കാഴ്ചകൾ ആസ്വദിച്ച് യാത്ര പോവുക എല്ലാവർക്കും പ്രിയമാണ്. ഇന്ത്യക്കുപുറത്തുള്ള കാഴ്ചകളിലേക്കുള്ള യാത്ര എല്ലാവരുടെയും സ്വപ്നമാണ്. വിദേശയാത്രയ്ക്കായി പോക്കറ്റിന്റെ കനം പോരാതെ വരുമോ എന്നതാണ് മിക്കവരുടെയും ചിന്ത. ചിലരെയെങ്കിലും യാത്രകളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങൾ തന്നെയാണ്. പണത്തിന്റെ ദുരുപയോഗം ഒഴിവാക്കിയും കുറച്ചുപണം മിച്ചം പിടിച്ചുമൊക്കെയാണ് പലരും യാത്രകൾക്കൊരുങ്ങുക. ചിലവ് കുറഞ്ഞ യാത്രയ്ക്ക് റെഡിയാണോ? ചെലവ് കുറവെങ്കിലും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന നിരവധിയിടങ്ങൾ ഇൗ ലോകത്തിലുണ്ട്. അധികമാരും അറിയാത്ത വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന കുറച്ചുരാജ്യങ്ങളെ അറിയാം.
ശ്രീലങ്ക
കുറഞ്ഞ ചിലവിൽ യാത്രപ്ലാന്‍ ചെയ്യാൻ പറ്റിയയിടമാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. മരതകദ്വീപിന്റെ വശ്യതയാർന്ന കാഴ്ചകളും സാഹസികവിനോദങ്ങളിലേർപ്പെടാനുമായി നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരാറുണ്ട്. ലങ്കാധിപനായിരുന്ന രാവണന്റെ സ്വർണ്ണ നഗരിയായ ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ആനകളുടെ അനാഥാലയമായ പിന്നാവാല ആരെയും ആകർഷിക്കും.
കൊളംബോ വിമാനത്താവളത്തിൽനിന്ന് പ്രധാന ഹിൽസ്റ്റേഷനായ കാൻഡിയിലേക്ക് പോകുന്നവഴിയാണ് പിന്നാവാല എന്ന സ്ഥലം. അവിടെ 25 ഏക്കറോളം പരന്നുകിടക്കുന്ന ആനകളുടെ ഈ അനാഥാലയത്തിന് പുരാണവുമായും ബന്ധമുണ്ട്. അടുത്ത ആകർഷണം ശ്രീബുദ്ധന്റെ പല്ല് ആരാധിക്കുന്ന ക്ഷേത്രമായ ഡാലാഡ മാലിഗവ ക്ഷേത്രമാണ്. ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.മീൻ പിടിത്തമാണ് ഇവിടുത്തുക്കാരുടെ മുഖ്യതൊഴിൽ. കടൽതീരങ്ങളും കാഴ്ചകളും നിറഞ്ഞയിവിടം രുചിനിറച്ച വിഭവങ്ങൾക്കും പിന്നിലല്ല.
പ്രധാന ആകർഷണം റാഫ്റ്റിങ്,കയാക്കിങ് തുടങ്ങി സാഹസികവിനോദങ്ങൾ,ഹെറിറ്റേജ് ടൂർ, വൈൽഡ് സഫാരി,ഡാലാഡ മാലിഗവ ക്ഷേത്രം,മഴക്കാടുകളും ബീച്ചുകളും. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.
ലാവോസ്
അയൽ രാജ്യങ്ങളാൽ കോട്ട കെട്ടപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലാവോസ്. പ്രകൃതിയോടു ചേർന്നുള്ള യാത്രാനുഭവമാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ നദി ലാവോസിലാണ്. ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാൻ പറ്റിയയിടമാണിവിടം. കാടിന്റെ ഭംഗി നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവർക്ക് ദ് ലൂപ് എന്ന പേരിലുള്ള റോഡിലൂടെ ബൈക്ക് സവാരിയും നടത്താം. നം നോട്ട് നദിയിലൂടെ ബോട്ട് സവാരി, മീൻ പിടുത്തം, ക്യാംപ് ഫയർ, നദീ തീരത്ത് അന്തിയുറക്കം... ഇങ്ങനെ പ്രകൃതിയുമായി ചേർന്നുള്ള ഒഴിവുകാലമാണ് ലാവോസ് വാഗ്ദാനം ചെയ്യുന്നത്.
