ആഫ്രിക്കൻ ജീവിത താളം; രസകരമായ ഗൃഹസന്ദർശനം

african-trip8
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ -19

കിളിമഞ്ജാരോയുടെ ബേസ്‌ക്യാമ്പിൽ നിൽക്കുമ്പോൾ വീണ്ടും മഴ പെയ്തുതുടങ്ങി. പിന്നെയത് ഘോരമഴയായി രൂപം പ്രാപിച്ചു. പത്തുമിനുട്ടു കഴിഞ്ഞപ്പോൾ എല്ലാം ശാന്തം. തുടർന്ന് മൂടൽ മഞ്ഞ് അൽപനേരം തിരശീല വിരിച്ചു. അതുംകഴിഞ്ഞ് ഇളംവെയിൽ എത്തിനോക്കി. ആഫ്രിക്കയുടെ പ്രകൃതിയുടെ വികൃതികൾ ഇങ്ങനെ രസകരമാണ്. കാലാവസ്ഥാഭേദം ഇത്രയധികം അനുഭവിക്കുന്ന മറ്റൊരു ജനത വേറെയുണ്ടാവില്ല.

ഞാനാകട്ടെ, മഴ പെയ്യുമ്പോൾ ഗൂഢമായി സന്തോഷിക്കുകയായിരുന്നു. കിളിമഞ്ജാരോയെ മൂടിയിരിക്കുന്ന മഴമേഘങ്ങൾ പെയ്‌തൊഴിഞ്ഞാൽ കൊടുമുടി ദൃശ്യമാകുമല്ലോ. വൈകുന്നേരം വരെ മഴ തകർത്തങ്ങു പെയ്യട്ടെ- ഞാൻ പ്രാർത്ഥിച്ചു.

സമയം 11 മണി കഴിഞ്ഞു. ഉച്ചഭക്ഷണം ഒരു ആഫ്രിക്കൻ ഗോത്ര കുടുംബത്തിൽ നിന്നാണ്. അതിനുമുമ്പ് മലയടിവാരത്തെ ഒരു വെള്ളച്ചാട്ടം കാണണം.

african-trip2
കിളിമഞ്ജാരോയുടെ മടിത്തട്ടിലെ  മൺവഴികൾ

ഞങ്ങൾ ബേസ് ക്യാമ്പിൽ നിന്ന് യാത്ര തുടങ്ങി. മെയിൻറോഡിൽ തിരികെ എത്തിയിട്ട് മറ്റൊരു വഴിയിലൂടെ വീണ്ടും കിളിമഞ്ജാരോ പർവതത്തിന്റെ മടിത്തട്ടിലേക്ക് പ്രവേശിക്കണം. വെള്ളച്ചാട്ടവും ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരിക്കുന്ന ഗോത്രഭവനവുമൊക്കെ മലയുടെ മറ്റൊരു ഭാഗത്താണെന്നർത്ഥം.

african-trip3
കിളിമഞ്ജാരോയുടെ മടിത്തട്ടിലെ  മൺവഴികൾ

മെയിൻ റോഡിൽ നിന്ന് വീണ്ടും മൺപാതയിലേക്ക് ലാൻഡ് ക്രൂയിസർ പ്രവേശിച്ചു. കട്ടപ്പന, നെടുങ്കണ്ടം, ഏലപ്പാറ തുടങ്ങി, എനിക്ക് പരിചിതമായ മലയോര മേഖലകളെ ഓർമ്മിപ്പിക്കുന്ന ഭൂപ്രകൃതി. മലഞ്ചെരിവുകളിൽ ചെറിയ കൃഷിയിടങ്ങൾക്കു നടുവിൽ ഗോത്രഭവനങ്ങൾ. വീടുകൾക്കു മുമ്പിൽ ഉടുക്കാക്കുണ്ടന്മാരായ കാപ്പിരിക്കുഞ്ഞുങ്ങൾ ചക്രം ഉരുട്ടിക്കളിക്കുന്നു. നായ്കളും കോഴികളും മുറ്റത്ത് സൗഹാർദ്ദത്തോടെ അലഞ്ഞുനടക്കുന്നു. ആകെ സമാധാനപൂർണമായ അന്തരീക്ഷം.

ലാൻഡ്ക്രൂയിസർ മൺപാതയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് അൽപം കൂടി ചെറിയ ഒരു മൺപാതയിലേക്ക് പ്രവേശിച്ചു. വീടുകളുടെ മുറ്റത്തു കൂടിയൊക്കെയാണ് ജിം വണ്ടിയോടിക്കുന്നത്. ഏതാനും മീറ്ററുകൾ പിന്നിട്ടതോടെ സംഭവമാകെ മാറി. വീടുകളൊന്നും കാണാനില്ല. പുതിയതായി വെട്ടിയ പാതയിലൂടെയായി, യാത്ര. മണ്ണ് ഉറച്ചിട്ടില്ല. തന്നെയുമല്ല മഴ പെയ്ത് ആകെ നനഞ്ഞ്, എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാം എന്ന അവസ്ഥയിലാണ് റോഡ്. പലയിടത്തും ജിമ്മിന് ഫോർവീൽ ഡ്രൈവ് സിസ്റ്റം ഉപയോഗിക്കേണ്ടി വന്നു. ചില വളവുകൾ ഒറ്റയടിക്ക് തിരിക്കാൻ പറ്റാതെ, റിവേഴ്‌സ് എടുത്ത് തിരിക്കുമ്പോൾ വയറ്റിൽ നിന്നൊരു ആന്തൽ. കാരണം, ഒരുവശത്ത് കുതിരവട്ടം പപ്പു പറയുംപോലെ, ഭയങ്കരമായ കൊക്കയല്ലേ, കൊക്ക!

african-trip5
കിളിമഞ്ജാരോയുടെ മടിത്തട്ടിലെ  മൺവഴികൾ

അങ്ങനെ ഒരു കിലോമീറ്റർ കൂടി കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. ''എത്താറായോ?'' '' ഒരു കിലോമീറ്റർ കൂടി താഴേക്കിറങ്ങിയാൽ ഒരു സ്ഥലത്ത് വണ്ടി നിർത്തും. അവിടെ നിന്ന് ഒരു കിലോമീറ്റർ കാട്ടിലൂടെ നടന്നാൽ മരാംഗു വെള്ളച്ചാട്ടമായി''- ജിം പറഞ്ഞു.ജിമ്മിന്റെ മറുപടി കേട്ട് എല്ലാവരുമൊന്ന് ഞെട്ടി. ഈ വഴിയിലൂടെ ഇനിയും ഒരു കിലോമീറ്റർ ഓടണോ!

african-trip6
ഞങ്ങൾ സന്ദർശിച്ച ആഫ്രിക്കൻ ഭവനം

അപ്പോഴേയ്ക്കും കടുത്ത മഴ ആരംഭിച്ചു . ലാൻഡ്ക്രൂയിസറിന്റെ ടയറുകൾ ചക്രശ്വാസം വലിച്ചു തുടങ്ങി. ഫോർവീൽ ഡ്രൈവ് സിസ്റ്റത്തെ നോക്കി മൺപാത പരിഹസിച്ചു ചിരിച്ചു. ചുരുക്കം പറഞ്ഞാൽ ടയർ തിരിയുന്നതല്ലാതെ വണ്ടി ഓടുന്നില്ല! ആഫ്രിക്ക, കനത്തമഴ, മഞ്ഞ്, കാട്, ഓടാത്ത വണ്ടി- പേടിക്കാൻ വേറെ എന്തെങ്കിലും വേണോ! വണ്ടിക്കുള്ളിൽ കൂട്ടക്കരച്ചിലും ശരണം വിളിയും തുടങ്ങി. ജിം പരിഭ്രാന്തനായി. ഇത്രയും മനക്കട്ടി ഇല്ലാത്തവരാണോ ഇന്ത്യക്കാരെന്ന് ജിം സംശയിച്ചു കാണും. 'തിരിച്ചു പോകണോ?' - ജിം ചോദിച്ചു. ...'തിരിച്ചു പോകണം..' വണ്ടിക്കുള്ളിൽ നിന്ന് കോറസായി മറുപടി കിട്ടി. ജിം എങ്ങനെയോ വണ്ടി മുന്നോട്ടെടുത്ത് ഒരു വളവിൽ നിർത്തി. ഏറെ ശ്രമപ്പെട്ട് തിരിച്ചു. 'വണ്ടി പാർക്ക് ചെയ്തിട്ട് പിന്നെയും ഒരു കിലോമീറ്റർ നടക്കണമല്ലോ. ഈ മഴയത്ത് എങ്ങനെ നടക്കും? നമ്മുടെ കൈയ്യിൽകുടയില്ലല്ലോ. അതുകൊണ്ടാണ് തിരിച്ചു പോകാമെന്ന് ഞാൻ പറഞ്ഞത്' -എന്റെ വിശദീകരണം കേട്ട് എല്ലാവരും ഊറിച്ചിരിച്ചു. കുടയില്ലാത്തതുകൊണ്ടാണ്, അല്ലാതെ പേടിച്ചിട്ടോ ? ഛായ്.. ഒരിക്കലുമല്ല...

