അസാന്തേ, ക്വാഹേരി ടാൻസാനിയ!

മനുഷ്യന്റെ ജന്മനാട്ടിൽ: അദ്ധ്യായം 23

ടാൻസാനിയയിലെ അവസാന ദിനം. ഇന്ന് മഴ മാറി നിൽക്കുകയാണ്. രാവിലെ തന്നെ ഞങ്ങളുടെ ആതിഥേയയായ സുജയോടൊപ്പം കാഴ്ചകൾ കാണാനിറങ്ങി. ദിവസവും നാല് ക്ഷേത്രങ്ങളെങ്കിലും സന്ദർശിക്കുക സുജയുടെ പതിവാണ്, അത് സ്വദേശമായ വളാഞ്ചേരിയിലായാലും മകളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി താമസിക്കുന്ന കൊച്ചിയിലായാലും. ദാർ എസ് സലാമിലും ആ പതിവിന് മാറ്റമില്ല. രാവിലെ തന്നെ ക്ഷേത്രദർശനം ആരംഭിക്കും.

ദാർ എസ് സലാമിലെ ഒരു ഷോപ്പിംഗ് മാൾ 

ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലായതിനാൽ ദാർ എസ് സലാമിൽ ഹിന്ദുക്ഷേത്രങ്ങൾക്ക് യാതൊരു കുറവുമില്ല. നഗരമദ്ധ്യത്തിൽ തന്നെ സുജയുടെ ഫ്‌ളാറ്റിനടുത്തായി രണ്ട് ക്ഷേത്രങ്ങളുണ്ട്.

ഒരു ക്ഷേത്രത്തിനുള്ളിൽ

ടാൻസാനിയായിൽ എഡി ഒന്നാം നൂറ്റാണ്ടിൽ തന്നെ ഹിന്ദുമതം എത്തിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ഈസ്റ്റ് ആഫ്രിക്കയും ഇന്ത്യയുമായി അക്കാലം മുതലേ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ രാജാക്കന്മാരാണ് പ്രധാനമായും വ്യാപാരികളെ ആഫ്രിക്കയിലേക്ക് അയച്ചിരുന്നത്. സൻസിബാർ, സിംബാബ്‌വേ, മഡഗാസ്‌കർ എന്നിവിടങ്ങളിലെ ഹിന്ദു സെറ്റിൽമെന്റുകളുടെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 

ഒരു ക്ഷേത്രത്തിനുള്ളിൽ

വളരെ ശാന്തശീലരും മികച്ച വ്യാപാരികളും തങ്ങളുടെ സംസ്‌കാരം ആഫ്രിക്കൻ ജനതയിൽ അടിച്ചേൽപ്പിക്കാത്തവരുമായാണ് ഹിന്ദുക്കൾ പണ്ടേ അറിയപ്പെട്ടിരുന്നത്. അവർ വ്യാപാരം ചെയ്തിരുന്ന സാധനങ്ങളും നിലവാരത്തിന്റെ കാര്യത്തിൽ വളരെ മുന്നിലായിരുന്നു. ആഫ്രിക്കയിൽ ജീവിക്കുമ്പോഴും ഹിന്ദുക്കൾ തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരവും അതേപടി കാത്തുസൂക്ഷിച്ചു.ഒമാനിലെ സുൽത്താൻ ഭരണം പിടിച്ചെടുത്തതോടെയാണ് ഹിന്ദുക്കൾ ആഫ്രിക്കയുടെ വ്യാപാര രംഗത്തു നിന്നും നിഷ്‌കാസിതരായി തുടങ്ങിയത്.

ഇൻഡോ-ടാൻസാനിയ കൾച്ചറൽ സെന്റർ 

പിന്നീട് 16-ാം നൂറ്റാണ്ടിൽ യൂറോപ്യന്മാർ എത്തിയതോടെ ആഫ്രിക്കയിൽ ഹിന്ദുക്കളുടെ പ്രാധാന്യം തീരെ കുറഞ്ഞെന്നു പറയാം.എന്നാൽ അക്കാലത്തും ഹിന്ദുവ്യാപാരികൾ ടാൻസാനിയയിലെ പല നഗരങ്ങളിലും വ്യാപാരം തുടരുന്നുണ്ടായിരുന്നു.