ഒരു രാത്രി തങ്ങാനായി 400 മുതൽ 800 രൂപ വരുന്ന ഹോട്ടൽ മുറികളും ലഭ്യമാണ്.
ഭക്ഷണം: 120 രൂപ മുതൽ സ്ട്രീറ്റ് ഫൂഡുകളും ലഭ്യമാണ്.
സീസൺ: ഒക്ടോബർ – ഏപ്രിൽ
വീസ : ലാവോസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ല. വീസ ഓൺ അറൈവൽ പ്രകാരം 30 ദിവസം വരെ വീസയില്ലാതെ ലാവോസിൽ താമസിക്കാം. ആറുമാസം വാലിഡിറ്റിയുടെ ഇന്ത്യൻ പാസ്പോർട്ട് കരുതണം.
ഭക്ഷണവും താമസവും യാത്രയും ഉൾപ്പടെ കൃത്യമായ പ്ലാനിങ് നടത്തിയാൽ സിങ്കപൂരിലേക്കും ചിലവ് ചുരുക്കി പറക്കാം.
മാലദ്വീപ്
കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുള്ള മാലദ്വീപിലെ കാഴ്ചകൾ ഏതൊരു സഞ്ചാരിയുടെയും ഹൃദ.ം കവരും. ആഢംബര സൗകര്യങ്ങള്‍ നിറഞ്ഞ റിസോർട്ടുകൾ ഉൾപ്പടെ കുറഞ്ഞ നിരക്കിൽ താമസമുറപ്പാക്കാവുന്ന ഹോട്ടലുകളും ഇവിടെയുണ്ട്. മാലദ്വീപിലെ യാത്ര കൃത്യമായി പ്ലാൻ ചെയ്ത് അന്വേഷിച്ചാൽ ചിലവ് ചുരുക്കി യാത്ര ആസ്വദിക്കാം. പലതരം ജലകേളികള്‍ സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
പവിഴപ്പുറ്റുകൾ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. ഗുണനിലവാരത്തിന് മാറ്റംവരുത്താതെ വിലകുറഞ്ഞ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇന്ത്യക്കാർക്ക് മുപ്പതു ദിവസം വരെ സൗജന്യ വീസയിൽ താമസിക്കാൻ കഴിയുന്ന അയൽരാജ്യമാണിത്.
സെയ്‌ഷെല്‍സ്
ഹണിമൂൺ ഡെസ്റ്റിനേഷനായി മിക്ക ദമ്പതികളും തെരഞ്ഞെടുക്കുന്ന ആഫ്രിക്കൻ ദ്വീപ് രാജ്യമാണ് സെയ്‌ഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് ആഫ്രിക്കയിലെ 115 ദ്വീപുകളുടെ ഈ കൂട്ടം ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ്. സ്‌നോര്‍ക്കലിംങും വൈൽഡ് സഫാരിയും ബീച്ച് സൗന്ദര്യവുമൊക്കെ ആസ്വദിക്കാം.
വ്യത്യസ്ത രുചി നിറച്ച വിഭവങ്ങളും പരീക്ഷിക്കാം.. മഡഗാസ്കർ ദ്വീപിന് വടക്കുകിഴക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയാണ് ഈ ദ്വീപുസമൂഹം. ഒരു രാത്രി താമസത്തിനായി 1000 രൂപ ഇൗടാക്കുന്ന റിസോർട്ടുകളും സെയ്‌ഷെല്‍സിൽ ഉണ്ട്.
