'ഇതാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒത്ത മദ്ധ്യഭാഗം'

മനുഷ്യന്റെ ജന്മനാട്ടിൽ -15

ഗൊരങ്ഗോരോയിൽ നിന്ന് അരൂഷയിലേക്കുള്ള ഹൈവേ

ഗൊരങ്‌ഗോരോയിൽ നിന്ന് തിരികെ അരൂഷയിലേക്കുള്ള യാത്രയിലാണ് ആഫ്രിക്കൻ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം കാണാൻ കഴിഞ്ഞത്. വനപ്രദേശം പിന്നിട്ട് ഗ്രാമങ്ങളിലെത്തിയപ്പോൾ സായാഹ്നസൂര്യൻ എരിഞ്ഞുതീരുകയായിരുന്നു. അന്തിച്ചന്തകളായിരുന്നു, ജനപഥങ്ങളിലെ പ്രധാനകാഴ്ച. ഇന്ത്യയിലേതു പോലെ തന്നെ നാൽക്കവലകളെല്ലാം ജനനിബിഡമാണ്. ഗ്രാമത്തെ കീറിമുറിക്കുന്ന ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങളൊന്നും ജനത്തിന് പ്രശ്നമല്ല. അവർ ഇരുവശുത്തുമുള്ള ചന്തകളിലേക്ക് ഹൈവേ മുറിച്ച് നടന്നുകൊണ്ടേയിരിക്കും. 'നീ വണ്ടി നിർത്തിയാൽ നിനക്കു കൊള്ളാം' എന്ന മട്ടാണ് ജനത്തിന്. അന്നാട്ടിൽ ജനിച്ചു വളർന്നതാണെങ്കിലും ഈ അലസമനോഭാവം ജിമ്മിന് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. 'എന്തു ചെയ്യാനാ, വിവരദോഷികൾ. ഇവറ്റകൾ നന്നാകില്ല' എന്നൊക്കെ ജിം ഫുൾടൈം പിറുപിറുത്തുകൊണ്ടിരുന്നു.

ഗൊരങ്ഗോരോയിൽ നിന്ന് അരൂഷയിലേക്കുള്ള ഹൈവേ .പിന്നിൽ കാണുന്നത് ലേക് മന്യാര

ഇടയ്ക്ക് വലിയൊരു ചന്ത കണ്ടു, അവിടെയൊന്ന് നിർത്താമോ എന്നു ചോദിച്ചു. ഒരു തനത് 'ആഫ്രിക്കൻ വില്ലേജ് മാർക്കറ്റ്' സന്ദർശിക്കാൻ കിട്ടുന്ന അവസരമാണല്ലോ. പക്ഷേ, ജിം വാഹനം നിർത്തിയില്ല. 'വേണ്ട, ഈ സ്ഥലമൊന്നും ഒട്ടും സുരക്ഷിതമല്ല. നിങ്ങളെ സുരക്ഷിതമായി ഹോട്ടലിൽ എത്തിക്കുന്നതു വരെ എനിക്ക് യാതൊരു സമാധാനവുമില്ല'- ജിം പറഞ്ഞു. ജിമ്മിന്റെ സമാധാനം കെടുത്തേണ്ട എന്നു കരുതി ഞാൻ പിന്നെയൊന്നും പറഞ്ഞില്ല. ലാൻഡ് ക്രൂയിസർ ഓടിക്കൊണ്ടിരുന്നു. പെട്ടെന്ന് ദൃശ്യമായി, ഹൈവേയുടെ ഇരുവശവും കണ്ണെത്താദൂരത്തോളം മഞ്ഞപ്പൂക്കളുടെ പാടങ്ങൾ. ആ കാഴ്ച കിലോമീറ്ററുകളോളം നീണ്ടു. മഞ്ഞപ്പൂക്കളുടെ പശ്ചാത്തലത്തിൽ, ചുവന്ന മുണ്ടുചുറ്റി സൊറയും പറഞ്ഞിരിക്കുന്ന മസായികൾ ഒരു പെയിന്റിങ് പോലെ തോന്നിച്ചു.

