ദുബായ് ∙ റമസാൻ അവധി ആഘോഷിക്കാൻ മലയാളികൾ ഉൾപ്പടെ പതിനായിരങ്ങൾ ഹത്തയിലേക്ക് ഒഴുകുന്നു. യുഎഇയ്ക്കു കാവലായി തലയുയർത്തി നിൽക്കുന്ന ഹജ്ജർ മലനിരകളും അതിന്റെ മടിത്തട്ടിലെ ഹത്ത അണക്കെട്ടും നീലജലാശയവും പൈതൃക ഗ്രാമവും നിരീക്ഷണ കോട്ടയുമെല്ലാം കാഴ്ചകളുടെ കലവറയാണ്. വിസ്മയങ്ങളുടെ ഭൂതകാലവും നല്ല കാഴ്ചകളുടെ വർത്തമാനവും ഹത്ത ഒരുപോലെ സമ്മാനിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പർവതനിരകളിലേക്കു നടന്നു കയറാം, മലകയറും ബൈക്കുകളിൽ പായാം.

ജലാശയത്തിന്റെ കുളിർമ കണ്ണിൽ നിറയ്ക്കേണ്ടവർക്ക് ഹത്ത കയാക്കിങിൽ പോകാം. അവിടെ കൈക്കുമ്പിളിൽ ജലം കോരിയും പെഡൽ ബോട്ടിൽ ചവിട്ടിയും അലസമായി നീങ്ങാം. ചരിത്രാന്വേഷികൾക്ക് 3000 വർഷത്തെ പഴമയിലേക്ക് കൈപിടിക്കുന്ന മ്യൂസിയവും ഗ്രാമവും കാണാം. ഗ്രാമത്തിലെ പരമ്പരാഗത കുടിവെള്ള സംവിധാനവും (ഫലജ്) ചരിത്രമുറങ്ങുന്ന മുസ്‍ലിം ദേവാലയവും കണ്ട് കൗതുകം കൂറാം. മലനിരകളുടെ ഗരിമയും കണ്ണിന് കുളിർ പകരുന്ന പച്ചപ്പുമാണ് ഹത്തയുടെ പ്രത്യേകത. ഇവിടെയുള്ള മിക്ക മരങ്ങളിലും കിളിക്കൂടുകൾ കാണാം. പക്ഷിജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും വൈവിധ്യം ഹത്തയുടെ മറ്റൊരു പ്രത്യേകതയാണ്.

ഹത്ത

ദുബായ് നഗരത്തിന് തെക്ക് കിഴക്ക് 125 കി.മി അകലെയാണ് ഹത്ത. എസ്112 പിടിച്ച് മലീഹ റോഡ് വഴി ഇ-102 ലൂടെ പോയാൽ ഒന്നര മണിക്കൂർ കൊണ്ട് ഹത്തയിലെത്താം. അപ്പുറം ഒമാനാണ്. 140 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഹത്ത. വെറും പതിനയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശം. ഹത്ത അണക്കെട്ടിന്റെ ഒരുരുകിൽ പ്രകൃതിദത്തമായ തടാകമാണിത്. ഇവിടെ കയാക്കിങിനും പെഡൽ ബോട്ടിങിനുമെല്ലാം സൗകര്യമുണ്ട്. മലനിരകളുടെ ഇടയിൽ ശരിക്കും നീലിമയാർന്ന ജലാശയം. ഓൺലൈൻ വഴി പെഡൽ ബോട്ടുകളും മറ്റും ബുക്കു ചെയ്യാം.

ഹത്ത മലകയറ്റം

ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹത്ത മൌണ്ടൻ ബൈക്ക് ട്രെയിൽ സെന്ററിനാണ് ഇതിന്റെ ചുമതല. ട്രക്കിങും മറ്റും നടത്താൻ സൗകര്യമുണ്ട്. ബൈക്കിങും നടത്താം. അതിനു മുൻപ് സെന്ററിൽ വിളിച്ച് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം മിക്കപ്പോഴും മൽസര ബൈക്കിങും മറ്റും നടക്കുന്നതിനാൽ നിരാശയോടെ മടങ്ങേണ്ടിവരും. mkkaabi@dm.gov.ae എന്ന വിലാസത്തിലോ 48521374 എന്ന നമ്പറിലോ അന്വേഷണം നടത്താം. 

പൈതൃക ഗ്രാമം

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നാഗരീകത കണ്ടെത്തിയ സ്ഥലമാണ് ഹത്ത. ഇവിടെ നിന്ന് മൺപാത്രങ്ങളും പുരാതന ഉപകരണങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള കൽവീടുകളും കോട്ടയുടെ അവശിഷ്ടങ്ങളും നിരീക്ഷണഗോപുരങ്ങളും എല്ലാം കാണാം. കന്നുകാലികളെ വളർത്തി ജീവിക്കുന്നവരും അവരുടെ കൃഷിയിടങ്ങളുമെല്ലാം പച്ചമണ്ണിന്റെ ജൈവികതയിലേക്കു നമ്മെ കൊണ്ടുപോകും.

മ്യൂറൽ ചിത്രം

ഹത്ത കയാക്കിങിലേക്കു പോകും വഴി അണക്കെട്ടിലെ മ്യൂറൽ ചിത്രം ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, മുൻ ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങളാണത്. ദുബായ് സ്ട്രീറ്റ് മ്യൂസിയം പദ്ധതിയുടെ ഭാഗമായി ചെയ്തതാണിത്.

കരുതാം ഇവ

പാസ്പോർട്, ഐഡി കാർഡ് എന്നിവ കരുതാം. ഒമാനിലേക്ക് കടയ്ക്കണമെങ്കിൽ വീസയ്ക്കും ഇത് ആവശ്യമാണ്. ഹത്ത കയാക്കിങിനു പോകുമ്പോൾ ജലവിതരണ സ്ഥലമുണ്ടെങ്കിലും കയ്യിൽ വെള്ളം കരുതുന്നത് നല്ലതാണ്. ചൂടു കാലയമായതിനാൽ നിർജലീകരണം സംഭവിക്കാം. ഗ്രാമത്തിന് സമീപം കടകളിൽ ചായയും സമോസയും മറ്റും കിട്ടും. മെഡിക്കൽ സ്റ്റോറുമുണ്ട്. ത്രീസ്റ്റാർ, ഫൈസ്റ്റാർ താമസസൗകര്യവുമുണ്ട്. 188 മുതൽ 250 ദിർഹം വരെയാണ് നിരക്ക്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT