മലയാളചലച്ചിത്രതാരം സുജ കാർത്തിക സിനിമ തിരക്കുകളിൽ നിന്നും മാറി കുടുംബവും കുട്ടികളുമൊക്കെയായി തിരക്കിന്റെ ലോകത്തിലാണ്. കോളേജിൽ അസിസ്റ്റ്ന്റ് പ്രഫസർ ജോലിയിൽ നിന്നും മാറി ഇപ്പോൾ റിസേർച്ച് സ്കോളറാണ്. തിരക്കിട്ട ജീവിതത്തിൽ ഒന്നിനും സമയം കിട്ടില്ലെന്നാണ് താരത്തിന്റെ പരാതി. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് സുജ കാര്‍ത്തികയും ഭർത്താവ് രാകേഷും. കിട്ടുന്ന അവസരങ്ങളൊക്കെയും യാത്രകൾക്കായി മാറ്റിവയ്ക്കാറുണ്ട്. ചെയ്ത യാത്രകളിൽ ഏറ്റവും രസകരമായ കപ്പൽ യാത്രയെകുറിച്ചുള്ള അനുഭവം സുജ കാർത്തിക മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.
ഭർത്താവ് ഷിപ്പിൽ ചീഫ് എന്‍ജീനയറാണ്. അഞ്ചുമാസത്തിലൊരിക്കലാണ് നാട്ടിലെത്തുന്നത്. കുടുംബവുമൊത്ത് സ്വസ്ഥമായിരിക്കാനും കുട്ടികളുമൊത്ത് ചുറ്റിയടിക്കാനും അഞ്ചുമാസം പോരാ എന്ന മട്ടാണ്. ഇവരുടെ ജീവിതത്തില്‍ സന്തോഷം നിറക്കുന്നത് യാത്രകളാണ്. കുട്ടികളൊടോപ്പം യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. ലോകത്തിന്റെ സുന്ദരകാഴ്ചകളൊക്കയും കുട്ടികളും ആസ്വദിക്കണമെന്ന് രണ്ടുപേർക്കും നിർബന്ധമാണ്.
55 ദിവസത്തെ കപ്പലിലെ താമസം
ഞാനും ഭർത്താവും കുട്ടികളും ഒരുമിച്ച് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ത്രില്ലടിപ്പിച്ച യാത്ര വേറെയില്ലെന്നുതന്നെ പറയാം. കടൽക്കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള 55 ദിവസം വളരെ രസകരമായിരുന്നു. കപ്പലിൽ കേറാൻ നാട്ടിൽ നിന്നും സിങ്കപൂരിലേക്ക് ഞാനും മക്കളും ഒപ്പം അഞ്ചെട്ട് പെട്ടികളും കൂടി യാത്ര തിരിച്ചു. കുട്ടികള്‍ ചെറുതായിരുന്നു. എയർപോർട്ടിൽ നിന്നും ട്രോളി കിട്ടുന്നിടം വരെ രണ്ടുകുട്ടികളെയും ഞാൻ എടുത്തിയിരുക്കയായിരുന്നു ഒപ്പം പെട്ടികൾ കൈയിലും. നന്നേ ബുദ്ധിമുട്ടിയിരുന്നു. ഒറ്റക്കാണെങ്കിൽ ജീവിത്തിലെ ഏതു സാഹചര്യത്തെയും മറികടക്കാൻ പഠിപ്പിച്ച യാത്രയായിരുന്നു അത്.
ഞങ്ങൾ യാത്ര ചെയ്യാനൊരുങ്ങിയത് സാധാരണ ക്രൂയിസ് കപ്പലായിരുന്നില്ല. ചരക്കുകയറ്റുന്ന കപ്പലായിരുന്നു. സിങ്കപൂരിൽ കപ്പലിന് ലാന്റിങ് ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് ഞാനും മക്കളും കപ്പലിലേക്ക് കടക്കുന്നത്. ഞങ്ങള്‍ പോർട്ടിൽ എത്തിയപ്പോൾ കപ്പലില്‍ ഇന്ധനം നിറക്കുകയായിരുന്നു. മറ്റു കപ്പലിൽ നിന്നും വ്യത്യസ്തമായി ഇതിനുള്ളിലേക്ക് കയറാനായി ലാഡറൊന്നുമില്ല. കുട്ടികളെ അതിനുള്ളിലുള്ളവർ കൈപിടിച്ചു കയറ്റി. ഞാൻ കയറിയത് ഇന്ധനം നിറക്കുന്ന വെസ്സലിൽ പിടിച്ചാണ്. സാഹസികകയറ്റം എന്നു വെണമെങ്കിൽ പറയാം. കപ്പൽ യാത്രയിൽ പുതുമനിറഞ്ഞ അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്.
