കുറഞ്ഞ ചെലവിൽ പാരീസ് സിറ്റി ടൂര്‍ നടത്താം

പാരിസ്, വെളിച്ചത്തിന്റെ നഗരം, കലയുടെ നഗരം, പ്രണയത്തിന്റെ നഗരം, അനേകം വിളിപ്പേരുകളുണ്ട് ഈ നഗരത്തിന്. ഓരോരുത്തരും ഏതു രീതിയിൽ നോക്കികാണുന്നോ ആ പേരു ചേർത്ത് ഈ നഗരത്തെ വിളിക്കാം. 

ഫ്രഞ്ച്, ഫ്രഞ്ച് മാത്രം

ഓസ്ട്രിയയിൽ നിന്നാണ് ഞാൻ ഫ്രാൻസിലേക്ക് യാത്ര പോയത്. ഒരു ഷെങ്കൻ രാജ്യത്തു നിന്ന് മറ്റൊരു ഷെങ്കൻ രാജ്യത്തേക്ക് യാത്ര ചെയ്തതു കൊണ്ട് പാരിസിലെ ഷാൾഡി ഗോൾ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ ഇല്ലാതെ പെട്ടെന്ന് പുറത്തിറങ്ങാൻ സാധിച്ചു. ബുക്ക് ചെയ്ത ഹോട്ടൽ ഐഫൽ ടവറി ന്റെ ഒരു കിലോമീറ്റർ അടുത്താണ്. അങ്ങോട്ടുള്ള ട്രെയിന്‍, ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് ചോദിച്ചു മനസ്സിലാക്കാം എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ കൗണ്ടറിൽ എത്തി. കൗണ്ടറിൽ ഇരിക്കുന്ന ആൾക്ക് മൊബൈലിൽ ഹോട്ടലിന്റെ പേരും അഡ്രസ്സും കാണിച്ചു കൊടുത്തു. അയാളെന്തോ ഫ്രഞ്ചിൽ മറുപടി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്രഞ്ച്–ഇംഗ്ലീഷ് വൈരം അയാൾക്ക് ഇപ്പോഴും ഇംഗ്ലീഷനിനോട് ഉണ്ട്. സൗഹാർപരമായി പെരുമാറുന്നവരല്ല ഫ്രഞ്ചുകാർ എന്ന് കേട്ടിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല.

അവിടെ നിന്ന് ഒരു സിറ്റി മാപ്പും റെയിൽവേ ഗൈഡും എടുത്തു നടന്നു. മാപ്പ് നോക്കിയപ്പോൾ ഇറങ്ങേണ്ട സ്റ്റോപ്പ് മനസ്സിലായി. ടിക്കറ്റ് എടുത്തു സ്റ്റേഷനിലേക്ക് നടന്നു. ഒരു ചെറിയ കാർഡ് ആണ് ടിക്കറ്റ്. അത് ഒരു സ്ലോട്ടിൽ ഇട്ടാൽ മാത്രമേ ഉള്ളിലേക്ക് കടക്കാനുള്ള ഗേറ്റ് തുറക്കൂ. ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന ആ ഗേറ്റിലൂടെ കുറച്ച് ആഫ്രിക്കൻ വംശജരായ ചെറുപ്പക്കാർ ടിക്കറ്റില്ലാതെ കടന്നു പോകാൻ കാണിക്കുന്ന സാഹസം തമാശയും കൂടെ ഭയപ്പെടു ത്തുന്നതുമായി. ടിക്കറ്റുള്ള ഒരാൾ കടന്നു തുടങ്ങുമ്പോൾ അയാളുടെ കൂടെ തിരുകിക്കയറുകയാണ് രീതി. ഒരുത്തൻ ഇങ്ങനെ തിരുകി കടന്നെങ്കിലും അയാളുടെ ബാഗ് ആ ഗേറ്റിൽ കുടുങ്ങി. ഒരുപാട് പരാക്രമങ്ങൾക്കും പിടിവലികൾക്കും ശേഷം കുറച്ചു കീറിയിട്ടാണെങ്കിലും അയാൾക്ക് ബാഗ് കിട്ടി. പാരിസ്, നീസ് ആക്രമണങ്ങൾക്കു ശേഷം ശക്തമായ സുരക്ഷയാണ് വിമാനത്താവളത്തിലും ട്രെയിൻ സ്റ്റേഷനുകളിലും. എകെ 47 തോക്കു പിടിച്ചു ഉലാത്തുന്ന പട്ടാളക്കാർക്ക് ഇടയിലാണ് ചെറുപ്പക്കാരുടെ ഈ പരാക്രമം. 

ട്രെയിൻ ഇറങ്ങി ഹോട്ടൽ ലക്ഷ്യമാക്കി നടന്നു. തലേന്ന് മൊബൈലിൽ ഡൗൺലോഡ് ചെയ്ത ഓഫ്‍ലൈൻ മാപ്പ് നോക്കിയാണ് നടപ്പ്. ഏകദേശം ഒന്നരക്കിലോമീറ്ററോളം നടന്നു. ഹോട്ടൽ കണ്ടു പിടിച്ചു. പാരിസ് നഗരത്തിലെ പുരാതനമായ കെട്ടിടങ്ങളിൽ ഒന്നിലായിരുന്നു അത്. നാലാം നിലയിലെ മുറിയുടെ കർട്ടൻ നീക്കിയപ്പോൾ ഏകദേശം അടുത്തായി ഉരുക്കുകൊണ്ടുള്ള അസ്ഥിപഞ്ജരം പോലെ ഐഫൽ ഗോപുരം. പാരിസിലെ ജീവിതം രാത്രി ജീവിതമാണ്. ഈ രാത്രി ഐഫൽ ഗോപുരത്തോടു കൂടെയാക്കാമെന്നു കരുതി.

വെളിച്ചത്തിൽ കുളിച്ച് വിസ്മയം

ഐഫൽ ഗോപുരത്തിന് മുന്നിലെത്തിയപ്പോൾ അവിടം ജന സാഗരം. മിക്കവാറും ആളുകൾ ഫോട്ടോ എടുപ്പിന്റെ തിരക്കിലാണ്. നിന്നും ഇരുന്നും കിടന്നും ചാടിയും ഓരോരുത്തരും ഐഫൽ ഗോപുരം പശ്ചാത്തലം ആക്കി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. അസ്സംഖ്യം സുവനീർ വില്പനക്കാരുമുണ്ട്. അതിൽ ഇന്ത്യക്കാരും ബംഗ്ലാദേശികളും ആഫ്രിക്കക്കാരും ഉണ്ട്. ഐഫൽ ഗോപുരത്തിന്റെ  ചെറിയ രൂപം, കീ ചെയിൻ മുതലായ വസ്തുക്കളും ബിയറും ഷാംപൈനും എല്ലാമുണ്ട് വില്‍പനയ്ക്ക്. ഗോപുരത്തിന്റെ കുറച്ചു ഫോട്ടോ എടുത്ത ശേഷം വിശാലമായ പുൽത്തകിടിയുടെ ഒരു വശത്തേക്ക് മാറിയിരുന്നു. സൂര്യൻ അസ്തമിക്കണം. ഇരുട്ട് വീണാൽ ഐഫൽ പതിന്മടങ്ങു സുന്ദരിയാവും. അതുവരെ ഒരു ആകർഷണവും തോന്നാത്ത ഒരു ഇരുമ്പു കൂടാരമാണ് ടവർ. രാത്രി യായാൽ സ്വർണ പ്രകാശം പരത്തി നിൽക്കുന്ന മനോഹരിയാകും ഐഫൽ.

ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികം പ്രമാണിച്ചായിരുന്നു ഈ സ്മാരകം നിർമിക്കാൻ തീരുമാനിച്ചത്. ഈ എൻജിനീയറിങ് മികവിന്റെ നിർമിതി നടക്കുന്നത് 1887–89 കാലഘട്ടങ്ങളിലാണ്. എൻജിനീയർ ഗുസ്താഫ് ഐഫലിന്റെ പേരാണ് ഈ ഗോപുരത്തിന് നൽകിയത്. നിർമാണ വേളയിൽ നാട്ടുകാരുടെയും പൗരപ്രമുഖരുടേയും സാഹിത്യകാരന്മാരുടെയും ഒരു പാട് പഴികൾ കേട്ടിട്ടുണ്ട് ഗുസ്റ്റാഫ് ഐഫലിന്. നാടിന്റെ സമ്പത്ത് ഉരുക്കിന്റെ ഒരു അസ്ഥിപഞ്ചരം ഉണ്ടാക്കുന്നതിനു പകരം പട്ടിണി കിടന്നു അസ്ഥിപഞ്ചരങ്ങളായ നാട്ടുകാർക്ക് വേണ്ടി ഉപയോഗിക്കണം എന്നവർ വാദിച്ചു. എതിർപ്പിനിട യിലും ഗോപുരത്തിന്റെ നിർമാണവുമായി ഗുസ്താഫും അധി കാരികളും മുന്നോട്ട് പോയി. നൂറ്റി അമ്പതോളം തൊഴിലാളി കൾ രണ്ടര വർഷത്തോളം കഠിനാധ്വാനം ചെയ്ത് ഏഴായിരം ടൺ ഇരുമ്പ് ഉപയോഗിച്ചാണ് ഐഫൽ ഗോപുരം നിർമിച്ചത്. 324 മീറ്റർ ഉയരത്തിൽ പാരീസ് നഗരത്തെ കാൽച്ചുവട്ടിൽ ആക്കിയാണ് ഈ സുന്ദരസ്മാരക നിർമിതിയുടെ നിൽപ്. 

അടുത്ത ലക്ഷ്യം പാരിസിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച കാണാൻ പറ്റുന്ന മോൺപാർനാസ് ടവർ ആണ്. ടാക്സി പിടിച്ച് അവിടെ എത്തിയപ്പോൾ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു 59നില കെട്ടിടം (2008 ലെ വിർച്വൽ ടൂറിസ്റ്റു വോട്ടെടു പ്പിൽ ലോകത്തെ ഏറ്റവും ഭംഗിയില്ലാത്ത രണ്ടാമത്തെ കെട്ടിട മായി മോൺപാർനാസ് ടവറിനെ തിരഞ്ഞെടുത്തിട്ടുണ്ട്). ഏറ്റവും മുകളിലത്തെ നിലയിൽ ടെറസിൽ ആണ് പാരിസിന്റെ പനോരമിക് കാഴ്ച ലഭ്യമാകുക. 15 യൂറോ ആണ്  മുകളി ലേക്ക് കയറാനുള്ള ടിക്കറ്റ് നിരക്ക്. മുകളിൽ എത്തിയപ്പോ ഴുള്ള കാഴ്ച അതിമനോഹരമായിരുന്നു. ഒരു പക്ഷെ പാരിസ് നഗരത്തെ ഏറ്റവും മനോഹരമായി കാണാൻ പറ്റുന്നത് ഈ കെട്ടിടത്തിന് മുകളിൽ നിന്നായിരിക്കും. നല്ല തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ 40 കിലോമീറ്റർ വരെ ദൃശ്യ പരിധി ലഭ്യമാകും എന്നാണ് പറയുന്നത്. ട്രൈപോഡ് വച്ച് ഫോട്ടോ എടുക്കാൻ ഇവിടെ അനുവാദം ഉണ്ട്.