african-trip7
ആഫ്രിക്കൻ ഭവനത്തിലെ കാപ്പി തയാറാക്കുന്ന മണ്ഡപം 

സത്യം പറഞ്ഞാൽ, ആ ഇടവഴി പിന്നിട്ട് ആദ്യത്തെ മൺവഴിയിൽ തിരികെ കയറിയപ്പോഴാണ് ശ്വാസം നേരെ വിട്ടത്. അങ്ങനെ മരാംഗു വെള്ളച്ചാട്ടം കണ്ടില്ലെങ്കിലും അവിടേക്കുള്ള യാത്ര ഒരു ഭീകരമായ ഓർമയായി മാറി. അൽപദൂരം പിന്നിട്ട്, റോഡരികിൽ ജിം വാഹനം നിർത്തി. ആഫ്രിക്കൻ ഗോത്ര ജീവിതവും സംസ്‌കാരവുമൊക്കെ പഠിക്കാനും അവിടുത്തുകാരോടൊപ്പം അൽപനേരം ചെലവഴിക്കാനുമായി ഇനി ഒരു തനത് ആഫ്രിക്കൻ ഭവനത്തിലേക്ക് പ്രവേശിക്കുകയായി.ജിം ഹോണടിച്ചപ്പോൾ ചുറുചുറുക്കുള്ള രണ്ട് ചെറുപ്പക്കാർ വീട്ടിൽ നിന്നിറങ്ങി വന്നു. അതിലൊരാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. അവൻ ഞങ്ങളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു.

ആഫ്രിക്കൻ ഉച്ച ഭക്ഷണം
ആഫ്രിക്കൻ ഉച്ച ഭക്ഷണം

നാലഞ്ച് പടികൾ കയറി, മരഗേറ്റ് തുറന്നാൽ വീടിന്റെ വളപ്പായി. ഒരു വീടല്ല, നാല് വീടുകളാണ് ആ പറമ്പിലുള്ളത്. കൂടാതെ, വിനോദസഞ്ചാരികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരു തുറന്ന തടി മണ്ഡപവും കെട്ടിയിട്ടുണ്ട്.മൂന്നു വീടുകളുണ്ടെങ്കിലും അവയിലൊന്ന് ഹോം സ്റ്റേയായി ഉപയോഗിക്കുകയാണ്. വിനോദസഞ്ചാരികൾക്ക് ആഫ്രിക്കൻ സംസ്‌കാരവുമായി ഇഴുകിച്ചേർന്ന് അവിടെ താമസിക്കാം.ആദ്യം കാണുന്നത് ആ കുടുംബത്തിന്റെ പഴയ വീടാണ്. തകരഷീറ്റ് മേഞ്ഞ ആ വീട് ഇപ്പോൾ അടുക്കളയായാണ് ഉപയോഗിക്കുന്നത്. അടുക്കളയിലൊന്ന് കയറി നോക്കി. പഴയ മട്ടിലുള്ള വിറകടുപ്പാണ്. 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ പാചകത്തിലേർപ്പെട്ടിരിക്കുന്നു. ഉച്ചക്ക് ഞങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണമായിരിക്കുമെന്ന് ഞാൻ ഊഹിച്ചു.

african-trip10
ആഫ്രിക്കൻ ഉച്ച ഭക്ഷണം

അടുക്കളയോട് ചേർന്നുള്ള മുറി ആടുകളുടെ ബെഡ്‌റൂമാണ്. അഞ്ചാറ് ആടുകൾ കൊതിപ്പിക്കുന്ന കടും പച്ചനിറമുള്ള ഇലകൾ ചവച്ചരച്ചു കൊണ്ട് 'ഇന്ത്യൻസിനെ'യൊന്ന് കടാക്ഷിച്ചു.