പുറംകടലിൽ കപ്പൽ നല്ല വേഗത്തിലായിരിക്കുന്നു. ചുറ്റുപാടും വെള്ളത്തിനപ്പുറം മറ്റൊന്നും കാണാനില്ല. നടുക്കടലിൽ ഉദയാസ്തമയങ്ങളും കണ്ണിനു ഹരം പകരുന്ന കാഴ്ചകളായിരുന്നു. അമ്പത്തിയഞ്ച് ദിവസങ്ങളാണ് ഞങ്ങൾ അവിടെ ചിലവഴിച്ചത്. ഹോട്ടൽ പോലെ തോന്നിക്കുന്ന മുറികളായിരുന്നു. ഇടക്ക് ചിലയിടങ്ങളിൽ ലാന്റിങ്ങുമുണ്ട്. അങ്ങനെ ചൈന പോർട്ടിൽ ഇറങ്ങി. ഒരുവിധം കാഴ്ചകളൊക്കെയും കണ്ടു. അടുത്ത പോർട്ട് ഇന്തോനേഷ്യയായിരുന്നു. എല്ലാപോർട്ടിലും എല്ലാവർക്കും ഇങ്ങാൻ സാധിക്കില്ല. കപ്പൽ തിരിച്ച് സിങ്കപൂർ എത്തിയപ്പോൾ ഞങ്ങളും ബൈ പറഞ്ഞു.
മറക്കാനാവാത്ത യാത്ര 55 ദിവസത്തെ കപ്പൽ യാത്ര തന്നെയാണ്. ജീവിത്തിൽ വലിയൊരു റിസ്ക്ക് ഏറ്റെടുത്തപോലെയായിരുന്നു. കുട്ടികളും പെട്ടികളുമൊക്കെയായി ഒറ്റക്കുള്ള യാത്ര ശരിക്കും ചലഞ്ച് തന്നെയായിരുന്നു. അന്ന് മോൾക്ക് ഒരു വയസ്സായിരുന്നു. ആരോഗ്യപരമായി എന്തെങ്കിലും അസ്വസ്ഥതകൾ നേരിടേണ്ടി വരുമോ എന്നായിരുന്നു ഭയം. ഇൗശ്വരാനുഗ്രഹത്താൽ കുട്ടികള്‍ക്കും എനിക്കും ആ യാത്രയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല.
യാത്രകൾക്കായി പണം മാറ്റി വയ്ക്കും
ഒരോ യാത്രയും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചപാടുകളുമാണ്. എവിടെ യാത്ര പോയാലും അവിടുത്തെ ചരിത്രം അറിയുവാനും പഠിക്കുവാനും എനിക്കും രാകേഷിനും ഒരേപോലെ ഇഷ്ടമാണ്. എല്ലാവർഷവും ഞങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്ത് പോകാറുണ്ട്. അതിനായി പണവും കരുതിവയ്ക്കും. കൂടാതെ അച്ഛനും അമ്മയും കസിൻസുമൊക്കെയായി എല്ലാവർഷവും മറ്റൊരു യാത്രയും പോകാറുണ്ട്. യാത്രയും കാഴ്ചയും എന്നു പറഞ്ഞാൽ ഞങ്ങൾക്ക് അത്രയും പ്രിയമാണ്.
അഭിനയിക്കുന്ന സമയത്തും യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ട്. എങ്കിലും രാജേഷും മക്കളും ഒപ്പമുള്ള യാത്രകളാണ് കൂടുതലും രസകരം. തേക്കടിയും മൂന്നാറും മൂകാംബിക ക്ഷേത്രവും പളനിയും വയനാടും പോണ്ടിച്ചരിയും ധനുഷ്ക്കോടിയുമൊക്കെ യാത്ര പോയിട്ടുണ്ട്. അടുത്ത അവധിക്ക് രാകേഷ് നാട്ടിലെത്തുമ്പോൾ അടുത്ത യാത്രയും കാഴ്ചകളും എങ്ങോട്ടാകണമെന്ന കാത്തിരിപ്പിലാണ് ഞാനും മക്കളും. - സുജ കാർത്തിക പറഞ്ഞു നിർത്തി.