സിംഹത്തെ കാണാം, വേട്ടയാടാം: വിചിത്ര നിയമങ്ങള്‍

മനുഷ്യന്റെ ജന്മ നാട്ടിൽ - 14

ക്രേറ്ററിൽ ഉച്ച ഭക്ഷണത്തിനായി നിർത്തുന്ന സ്ഥലം

വന്യമൃഗങ്ങളെ കൊന്നാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന നാടാണ് ഇന്ത്യ. എന്നാൽ ലോകത്തിലേറ്റവുമധികം വന്യമൃഗ സമ്പത്തുള്ള ആഫ്രിക്കൻ നാടുകളിലെ വന്യമൃഗസംരക്ഷണ നിയമത്തിൽ മൃഗങ്ങളെ വേട്ടയാടി കൊല്ലാനും വകുപ്പുണ്ട്! അതിന് സർക്കാരിന്റെ അനുമതി വേണമെന്ന് മാത്രം. അതോടൊപ്പം തന്നെ, വലിയ തുക ഫീസായി കെട്ടിവെയ്ക്കുകയും വേണം. ഉദാഹരണമായി, സിംഹത്തെ കൊല്ലാൻ 8.7 ലക്ഷം രൂപ സർക്കാരിന് നൽകണം. ഹിപ്പോപൊട്ടാമസിനെ കൊല്ലാൻ 2.4 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. പുലി-കടുവ എന്നിവയെ വെടിവെച്ചു കൊല്ലാൻ 5.11 ലക്ഷം രൂപ.

വന്യമൃഗ സവാരിക്ക് ജിമ്മിന്റെ ട്രാവൽ കമ്പനി ഞങ്ങളെ കൊണ്ടുപോയതുപോലെ തന്നെ നായാട്ടിനു കൊണ്ടുപോകാനും നിരവധി കമ്പനികളുണ്ട്. നിശ്ചിത ഫീസടച്ചാൽ കമ്പനി പ്രതിനിധികൾ ചെറിയ വിമാനത്തിലോ ജീപ്പിലോ നായാട്ടിനായി കൊണ്ടുപോകും.

ഉച്ചഭക്ഷണത്തിനു ശേഷം യാത്ര തുടരുന്ന സഞ്ചാരികൾ

എല്ലാ കാടുകളിലും നായാട്ട് അനുവദനീയമല്ല. ചില കാടുകളുടെ ചില മേഖലകൾ മാത്രമാണ് നായാട്ടിനായി നീക്കി വെച്ചിരിക്കുന്നത്. 'നായാട്ട് കമ്പനി'കൾ വാഹനങ്ങൾ, തോക്ക്, താമസം എന്നിവയെല്ലാം ഒരുക്കിത്തരും. രണ്ടുമുതൽ 12 ദിവസം വരെ നീളുന്ന നായാട്ട് പാക്കേജുകളുണ്ട്. 'ട്രോഫി ഹണ്ടിങ്' എന്നാണ് മൃഗനായാട്ടിന് ടാൻസാനിയയിലെ വിളിപ്പേര്. കുരങ്ങൻ മുതൽ ചീങ്കണ്ണി വരെയുള്ള വന്യമൃഗങ്ങളെ അനുമതിയോടെ വേട്ടയാടാമെങ്കിലും 'ബിഗ് ഗെയിം ട്രോഫി ഹണ്ടിങ്' എന്ന ഗണത്തിൽപ്പെട്ട നായാട്ടിനാണ് ഉപഭോക്താക്കൾ കൂടുതൽ. ആന, സിംഹം, കാട്ടുപോത്ത്, കണ്ടാമൃഗം, പുള്ളിപ്പുലി എന്നിവയാണ് ബിഗ്‌ഗെയിം ട്രോഫി ഹണ്ടിങിൽ പെടുന്ന വന്യമൃഗങ്ങൾ. നായാട്ടുകാർക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്ന മൃഗങ്ങളായതുകൊണ്ടാണ് ഇവയെ പ്രത്യേക വിഭാഗമായി കണക്കാക്കുന്നത്. ഇവയെ വേട്ടയാടി കൊല്ലാനുള്ള ഫീസും, നേരത്തെ സൂചിപ്പിച്ചതുപോലെ, വളരെ കൂടുതലാണ്.