മൗണ്ട്‌മേരു വീണ്ടും ദർശനം തന്നു. അരൂഷ എത്തുംവരെ തന്റെ ഹിമശോഭയാർന്ന ശിരസ്സുയർത്തി മേരു ഞങ്ങളെ സാകൂതം നോക്കുന്നുണ്ടായിരുന്നു.

വഴിയരികിലെ മസായി ആട്ടിടയൻ

അരൂഷ പട്ടണം അടുത്തതോടെ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു. ആ ബ്ലോക്ക്, ഇന്ത്യയിലേതു പോലെ തന്നെ, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നതു കൊണ്ട് രൂപപ്പെട്ടതാണെന്ന് മനസിലാക്കാൻ ഇന്ത്യക്കാരന് ബുദ്ധിമുട്ടുണ്ടാകില്ല. യാതൊരു നോട്ടവുമില്ലാതെ ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും റോഡ് കുറുകെ കടക്കുന്നു, നിന്ന നിൽപ്പിൽ വാഹനം വളച്ചെടുക്കുന്നു, തോന്നിയിടത്ത് വാഹനം നിർത്തിയിടുന്നു- എല്ലാം ഇന്ത്യയിലേതുപോലെ തന്നെ.

ഞാൻ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി ഈ തിരക്കിന്റെ ചിത്രമെടുക്കാനായി ക്യാമറ പുറത്തേക്കു നീട്ടി. 'ഗ്ലാസ് അടയ്ക്കൂ, ഇല്ലെങ്കിൽ ക്യാമറ ആരെങ്കിലും തട്ടിപ്പറിച്ചുകൊണ്ട് ഓടും'- ജിം പറഞ്ഞു. 'ഞാൻ ക്യാമറ കഴുത്തിൽ തൂക്കിയിട്ടുണ്ട്'- എന്റെ മറുപടി. അതിലൊന്നും കാര്യമില്ലെന്ന് ജിം വിശദീകരിച്ചു. കഴുത്തിലൂടെ ഇട്ടിരിക്കുന്ന ക്യാമറയുടെ വള്ളി ക്ഷണനേരം കൊണ്ട് മുറിച്ചെടുത്ത്, കള്ളൻ ക്യാമറയുമായി ഓടുമത്രേ. ജിമ്മിന്റെ വിശദീകരണം കേട്ടതോടെ ഞാൻ ഗ്ലാസുകൾ കയറ്റിയിട്ട് മര്യാദക്കാരനായി.

ഒരു ആഫ്രിക്കൻ ബസ് 

'നമ്മൾ പത്തുമിനിറ്റിനകം ഹോട്ടലിലെത്തും ഹോട്ടലിൽ നിന്നു തന്നെ അത്താഴം കഴിക്കൂ. പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്. ഞാൻ രാവിലെ 8 മണിക്ക് വരാം. ബ്രേക്ക്ഫാസ്റ്റ് കഴിച്ച്, റൂം ചെക്ക്ഔട്ട് ചെയ്ത് തയാറായി നിൽക്കുക. രാവിലെ പ്രഭാതനടത്തത്തിനോ മറ്റോ ഇറങ്ങുന്നുണ്ടെങ്കിൽ ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും കൈയിൽ കരുതരുത്. മെയിൻറോഡിലൂടെ മാത്രമേ നടക്കാവൂ'- ജിം വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

രാവിലെ അരൂഷയൊന്ന് ചുറ്റിക്കണ്ടിട്ട് കിളിമഞ്ജാരോയിലേക്ക് പോകാനാണ് പരിപാടി. അവിടെ ഒരു ആഫ്രിക്കൻ ഭവനസന്ദർശനം, കിളിമഞ്ജാരോയുടെ കാൽച്ചുവട്ടിലെ വെള്ളച്ചാട്ട സന്ദർശനം എന്നിവയൊക്കെയാണ് പരിപാടികൾ. രാത്രി 8 മണിക്കാണ് ദാർ-എസ് സലാമിലേക്കുള്ള വിമാനം. സന്ധ്യയാകും വരെ കിളിമഞ്ജാരോയിൽ ചെലവഴിക്കാം എന്നർത്ഥം.

