ഹൃദയം പറയുന്നതു കേള്‍ക്കാനായിരുന്നു എന്നും എനിക്കിഷ്ടം. കുറേനാളായി ഞാന്‍ എന്റെ ഹൃദയത്തെപ്പോലും കേള്‍ക്കാറില്ല. വിരസമായ ദിനങ്ങളിലൂടെ മുന്നോട്ട്. ഒരു മാറ്റം വേണ്ടിയിരുന്നു. ഞാനതിനുവേണ്ടി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളും കടന്ന് തിരുമാനത്തിലെത്തി. വീണ്ടുമൊരു യാത്ര. അതാകട്ടെ സ്വപ്നയാത്രയും- തെക്കുകിഴക്കന്‍ ഏഷ്യയിലൂടെ 101 ദിവസങ്ങള്‍. ജീവിതം എനിക്കുവേണ്ടി കാത്തുവച്ച അദ്ഭുതം.

യാത്രയിൽ അഞ്ജലി തോമസ്

മ്യാന്‍മറില്‍നിന്നാണ് ഇതെഴുതുന്നത്. യങ്കൂണിലെ ഒരു ഹോസ്റ്റല്‍ മുറിയില്‍. ഒരിക്കല്‍ക്കൂടി ചെറുപ്പമായ പോലെ തോന്നൽ‍. വന്യമായ സ്വപ്നങ്ങളുടെ പിന്നാലെപോയ സാഹസിക ദിനങ്ങളിലെന്നപോലെ. മാറ്റം ഒരിക്കല്‍പ്പോലും എന്നെ ബാധിച്ചിട്ടില്ല എന്നല്ല. ഞാനും മാറിയിട്ടുണ്ട്. ഏറെ മാറിയിട്ടുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്. അനുഭവങ്ങള്‍ തന്നെയാണ് പ്രധാനം. അനുഭവസമ്പത്തും പ്രായവും എന്റെ കാഴ്ചപ്പാട് മാറ്റിയിട്ടുണ്ട്. എങ്കിലും ഇന്നും ഒരു തയാറെടുപ്പുമില്ലാത്ത യാത്രയാണ് ഇഷ്ടം. കാത്തിരിക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാതെ അദ്ഭുതങ്ങൾ കാത്തുവച്ച യാത്ര.

.

101 ദിവസത്തെ യാത്ര...അതെന്തിന്? 

101 ദിവസം കൊണ്ട് തെക്കുകിഴക്കേ ഏഷ്യ മുഴുവനും ചുറ്റിയടിച്ചു. പ്രതീക്ഷിച്ചില്ല അങ്ങനെയൊരു സ്വപ്നം സാധ്യമാകുമെന്ന്. പണവും പരിചയവുമില്ലാത്തതുകൊണ്ടല്ല. അതുരണ്ടും ആവശ്യത്തിന് ഉണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം ഒരു ബാഗും തോളിലിട്ട് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് യാത്ര ചെയ്യാമെന്നു കരുതരുത്. വേണമെങ്കില്‍ അല്ലലും അലട്ടലുമില്ലാതെ ഒരു യാത്ര പോകാമായിരുന്നു. ഹോസ്റ്റല്‍ മുറികളില്‍ താമസിക്കാതെ, 15 കിലോ ഭാരം തോളില്‍ തൂക്കി അലയാതെ, അധികം ചിലവ് കുറഞ്ഞ താമസസ്ഥലം തേടി ചുറ്റാതെ.... കൂറേക്കൂടി ആശ്വാസകരമായി.

അഞ്ജലി തോമസ്

ഞാന്‍ തിരഞ്ഞെടുത്തത് തികച്ചും സാഹസിക യാത്രയാണ്. 101 ദിവസങ്ങള്‍ വളരെക്കൂടുതലുമാണ്. അതും തെക്കുകിഴക്കേ ഏഷ്യ. പരിചിതവും അധികം പണം ചെലവില്ലാത്തതുമാണെങ്കിലും ഈ ചൂടത്ത്, വിയര്‍പ്പൊഴുക്കി ഒരു യാത്ര. ആഹാരം പിടിക്കുമോ? വസ്ത്രങ്ങള്‍ ഏതാണു വേണ്ടത്? മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്തു ചെയ്യും? ഹോസ്റ്റലിലെ സൗകര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുമോ? മറ്റൊരാളുമായി ശുചിമുറി പങ്കുവയ്ക്കുന്നത് എങ്ങനെ സഹിക്കും...???  ആശങ്കകള്‍ ഒരുപാടായിരുന്നു.

യാത്രയ്ക്കിടെ എഴുത്ത്? 

കൃത്യമായ ഒരു ജോലിയില്‍നിന്ന് ഞാന്‍ പിരിഞ്ഞിട്ട് പത്തുവര്‍ഷത്തോളമായി. ദൂരദിക്കുകളില്‍ ഇരുന്നാണ് പലപ്പോഴും ജോലി. പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെ ബഹളം നിറഞ്ഞ നഗരങ്ങളില്‍ ഇരുന്ന് കുറച്ചു മണിക്കൂറെങ്കിലും എഴുതാന്‍ പറ്റുമോ എന്നു ചിന്തിക്കാറുണ്ട്..

അവസാനം അതും നടന്നു. ഞാനിപ്പോള്‍ എഴുതുകയാണ്. എന്റെ സ്വപ്നസ്ഥലത്തെ ഒരു നഗരത്തില്‍ ഇരുന്ന്  ആസ്വദിച്ച് എഴുതുകയാണ്.

വെല്ലുവിളിയോ അതെന്താണ്? 

യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി അതുതന്നെ- ഒരു പ്ലാനിങ്ങുമില്ലാത്ത ഒരു യാത്ര. പലര്‍ക്കും തയാറെടുപ്പില്ലാത്ത എന്റെ യാത്രകളെ ഇഷ്ടമില്ല. അവര്‍ക്കൊരു നൂറുകൂട്ടം ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാവും. അനുഭവത്തില്‍നിന്ന് ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. ഒത്തിരിയൊന്നും പ്ലാന്‍ ചെയ്തിട്ടും കാര്യമെന്നുമില്ല. നടക്കില്ല.

തെക്കുകിഴക്കേ ഏഷ്യന്‍ രാജ്യങ്ങള്‍ അത്ര അപകടം പിടിച്ച സ്ഥലങ്ങളല്ല. പക്ഷേ, എനിക്ക് അവിടെ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തെങ്കിലുമൊക്കെ കണ്ടെത്തണം. അതാണെന്റെ ആഗ്രഹം. പ്ലാനോ ചാര്‍്ട്ടോ ഒന്നും വേണ്ട. സംഭവിക്കാനിരിക്കുന്നതൊക്കെ ഓരോന്നായി സംഭവിക്കട്ടെ. എന്തും നേരിടാൻ ഞാന്‍ റെഡിയാണ്.

ഒരു പ്ലാനുമില്ലാതെയാണ് എന്റെ യാത്രയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതെനിക്കറയാം. പക്ഷേ, അതാണു സത്യം. നേരത്തെ കൃത്യമായി ഹോട്ടലുകള്‍ ബുക്കുചെയ്യുക. ടാക്സി അറേഞ്ച് ചെയ്യുക. അതൊന്നും ഞാന്‍ ചെയ്യാറില്ല. എന്നാല്‍ ഒരു പ്ലാനുമില്ല എന്നു പറയുന്നതും തെറ്റാണ്. 

യങ്കൂണിലേക്ക് ഒരു ടിക്കറ്റ് ഞാന്‍ എടുത്തിരുന്നു. എത്തിച്ചേരുന്ന ദിവസം രാത്രി തങ്ങാന്‍ ഹോസ്റ്റലില്‍ ഒരു മുറിയും പറഞ്ഞിരുന്നു. അത് ഒഴിവാക്കിയാൽ മറ്റൊരു പ്ലാനിങ്ങുമില്ല.

വിജയം ആര്‍ക്കൊപ്പം?

എന്റെ പദ്ധതികളെല്ലാം വിജയിച്ചോ എന്നല്ലേ ചോദ്യം. പ്ലാന്‍ ചെയ്തുവച്ച എല്ലാകാര്യങ്ങളും ചെയ്തുതീര്‍ക്കുന്നതാണ് വിജയത്തിന്റെ മാനദണ്ഡം എന്നു ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ വിജയം എന്നത് അപ്രസക്തം. വിജയവും പരാജയവുമെക്കെ ആരെങ്കിലുമൊക്കെ നോക്കട്ടെ. എനിക്കു മാറ്റാന്‍ സാധിക്കാത്ത കാര്യങ്ങള്‍ എന്തും അംഗീകരിക്കാനുള്ള ധൈര്യം അതു മാത്രമാണ് എന്റെ പ്രാര്‍ഥന.

പണം അതൊരു പ്രശ്നമാണ്. യാത്രയില്‍ പണത്തെക്കുറിച്ച് വിചാരിച്ച് അധികം ടെന്‍ഷനടിക്കരുത് എന്നു നേരത്തെ തീരുമാനിച്ചിട്ടുള്ളതുകൊണ്ട് കൂടുതൽ ചിന്തിക്കാറില്ല. പാരമ്പര്യ സ്വത്തിന്റെ അവകാശിയായതുകൊണ്ടല്ല. ഭൗതിക സുഖങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വലിയ പ്രാധാന്യമൊന്നുമില്ലാത്തതുകൊണ്ടാണ്. ബ്രാന്‍ഡഡ് അല്ലാത്ത ഒരു വസ്ത്രം ധരിക്കുന്നത് എനിക്കൊരിക്കലും ഒരു പ്രശ്നമേ അല്ല. ലോക്കല്‍ ആഹാരം കഴിക്കുന്നതും കാര്യമാക്കാറില്ല. ബിസിനസ് ക്ലാസിലെ യാത്രയും ഒരു പ്രശ്നമേ അല്ല. ഒരു ബാഗും തൂക്കി എങ്ങോട്ടില്ലെന്നില്ലാതെ നടക്കാനിറങ്ങുക അതിലാണ് വിശ്വാസം.

തുടക്കം 

ടാക്സിക്കാരനുമായി കശപിശയുണ്ടാക്കി ഞാന്‍ മ്യാന്‍മറില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റല്‍ മുറിയില്‍. കാഴ്ചകൾ തേടി ഇറങ്ങിതിരിക്കാതെ 

മുറിയില്‍ സൗകര്യപ്രദമായി സമാധാനത്തോടെ ഇരിക്കാനാണ് ആഗ്രഹിച്ചത്. എഴുതുക. ദിവസം ഒരു അധ്യായമെങ്കിലും എഴുതി പൂര്‍ത്തിയാക്കുക. 

യാത്രയില്‍ അത്യാവശ്യം വേണ്ടത് ക്ഷമയാണ്. അതാകട്ടെ പ്രായം കൊണ്ട് കിട്ടിയതുമാണ്. പക്ഷേ, അതുതന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആവേശം ഇല്ലാതാക്കുന്നില്ലേ. ഒരുപരിധിവരെ ശരിയാണ്. എങ്കിലും യാത്ര ആസ്വാദിക്കാന്‍ അതൊന്നും ഒരു തടസ്സമേയല്ല.