പഴയ പുസ്തകങ്ങൾ വിൽക്കുന്ന വഴിയോര ഷോപ്പ് 

ഇപ്പോഴും ഗുജറാത്തിൽ നിന്നും മറ്റുമുള്ള സമ്പന്ന വ്യാപാരികൾ ടാൻസാനിയയിലുണ്ട്. 2010ലെ കണക്കനുസരിച്ച് 50,000ത്തിലധികം ഹിന്ദുക്കൾ ടാൻസാനിയയിൽ ജീവിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ക്ഷേത്രങ്ങൾക്കും കുറവില്ല.

പഴം-പച്ചക്കറി കട

ആദ്യം നടന്നെത്തിയത് കിസുട്ടു സ്ട്രീറ്റിലാണ്. ഈ തെരുവിൽ നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ശ്രീ ജെയിൻ സംഘ് ക്ഷേത്രം, ശ്രീ സനാതൻ ഹിന്ദു ക്ഷേത്രം, സ്വാമി നാരായൺ ചാരിറ്റബിൾ മന്ദിരം, എന്നിവയാണ് വലിയ ക്ഷേത്രങ്ങൾ. എല്ലാം വടക്കേ ഇന്ത്യൻ മട്ടിലുള്ളവയാണ്. മാർബിളിൽ പണിത ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും മാർബിളിൽ തീർത്തവയാണ്. സൗന്ദര്യധാമങ്ങളായ ദേവീദേവന്മാർ കണ്ണഞ്ചിപ്പിക്കുന്ന ഉടയാടകൾ അണിഞ്ഞിരിക്കുന്നു.

ഒരു പലചരക്കു കട 

എല്ലാ ക്ഷേത്രങ്ങളിലും വിശാലമായ നടപ്പന്തലുണ്ട്. അവിടെയാണ് ആഘോഷങ്ങളും വിശേഷ ദിവസങ്ങളിലെ കലാപരിപാടികളുമൊക്കെ നടക്കുന്നതെന്നു തോന്നുന്നു. എല്ലായിടത്തും മാർബിൾ ബെഞ്ചുകളുണ്ട്. അതിൽ ക്ഷേത്രദർശനം കഴിഞ്ഞ് ഭക്തർ വിശ്രമിക്കുന്നു. ഒരു ക്ഷേത്രത്തിൽ മലയാളികളുടെ കൂട്ടായ്മയായ 'കലാമണ്ഡല'ത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങളും നടക്കുന്നുണ്ട്.

ചുട്ട പച്ചക്കപ്പ വില്പനയ്ക്ക് 

സുജയോടൊപ്പം എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തി, വീണ്ടും നടപ്പാരംഭിച്ചു. കിസുട്ടു സ്ട്രീറ്റ് മുംബെയിലെയും മറ്റും ചില തെരുവുകളുടെ തനിപ്പകർപ്പാണ്. വൃത്തി ഒരൽപം കൂടുതലുണ്ട് എന്നു മാത്രം. ഇന്ത്യക്കാരുടെ വ്യാപാരസ്ഥലങ്ങളാണ് ഇവിടെ കൂടുതലും കാണാവുന്നത്. കാനറാ ബാങ്ക്, പഞ്ചാബി ഹോട്ടൽ, ടി ബി സേത്ത് പബ്ലിക് ലൈബ്രറി, ഇൻഡോ-ടാൻസാനിയൻ കൾച്ചറൽ സെന്റർ, കൃഷ്ണ ടവർ, ഗുജറാത്തികളുടെ സൂപ്പർമാർക്കറ്റുകൾ തുടങ്ങി എല്ലാം ഭാരതീയം.

