ഭൂമിയില് സ്വർഗമുണ്ട്, ഇതാ കവാടം
മരണാനന്തരം സ്വർഗത്തിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് മനുഷ്യകുലത്തിൽ പെട്ടവരെല്ലാം. സ്വർഗവും നരഗവുമൊക്കെ അങ്ങ് ദൈവസന്നിധിയിലെവിടെയോ വിശ്വസിക്കുന്നവരുമാണ് കൂടുതൽ. എന്നാൽ സ്വർഗം ഭൂമിയിൽ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന മനുഷ്യർ വളരെ കുറവാണ്. അത്തരത്തിൽ ഭൂമിയിലെ സ്വർഗത്തിലേക്കുള്ള യാത്രക്കുറിപ്പാണിത്. ഈ സ്വർഗത്തിലേക്ക് പോകാൻ ആരും മരിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർഗത്തിലേക്ക് ഒരു വിസിറ്റ് നടത്തി തിരികെ വരാം. സൗന്ദര്യം അഭൗമമായ യാത്രാസുഖവും ആസ്വദിച്ച് മടങ്ങാൻ പറ്റിയൊരിടം.
ചില സ്ഥലങ്ങൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. മറ്റുചില സ്ഥലങ്ങൾ സ്വപ്നത്തെ തോൽപ്പിക്കും സൗന്ദര്യം സമ്മാനിക്കും. അലങ്കാരത്തിന് ഭൂമിയിലെ സ്വർഗമെന്ന് നമ്മൾ പല സ്ഥലങ്ങളെയും വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഭൂമിയിലെ സ്വർഗമേതെന്ന് ചോദിച്ചാൽ ടിയാൻമെൻ എന്ന് അവിടം സന്ദർശിച്ചവർ പറയും. സൗന്ദര്യത്തിലും മഹിമയിലും പേരുകേട്ട ഈ സ്ഥലം ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ സ്ഥലത്ത് നാല് മഹാത്ഭുതങ്ങൾ കൂടിയുണ്ട്. ടിയൻമാൻ മൗണ്ടൻ കേബിൾ വേ, ടോഗ്റ്റിയൻ അവന്യൂ (Tongtian Avenue), ടിയാൻമെൻ ഗുഹ, മൗണ്ടൻ പ്ലേറ്റൗ വിർജിൻ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവയാണത്.
ടിയാൻമെൻ പർവ്വതം
ടിയാൻമെൻ പാർക്കിലെ സന്ദർശനത്തിൽ മുഖ്യഘടകമാണ് മണിക്കൂറുകൾ താണ്ടുന്ന ടിയാൻമെൻ മലമുകളിലെ നടത്തം. ചൈനയിൽ ഈ ഭാഗത്തെ സ്വർഗ കവാട പർവതമെന്നാണ് പറയുന്നത്. പ്രകൃതിദത്തമായ ഒരു അദ്ഭുതമാണ് ഇവിടുത്തെ കാഴ്ച. സത്യത്തിൽ സ്വർഗത്തിലേക്കുള്ള വഴി തന്നെയാണോ ഈ പ്രകൃതിദത്ത ഗുഹയിലേക്ക് തുറന്നിരിക്കുന്നതെന്ന് കാഴ്ചയിൽ തോന്നി പോകും. ഒരു പക്ഷേ സ്വപ്നങ്ങളിൽ മാത്രം വരാനിടയുള്ള സൗന്ദര്യത്തിൽ ചാലിച്ചയിടം. പുരാതന കാലഘട്ടത്തിൽ എപ്പോഴോ ഇവിടുത്തെ പർവ്വതത്തിന്റെ മുകൾ ഭാഗം തകരുകയും ഇത്രയും മനോഹരമായ സ്വർഗ കവാടം സൃഷ്‌ടിക്കപ്പെടുകയുമായിരുന്നു. ചൈനയുടെ സംസ്കാരത്തിൽ തന്നെ ടിയാൻമെൻ പർവതനിരകളെക്കുറിച്ചുള്ള പരാമർശങ്ങൾ സമ്പന്നമാണ്.
