യാത്രപോകുവാൻ എല്ലാവർക്കും ഇഷ്ടമാണ്. വിദേശയാത്രയെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇന്ത്യക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് പോക്കറ്റിന്റെ കനം പോരാതെ വരുമോ എന്നതാണ് മിക്കവരുടെയും ചിന്ത. ഇൗ കാരണങ്ങൾ തന്നെയാണ് യാത്രയിൽ നിന്നും സഞ്ചാരികളെ പിന്നോട്ടു വലിക്കുന്നതും. മനോഹരമായ കാഴ്ചകൾ ആസ്വദിച്ച് കീശകാലിയാക്കാതെ വിദേശയാത്രയ്ക്ക് തയാറാണോ?. വൈവിധ്യങ്ങളുടെ നാടായ തായ്‍ലൻഡിലേക്ക് പറക്കാം. വിനോദയാത്രാ പാക്കേജുകളില്‍ ചെറിയ ചെലവില്‍ ഇപ്പോള്‍ തായ്‌ലൻഡ് യാത്ര സംഘടിപ്പിക്കാം. ഇന്ത്യന്‍ നഗരത്തിലെന്നപോലെ ജീവിക്കുകയുമാവാം.
തായ്‍ലൻഡ് എന്നു കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കുമെങ്കിലും സുന്ദരകാഴ്ചകളുടെ പറുദീസയാണിവിടം. ഒരു സഞ്ചാരി കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകളുടെ ലോകമാണ് തായ്‍ലന്റ്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍ലൻഡ്.
കാഴ്ചയുടെ അത്യപൂർവ്വ വിസ്മയം തുറന്നുതരുന്ന തായ്‍ലൻഡിന്റെ പ്രകൃതി കേരളവുമായി ഏറെ സാമ്യമുള്ളതാണ്. തായ്‍ലൻഡിന്റെ സൗന്ദര്യമുണർത്തുന്ന കടൽത്തീരങ്ങളും ഷോപ്പിങും രുചിയുണർത്തുന്ന വിഭവങ്ങളുമൊക്ക ആരെയും ആകർഷിക്കും. ഉറങ്ങാത്ത തെരുവുകളും നിലക്കാത്ത സംഗീതവും നൃത്തചുവടുകളും ഒരുമിക്കുന്ന ഇവിടം സഞ്ചാരികളുടെ പറുദീസയാണ്.
വിവാഹശേഷം മിക്കവരും ഹണിമൂൺ ആഘോഷിക്കാനായും ഇവിടം തെരഞ്ഞെടുക്കാറുണ്ട്. തിരക്കേറിയ ബീച്ചുകൾ, നഗരകാഴ്ചകൾ, മ്യഗശാലകൾ, മനോഹരമായ താഴ്‍വരകൾ, രുചിയുളള ഭക്ഷണം, നല്ല താമസം എന്തിന് കുറഞ്ഞ ചെലവിൽ ഷോപ്പിങ്ങിന് പറ്റിയ സ്ഥലവും കൂടിയാണ് തായ്‍ലൻഡ്. മിക്ക സഞ്ചാരികളും ടൂർ പാക്കേജ് ബുക്കിങ്ങിലൂടെയാണ് തായ്‍ലൻഡ് യാത്രയ്ക്കൊരുങ്ങുന്നത്. താമസവും ഭക്ഷണവും കാഴ്ചകളും തായ്‍ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പടെയുള്ള ടൂർ പാക്കേജ് ചെലവ് കുറയ്ക്കാൻ സഹായിക്കും.
ബൈക്കിങ്, ഡൈവിങ്, കനോക്കിങ്, കയാക്കിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും അനുയോജ്യമായ ഇടമാണ് തായ്‌ലൻഡ്. മലയാളികളുടെ ഇടയിൽ പരിചിതമായ പട്ടായ എന്ന ഡെസ്റ്റിനേഷന് പുറമെ, ഫുക്കറ്റ്, ബാങ്കോക്ക്, ഹുവ ഹിൻ എന്നിവയും മികച്ച യാത്രാനുഭവം നൽകുന്നയിടങ്ങളും ഇവിടെയുണ്ട്.
തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം സമന്വയിക്കുന്ന ദ്വീപ്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. ആചാരാനുഷ്ടാനങ്ങളും പാരമ്പര്യവും മുറുക്കെപിടിക്കുന്ന ജനതയാണ് ഫുക്കറ്റിലുള്ളത്. കാഴ്ചകൾ മാത്രമല്ല രുചിയൂറും വിഭവങ്ങൾക്കും ഇവിടം ശ്രദ്ധേയമാണ്.
