പ്രതീക്ഷയുടെയും മരണത്തിന്റെയും മുനമ്പിൽ...
ടേബിൾ മൗണ്ടൻ കണ്ടതിന്റെ അടുത്ത ദിവസം രാവിലെ ഞങ്ങൾ ഒരു നീണ്ട യാത്രയ്‌ക്കൊരുങ്ങി. ജ്യോതിഷിന്റെ കഥകൾ കേട്ടും പാട്ടുപാടിയും പുറത്തെ കണ്ണെത്താദൂരം വിജനമായ സ്ഥലങ്ങൾ കണ്ടും മലകളും താഴ്‌വരകളും സ്വർണഖനികളുടെ അവശിഷ്ടങ്ങളും താണ്ടി പ്രശസ്തമായ കേപ്പ് ഓഫ് ഗുഡ്ഹോപ്പിലേക്ക്. വഴിയിൽ കഴിഞ്ഞ ദിവസം കണ്ട വലിയ മലയുടെ മുകളിലേക്ക് ഒരു സമുദ്രത്തിൽ തിരമാലകൾ ആർത്തിരമ്പി വന്നു കരയെ മറയ്ക്കുന്നത് പോലെ വെളുത്ത മേഘങ്ങൾ പതിയെ മലയ്ക്ക് മുകളിലേയ്ക്ക് കയറി പിന്നെ മലയ്ക്ക് താഴേയ്ക്കിറങ്ങി വരുന്നത് കണ്ടു.
ഇത്ര മനോഹരമായ ഒരു കാഴ്ച ഇതിനു മുൻപ് കണ്ടിട്ടില്ല. കാര്‍ സൈഡാക്കി ആ കാഴ്ച കുറേനേരം കണ്ടുനിന്നു. ഒരു മലനിര അപ്പാടെ മഞ്ഞുവിരിക്കുന്നു. കണ്ണെത്താദൂരം വിശാലമായ പച്ചപ്പും കുന്നുകളും. ഇടയ്ക്കു കടന്നുപോകുന്ന വാഹനങ്ങള്‍ ഒഴിച്ചാല്‍ തീര്‍ത്തും വിജനം. ഭൂമിയില്‍ ഇത്രയും സ്ഥലങ്ങള്‍ വെറുതെ കിടക്കുന്നല്ലോ എന്നായിരുന്നു ചിന്ത. സൌത്ത് ആഫ്രിക്കയില്‍ ഏതാണ്ട് എല്ലായിടവും ഇങ്ങനെ പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്.
പോകുന്ന വഴിയിൽ ആദ്യമിറങ്ങിയത് സൈമൺസ് ടൗണിലാണ്. സൗത്ത് ആഫ്രിക്കയുടെ നേവൽ ബേസ് ഇവിടെയാണ്. കേപ്പ് കോളനിയുടെ പണ്ടത്തെ ഗവർണറായിരുന്ന സൈമൺ വാൻഡർ സ്റ്റെൽന്റെ ഓർമയ്ക്കായാണ് ഈ തെരുവിന് സൈമൺസ് ടൗൺ എന്ന പേര് നൽകുന്നത്. ഒരു വിക്ടോറിയൻ കാലത്തേ ഏതോ ഇംഗ്ലീഷ് തെരുവിൽ ഇറങ്ങിയ അനുഭവം, അതും ഏതൊക്കെയോ സിനിമകളിൽ കണ്ടു കൊതിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ.
ഇപ്പോഴും ആ തെരുവ് അതിന്റെ പഴമ കെട്ടിടത്തിന്റെ ആകൃതിയിൽ വരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി ഞങ്ങൾ തെരുവിലെ കടകളിൽ കയറിയിറങ്ങി. റോഡിൽ നിന്ന് അധികം പൊക്കമില്ലാത്തതിനാൽ കടയ്ക്കുള്ളിൽ കയറാനൊന്നും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ചെറിയ കഫെയില്‍ പോലും വീല്‍ചെയറിന്റെ എംബ്ലം. തെരുവിന്റെ ഒരറ്റത്ത് ഒരു ആർട്ടിസ്റ്റ് ഇരുന്ന് ചിത്രങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും വര നിർത്തി അയാൾ കൈകൾ കൂപ്പി നമസ്കാരം പറഞ്ഞു. ആദ്യമായായിരുന്നു ഒരു ആഫ്രിക്കൻ മനുഷ്യൻ ഞങ്ങളെ കണ്ടു അത്തരത്തിൽ നമസ്കാരം പറയുന്നത്, കലാകാരന്മാരുടെ ഒരു പ്രത്യേകത അതാവാമെന്നു തോന്നി. അവർക്ക് അതിർത്തികൾ ഇല്ലല്ലോ.
സൈമോന്സ് ടൗണിന്റെ അടുത്ത് തന്നെയാണ് ബോള്‍ഡേഴ്സ് പെന്‍ഗ്വിന്‍ കോളനി. ബൗൾഡേഴ്സ് ബീച്ചും ടേബിൾ മൗണ്ടൻ നാഷനൽ പാർക്കിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കന്‍ തീരമേഖലയില്‍ മാത്രം കാണപ്പെടുന്ന ഒരിനം വലുപ്പം കുറഞ്ഞ ആഫ്രിക്കന്‍ പെന്‍ഗ്വിനുകളാണ് ഇവിടെയുള്ളത്. ഈ പെൻഗ്വിനുകൾ വംശനാശത്തിന്റെ ഭീഷണിയിലായതിനാല്‍ പെൻഗ്വിന് കേപ്പ് നേച്ചർ കൺസർവേഷൻ സംരക്ഷണത്തിലാണ്.
വീൽ ചെയർ ഉരുട്ടി കാഴ്ചകൾ കാണാൻ തക്ക വിധമുള്ള തടി കൊണ്ട് നിർമ്മിച്ച പാനലിങ് ആണ് നിലം എന്നതുകൊണ്ട് യാത്രയ്ക്ക് തടസ്സമുണ്ടായില്ല. കാടിന്റെ ഇടയിലൂടെയാണ് ഈ പാത എന്നതുകൊണ്ട് മരങ്ങൾക്കിടയിൽ വെളുത്ത മണലിൽ സൂക്ഷിച്ചു നോക്കിയാൽ ചില പ്രത്യേകയിനം പെൻഗ്വിനുകളെയും അപൂർവ്വമായ ജീവികളെയും കാണാം. മൂവായിരത്തിൽ പരം പെൻഗ്വിനുകൾ ഇവിടെയുണ്ട്. അവ വലിപ്പത്തിലും ആകൃതിയിലും ഒക്കെ വ്യത്യാസങ്ങളുള്ളവയുമാണ്. അടുത്തുചെന്നാല്‍ ഉപദ്രവിച്ചേക്കും എന്ന് ആരോ പറയുന്നത് കേട്ടു. ഏതായാലും പൊക്കമുള്ള ബാരിക്കേഡ് കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ പേടിക്കാനില്ല.
കേപ്പ് പോയിന്റിലേക്കുള്ള വഴിയിൽ ഇത്തരം നിരവധി ചെറിയ ഡെസ്റ്റിനേഷനുകളുണ്ട്. ഒട്ടകപ്പക്ഷിയുടെ സംരക്ഷിത ഫാമുകളും വൈന്‍ യാര്‍ഡുകളും ഈ വഴിയിൽ നിരവധിയുണ്ട്. ഏതാണ്ടൊരു ഉച്ചയോടു കൂടി ഞങ്ങൾ കേപ്പ് പോയിന്റിൽ എത്തി. അങ്ങ് കണ്ണിനു കാണാവുന്നതിലും ഉയരത്തിൽ ഒരു ലൈറ്റ് ഹൌസ്, അതിന്റെയും അപ്പുറം കടലാണ്. രണ്ടു കടലുകളുടെ സംഗമ സ്ഥാനമാണ് അത്, ഇരുണ്ട നിറത്തിലുള്ള അറ്റ്ലാന്റിക് കടലും നീലിമയുടെ ഭംഗിയുള്ള ഇന്ത്യൻ മഹാ സമുദ്രവും ഒരേ പോയിന്റിൽ വച്ച് അവിടെ കൂട്ടിമുട്ടുന്നു. താഴെ നിന്ന് ട്രാമിലാണ് സന്ദർശകരെ മുകളിൽ എത്തിക്കുക. ഇരുപതു പേർക്കോളം ഒരു തവണ ട്രാമിൽ കയറാം, വീൽ ചെയർ ഫ്രണ്ട്ലി ആയതിനാൽ കയറാൻ ബുദ്ധിമുട്ടുണ്ടായില്ല.