ഹോപ്പ് ഓൺ– ഹോപ്പ് ഓഫ് ടൂർ

പാരിസിലെ രണ്ടാമത്തെ ദിനം. കാഴ്ചകൾ കാണാൻ തിരഞ്ഞെടുത്തത് ബിഗ് ബസ് ടൂർ കമ്പനിക്കാരുടെ ഹോപ്പ് ഓൺ– ഹോപ്പ് ഓഫ് ടൂർ ആയിരുന്നു. 37 യൂറൊ ആണ് രണ്ടു ദിവസത്തെ ടിക്കറ്റിന്റെ നിരക്ക്. ആദ്യത്തെ സ്റ്റോപ്പ് ആയ ഐഫൽ ടവറിൽ നിന്നു ഞാൻ യാത്ര തിരിച്ചു. യാത്രയിലെ ആദ്യ ആകർഷണം ലെ ഇൻവാലിദെ എന്ന സ്മാരക മന്ദിര മാണ്. വിമുക്തഭടന്മാർക്കുള്ള വിശ്രമമന്ദിരമായും യുദ്ധങ്ങളിൽ മരണപ്പെട്ട സൈനികർക്കുള്ള സ്മാരകവുമായും നിർമിച്ച ഈ മന്ദിരം പക്ഷെ ഇന്ന് അറിയപ്പെടുന്നത് നെപ്പോളിയൻ ബോണ പ്പാർട്ടിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരി ലാണ്. 1670 ൽ നിർമാണം ആരംഭിച്ചു 28 വർഷങ്ങൾ എടുത്ത് 1708 ലാണ് സ്വർണ നിറത്തിലുള്ള മകുടത്തോട് കൂടിയ ഈ സ്മാരകം പൂർത്തിയാവുന്നത്. 

അടുത്തത് പെലെ ഗാർണിയർ അഥവാ ഓപ്പെറ ഗാർണിയർ ആണ്. 1861 ലാണ് ഈ ഓപ്പെറ ഹൗസിന്റെ നിർമാണ പ്രവർത്തികൾ  ആരംഭിക്കുന്നത്. ഏകദേശം പതിനാലു വർഷ ങ്ങൾ എടുത്തു നിർമാണം പൂർത്തിയാവാന്‍. ശില്പി ചാൾസ് ഗാർണിയറിന്റെ പേരാണ് ഇതിനു നൽകിയത്. ഏറ്റവും മനോ ഹരമായി ഈ ഓപ്പെറ ഹൗസ് നിർമിക്കണം എന്ന് നെപ്പോളി യൻ മൂന്നാമൻ രാജാവിന് നിർബന്ധം ഉണ്ടായിരുന്നു. അദ്ദേഹം അതിനു വേണ്ടി ഒരു മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത 170 ശില്പികളുടെ രൂപകല്പനകളിൽ നിന്നാണ് ചാൾസ് ഗാർണിയറിന്റെ രൂപകൽപന തിരഞ്ഞെടുക്കപ്പെടു ന്നത്.

മനോഹരമായ ബാഹ്യരൂപം ആസ്വദിച്ച് ഉള്ളിലേക്ക് കടന്നാൽ പിന്നെ അത്ഭുതപ്പെടുത്തുന്നതും ആഡംബരപൂർണവുമായ ഉൾവശം ആണ്. ധാരാളം പേർക്ക് ഒരുമിച്ച് ഉപയോഗി ക്കാൻ പറ്റുന്ന ഗോവണികളും, പ്രശസ്ത ചിത്രകാരന്മാർ വരച്ച അമൂല്യങ്ങളായ ചിത്രപ്പണികളും വിശാലമായ ഹാളുകളും മനോഹരങ്ങളായ അലങ്കാര വിളക്കുകളും കൊണ്ട് സമ്പന്നമാണ് ഉൾവശം. 1979 പേർക്ക് ഒരുമിച്ചു ഇരുന്നു പരിപാടികൾ ആസ്വദിക്കാൻ പറ്റും വിധമാണ് ഓഡിറ്റോറിയം സജ്ജീകരിച്ചി രിക്കുന്നത്. 450 ഓളം കലാകാരന്മാർക്ക് ഒരുമിച്ചു പരിപാടികൾ അവതരിപ്പിക്കാൻ പറ്റുന്നത്ര വലുപ്പമുള്ളതാണ് സ്റ്റേജ്. മറ്റൊരു പ്രത്യേകത ഓഡിറ്റോറിയം ഹാളിനു നടുവിലെ അതിമനോ ഹരമായ ഷാൻഡലിയാർ വിളക്ക് ആണ്. വെങ്കലവും സ്ഫടി കവും കൊണ്ട് നിർമിച്ച ഈ ഷാൻഡലിയാറിനു ഏഴു ടണ്ണോളം ഭാരമുണ്ട്. 