സ്വർഗകവാടമുള്ള ഈ പർവതത്തിന്റെ പ്രാന്തപ്രദേശത്താണ് ടിയാൻമെൻ ആരാധനാലയം സ്ഥിതിചെയ്യുന്നത്. ഒരു സുഖയാത്രയ്ക്ക് വരുന്നവരായി മാത്രമല്ല യാത്രികർ ഇവിടേക്കെത്തുന്നത്. ആരോഗ്യത്തിനും ജീവിതസുഖത്തിനും പ്രാർത്ഥിക്കാൻ കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിൽ പർവത മുകളിൽ ഏകദേശം നാലു തവണ 1500 മീറ്റർ ഉയരത്തിൽ നിന്നും വെള്ളച്ചാട്ടമുണ്ടായെന്നും എന്നാൽ 15 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന ഈ വെള്ളച്ചാട്ടം പൊടുന്നനെ അപ്രത്യക്ഷ്യമായെന്നും ഒരു കഥയുണ്ട്. 1949 ൽ (ചൈന റിപ്പബ്ലിക്ക് ഓഫ് ചൈന), 1976 (മാവോ സേതൂങിന്റെ മരണം), 1989 (ബീജിംഗിൽ വിദ്യാർത്ഥികളുടെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും), 1998 (നാടിനെ വിറപ്പിച്ച വെള്ളപ്പൊക്കം) എന്നീ പ്രതിഭാസങ്ങൾ നടന്ന വർഷങ്ങളിലാണ് ഈ വെള്ളച്ചാട്ട പ്രതിഭാസവും ഉണ്ടായതെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ചൈനീസ് ജ്യോതിഷികൾ ഈ പ്രതിഭാസത്തെ തങ്ങളുടെ വിശ്വാസവുമായി അടുത്ത് ബന്ധപ്പെടുത്തിയാണ് നോക്കി കാണുന്നത്. ഈ സംഭവങ്ങളും മലമുകളിലെ അസാധാരണ പ്രതിഭാസവുമായി ജ്യോതിഷപരമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം.
ടിയാൻമെൻ ഗുഹ
പ്രകൃതിദത്തമായി രൂപപ്പെട്ട ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിലനിൽക്കുന്ന ഗുഹകളിൽ ഒന്നാണ് ടിയാൻമെൻ ഗുഹ. മലമുകളിൽ നിന്നും മണ്ണൊലിച്ച് പോയി സ്വന്തമായി രൂപപ്പെട്ടതാണീ ഗുഹയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എഡി 263ൽ പർവതത്തിന്റെ ഒരു വലിയ ഭാഗം തകർന്ന് 131.5 മീറ്റർ ഉയരവും 57 മീറ്റർ വീതിയും 60 മീറ്റർ നീളവുമുള്ള വലിയ ദ്വാരം സൃഷ്ടിക്കപ്പെട്ടു. ഇന്നത് സ്വർഗത്തിന്റെ കവാടം എന്നറിയപ്പെടുന്നു. വെള്ളമേഘങ്ങൾ കൊണ്ടു പൊതിഞ്ഞ ഈ സ്വർഗ കവാടം അക്ഷരാർത്ഥത്തിൽ മനസിന് കുളിർമ പകരുന്ന കാഴ്ചയാണ്.
ഗുഹയിലേക്കെത്താൻ കുത്തനെയും ഇടുങ്ങിയതുമായ 999 പടികളുണ്ട് സ്വർഗ്ഗത്തിലേക്കുള്ള പടികൾ. അത്ര എളുപ്പമല്ല ഈ പടിക്കയറ്റം. ഏതാണ്ട് 30 മിനിറ്റ് കഷ്ടപ്പെട്ട് പടികടന്നെത്തിയാൽ ഗുഹാമുഖത്ത് നിന്നും മനോഹരമായ കാഴ്ചകൾ കാണാം. മാത്രമല്ല, സ്വർഗത്തിലേക്കുള്ള പടികൾ കയറി സ്വർഗകവാടത്തിൽ ചെന്ന് മുട്ടിയെന്ന് അവകാശപ്പെടുകയുമാകാം. ഇവിടുത്തെ പടികളുടെ എണ്ണത്തിലെ 9 എന്ന നമ്പർ യാദൃശ്ചികമല്ല. അതിന് ഇവിടുത്തെ സംസ്കാരവുമായും വിശ്വാസങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്.
അവന്യൂ ലീഡിംഗ് ടു ദി സ്കൈ
ടോഗ്ഷിയൻ അവന്യൂ എന്ന റോഡിലൂടെ ബസ് മാർഗം നിങ്ങൾക്ക് പർവത മുകളിൽ എത്താം. 99 ഹെയർ പിൻ വളവുകളുള്ള ഈ റോഡ് ലോകത്തിലെ ശ്രദ്ധേയമായ പർവ്വത റോഡുകളിൽ ഒന്നാണ്. ഇവിടുത്തെ യാത്രയിലെ ആകർഷണങ്ങളിൽ മുഖ്യഘടകവും ഈ റോഡ് യാത്രയാണ്. 11 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് 1300 മീറ്റർ വരെ ഉയരത്തിൽ ടൂറിസ്റ്റുകളെ കൊണ്ടെത്തിക്കും. ടൂറിസ്റ്റ് ഉപയോഗത്തിന് മാത്രമായി നിർമ്മിച്ച ഈ റോഡ്. ടിയാൻമെൻ ഗുഹയിലേക്കും പർവതത്തിന്റെ ഏറ്റവും മുകളിലേക്കും കൊണ്ടുപോകുന്നു.
20 മിനിറ്റ് കൊണ്ട് ടൂറിസ്റ്റുകളെ ബസ് പർവത മുകളിൽ എത്തിക്കുന്നു. ഇടയ്ക്ക് ബസ് നിർത്തില്ല. മിഡ്‌വേ കേബിൾ കാർ സ്റ്റേഷനിലേക്കാണ് യാത്രക്കാരെ കൊണ്ടു പോകുന്നത്. 99 അതിഭീകരമായ വളവുകളായതിനാൽ തന്നെ അസുഖബാധിതർ ഈ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മലമുകളിലെ തൂക്കുനടപ്പാതയുടെ ഭാഗമാണ് ഗ്ലാസ് സ്കൈ വാക്ക്. 60 മീറ്റർ നീളവും 1.6 മീറ്റർ വീതിയുമുള്ള സ്കൈവാക്ക് യാത്ര എല്ലാവർക്കും ഒരു അനുഭവം തന്നെയായിരിക്കും. ഇവിടുത്തെ കണ്ണാടി തറ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാവരും തുണി കൊണ്ടുള്ള ചെരിപ്പ് ധരിച്ച് മാത്രമേ വാക്ക് വേയിൽ പ്രവേശിക്കാൻ പാടുള്ളൂ. പ്രവേശനസമയത്ത് തുച്ഛമായ തുകയ്ക്ക് ഈ ചെരുപ്പ് വാടകയ്ക്കെടുക്കാൻ കഴിയും. ഇതുധരിച്ച് സ്വർഗീയ വഴിയിലൂടെ സ്കൈവേ വാക്ക് നടത്താം. ഏവർക്കും അത് സാഹസിക യാത്ര എന്നതിലുപരി വിശ്വാസത്തിന്റെ പ്രതീകം കൂടിയാണിത്.
ടിയാൻമെൻ മൗണ്ടൻ കേബിൾവേ
ടിയാൻമെൻ മലയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രാനുഭവം നൽകുന്ന ഒന്നാണ് ടിയാൻമെൻ മൗണ്ടൻ കേബിൾവേ. ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിൾവേയാണ് ടിയാൻമെനിലുള്ളത്.
മലകൾക്കിടയിലൂടെയുള്ള യാത്ര. ചില സ്ഥലങ്ങളിൽ കേബിൾവേ കുത്തനെ ഉയരുന്നു. മേഘങ്ങൾക്കിടയിലേക്ക് കുതിച്ചു കയറുന്നു. കേബിൾവേയിൽ യാത്ര ചെയ്യുമ്പോൾ ചുറ്റും മനോഹരമായ കുന്നുകളും. താഴെ മേഘങ്ങളും വനവും മാത്രം കാണാം. ഇവിടുത്തെ യാത്രയിൽ ഒരിക്കലും നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് ഈ കേബിൾവേ യാത്ര. എത്ര സാഹസികനാണെങ്കിലും ശ്വാസം പിടിച്ചടക്കി മാത്രമേ ഈ യാത്രയിൽ പങ്കെടുക്കാൻ കഴിയൂ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും ഈ യാത്ര.
ടിയാൻമെൻ മൗണ്ടൻ ടെമ്പിൾ
പടിഞ്ഞാറൻ ഹുനാനിലെ ബുദ്ധമത കേന്ദ്രമായി ടാംഗ് രാജവംശക്കാർ പണിതതാണ് ടിയാൻമെൻ മൗണ്ടൻ ടെമ്പിൾ. ഇവിടെയുള്ള പർവത നിരകളിൽ ഒന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നിന്നും തെക്ക്-കിഴക്ക് ഭാഗത്ത് നിന്ന് നോക്കിയാൽ, ചുറ്റുമുള്ള മലകൾ വളരെ ചെറുതാണെന്ന് തോന്നും. ഹുനാൻ പ്രവിശ്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
ടിയാൻമെൻ മലയിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്
ടിയാൻമെൻ മൗണ്ടൻ കേബിൾവേ ഉപയോഗിച്ച് മലയുടെ മുകളിലേക്ക് പോകുക. ഇടയ്ക്കുള്ള സ്റ്റേഷനിൽ ഒരിക്കലും ഇറങ്ങരുത്. മലമുകളിലേക്ക് മുഴുവനും യാത്ര ചെയ്താലേ, ആ യാത്രയുടെ പൂർണമായ ആസ്വാദനം സഫലമാകൂ.