ഗൊരങ്ഗോരോയിൽ നിന്ന് അരൂഷയിലേക്കുള്ള ഹൈവേ

അന്നു രാത്രി ജിം നിർദ്ദേശിച്ചതു പോലെ തന്നെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങാതെ കഴിച്ചുകൂട്ടി. രാവിലെ നടത്തവും ഒഴിവാക്കി. വെറുതെ എന്തിന് കള്ളന്മാരെ നമ്മളായിട്ട് പ്രലോഭിപ്പിക്കണം! എട്ടുമണിക്ക് ജിം വന്നു. ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ച് റൂം ചെക്ക്ഔട്ട് ചെയ്ത് റെഡിയായി നിൽക്കുകയായിരുന്നു. അരൂഷയുടെ വഴികളിലൂടെ ലാൻഡ്ക്രൂയിസർ ഓടി. യഥാർത്ഥത്തിൽ വളരെ സുന്ദരമായ, 'പ്ലാൻഡ്' ആയ സിറ്റിയാണ് അരൂഷ. പണ്ട് യൂറോപ്യന്മാർ 'യൂറോപ്യൻ ടച്ചോടെ' പണി കഴിപ്പിച്ച നഗരം. ഇപ്പോഴും പലയിടത്തും കൊളോണിയൽ ബംഗ്ലാവുകൾ കാണാം. വലിയ വളപ്പിനുള്ളിൽ, പുൽത്തകിടിയുടെ പശ്ചാത്തലത്തിൽ അവ സമ്പന്നമായ ഭൂതകാലം അയവിറക്കി നിൽക്കുന്നു. ഇടയ്ക്ക് കണ്ട ആശുപത്രി കെട്ടിടം ചൂണ്ടി ജിം പറഞ്ഞു: 'അതാണ് ഇവിടുത്തെ ആദ്യത്തെ യൂറോപ്യൻ കെട്ടിടം. ഇപ്പോൾ ആശുപത്രിയാണ്'. യാത്ര ചെന്നു നിന്നത് ഒരു മാർക്കറ്റിനുള്ളിലാണ്. കരകൗശല വസ്തുക്കൾ മാത്രം വിൽക്കുന്ന മാർക്കറ്റാണ്. പുറത്തും ഉള്ളിലുമെല്ലാം കരകൗശല ഷോപ്പുകൾ മാത്രം.

ഇന്ത്യക്കാരെ കണ്ടപ്പോൾ കടകൾ ഉണർന്നു. ജിമ്മിന്റെ അഭിപ്രായത്തിൽ, ഏറ്റവുമധികം ഷോപ്പിങ് നടത്തുന്നത് ഇന്ത്യക്കാരാണത്രേ. പണം ചെലവഴിക്കാൻ ഇന്ത്യക്കാർക്ക് യാതൊരു മടിയുമില്ല എന്നതാണ് തന്റെ അനുഭവമെന്ന് ജിം പറഞ്ഞു. (അക്കൂട്ടത്തിൽ എന്നെ കൂട്ടണ്ട എന്ന് ഞാൻ മനസ്സിലും പറഞ്ഞു) വള, മാല, കമ്മൽ മുതൽ വലിയ കരകൗശല സാധനങ്ങൾ വരെ ഷോപ്പിലുണ്ട്. ഒരു കാര്യം ശ്രദ്ധിച്ചു- ഒരു ഷോപ്പിലും ആണുങ്ങൾ ആരുമില്ല. തായ്‌ലന്റിലേതുപോലെ, പെണ്ണുങ്ങളാണ് ഷോപ്പ് കൈകാര്യം ചെയ്യുന്നത്. ഏതാനും സാധനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. നന്നായി വിലപേശിക്കൊള്ളണമെന്ന് ജിം പറഞ്ഞിരുന്നു. വില കൂട്ടിയിടുന്ന കാര്യത്തിലും ഒരു ഇന്ത്യ തന്നെയാണ് ആഫ്രിക്ക. വില പേശിത്തുടങ്ങിയപ്പോൾ മറ്റൊരു കാര്യം മനസ്സിലായി- ഷോപ്പുകളിൽ മിക്കതും ഒരു സ്ത്രീയുടേതു തന്നെയാണ്!! തന്റെ പരിധിയിൽ നിൽക്കാത്ത വിധം വിലപേശൽ തുടരുമ്പോൾ എല്ലാ കടക്കാരും 'ഇടപെടാനായി'വിളിക്കുന്നത് ഗർഭിണിയായ ആ സ്ത്രീയെയാണ്. അവർ ഒരു അന്തിമവില പറയുന്നു. അത് അന്തിമവില തന്നെയായിരിക്കും. പിന്നെ വില പേശലില്ല.