'അടുക്കള വീടി'നോട് ചേർന്ന് പുതിയൊരു കക്കൂസ് - കുളിമുറി ബിൽഡിങുണ്ട്. അതും ആധുനിക മട്ടിൽ നിർമ്മിച്ചതാണ്. ജിമ്മിനെപ്പോലുള്ള ഗൈഡുമാർ അവിടെ ധാരാളം വിനോദസഞ്ചാരികളെ കൊണ്ടുവരുന്നുണ്ട്. വീട്ടിലെ പയ്യൻ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതുകൊണ്ട് ജിമ്മിന് കാര്യങ്ങൾ എളുപ്പമാണ്. വളരെ സംസ്‌കാര സമ്പന്നരുമാണ് വീട്ടുകാർ. അങ്ങനെ സഞ്ചാരികളുമായുള്ള സാമീപ്യം മൂലം ലോകം മുഴുവൻ പയ്യന് കൂട്ടുകാരുണ്ട്. പഞ്ചാബിൽ നിന്നൊരു സഞ്ചാരി നാലഞ്ച് മാസം കൂടുമ്പോൾ ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് പയ്യൻ പറഞ്ഞു.അടുക്കള വീടും ഹോംസ്റ്റേയും പിന്നിട്ട് പറമ്പിലൂടെ നടക്കുമ്പോൾ ഒരു താഴ്‌വാരത്ത് മണ്ഡപം. അതിനും അല്പം താഴെയായി മറ്റൊരു ചെറിയ മണ്ഡപവുമുണ്ട്. ഞങ്ങളെ വലിയ മണ്ഡപത്തിൽ ഇരുത്തി. അവിടെ ആഹാരം കഴിക്കാനും പാത്രങ്ങൾ വെയ്ക്കാനുമൊക്കെ സൗകര്യമുണ്ട്.കുരുമുളക്, ഏലം, കാപ്പി എന്നിവയെല്ലാം സമൃദ്ധമായി വളരുന്ന പറമ്പിൽ,അന്തരീക്ഷമലിനീകരണം തൊട്ടുതീണ്ടിയിട്ടില്ലാത്ത അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ മനസ്സിനു ലഭിക്കുന്ന സ്വസ്ഥത പറഞ്ഞറിയിക്കാനാവില്ല. അങ്ങു ദൂരെ, മരാംഗു വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്കു കേൾക്കാം. ഈ വീടിന്റെ ഏതോ ഭാഗത്ത് കിളിമഞ്ജാരോ ശൃംഗവും തലയുയർത്തി നിൽക്കുന്നുണ്ട്.

african-trip11
കാപ്പിക്കുരു വറുത്ത് പൊടിച്ച് കാപ്പിയാക്കുന്നു 

ഏറെത്താമസിയാതെ വീട്ടിലെ പുതിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. കൗമാരക്കാരായ മൂന്നു പയ്യന്മാർ, അതിലും പ്രായംകുറഞ്ഞ ഒരുവൻ, നാല്പതുകാരിയായ വീട്ടമ്മ- ഇവരാണ് ഇപ്പോൾ അവിടെ ഉള്ളത്.ഭക്ഷണപദാർത്ഥങ്ങൾ പിന്നാലെ എത്തി. ആദ്യം ഒരു സൂപ്പ്. പിന്നെ ചോറ്, സാമ്പാറിനെ അനുസ്മരിപ്പിക്കുന്ന ഒരു കറി, ചിക്കൻകറി, ഒരുതരം മെഴുക്കുപുരട്ടി, ചീരത്തോരൻ -എല്ലാം തനത് ആഫ്രിക്കൻ ശൈലിയിൽ പാകം ചെയ്തതാണെന്നു മാത്രം. ഇന്ത്യൻ രുചികളുമായി ബന്ധമൊന്നുമില്ലെങ്കിലും എല്ലാത്തിനും നല്ല സ്വാദുണ്ടായിരുന്നു.ഊണിനു ശേഷം കിളിമഞ്ജാരോയിൽ വിളയുന്ന പഴങ്ങളുടെ ഘോഷയാത്ര തുടങ്ങി. എന്തൊരു സ്വാദാണ് ഓരോന്നിനും! തേൻ കിനിയുന്ന പഴവർഗ്ഗങ്ങൾ! ഇനി അടുത്ത ചടങ്ങിലേക്ക് - കാപ്പിപ്പൊടി നിർമ്മാണവും കാപ്പികുടിയും. ലോകത്തിലെ ഏറ്റവും മികച്ച കാപ്പിക്കുരു ലഭിക്കുന്ന നാടാണ് ടാൻസാനിയ. പ്രതിവർഷം 30,000 - 40,000 മെട്രിക് ടൺ കാപ്പിയാണ് ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 70 ശതമാനം അറബിക്ക ഇനത്തിൽ പെടുന്ന കാപ്പിയും 30 ശതമാനം റോബസ്റ്റ ഇനത്തിൽ പെടുന്ന കാപ്പിയുമാണ്. ഏതാണ്ട് മൂന്നു ലക്ഷം പേർ ഈ രാജ്യത്ത് കാപ്പി ഉല്പാദനവും കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്.