മലമുകളിൽ തന്നെ ഏഴ് കിലോമീറ്ററിലധികം ചുറ്റികറങ്ങാനുണ്ട്. ചിലയിടത്ത് കുത്തനെയുള്ള പാറകളും കയറ്റങ്ങളുമാണ്. ചിലവഴികൾ ഘോരവനാന്തരങ്ങളും. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് ഏത് വഴിയാണ് വേണ്ടതെന്ന് നേരത്തെ തീരുമാനിച്ചാൽ, യാത്ര കുറച്ചു കൂടി ആസൂത്രിതമാകും. കൂടുതൽ സ്ഥലങ്ങൾ കറങ്ങാൻ പറ്റും.
നിങ്ങൾക്ക് അത്രയും നടക്കണമെന്ന് ആഗ്രഹമില്ലെങ്കിൽ വനയാത്രയ്ക്ക് നിങ്ങൾക്ക് കേബിൾ കാർ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളെ ടിയാൻമെൻ ക്ഷേത്രത്തിലേക്ക് നേരിട്ട് കൊണ്ടെത്തിക്കും.
ഗ്ലാസ് സ്കൈവേ, ടിയാന്മെൻ ക്ഷേത്രം, സ്വർഗ കവാടം എന്നിവ ഒരിക്കലും വിട്ടുപോകരുത്.
സ്വർഗ കവാടത്തിൽ നിന്നും താഴേക്ക് പോകാൻ എസ്കലേറ്റർ ഉപയോഗിക്കുക. വൈകുന്നേരം 4 മണിവരെ എസ്കലേറ്റർ പ്രവർത്തിക്കുന്നു. ഇതുപയോഗിച്ചാൽ സമയം കുറച്ച് ലാഭിക്കാൻ കഴിയുമെന്ന കാര്യം കൂടി ഓർക്കുക. 999 പടികൾ ഉള്ള ടിയൻമെൻ ഗുഹയുടെ താഴെയായി ഇറങ്ങുക. ഈ സ്റ്റെപ്പുകൾ കവർ ചെയ്യാൻ ലിഫ്റ്റ് ഉപയോഗിക്കാനും സൗകര്യമുണ്ട്.
ടിയാൻമെൻ മൗണ്ടൻ സൗകര്യങ്ങൾ
കേബിൾവേയുടെ താഴത്തെ സ്റ്റേഷൻ ചെറിയ ഒരു ബൂത്തല്ല, മറിച്ച് ഒരു സ്റ്റോറേജ് റൂം ഉൾപ്പെടെ ടൂറിസ്റ്റുകൾക്കായി വിവിധ സേവനങ്ങൾക്കായി നിർമിച്ചിരിക്കുന്ന വലിയ കെട്ടിടമാണ്. ദിവസം മുഴുവൻ ബാഗും തൂക്കി നടക്കുകയെന്നത് അത്ര സുഖകരമായ കാര്യമല്ല. അതിനാൽ തന്നെ ബാഗുകൾ ഇവിടെ സൂക്ഷിക്കാവുന്നതാണ്. പർവതനിരയുടെ മുകളിൽ ബാത്ത്റൂമിലേക്ക് പോകാനും കുറച്ച് ഭക്ഷണം വാങ്ങാനും നിരവധി പോയിന്റുകൾ ഉണ്ട്. പർവ്വതത്തിൽ അധികം ലക്ഷ്വറി സൗകര്യങ്ങളില്ല. ഭക്ഷണവും വെള്ളവും കൂടെ കരുതുന്നവരാണ് കൂടുതലും.
സന്ദർശിക്കാൻ മികച്ച സമയം
ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ടിയൻമെൻ പർവ്വതത്തിലേക്ക് യാത്ര ചെയ്യാൻ മികച്ച സമയം. ഈ സമയത്ത് ചൂട് വളരെ കുറവാണ്. തണുപ്പ് അത്ര കൂടുതലുമല്ല. മലനിരകളിലെ മഞ്ഞുകാണുന്നതും, മഞ്ഞിന്റെ ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർക്കും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഉചിതം. എന്നാൽ തണുപ്പ് നേരിടാനുള്ള വസ്ത്രങ്ങൾ കരുതണമെന്ന് മാത്രം.
ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്നും വിമാനം അല്ലെങ്കിൽ ട്രയിൻ മാർഗം യാത്ര തുടങ്ങാനുള്ള ഷ്വാങ്ജിയാജി നഗരത്തിലേക്കെത്താം.