മിനി വാനിൽ കയറാൻ നിൽക്കുന്ന മസായി 

എന്തായാലും കുറഞ്ഞ വിലയ്ക്ക് ഏതാനും കരകൗശല സാധനങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞു എന്ന ആശ്വാസത്തോടെയും വിശ്വാസത്തോടെയും അവിടെ നിന്നിറങ്ങി. തുടർന്ന് ചെന്നെത്തിയത് 'ആഫ്രിക്കയുടെ നടുവിലേ'ക്കാണ്. നാല് റോഡുകൾ ചേരുന്നിടത്തെ വൃത്താകൃതിയിലുള്ള ഭാഗം ചൂണ്ടി ജിം പറഞ്ഞു: 'ആ കാണുന്നതാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒത്ത മദ്ധ്യഭാഗം'. ഞാൻ പെട്ടെന്ന് ഓർത്തത് റഷ്യയിൽ, മോസ്‌കോയിലെയും ഇന്ത്യയിൽ നാഗ്പൂരിലെയും 'ഒത്ത മദ്ധ്യ'ങ്ങളെയാണ്.

മൗണ്ട് മേരു

റഷ്യയുടെ മദ്ധ്യഭാഗമാണ് മോസ്‌കോയിലെ റെഡ്‌സ്‌ക്വയറിന് സമീപമുള്ള ഒരു വൃത്തം. ഇന്ത്യയുടെ മദ്ധ്യഭാഗം നാഗ്പൂരിലെ ഒരു ചെറിയ പാർക്കാണ്. കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് കാറോടിച്ചു പോകുമ്പോഴാണ് ഈ രണ്ടു സ്ഥലങ്ങളും സന്ദർശിച്ചത്. 'ഇവിടെയൊന്ന് നിർത്താമോ? ഞാൻ ഫോട്ടോ എടുക്കട്ടെ...' ഞാൻ പറഞ്ഞു. 'വളരെ സൂക്ഷിക്കണം ക്യാമറ കൈയിൽ അമർത്തിപ്പിടിക്കുക, പോക്കറ്റിലുള്ളതെല്ലാം ഇവിടെ വെച്ചിട്ടു പോവുക'- ജിം പറഞ്ഞു. ഞാൻ പോക്കറ്റുകൾ കാലിയാക്കി, ക്യാമറ അമർത്തിപ്പിടിച്ച് റോഡ് ക്രോസ് ചെയ്ത് ആഫ്രിക്കയുടെ മദ്ധ്യത്തെത്തി ഏതാനും ചിത്രങ്ങളെടുത്തു. പുല്ല് നട്ടുവളർത്തി 'മദ്ധ്യഭാഗം' ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ വിവിധ രാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് ഇവിടെ നിന്നുള്ള ദൂരവും എഴുതി വെച്ചിട്ടുണ്ട്.

