കൊച്ചി∙ ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്ന് സോളോ ട്രാവലറായ അഞ്ജലി തോമസ്. 65 രാജ്യങ്ങളിലേക്കു ഒറ്റയ്ക്ക് യാത്ര ചെയ്ത അനുഭവത്തിന്റെ കരുത്തിലാണ് അഞ്ജലിയുടെ ഉപദേശം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇൻക്രഡിബിൾ ഇന്ത്യയുടെ സഹകരണത്തോടെ കൊച്ചി താജ് ഗേറ്റ്്വേയിൽ മലയാള മനോരമ ഒരുക്കുന്ന ‘മനോരമ വോയേജർ ട്രാവൽ ആൻഡ് ടൂറിസം എക്സ്പോ’യിൽ തന്റെ ഏകാംഗ യാത്രയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു അഞ്ജലി. ചോദിച്ചും പറഞ്ഞും വിവരങ്ങൾ കണ്ടെത്തിയുമുള്ള ആ യാത്രയിൽ സ്വത്വം കണ്ടെത്താൻ ഓരോരുത്തർക്കും സാധിക്കുമെന്നതാണ് നേട്ടം. യാത്രകളെല്ലാം സമ്മാനിക്കുന്നത് ഒരോ പാഠങ്ങളാണ്. ഈ അനുഭവ പാഠം നമുക്ക് മുന്നോട്ടു ജീവിക്കുന്നതിന് ഊർജം നൽകുമെന്നാണ് അഞ്ജലിയുടെ വാക്കുകൾ.
ജീവിതത്തിൽ നടത്തിയിട്ടുള്ള എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന ചോദ്യത്തിന് ഉത്തരം പറയാനാവില്ല. ചെയ്ത യാത്രകളിൽ യൂറോപ്യൻ യാത്രകളെല്ലാം നല്‍കിയത് പ്രത്യേക അനുഭവങ്ങളായിരുന്നു. ആഫ്രിക്കൻ യാത്രകളും മറക്കാനാവില്ല. കണ്ടു മുട്ടുന്ന ഓരോ ആളുകളും ഓരോ പാഠങ്ങളാണ്. പരിചയപ്പെടുന്നവരിൽ നിന്നും പഠിക്കാനും അറിയാനും ഒരുപാട് കാര്യങ്ങളുണ്ട്. യാത്രകള്‍ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്കുള്ളിൽ അധികം യാത്ര ചെയ്യാന്‍ സാധിച്ചിട്ടില്ല. വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ സന്ദർശിച്ചിട്ടുള്ളൂ. ഹിമാലയം നടന്നു കീഴടക്കണമെന്ന ആഗ്രഹവും അഞ്ജലി മറച്ചു വച്ചില്ല.
ഒറ്റയ്ക്കു യാത്ര ചെയ്താൽ ആരെങ്കിലും ആക്രമിക്കുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒരു പക്ഷെ അതിൽ കുറെ ശരിയുണ്ടെങ്കിലും അത് മാത്രമല്ല ശരി. ഒറ്റയ്ക്കുള്ള യാത്രകളിൽ ഞാൻ മനസിലാക്കിയത് യാത്രകളിൽ പലപ്പോഴും സാഹായിക്കുന്നവരാണ് കൂടുതലും. പലരും സംശയത്തോടെയാണ് കാണാറുള്ളത്. ഏതു രാജ്യാമായാലും തുറന്ന മനസുണ്ടെങ്കിൽ അവർക്കു നമ്മളെയും നമ്മൾക്ക് അവരെയും മനസിലാക്കാനാകും. പാപുവ ന്യൂഗിനിയയിലൊക്കെ നടത്തിയ യാത്ര സമ്മാനിച്ച അനുഭവ പാഠങ്ങൾ ചില്ലറ ധൈര്യമല്ല ജീവിതത്തിൽ പകർന്നു നൽകിയിട്ടുള്ളത്. എവിടെയാണോ എത്തിച്ചരുന്നത് അവിടുത്തെ അനുഭവവുമായി ഒത്തുചേരാനുള്ള മനസുണ്ടെങ്കിൽ ഏത് സാഹചര്യത്തെയും അതിജീവിക്കാം. പണം മോഷ്ടിക്കാനെത്തുന്നവരോട് എതിർത്തു നിൽക്കുന്നതിനേക്കാൾ വിവേക പൂർവം പെരുമാറുകയാണ് വേണ്ടത്. അത്തരം അനുഭവങ്ങൾ പലപ്പോഴും യാത്രകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.
യാത്രകളിൽ ചിത്രങ്ങൾ എടുക്കുമെങ്കിലും ഒന്നിനെയും കാമറക്കണ്ണിൽ മാത്രം കാണാനിഷ്ടമില്ല, അത്യാവശ്യം ഫോട്ടോകൾ പകർത്തും. കുറിപ്പുകൾ സൂക്ഷിക്കാറില്ല. എല്ലാത്തിനെയും നേരിട്ടു കാണണം, നേരിട്ട് അനുഭവിക്കണം. അതാണിഷ്ടം. എഴുതാനിരിക്കുമ്പോൾ കണ്ടതൊന്നും മറന്നു പോകാതെ തിരിച്ചെടുക്കാൻ സാധിക്കുന്നുണ്ടെന്നും അഞ്ജലി പറയുന്നു. പ്രതിബന്ധങ്ങൾ ആയിരിക്കും മുന്നിൽ അധികവും. അതിനെ തരണം ചെയ്ത് തീരുമാനങ്ങളെടുക്കാനായാൽ എല്ലാവർക്കും യാത്രയെ ആസ്വദിക്കാനാകുമെന്നും അവർ പറഞ്ഞു.