മുകളിൽ കയറി കഴിഞ്ഞപ്പോഴാണ് അവിടെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല, വീശിയടിച്ചാൽ മനുഷ്യർ പോലും പറന്നു പോകുന്ന തരത്തിലുള്ള കാറ്റാണ്. ഏറ്റവും ഉയരമുള്ള കേപ്പ് പോയിന്റിലേയ്ക്ക് നടന്നു കയറാൻ നല്ല ബുദ്ധിമുട്ടാണ്, അതിശക്തമായ കാറ്റിൽ മനുഷ്യർ ആടി ഉലഞ്ഞു പോവും. അസഹനീയമായ തണുപ്പും. വീഴാതെയിരിക്കണമെങ്കിൽ വക്കിലുള്ള കമ്പിയിൽ മുറുകെ പിടിച്ചിരിക്കണം. വീൽ ചെയർ കയറാൻ പറ്റുന്ന ഉയരത്തിൽ വരെ ഞാൻ കയറി, അടുത്ത് നിന്ന് ലൈറ്റ് ഹൌസ് കണ്ടു. ഒരുപാട് ദുര്മരങ്ങളും അപകടങ്ങളും കപ്പൽ ഛേദവും ഒക്കെ നടന്ന ഇടമാണത്രെ കേപ്പ് ഓഫ് ഗുഡ് ഹോപ്. ആത്മാക്കളുടെ സഞ്ചാരവും അനുഭവപ്പെട്ടിട്ടുണ്ടെന്ന് അവിടെ കുറിച്ച് വച്ചിട്ടുണ്ട്.
പക്ഷേ എത്ര മോശമായ അനുഭവത്തിന്റെയും ഒടുവിൽ ഒരു പ്രതീക്ഷയുണ്ടല്ലോ , ആ പ്രതീക്ഷയെയാണ് ആ മുനമ്പ് പ്രതിനിധാനം ചെയ്യുന്നത്. പ്രതീക്ഷയുടെയും മരണത്തിന്റെ മുനമ്പ് ഒന്ന് തന്നെയാണിവിടെ. 1488-ൽ പോർച്ചുഗീസ് നാവികനായ ബർത്തലോമിയോ ഡയസ് കൊടുങ്കാറ്റിന്റെ മുനമ്പ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുള്‍പ്പെടെ കിഴക്കന്‍ രാജ്യങ്ങളിലേക്ക് എത്തിച്ചേരാൻ ഈ കടൽപാത വഴി സാധിക്കുമെന്ന ശുഭപ്രതീക്ഷകൊണ്ട് മറ്റൊരു പോർച്ചുഗീസ് നാവികനായ ജോൺ രണ്ടാമൻ ആണ് ഇതിനെ പ്രതീക്ഷാ മുനമ്പ് അഥവാ "Cape of Good Hope" എന്ന് വിളിച്ചത്. ആഫ്രിക്കയുടെ തന്നെ അറ്റത്തുള്ള ഈ മുനമ്പ് ഇന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്.
മുനമ്പിന്റെ ഓർമയ്ക്കായി കടൽ തീരത്തു നിന്നും രണ്ടു കല്ലുകൾ കിഷോറേട്ടനും നീതയും കയ്യിലെടുത്തിരുന്നു. തിരികെയുള്ള വഴിയിൽ മഞ്ഞു പുതച്ചത് പോലെ നീണ്ടു കിടന്ന സൗത്ത് ആഫ്രിക്കയുടെ ദേശീയ പുഷ്പ്പമായ പ്രോട്ടിയയുടെ അടുത്ത് കാർ നിർത്തി ഞങ്ങൾ ചിത്രങ്ങളെടുത്തു. നെല്‍സണ്‍ മണ്ടേലയുടെ കാരാഗ്രഹവാസത്തിനാല്‍ പ്രശസ്തമായ, കറുത്തവന്റെ സ്വാതന്ത്ര്യദാഹത്തെ അടച്ചിട്ട റോബിന്‍ ഐലന്‍ഡ് എന്ന ദ്വീപ് ഒരു പ്രധാന ആകര്‍ഷണമായിരുന്നെങ്കിലും മൂന്ന് ദിവസവും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.
പകരം തിരികെ വരുന്ന വഴിയിൽ ഒരു ബീച്ചില്‍ ഇറങ്ങി. വൃത്തിയുള്ള അടിത്തട്ടിലെ മണൽ വരെ കാണാവുന്ന കടൽ ജലം. കേപ്പിലെ പോലെ തന്നെ തണുത്ത കാറ്റ് അതി ശക്തിയായി വീശിയടിക്കുന്നു. സാധാരണയിലും ഉള്ള താപനിലയെ ഈ കാറ്റ് വീണ്ടും കുറച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കൂടിയേ കഴിയൂ. പ്രത്യേകിച്ച് ഒരു യൂറോപ്പിയൻ കാലാവസ്ഥ ആയതിനാൽ കേപ്പിലെ തണുപ്പിൽ ഇത്തരം വസ്ത്രങ്ങളില്ലാതെ ഇറങ്ങുന്നത് പോലും അപകടമാണ്. ശക്തമായ തണുത്ത കാറ്റും, താഴ്ന്ന താപനിലയും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പാടെ തകർത്തു കളയും. ബീച്ചിൽ നിരവധി യൂറോപ്പിയൻസ് ഗ്ലൈഡിങ് നടത്തുന്നുണ്ടായിരുന്നു. വർഷങ്ങളായുള്ള ഗ്ലൈഡിങ് മോഹം അവരുടെ വലിയ ചിറകുള്ള ഗ്ലൈഡർ കണ്ടപ്പോൾ വീണ്ടും മനസ്സിലേയ്ക്ക് കയറി വന്നു. എന്നെങ്കിലും അതും നടക്കുമായിരിക്കും!
സൗത്ത് ആഫ്രിക്കയിലെ മറ്റു പല നഗരങ്ങളിൽ നിന്നും ഏറെ വ്യത്യാസമാണ് കേപ്പ് ടൌൺ. യൂറോപ്പിന്റെ സംസ്കാരചരിത്രം ഇപ്പോഴും അവിടെ അവശേഷിക്കുന്നു. ആഫ്രിക്കക്കാരായ ഗോത്ര വിഭാഗങ്ങളെക്കാൾ കൂടുതൽ യൂറോപ്പിയൻസ് തന്നെയാണ് കേപ്പിൽ അധികവും. അതുകൊണ്ടു തന്നെ സൗകര്യങ്ങളും കാഴ്ചയ്ക്കും ഈ നഗരത്തിനു ഏറെ അടുപ്പം യൂറോപ്പിയൻ രാജ്യങ്ങളുമായി തന്നെ. ഒരുപക്ഷെ സൗത്ത് ആഫ്രിക്കയുടെ ഭാഗമാണ് കേപ്പ് ടൌൺ എന്നതുപോലും അമ്പരപ്പിച്ചേക്കാം. ചില്ലറ ഷോപ്പിങ്ങോക്കെ കഴിഞ്ഞു റൂമിലെത്തിയപ്പോള്‍ എല്ലാവര്ക്കും നല്ല ക്ഷീണം. രാവിലെ ആറുമണിയുടെ ഫ്‌ളൈറ്റിൽ ജൊഹാനസ്ബർഗിലെത്തി അവിടെ നിന്നും എട്ടുമണിക്ക് ദുബായിലേക്ക് പുറപ്പെടുന്ന ഫ്‌ളൈറ്റ് പിടിക്കേണ്ടതാണ്.