മെക്സിക്കോ
വൈവിധ്യമാർന്ന കാഴ്ചകളും രുചികരമായ ഭക്ഷണവും മനോഹരമായ ബീച്ചുകളും സൗഹൃദം പ്രകടിപ്പിക്കുന്ന ജനങ്ങളുമാണ് മെക്സിക്കോയിലെ പ്രധാനാകർഷണങ്ങൾ. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഇവിടം കയ്യിലൊതുങ്ങുന്ന ചെലവിൽ സന്ദർശിക്കാൻ കഴിയുന്നൊരു നാടാണ്. ഒരു യു എസ് ഡോളറിന് പകരമായി 19 'പെസോ' ലഭിക്കും. മെക്സിക്കോയിലേക്കു വണ്ടി കയറുന്നതിനു മുൻപ് ഒരു കാര്യം ശ്രദ്ധിക്കുക, നവംബർ മുതൽ മാർച്ച് വരെയുള്ള സമയത്തു ഇവിടം സന്ദർശിച്ചാൽ ചിലപ്പോൾ പോക്കറ്റ് കാലിയാകാൻ സാധ്യതയുണ്ട്. ധാരാളം വിദേശികൾ മെക്സിക്കോ സന്ദർശിക്കുന്നതിനായി എത്തുന്നതും ഇവിടെ സീസൺ ആരംഭിക്കുന്നതും ആ സമയത്താണ്. മികച്ച ഹോട്ടലുകളിലെ താമസച്ചെലവ് റോക്കറ്റുപോലെ കുതിച്ചുകയറും. പ്രത്യേകിച്ച് ഡിസംബറിൽ. ഹോട്ടൽ മുറികെളല്ലാം നേരത്തെ തന്നെ ബുക്കുചെയ്തു കഴിഞ്ഞിട്ടുണ്ടാകുമെന്നുള്ളതുകൊണ്ടു തന്നെ സീസണിൽ മെക്സിക്കോ സന്ദർശിക്കാതിരിക്കുന്നതാണ് ഉചിതം.
ഭക്ഷണത്തിനു അധികവില നൽകേണ്ടതില്ലയെന്നത് മെക്സിക്കോയുടെ പ്രത്യേകതയാണ്. മൽസ്യവിഭവങ്ങൾ ചേരുന്ന വിഭവങ്ങൾക്കെല്ലാം ഏറ്റവും കൂടിയ വില മൂന്നു ഡോളർ മാത്രമാണ്.ആ രാജ്യത്തിനകത്തു സഞ്ചരിക്കുന്നതിനു കുറഞ്ഞ ചെലവിൽ ഫ്ലൈറ്റുകൾ ലഭ്യമാണ്. റോഡ് യാത്രയോടാണ് പ്രിയമെങ്കിൽ ദീർഘദൂര ബസ് സർവീസുകളുമുണ്ട്. ഇത്തരം യാത്രകൾക്കും ചെറിയൊരു തുക മാത്രം നൽകിയാൽ മതിയെന്നതും മെക്സിക്കോയുടെ പ്രത്യേകതയാണ്.
കൊളംബിയ
വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ. മിക്ക സഞ്ചാരികളുടെയും സ്വപ്നമായിരിക്കും കൊളംബിയ സന്ദർശിക്കുകയെന്നത്.താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പെസോ തന്നെയാണ് ഇന്നാട്ടിലെയും നാണയം. ഒരു യു എസ് ഡോളറിന് പകരമായി ഏകദേശം 3000 പെസോ ലഭിക്കും.
കടൽ മൽസ്യങ്ങൾ നിറഞ്ഞ മീൻവിഭവങ്ങൾ ബീച്ചിനടുത്തുള്ള റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കും. വിലയേറെ കുറവും എന്നാൽ രുചിയിലേറെ മുമ്പിലുമാണ് ഇത്തരം വിഭവങ്ങൾ. സ്പാനിഷ് രീതിയിൽ നിർമിച്ചിട്ടുള്ള മനോഹരമായ ഗസ്റ്റ് ഹൗസുകളിലെ താമസത്തിനു 30 ഡോളറിനടുത്തു ചെലവ് വരും. സ്കൂബ ഡൈവ് ചെയ്യുന്നതിന് താൽപര്യമുള്ളവർക്ക് ഇതിനുള്ള സൗകര്യങ്ങളുണ്ട്. സിയുഡാഡ് പെരിഡിഡ ട്രെക്കും സലേൻറ്റൊയിലേക്കുള്ള കോഫി ടൂറും കൊളംബിയയിലെത്തുന്ന സഞ്ചാരികൾക്ക് പുത്തനനുഭവങ്ങൾ സമ്മാനിക്കും.