സീ ക്ലിഫ് കാസിനോ 

ഞങ്ങളുടെ നടപ്പ് എത്തി നിന്നത് ഒരു പച്ചക്കറി മാർക്കറ്റിലാണ്. പഴം, പച്ചക്കറികൾ, പനമ്പിൽ നെയ്ത കുട്ടകൾ, ചൂലുകൾ, പൊതിച്ച തേങ്ങ എന്നിവയൊക്കെയാണ് മാർക്കറ്റിലെ പ്രധാന വിഭവങ്ങൾ. പച്ചക്കപ്പ മുറിച്ച് ചുട്ടുവിൽക്കുന്ന വഴിയോരക്കച്ചവടക്കാരും ഇവിടെ ധാരാളമുണ്ട്.

കടൽ-എംസസാനിയിൽ നിന്ന് നോക്കുമ്പോൾ

വെയിൽ കനത്തപ്പോൾ ഫ്‌ളാറ്റിലേക്ക് മടങ്ങി. ഇനി സുരേഷ് ജോലി കഴിഞ്ഞു വന്നശേഷം ദാർ എസ് സലാമിന്റെ കടൽത്തീരങ്ങളിലേക്കൊരു യാത്ര. തിരികെ വന്ന് രാത്രി പത്തുമണിക്ക് എയർപോർട്ടിലേക്ക് പോകണം. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി വഴി മുംബെയിലേക്കാണ് ഫ്‌ളൈറ്റ്. തിരുവോണ ദിവസം രാവിലെ മുംബൈയിൽ വിമാനമിറങ്ങും.

എംസസാനിയിൽ കടലിലെ നടപ്പാത 

വൈകുന്നേരം ദാർ എസ് സലാമിന്റെ ട്രാഫിക് ബ്ലോക്കുകൾക്കിടയിലൂടെ ഏഴു കിലോമീറ്റർ ദൂരെയുള്ള എംസസാനി പെനിൻസുലയിലേക്കാണ് സുരേഷ് കൊണ്ടുപോയത്. ഇവിടെ പുതുതായി നികത്തിയെടുത്ത കടൽത്തീരമുണ്ട്. കൂടാതെ സ്ലിപ് വേ എന്ന ഹോട്ടലിനു പിന്നിൽ വലിയ ഷോപ്പിങ് ഏരിയയുമുണ്ട്.

കടൽ-എംസസാനിയിൽ നിന്ന് നോക്കുമ്പോൾ

സ്ലിപ് വേ പഴയൊരു ഹോട്ടലാണ്. ആഫ്രിക്കൻ ശൈലിയിൽ പണിത ഹോട്ടലിനു പിന്നിലേക്കുള്ള പടവുകൾ ഇറങ്ങിയാൽ കടൽത്തീരമായി. ആഫ്രിക്കയിൽ ജീവിക്കുന്ന യൂറോപ്യൻമാരുടെയും അമേരിക്കക്കാരുടെയും പ്രിയപ്പെട്ട ഷോപ്പിങ് സെന്റർ കൂടിയാണിവിടം. പാശ്ചാത്യ മാതൃകയിലുള്ള കോഫിഷോപ്പുകളും സൂപ്പർമാർക്കറ്റും റെഡിമെയ്ഡ് വസ്ത്രഷോപ്പുകളുമൊക്കെ ഹോട്ടലിനു താഴെയായി തുറന്നുവെച്ചിട്ടുണ്ട്.

സീ ക്ലിഫ് ഹോട്ടലിനു പിന്നിലെ കോഫി ഷോപ്പ് 

കടൽതീരത്ത് മണ്ണിട്ടു നികത്തി മുനമ്പുപോലൊരു ഭാഗം നിർമ്മിച്ചെടുത്തിട്ടുണ്ട്. അവിടേയ്ക്ക് കുറച്ചുദൂരം നടന്നുപോകാം. അവിടെ തെരുവുവിളക്കുകളും മറ്റും സ്ഥാപിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഷോപ്പിങ് ഏരിയായുടെ മുന്നിലെ വോക്ക്‌വേയിലൂടെ അല്പനേരം കടൽക്കാറ്റേറ്റു നടന്നു എന്നിട്ട് ടാൻസാനിയയിലെ ഞങ്ങളുടെ അവസാന ഡെസ്റ്റിനേഷനിലേക്ക് സുരേഷ് കാറോടിച്ചു.