ചെറുകിട മൃഗങ്ങളെ വെടിവെച്ചുകൊല്ലാനായി നൽകേണ്ട തുക ഇങ്ങനെ: കുരങ്ങൻ: 22,000 രൂപ, പന്നി 57,000 രൂപ, കാട്ടുപൂച്ച: 58,000 രൂപ, ചീങ്കണ്ണി : 2.5 ലക്ഷം രൂപ, മാൻ : 58,000 രൂപ, വൈൽഡ് ബീസ്റ്റ് : ഒരു ലക്ഷം രൂപ ഇങ്ങനെയൊക്കെയാണെങ്കിലും ആഫ്രിക്കയിലെ വന്യജീവി സമ്പത്തിന് വലിയ കുറവൊന്നും സംഭവിക്കുന്നില്ല. കാരണം, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലായി നിരവധി സംരക്ഷിത വന്യമൃഗ സങ്കേത കേന്ദ്രങ്ങളുണ്ടല്ലോ.

ഉച്ച ഭക്ഷണത്തിനായി നിർത്തിയിരിക്കുന്ന വാഹനങ്ങൾ 

അങ്ങനെ ഞങ്ങൾ ഗോരങ്‌ഗൊരോ ക്രേറ്ററിലൂടെ യാത്ര തുടരുകയാണ്. ഇടയ്ക്കിടെ ജിമ്മിനോട് 'സിംഹത്തെയൊന്നും കാണാനില്ലല്ലോ'എന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. 'യോഗമുണ്ടെങ്കിൽ കാണും' എന്നു മാത്രമാണ് ജിമ്മിന്റെ മറുപടി. അങ്ങനെയിരിക്കെ, ദൂരെ ഒരു മരത്തണലിൽ ഒരു സിംഹം വിശ്രമിക്കുന്നത് ജിമ്മിന്റെ കണ്ണിൽ പെട്ടു. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ അത് സിംഹം തന്നെയാണെന്ന് ബോധ്യമായി. പക്ഷേ പ്രധാന വഴിവിട്ട് പുൽമേട്ടിലൂടെ വാഹനം ഓടിച്ചാലേ കക്ഷിയുടെ അടുത്ത് എത്താൻ പറ്റൂ. അത് അനുവദനീയവുമല്ല. അതുകൊണ്ട് ബൈനോക്കുലറിലൂടെ ദൃശ്യമായ കുഞ്ചിരോമങ്ങൾ കണ്ട് തൃപ്തിയടഞ്ഞു.

ഉച്ചയോടെ ഒരേയൊരു മരവും ചെറിയ തടാകവുമുള്ള ഒരു പ്രദേശത്തെത്തി. ഇതാണ് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സ്ഥലം. ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. ഗൊരങ്‌ഗോരോ ക്രേറ്ററിൽ സഞ്ചാരികൾക്ക് വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവാദമുള്ളത് ഇവിടെ മാത്രമാണ്.

ഒറ്റമരവും തടാകവും 

ഇരുപതോളം ലാൻഡ്ക്രൂയിസറുകൾ ഇവിടെ നിർത്തിയിട്ടുണ്ട്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് എത്തിയിരിക്കുന്ന വാഹനങ്ങളാണ്. എല്ലാവരും ഉച്ചഭക്ഷണപ്പൊതികൾ തുറക്കുന്ന തിരക്കിലാണ്.

നടന്നു പോകുന്ന സിംഹരാജനെ നിർന്നിമേഷനായി നോക്കി നിൽക്കുന്ന വൈൽഡ് ബീസ്റ്റ് 

വാഹനം പാർക്ക് ചെയ്തിട്ട് ജിം ഭക്ഷണപ്പൊതികൾ സമ്മാനിച്ചു. തലേന്ന് ഉച്ചഭക്ഷണത്തിനായി ജിം പണം വാങ്ങിയിരുന്നല്ലോ. ഭക്ഷണപ്പൊതി തുറക്കും മുമ്പ് ഞാൻ അറിയാതെയൊന്ന് മേലോട്ടു നോക്കി. തുറന്നുവെച്ച സൺറൂഫിലൂടെ കണ്ടത് സസൂക്ഷ്മം വീക്ഷിക്കുന്ന കുറെ കണ്ണുകളാണ്. പലതരം പക്ഷികൾ. പെട്ടെന്നാണ് ഞാൻ സഖറിയയുടെ 'ആഫ്രിക്കൻ യാത്ര'യിലെ ഗൊരങ്‌ഗോരോ യാത്രാ വിവരണത്തെപ്പറ്റി ഓർത്തത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി, പൊതിതുറക്കും മുമ്പേ, മിന്നായം പോലൊരു 'സാധനം' വന്ന് പൊതി തട്ടിയെടുത്തു പറന്ന് പോയ കഥ. ആ 'സാധനം' ഒരു പരുന്തായിരുന്നു!

ആ സംഭവത്തിന്റെ ഓർമ്മയിൽ, ഭക്ഷണപ്പൊതികൾ സൂക്ഷിക്കാൻ എല്ലാവർക്കും മുന്നറിയിപ്പു കൊടുത്തിട്ട് ഞാൻ സൺറൂഫ് അടച്ചു. അതിന്റെ ഇടയിലൂടെ ഏതെങ്കിലും കുരുത്തംകെട്ട കുരുവി ഫുഡും അടിച്ചുമാറ്റി പറന്നാലോ!

പൊതി തുറന്നു. ഒരു സാൻഡ്‌വിച്ച്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ഒരു വറുത്ത കോഴിക്കാൽ, വറുത്ത പയർ, ചെറിയൊരു കുപ്പി ഓറഞ്ച് ഡ്രിങ്ക്- ഇത്രയുമാണ് അഞ്ചു ഡോളറിന്റെ ഭക്ഷണപ്പൊതിയിലുള്ളത്. എല്ലാം തണുത്തു മരവിച്ച അവസ്ഥയിലാണെങ്കിലും വിശപ്പു മൂലം മുഴുവൻ കഴിച്ചു തീർത്തു.

പെൺസിംഹത്തിന്റെ മുന്നിൽ 

പത്തുമിനുട്ട് വിശ്രമിച്ച് വീണ്ടും യാത്ര തുടർന്നു. ഇപ്പോൾ ഇടതുവശത്തു കാണുന്നതാണ് ഉപ്പുജല തടാകമായ മകാത്തി. സീസൺ കാലത്ത് ലക്ഷക്കണക്കിന് ഫ്‌ളെമിങ്‌ഗോ പക്ഷികൾ തടാകതീരത്തുണ്ടാവുമത്രേ. റോസ് നിറമുള്ള കഴുത്ത് ഉയർത്തിപ്പിടിച്ച് ആ സുരസുന്ദരികളങ്ങനെ തീരം കവിഞ്ഞ് നിൽക്കുന്നത് അതിസുന്ദരമായ കാഴ്ചയാണ്. എന്നാൽ ഞങ്ങൾ പോയ ദിവസം മകാത്തി തീരത്ത് കാണാൻ കഴിഞ്ഞത് പൊണ്ണത്തടിയന്മാരായ ഏതാനും ഹിപ്പോപ്പൊട്ടോമസുകളെ മാത്രമാണ്!

സമയം രണ്ടുമണി കഴിഞ്ഞു. മൂന്നരയോടെ ക്രേറ്ററിൽ നിന്ന് പുറത്തുകടക്കണം. ഇനിയുള്ള സമയത്ത് ഏതെങ്കിലും മൃഗങ്ങളെ കണ്ടാലായി എന്നു കരുതിയിരിക്കുമ്പോൾ പെട്ടെന്നതാ വലതുവശത്ത് ഉറച്ചതെങ്കിലും അലസമായ ചുവടുവെപ്പുകളോടെ മൃഗരാജൻ! ഞങ്ങളുടെ വാഹനത്തിന്റെ 100 മീറ്റർ അകലെയാണ് സിംഹരാജനെ കണ്ടത്. ഉടനടി ജിം തന്റെ വയർലെസ് സെറ്റിലൂടെ മറ്റ് ഡ്രൈവർമാരെയും വിവരം അറിയിച്ചു. ക്രേറ്ററിന്റെ പല ഭാഗങ്ങളിൽ നിന്നും ലാൻഡ് ക്രൂയിസറുകൾ പൊടിപറത്തി ആ ഒരൊറ്റ ലക്ഷ്യത്തിലേക്ക് കുതിച്ചു. ജിം വാഹനം നിർത്തി മൃഗരാജന്റെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. കക്ഷി ദൂരേക്കു നടന്നുപോയാൽ ക്യാമറയിൽ പൊടി പോലൊരു ഫോട്ടോ കിട്ടിയാലായി. എന്നാൽ മൺറോഡിലേക്കാണ് വരവെങ്കിൽ തൊട്ടടുത്തു കാണാം.

പെൺസിംഹത്തിന്റെ വിശ്രമം 

ആ വരവൊന്നു കാണേണ്ടതു തന്നെയായിരുന്നു. ലോകം തന്റെ കാൽക്കീഴിലാണെന്ന മട്ടിലാണ് തല ഉയർത്തിപ്പിടിച്ചുള്ള നടത്തം. ദൂരെ മാറി നിൽക്കുന്ന മൃഗപ്രജകളെല്ലാം പുല്ലു തീറ്റ നിർത്തി നിർന്നിമേഷരായി നോക്കി നിൽക്കുന്നു. ഏതെങ്കിലുമൊരു നിമിഷം സിംഹം അലസനടത്തം മതിയാക്കി തന്റെ നേർക്കു കുതിച്ചാൽ ഓടി രക്ഷപ്പെടണമല്ലോ. അതിനാണ് മൃഗരാജന്റെ ചലനങ്ങൾ വീക്ഷിച്ച് മാനും സീബ്രയും ഉൾപ്പെടെയുള്ളവ കണ്ണിമ ചിമ്മാതെ നിൽക്കുന്നത്.