ബാങ്കോക്കാകട്ടെ, ഷോപ്പിങ് പറുദീസയാണ്. പോക്കറ്റിന്റെ കനത്തെ തൃപ്തിപ്പെടുത്തുന്ന വഴിയോര വാണിഭ കേന്ദ്രങ്ങളും ഇവിടെ നിരവധിയുണ്ട്. ചെലവ് കുറച്ച് ബാങ്കോക്ക് പൂര്‍ണമായും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള നിരവധി ടൂറിസ്റ്റ് പ്ലാനുകളുമുണ്ട്. ചെലവ് കുറഞ്ഞ ടൂര്‍ പാക്കേജുകള്‍ തിരഞ്ഞെടുത്ത് ബാങ്കോക്ക് ട്രിപ്പിനെ സൂപ്പര്‍ഹിറ്റാക്കാം. ബാങ്കോക്ക് ടൂറില്‍ നിങ്ങള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ചൈന ടൗണ്‍. ബാങ്കോക്കിലെ രുചിവൈവിധ്യം പരീക്ഷിക്കാനുള്ള മികച്ച ഇടമാണ്. ബാങ്കോക്കിലെ നൈറ്റ്‌ലൈഫ് ആഘോഷങ്ങള്‍ വളരെ പ്രസിദ്ധമാണ്.
വിനോദത്തിനായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ 'ഹോട്ട് സ്‌പോട്ട്'ാണ് പട്ടായ. രാത്രികാഴ്ചകളും ഗംഭീരമാണ്. ചുരുങ്ങിയ ചെലവില്‍ 'പെരുത്ത് സന്തോഷം'-മലയാളിക്ക് സമ്മാനിക്കുന്ന ഡെസ്റ്റിനേഷനാണ് പട്ടായ. ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പട്ടായ ബീച്ച്. സഞ്ചാരികൾക്കായി ഒരുപാട് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തായ്‍ലൻഡിലെത്തിയാൽ യാത്രാ ചെലവിന്റെ പേരില്‍ ആഡംബരം സാഹസികത, സൗന്ദര്യം എന്നിവയിൽ വിട്ടുവീഴ്ചകളൊന്നും ചെയ്യേണ്ടി വരില്ല. കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കാം.
ചെലവു കുറയ്ക്കാൻ ഓർക്കാം ഈ കാര്യങ്ങൾ
വിമാന ടിക്കറ്റ് വളരെ നേരത്തെ ബുക്കുചെയ്താൽ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും
ചെലവ് ചുരുക്കി ഭക്ഷണം കഴിക്കാം. മുന്തിയ ഹോട്ടലുകളെ ആശ്രയിക്കാതെ ഭക്ഷണത്തിനായി മികച്ച സ്ട്രീറ്റ് ഫൂഡ് സെന്ററുകൾ തെരഞ്ഞെടുത്താൽ കുറഞ്ഞ നിരക്കിൽ രുചിയൂറും വിഭവങ്ങൾ കഴിക്കാം.
തായ്‍ലൻഡ് യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ താമസത്തിനായി ഹോട്ടലുകൾ ബുക്കു ചെയ്താൽ അധിക പണം ചെലവഴിക്കാതെ ശ്രദ്ധിക്കാം. അന്വേഷിച്ചാൽ കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ താമസത്തിനായി തരപ്പെടുത്താം.
തായ്‍ലൻഡിലെത്തിയാൽ കുറഞ്ഞ നിരക്കിൽ യാത്രചെയ്യുവാനായി പ്രൈവറ്റ് ടൂർ ഏജൻസിയെ ആശ്രയിക്കാതെ ട്രാവല്‍ സെൻട്രൽ ഒാഫീസ് മുഖേനെ യാത്ര ബുക്ക് ചെയ്യാം. കീശകാലിയാക്കാതെ യാത്ര ചെയ്യാം.
വൈൻ/മദ്യം കഴിക്കുന്നവരെങ്കിൽ ക്ലബുകളെയും ട്രെൻഡി ബാറുകളെയും ആശ്രയിക്കാതെ വിലകുറഞ്ഞ നല്ല മദ്യം/വൈൻ കിട്ടുന്നയിടങ്ങൾ തിരക്കാം.
ഷോപ്പിങ്ങിനായി ബജറ്റിലൊതുങ്ങുന്ന ഷോപ്പിങ് മാളുകളും ഇവിടെയുണ്ട്.