ച് ഞങ്ങളെ സാകൂതം നോക്കി. ഇവയെ പൊതുവെ സഞ്ചാരികൾക്ക് കാണാൻ സാധിക്കാറില്ലെന്ന് ജിം പറഞ്ഞു. വെള്ളത്തിലാശാനാണ് ഹിപ്പോ. കരയിൽ കയറി കിടക്കുന്നത് അപൂർവം.ശരീരത്തിൽ സുന്ദരമായ വരകളോടുകൂടിയ മാനുകൾ-ഗസൽ-എവിടെയുമുണ്ട്.
എപ്പോഴും ജാഗരൂകരാരായണ് ഇവയുടെ നിൽപ്പ്. നീണ്ടിടംപെട്ട മിഴികളിൽ ഭയം തളംകെട്ടി നിൽക്കുന്നു. ഏതു നിമിഷവും, ഏതുഭാഗത്തു നിന്നും, ഒരു സിംഹമോ ചീറ്റപ്പുലിയോ ചാടി വീണേക്കാം. അതുകൊണ്ട് കാതുകൂർപ്പിച്ചാണ് നിൽപ്പ്. അസാധാരണമായ ഒരു ഇലയിളക്കം മതി, കാലിൽ സ്പ്രിങ് ഘടിപ്പിച്ചതുപോലെ തുള്ളിച്ചാടി ഒരു പോക്കാണ്. വൈൽഡ് ബീസ്റ്റുകളെ തീരെ പേടിയില്ലെന്നു തോന്നുന്നു, മാനുകൾക്ക്. അവയുമായി ഇടപഴകി നിൽക്കുന്നത് എവിടെയും കാണാം.
ക്രേറ്ററിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും ഒരു കാഴ്ച തന്നെയാണ്. അസാധാരണമാംവിധം പരന്നുകിടക്കുന്ന പച്ചപ്പുൽ മൈതാനിയിലൂടെ പൊട്ടുപോലെ കാണാം, വാഹനങ്ങൾ ഒഴുകി നീങ്ങുന്നത്. എവിടെയും 'ബാക്ക് ഡ്രോപ്പിൽ' മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പച്ചപ്പണിഞ്ഞ പർവതങ്ങളാണ്. ദൂരെ നിഴൽപോലെ കാണപ്പെടുന്ന മൃഗങ്ങളും അവയ്ക്കിടയിലൂടെ മന്ദംമന്ദം ഒഴുകി വരുന്ന വാഹനങ്ങളും അഭൗമദൃശ്യം പോലെ തോന്നിക്കും.
വഴിയിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിൽ കുത്തിമറിഞ്ഞു കളിക്കുന്ന പന്നിക്കുട്ടന്മാരെ പിന്നിട്ട് ഞങ്ങളുടെ വാഹനം നീങ്ങുമ്പോൾ തല ഭൂമിയിൽ താഴ്ത്തി നിന്നിരുന്ന രണ്ട് ഒട്ടകപ്പക്ഷികൾ മനസില്ലാമനസോടെ തല ഉയർത്തി നോക്കി. എന്നിട്ട് ചിറക് വിടർത്തിയൊന്നു കുടഞ്ഞു.
ആഫ്രിക്കൻ ആനകളുടെ കൂട്ടമാണ് കൗതുകമുള്ള മറ്റൊരു കാഴ്ച. എന്നാൽ,കുറമ്പന്മാരായ കുട്ടിയാനകളുമായി നടന്നു നീങ്ങുന്ന ആനകളുടെ തലയെടുപ്പ് ഇന്ത്യൻ ആനകളോളം വരില്ല എന്നതു സത്യമാണ്. 'ആഫ്രിക്കൻ ആനകൾക്ക് നമ്മുടെ ആനകളുടെ ആ ഒരു ഐശ്വര്യമില്ല' എന്ന് ആനകളെക്കുറിച്ചുള്ള ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുഹൃത്ത് ശ്രീകുമാർ അരൂക്കുറ്റി പറഞ്ഞത് സത്യമാണല്ലോ എന്നു ഞാനോർത്തു.
(തുടരും)