വൈൽഡ് ബീസ്റ്റുകളുടെ കൂട്ടായ്മ 

ഭാഗ്യം. സിംഹം വരുന്നത് ഞങ്ങളുടെ നേർക്കു തന്നെ. അതിനിടെ മറ്റൊരു സിംഹം കൂടി പ്രത്യക്ഷപ്പെട്ടു. അവനും ഞങ്ങളുടെ നേർക്കു നടന്നു വരുന്നു. 'നിങ്ങൾക്കു ഭാഗ്യമുണ്ട്'-ജിം പതിയെ പറഞ്ഞു. രണ്ടു സിംഹങ്ങളും ലാൻഡ്ക്രൂയിസറിന്റെ ഫ്യുവൽടാങ്കിന്റെ മൂടിയുടെ അടുത്തുവന്ന് മണത്തു നിന്നിട്ട് പിൻ ടയറിനോടു ചേർന്നു കിടന്നു. മൃഗങ്ങൾക്ക് ഡീസലിന്റെ ഗന്ധം വലിയ ഇഷ്ടമാണത്രേ. അതാണ് അവ വാഹനങ്ങളുടെ ചുറ്റും നടക്കുന്നതെന്ന് ജിം പറഞ്ഞു.

അപ്പോഴേക്കും ഒരു പെൺസിംഹവും അടുത്തെത്തി. അവൾ ഞങ്ങളുടെ തൊട്ടുമുന്നിൽ നിർത്തിയിട്ട വാഹനത്തിൽ ഉരുമ്മി കിടന്നു.

ക്രേറ്ററിന്റെ കാഴ്ച,പ്ലാറ്റ്ഫോമിൽ നിന്ന്

മുന്നിലും പിന്നിലും സിംഹങ്ങൾ! ഗോരങ്‌ഗോരോ യാത്ര അവിസ്മരണീയമാകാൻ വേറെന്തു വേണം! തിരിഞ്ഞും മറിഞ്ഞും ചിത്രങ്ങളെടുത്തു കൂട്ടി. എല്ലാ ലാൻഡ്ക്രൂയിസറുകളിൽ നിന്നും നാലുചുറ്റും ക്യാമറകൾ ക്ലിക്ക് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.

സിംഹങ്ങളും സിംഹിണിയും ഇതൊന്നും മൈൻഡ് ചെയ്യാതെ വിശ്രമം തുടർന്നു. പിന്നെ, മെല്ലെ എഴുന്നേറ്റു നടന്നു. തൃപ്തിയായി. അപൂർവമായി കാണാൻ കഴിയുന്ന പല മൃഗങ്ങളെയും പ്രത്യക്ഷപ്പെടുത്തിയതിന് വനദൈവങ്ങളോട് നന്ദി പറഞ്ഞു. പച്ചപ്പുൽ മൈതാനത്തോട് വിടപറഞ്ഞ് ചെറിയൊരു വനപ്രദേശത്തേക്ക് വാഹനം കടന്നപ്പോൾ കണ്ടത് വൈൽഡ് ബീസ്റ്റുകളുടെ സംസ്ഥാന സമ്മേളനമാണ്. നൂറുകണക്കിനുണ്ട്. ചിന്തമഗ്നരായി കുറേപ്പേർ മൺപാതയിലും നിൽപ്പുണ്ട്. വാഹനം വരുന്നത് കണ്ടിട്ടും വലിയ മൈൻഡൊന്നുമില്ല. രണ്ടുമിനുട്ട് ജിം വാഹനം നിർത്തിയിട്ടപ്പോൾ മനസ്സില്ലാമനസ്സോടെ അവ റോഡരികിലേക്ക് മാറി നിന്നു. യാത്ര അവസാനിക്കുകയാണ്. തൊട്ടുമുന്നിൽ ക്രേറ്ററിന്റെ ഭിത്തി വലിയ മലയായി ഉയർന്നു നിൽക്കുന്നു. അതിന്റെ ഓരത്തുകൂടി വെട്ടിയെടുത്ത പാതയിലൂടെ ക്രേറ്ററിനു പുറത്തു കടന്നു. അവിടെ വലിയൊരു 'ലുക്ക്ഔട്ട് പോയിന്റു'ണ്ട്. ആ പ്ലാറ്റ്‌ഫോമിൽ നിന്നാൽ ക്രേറ്ററിന്റെ വിഹഗവീക്ഷണം വീണ്ടും ലഭിക്കും. അല്പനേരം അവിടെ ചിലവഴിച്ച ശേഷം മൃഗങ്ങളുടെ ആ സ്വർഗ്ഗഭൂമിയോട് വിട പറഞ്ഞു.

(തുടരും)