മൊണാലിസയെ കാണാൻ

ലുവർ മ്യൂസിയം ആണ് അടുത്ത ലക്ഷ്യം. പാരിസിലേക്കും ലോകത്തിൽ തന്നെയും ഏറ്റവും വലിയ ചരിത്രമ്യൂസിയമാണ് ലുവർ മ്യൂസിയം. ഓടി നടന്നു കാണുകയാണെങ്കിൽ ഒരു ദിവസം മുഴുവൻ കണ്ടാലും തീരാത്തത്ര അമൂല്യങ്ങളായ പുരാവസ്തുക്കളും പെയിന്റിങ്ങുകളും പ്രതിമകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 60600 ചതുരശ്ര മീറ്ററിൽ ഏകദേശം മുപ്പത്തി അയ്യായിരത്തോളം വസ്തുക്കൾ പ്രദർശിപ്പിച്ച ഈ മ്യൂസിയത്തിൽ ഏകദേശം ഒരു കോടിയിലധികം ആളുകൾ കഴിഞ്ഞവർഷം മാത്രം സന്ദർശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഫിലിപ്പ് രണ്ടാമൻ പണികഴിപ്പിച്ചതായിരുന്നു ലുവർ കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം. 1793 ലാണ് ഈ കൊട്ടാരം ഒരു മ്യൂസിയം ആയി തുറന്നു കൊടുത്തത്.

പാരിസ് സന്ദർശിക്കുന്ന ഏതൊരാളും കാണാൻ ആഗ്ര ഹിക്കുന്ന ലിയനാർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ മൊണാലിസ എന്ന പെയിന്റിങ് ഇവിടെയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നിരവധി തവണ ഉണ്ടായിട്ടുള്ള മോഷണശ്രമ ങ്ങളും ആസിഡ് ആക്രമണങ്ങളും കാരണം ശക്തമായ സുര ക്ഷയാണ് ഈ പെയിന്റിങ്ങിനു നൽകിവരുന്നത്. 780 മില്യൺ അമേരിക്കൻ ഡോളർ ആണ് 2015 ലെ ഈ പെയിന്റിങ്ങിന്റെ ഇൻഷുറൻസ് മൂല്യം. അമിത പ്രതീക്ഷകളുമായി മൊണാലി സയെ കാണാൻ പോയാൽ എന്നെ പോലെയുള്ള ഒരു സാധാ രണ സന്ദർശകന് നിരാശയാവും ഫലം. രണ്ടര അടി നീളവും, രണ്ടിൽ താഴെ അടി വീതിയുമുള്ള ബുള്ളറ്റ് പ്രൂഫ് കണ്ണാടി ക്കൂട്ടിൽ ഇരിക്കുന്ന ഒരു ചെറിയ ചിത്രം മാത്രമാണ് അവിടെ കാണാൻ പറ്റുക. പക്ഷെ ഇപ്പോഴും മൂല്യം കൃത്യമായി തിട്ടപ്പെ ടുത്താൻ കഴിയാത്ത, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച, ഏറ്റവും കൂടുതൽ എഴുതപ്പെട്ട, ഏറ്റവും കൂടുതൽ പാടപ്പെട്ട, ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട ഒരു കലാസൃഷ്ടി എന്ന നിലയിൽ പാരീസ് സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരി ക്കേണ്ട ഒന്നാണ് മൊണാലിസ.