പുല്ലിൽ കിടന്ന് വിശ്രമിക്കുന്ന ഏതാനും പയ്യന്മാരുടെ ക്യാമറയിലേക്കുള്ള നോട്ടം അത്ര പന്തിയല്ലല്ലോ എന്നു തോന്നിയപ്പോൾ ഞാൻ തിരിച്ച് ജിമ്മിന്റെയടുത്തേക്ക് നടന്നു.വല്ലാത്ത നോട്ടമാണ് ആഫ്രിക്കയിലെ കറുമ്പന്മാരുടേത്. മുഖത്തേക്കല്ല, മിക്കവാറും കൈയിലെ സാധനങ്ങളിലേക്കാണ് തുറിച്ചുനോക്കുക. ക്യാമറ, കണ്ണട, ഫോൺ, പേഴ്‌സ് എന്നിവയിലേക്കും ബാഗിലേക്കുമൊക്കെ തീക്ഷ്ണമായ കണ്ണുകൾ പാറിവീഴും. അതുകൊണ്ടു തന്നെ ഏറെ നേരമൊന്നും നഗരത്തിലൂടെ നടക്കാൻ തോന്നാറില്ല. 1896ൽ ജർമ്മൻകാർ ആദ്യമായി അരൂഷയിലെത്തിയപ്പോൾ പണിത കെട്ടിടങ്ങളിലൊന്ന് ഇപ്പോൾ മ്യൂസിയമാണ്. അവിടേക്കാണ് പിന്നീട് പോയത്. അവിടെ എത്തിയപ്പോൾ സന്ദർശന സമയം ആയിട്ടില്ല. അതുകൊണ്ട്, പുറത്തു നിന്ന് ചിത്രങ്ങളെടുത്ത് തൃപ്തിപ്പെട്ടു.

ഒരു ചന്ത

ഏതാനും തെരുവുകളിലൂടെ യാത്ര ചെയ്ത് അരൂഷയുടെ കാഴ്ചകൾ കണ്ടുതീർത്തു. അപ്പോഴേക്കും നഗരം തിരക്കുകളിലേക്ക് വീണു തുടങ്ങിയിരുന്നു.

ഇനി കിളിമഞ്ജാരോയിലേക്ക്. ടാൻസാനിയൻ ട്രിപ്പ് പ്ലാൻചെയ്തപ്പോൾ മുതൽ ഒരു കാല്പനിക ബിംബം പോലെ മനസ്സിൽ ഉയർന്നു നിൽക്കുന്നത് കിളിമഞ്ജാരോയുടെ ഹിമശൃംഗമാണ്. കിളിമഞ്ജാരോ എയർപോർട്ടിൽ വിമാനമിറങ്ങി അരൂഷയിലേക്ക് ജിമ്മിനോടൊപ്പം പുറപ്പെടുമ്പോൾ പർവതരാജൻ ദർശനം തന്നില്ല എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. മഴക്കാലമായതുകൊണ്ട് കാർമേഘങ്ങൾ കിളിമഞ്ജാരോയെ മൂടിക്കഴിഞ്ഞിരുന്നു. ഇന്ന് എന്താണ് സ്ഥിതി എന്നറിയില്ല.

അരൂഷയിൽ നിന്ന് ഏതാനും കിലോമീറ്റർ യാത്ര ചെയ്തു കഴിയുമ്പോൾത്തന്നെ മേഘങ്ങളില്ലെങ്കിൽ, ഹിമശൃംഗം ദൃശ്യമായിത്തുടങ്ങും. 'യോഗമുണ്ടെങ്കിൽ കാണും' എന്നതു മാത്രമാണ് കിളിമഞ്ജാരോ ദർശനത്തെക്കുറിച്ച് ജിമ്മിന് പറയാനുള്ളത്. ലാൻഡ്ക്രൂയിസർ കിളിമഞ്ജാരോ ലക്ഷ്യമാക്കി കുതിച്ചു. ഞങ്ങൾ ഏതു നിമിഷവും കണ്ണിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന പർവതരാജനെ മനസ്സിൽ ധ്യാനിച്ച് കാത്തിരുന്നു.

(തുടരും)