ഏതൊരു വൻ നഗരങ്ങളിലെയും ഏറ്റവും മനോഹരവും സുരക്ഷിതവുമായ പ്രദേശത്തായിരിക്കും, വിവിധ രാജ്യങ്ങളുടെ എംബസികൾ നിലകൊള്ളുന്നത്. അങ്ങനയൊരു പ്രദേശം ദാർ എസ് സലാമിലുണ്ട്. അവിടേക്കാണ് ഞങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.

'ടൂർ ഡ്രൈവ്' എന്നാണ് ഈ പ്രദേശത്തിന്റെ പേര്. ഒരു വശത്ത് കടൽ. മറുവശത്ത് അത്യാധുനിക വില്ലകളും അപ്പാർട്ടുമെന്റുകളും. നടുവിലൂടെ രാജ്യാന്തര നിലവാരമുള്ള റോഡ്. റോഡിനിരുവശവും തണൽവൃക്ഷങ്ങൾ, അതിസുന്ദരമാണ് ദാർ എസ് സലാമിന്റെ അരികു പറ്റി നിലകൊള്ളുന്ന ടൂർ ഡ്രൈവ് എന്ന പ്രദേശം.

അല്പം കൂടി മുന്നോട്ടുപോയപ്പോൾ കടൽ അങ്ങു താഴെയായി. അതായത്, മലമുകളിലാണ് ഞങ്ങളിപ്പോൾ. നമ്മുടെ വർക്കല പോലൊരു സ്ഥലം.

കടലിൽ നിന്ന് ഏറ്റവും ഉയരെ മുനമ്പിൽ പാർക്കിങ് ഏരിയയിൽ സുരേഷ് കാർ നിർത്തി. അത് സീ ക്ലിഫ് ഹോട്ടൽ ആന്റ് കാസിനോയുടെ പാർക്കിങ് ഏരിയയാണ്. പിന്നിൽ പുൽത്തകിടി .അതിനു താഴെ  കടൽ മൺതിട്ടയിൽ ചീറിയടിക്കുന്നു.

സീ ക്ലീഫ് ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. ചൂതുകളി കേന്ദ്രം കൂടിയുണ്ട് എന്നതാണ് സീ ക്ലിഫിന്റെ പ്രത്യേകത. 2000ൽ ആരംഭിച്ച കാസിനോയിൽ കളിക്കാനായി 16 ടേബിൾ ഗെയിമുകളും 140 സ്ലോട്ടുകളുമുണ്ട്.

ടാൻസാനിയൻ നിയമം കാസിനോകളും ലോട്ടറികളും മറ്റും അനുവദിക്കുന്നുണ്ട്. പക്ഷേ, അവയ്ക്കുമേൽ സർക്കാരിന്റെ കർശനമായ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോഴും ആകെ 8 കാസിനോകളേ ടാൻസാനിയയിൽ പ്രവർത്തിക്കുന്നുള്ളൂ. 

അലകടലിനു മീതേ പുൽത്തകിടിയിൽ നിന്ന് കുറേ ഫോട്ടോകളെടുത്തു. ടൂർഡ്രൈവിനു പിന്നിൽ, ദൂരെ, ദാർ എസ് സലാം നഗരത്തിൽ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു തുടങ്ങി.

മടങ്ങാൻ സമയമായി. കിളിമഞ്ജാരോയുടെയും ഗോരങ്‌ഗോരോയുടെയും സൻസിബാറിന്റെയും കാഴ്ചകൾ സമ്മാനിച്ച വിസ്മയം ഉള്ളിലൊതുക്കി ഞങ്ങൾ ആഫ്രിക്കയുടെ മാറിലെ താരഹാരമെന്നു വിശേഷിപ്പിക്കാവുന്ന ടാൻസാനിയയോട് വിട പറയുകയാണ്. 

അസാന്തേ, ക്വാഹേരി ടാൻസാനിയ!

(നന്ദി, ഗുഡ്‌ബൈ ടാൻസാനിയ)

(അവസാനിച്ചു)