പാരിസിൽ വളരെ പുരാതനമായ ഒരു ക്രിസ്ത്യൻ ദേവാലയ മാണ് നോട്ടർ ഡാം കത്തീഡ്രൽ. ഫ്രഞ്ച് ഗോത്തിക് വാസ്തു ശില്പ രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഈ ദേവാലയം സീൻ നദിയിലെ  ഒരു ചെറിയ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 

1345 ൽ നിർമാണ പ്രവൃത്തികൾ പൂർത്തിയായ നോ‍ട്ടർ ഡാം കത്തീഡ്രലിന്റെ വിസ്തൃതി 5500ചതുരശ്ര മീറ്റർ ആണ്. മനോഹരമായ അൾത്താരയും 387 ഇടുങ്ങിയ പടികൾ കയറി മുകളിലേക്കെത്തിയാൽ അവിടെ നിന്നുള്ള പാരിസ് നഗര ത്തിന്റെ കാഴ്ചയും ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷി ക്കുന്ന പ്രധാന ഘടകങ്ങൾ.

വിജയകമാനം എന്ന് വിളിക്കുന്ന ആർക്ക് ഡിട്രയംഫ് ഫ്രഞ്ച് വിപ്ലവത്തിലും നെപ്പോളിയന്റെ യുദ്ധങ്ങളിലും കൊല്ലപ്പെട്ടവ രുടെ സ്മരണാർഥം നിർമിക്കപ്പെട്ട സ്മാരകമാണ്. ഷാംസ് എലീസേ എന്ന പ്രശസ്തമായ ഷോപ്പിങ് സ്ട്രീറ്റിന്റെ അവസാ നമാണ് ഈ സ്മാരകം. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പല യുദ്ധവിജയങ്ങൾക്കും കീഴടങ്ങലുകൾക്കും സാക്ഷിയാണ് ആർക്ക് ഡി ട്രയംഫ്. കൊല്ലപ്പെട്ട ധീര യോദ്ധാ ക്കളുടെ പേരുകൾ ഈ സ്മാരകത്തിന്റെ ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. 1923 മുതൽ കെടാതെ സൂക്ഷിക്കുന്ന ഒരു വിളക്കും കമാനത്തിന്റെ താഴെയായി ഉണ്ട്. യുദ്ധത്തിൽ മരണ പ്പെട്ട തിരിച്ചറിയപ്പെടാത്ത ഏതോ ഒരു സൈനികനോടുള്ള ബഹുമാനസൂചകമാണത്രെ ഈ കെടാവിളക്ക്. 248 പിരിയൻ ഗോവണി കയറി മുകളിലെത്തിയാൽ പാരീസ് നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാം. ശാരീരിക ക്ഷമത കുറഞ്ഞവർ ഈ ഇടുങ്ങിയ ഗോവണി കയറി പോകാതിരിക്കുന്നതാവും അഭികാമ്യം. 

സീൻ നദിയിലൂടെ ഒരു ബോട്ടു യാത്ര നടത്താതെ പാരിസ് യാത്ര പൂർണമാകുന്നില്ല. പാരിസിലെ ഒട്ടുമിക്ക ചരിത്രസ്മാര കങ്ങളും നിലകൊള്ളുന്നത് സീൻ നദിക്കരയിൽ ആയതിനാൽ ബോട്ടു യാത്രയിൽ ഈ ചരിത്രസ്മാരകങ്ങൾ എല്ലാം നമുക്ക് കാണാം. സീൻ നദിക്കു കുറുകെ സ്ഥാപിച്ചിട്ടുള്ള നിരവധി പാലങ്ങളിലുള്ള ശിൽപങ്ങൾ പാരിസിന്റെ അക്കാലത്തെ പ്രൗഢിയുടെയും ശില്പകലാ വൈഭവത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്. പ്രണയത്തിന്റെ നഗരമാണ് പാരിസ്. പാരിസ് സന്ദർശിക്കുന്ന സഞ്ചാരി ഈ നഗരവുമായി കടുത്ത പ്രണയത്തിലാവും തീർച്ച.