ചെക്കൌട്ടും ചെക്കിന്നും എല്ലാം കൂടെ കഷ്ടി ഒരുമണിക്കൂര്‍. അൽപം പരിഭ്രമിച്ചെങ്കിലും ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ സഹായത്തിനെത്തി. എല്ലാത്തിനും ഒപ്പമുണ്ടായിരുന്ന ജ്യോതിഷിനോട് വിട പറയാന്‍ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. ഒരു സ്നേഹാലിംഗനത്തില്‍ എല്ലാം ഒതുക്കി വീര്‍പ്പുമുട്ടലിന്റെ മുഖം കൊടുക്കാതെ വേഗം അകത്തേക്ക് കയറി. കണ്ണടച്ചു തുറക്കുന്നപോലെ രണ്ടാഴ്ച ആതിഥ്യം തന്ന ആഫ്രിക്കയോടും ലേശം നൊമ്പരത്തോടെ വിട... കുറേനേരത്തേക്ക് എല്ലാവരും നിശബ്ദരായിരുന്നു.
ആഫ്രിക്കയിലേക്കുള്ള ഫ്‌ളൈറ്റുകൾ പ്രധാനമായും ദുബായ് വഴിയാണ്. അതിനാൽ സമയമനുവദിക്കുന്നവർക്ക് ദുബായ് ട്രാൻസിറ്റ് വിസ എടുത്താൽ കുറച്ചു ദിവസം ദുബായ് ഇറങ്ങി ഒന്ന് കറങ്ങിയടിച്ചിട്ട് തിരികെ നാട്ടിലേയ്ക്ക് മടങ്ങാം. ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. ട്രാൻസിറ്റ് കിട്ടിയ മൂന്നു നാല് ദിവസം കൊണ്ട് ദുബായ് ഒന്ന് ഓടിക്കണ്ടു. ശരിക്കും വേറൊരു ലോകം. ആകെ തിരക്കും ബഹളവും. കേരളത്തിലാണോ എന്ന തോന്നലായിരുന്നു, അത്രമാത്രം പരിചയക്കാരെയും കണ്ടു. ഷാർജ ബുക്ക് ഫെസ്റ്റിവൽ നടക്കുന്ന സമയമായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ആതിഥേയ ആയിരുന്ന നിഷാ മാത്യുവിനൊപ്പം ലോകത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ ബുക് ഫെസ്റിവലിലും പങ്കെടുത്തു.
രണ്ടാഴ്ച നീണ്ട ആ യാത്രയ്‌ക്കൊടുവിൽ തിരികെ കൊച്ചിയിൽ വിമാനമിറങ്ങുമ്പോൾ പുറകിലേക്ക് നോക്കാൻ മടിച്ചു. ഒരുറപ്പുമില്ലാതിരുന്ന യാത്രയുടെ, ഏറ്റവും ആവേശകരമായിരുന്ന കഴിഞ്ഞ കുറെ ദിവസങ്ങളുടെ ഓർമ്മകളുണ്ട് അവിടെ പിന്നിലെ വഴിയിൽ. കാഴ്ചകളും സംസ്കാരങ്ങളുടെ അനുഭവങ്ങളുമുണ്ട്, എല്ലാം ഇനി വീട്ടിൽ ചെന്നശേഷം ഒന്നുകൂടി ഓർമ്മിക്കണം, എഴുതി വയ്ക്കണം എന്ന് അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതിന്റെയൊക്കെ രസം അല്പമെങ്കിലും നിങ്ങള്‍ക്കും ലഭിച്ചെങ്കില്‍ ഏറെ സന്തോഷം, നന്ദി.