african-trip12
കാപ്പിക്കുരു വറുത്ത് പൊടിച്ച് കാപ്പിയാക്കുന്നു 

കിളിമഞ്ജാരോയുടെ പല പ്രദേശങ്ങളിലുമായി 2000ത്തിലധികം ചെറുകിട കാപ്പി കർഷകരുണ്ട്. വഛാഗ ഗോത്രത്തിൽപെടുന്നവരാണ് ഇവരിൽ ഏറെയും. കാപ്പിയും വാഴകൃഷിയുമാണ് ഇവരുടെ പറമ്പുകളിൽ ഏറെയും കാണാവുന്നത്. ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന വീടും വഛാഗ ഗോത്രക്കാരുടേതാണ്. ഇവരുടെ സ്വന്തം പറമ്പിൽ കൃഷി ചെയ്‌തെടുത്ത കാപ്പിക്കുരു വറുത്തുപൊടിച്ച് അത് തിളപ്പിച്ച് കാപ്പിയാക്കി കുടിപ്പിക്കുന്ന ചടങ്ങാണ് ഇനി നടക്കാൻ പോകുന്നത്. ചടങ്ങിനു മുന്നോടിയായി വീട്ടിലുള്ള സർവരും കാപ്പിക്കുരുവും കാപ്പി തിളപ്പിക്കാനുള്ള പാത്രവും മറ്റുമായി താഴെ കണ്ട ചെറിയ മണ്ഡപത്തിലെത്തി. എന്നിട്ട് മണ്ണടുപ്പ് കത്തിച്ച്, കാപ്പിക്കുരു പാത്രത്തിലിട്ടു. ഒന്നു ചൂടായിക്കഴിഞ്ഞപ്പോൾ അത് പുറത്തെടുത്ത് ഉരലിലിട്ടു. ഇനി കാപ്പിക്കുരു ഉരലിലിട്ട് ഇടിച്ച് പൊടിയാക്കുന്നത് സഞ്ചാരികളുടെ ജോലിയാണ്.

african-trip13
കാപ്പിക്കുരു വറുത്ത് പൊടിച്ച് കാപ്പിയാക്കുന്നു 

ഞാൻ ആ ജോലിയിൽ പ്രവേശിച്ചു. മിക്‌സിയുടെ വരവോടെ അന്യം നിന്നുപോയ ഉരൽ എന്ന അപൂർവ വസ്തുവിനെ കുട്ടിക്കാലത്തിനു ശേഷം ഇപ്പോഴാണ് വീണ്ടും കാണുന്നത്. ഞാൻ ഉരൽ എടുത്ത് ഇടിച്ചു തുടങ്ങിയതും വീട്ടുകാരെല്ലാം ചുറ്റും നിന്ന് കൈകൊട്ടി പാട്ടുപാടാൻ തുടങ്ങി. പാട്ടെന്നു പറഞ്ഞാൽ നല്ല രസികൻ താളമുള്ള ആഫ്രിക്കൻ പാട്ട്. പക്ഷേ കുറച്ചു കേട്ടുകഴിഞ്ഞപ്പോൾ അതിൽ ചില ഇംഗ്ലീഷ് വാക്കുകൾ ഉണ്ടോ എന്നൊരു സംശയം. വീണ്ടും കാതുകൂർപ്പിച്ചപ്പോൾ, സംഗതി ശരിയാണ്. തുടക്കത്തിൽ ചില ആഫ്രിക്കൻ വാക്കുകൾ കഴിഞ്ഞാൽ പിന്നെ ഇംഗ്ലീഷാണ്. 'ബൈജു ഫ്രം ഇന്ത്യ, മേക്കിങ് ദ കോഫി' എന്നൊക്കെയാണ് പാട്ടിലെ വരികൾ!  ഞങ്ങൾ ഓരോരുത്തരും കാപ്പിക്കുരു ഇടിക്കുമ്പോൾ പാട്ടിലെ വരികൾ സന്ദർഭോചിതമായി മാറിക്കൊണ്ടിരുന്നു. എല്ലാവരും നിമിഷ കവികൾ! അങ്ങനെ ചിരിക്കാനുള്ള വകയായി, കാപ്പിക്കുരു പൊടിക്കൽ ചടങ്ങ്. പൊടിച്ച കാപ്പിപ്പൊടി തിളപ്പിച്ച് കാപ്പികുടിച്ചതോടെ തനത് ആഫ്രിക്കൻ വീട് സന്ദർശനം അവസാനിച്ചു. അത്യന്തം രസകരമായ ആ ഗൃഹസന്ദർശനം ഒരുക്കിയതിന് ഞങ്ങൾ ജിമ്മിന് നന്ദി പറഞ്ഞു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA