മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന രശ്മി സോമനെ മറക്കാൻ മലയാളി പ്രേക്ഷകർക്കാവില്ല. മലയാളത്തനിമ നിറഞ്ഞ രശ്മിയുെട ശാലീന സൗന്ദര്യം തന്നെയാണ് അതിനു കാരണം. മികച്ച സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരം നീണ്ട ഇടവേളക്കു ശേഷം വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. വിശേഷങ്ങൾ ഏറെയുണ്ട് രശ്മിക്ക് പ്രേക്ഷകരുമായി പങ്കുവയ്ക്കാന്‍. വിവാഹ ശേഷം ഭർത്താവുമായി ദുബായിലാണ് രശ്മി.

സിനിമ, സീരിയൽ രംഗത്തു നിന്നും മാറി നിൽക്കുന്ന സമയത്തും പ്രേക്ഷകരുടെ ഇടയിലേക്ക് തന്റെ യൂട്യൂബ് ചാനലിലൂടെ താരം എത്തിയിരുന്നു. റെയ്സ് വേൾഡ് ഒാഫ് കളേഴ്സ് എന്ന യൂട്യൂബ് ചാനലിൽ ദുബായ് കാഴ്ചകളും ജീവിതരീതിയുമൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യാത്രകളെ ഒരുപാട് പ്രണയിക്കുന്നയാളാണ് രശ്മി. കാഴ്ചകൾ ആസ്വദിക്കുവാനും ഇഷ്ടമാണ്. പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് രശ്മി സോമന്‍ മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

ഇരുട്ട് വീണാൽ സുന്ദരിയാവും ഇൗഫൽ

"യാത്രപോവുകയെന്നത് എന്നെ പോലെ തന്നെ എന്റെ ഭർത്താവിനും വളരെ ഇഷ്ടമാണ്. ഞങ്ങൾ രണ്ടുപേരും തിരക്കുകളൊക്കെയും മാറ്റിവച്ചിട്ട് ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. യാത്രകൾ നൽകുന്ന ഓരോ അനുഭവങ്ങളും കാഴ്ചകളുമൊക്കെ ഒരിക്കലും മറക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം യാത്രയെന്നത് നിറം മങ്ങാത്ത കാഴ്ചകളാണ്.

യാത്രയിലൂടെ ഓരോ സ്ഥലത്തെയും കാഴ്ചകൾ, സംസ്കാരം, ജീവിതരീതി, ഭാഷ, അന്നാട്ടിലെ വിഭവങ്ങള്‍ എന്നുവേണ്ട സകലതും അറിയുവാനും പഠിക്കുവാനും സാധിക്കും. (സ്വിറ്റ്സർലൻഡ്, പാരീസ്, മോസ്കോ, പ്രാഗ്, ബുഡാപെസ്റ്റ്, വിയെന്ന, ബ്രാറ്റിസ്‍‍‍‌‌ലാവാ, ഫിൻലാൻഡ്, റഷ്യ, സിങ്കപൂർ, മലേഷ്യ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. ഞങ്ങളുടെ ആദ്യയാത്ര പാരീസ്-സ്വിറ്റ്സർലൻഡ് ട്രിപ്പായിരുന്നു."

"പാരീസിൽ എന്നെ ഏറെ ആകർഷിച്ചത് ഇൗഫൽ ടവർ ആയിരുന്നു. ഇരുട്ട് വീണാൽ ഇൗഫൽ പതിന്മടങ്ങു സുന്ദരിയാവും. പ്രണയത്തിന്റെ നഗരമാണ് പാരിസ് എന്ന് ആർക്കും തോന്നിപോകും, അവിടുത്തെ ഒാരോ കാഴ്ചകൾക്കും പ്രണയത്തിന്റെ മുഖമാണ്. ഇൗഫൽ ടവറിന്റെ ഉയരങ്ങളിലേക്ക് പോകാനുള്ള സൗകര്യമുണ്ട്. പണ്ടുമുതലേ ഉയരങ്ങളിലേക്ക് കയറുന്നതും ഇറങ്ങുന്നതും എനിക്ക് പേടിയാണ്. എന്നിരുന്നാലും ഇൗഫൽ ടവറിന്റെ ഉയരങ്ങളിലേക്ക് കയറാൻ ഒരു കൈ ഞാനും നോക്കി.

കയറിയപ്പോള്‍ അത്ര പേടി തോന്നിയില്ലെങ്കിലും ഇറക്കമായിരുന്നു എന്നെ ബുദ്ധിമുട്ടിച്ചത്. വല്ലാതെ ഭയന്നുപോയി. കൊച്ചുകുട്ടികൾ പിച്ചവെച്ചു നടക്കുന്നപോലെ പേടിച്ചാണ് ഒരുവിധം താഴെയിറങ്ങിയത്. അന്നത്തെ ആ പേടിയും ടെൻഷനുമൊക്കെ ഇന്നും ഞാൻ ഒാർക്കുന്നു. പാരീസിൽ നിന്നും ഞങ്ങള്‍ സ്വിറ്റ്സർലൻഡിലേക്കാണ് പോയത്. ബസ്സിലായിരുന്നു യാത്ര. വാക്കുകളിൽ വർണിക്കാനാവില്ല സ്വിറ്റ്സർലൻഡിനെ. എന്തൊരു മനോഹാരിതയാണ് അവിടുത്തെ ഒാരോ കാഴ്ചകൾക്കും. ടിറ്റലിസിലെ റോപ്‍‍‍വേ യാത്രയും മഞ്ഞുനിറഞ്ഞ കാഴ്ചകളുമൊക്കെ എന്നെ അദ്ഭുതപ്പെടുത്തിയെന്നു തന്നെ പറയാം." രശ്മി സോമന്‍ പറയുന്നു.

സ്വപ്ന നഗരം പോലെ

"അടുത്ത യാത്ര പ്രാഗ്, ബുഡാപെസ്റ്റ്, വിയെന്ന, ബ്രാറ്റിസ്‍‍‍‌‌ലാവാ എന്നിവിടങ്ങളിലേക്കായിരുന്നു. സത്യത്തിൽ വിസ്മയിപ്പിച്ച യാത്രയായിരുന്നു. യാത്രയ്ക്ക് തയാറാകുന്നതിനു മുമ്പ് തന്നെ ഗൂഗിളിന്റെ സഹായത്തോടെ ഇൗ സ്ഥലങ്ങളെപ്പറ്റി കൂടുതൽ അറിഞ്ഞിരുന്നു. അവിടെ എത്തിയാൽ എവിടെയൊക്കെ യാത്ര ചെയ്യണം, യാത്രയ്ക്കായുള്ള സൗകര്യങ്ങൾ, താമസം എന്നുവേണ്ട സകലതും മനസ്സിലാക്കിയിരുന്നു.

അവിടെ എത്തി ഗൈഡുകളുടെ സഹായം കിട്ടിയതോടെ ഒാരോ സ്ഥങ്ങളെക്കുറിച്ചും അവർ പറഞ്ഞുതരുന്ന കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും ഞങ്ങൾക്കു സാധിച്ചു. ഏറെ ആകർഷിച്ചത് പ്രാഗിന്റ മനോഹാരിതയായിരുന്നു. ഭൂതകാലത്തിന്റെ പൊലിമ പേറുന്ന വാസ്തു ശിൽപശൈലിയിൽ തീർത്ത നിരവധി കെട്ടിടങ്ങളുമൊക്കെ നിറഞ്ഞ പ്രാഗ്, ശരിക്കും ഞാൻ സ്വപ്നനഗരത്തിൽ എത്തിച്ചേർന്ന പോലെയായിരുന്നു. മരക്കുടിലുകളും കോട്ടകൊത്തളങ്ങളും മഞ്ഞു മൂടുമ്പോൾ മുത്തശ്ശിക്കഥകളിലെ മനോഹരമായ ഭാവനകൾ പോലെയാകും പ്രാഗ്. ബ്രാറ്റിസ്‍‍‍‌‌ലാവാ,വിയെന്ന കാഴ്ചകളും രസകരമായിരുന്നു."

ധാരാളം സുന്ദര കാഴ്ചകൾ ഒരുക്കിവെച്ചിരിക്കുന്നു റഷ്യയിലെ യാത്രയും കാഴ്ചകളും എനിക്കേറെ ഇഷ്ടമായി. തിളങ്ങുന്ന കൊട്ടാരങ്ങളും വലിയ മതിലുകളുള്ള കോട്ടകളും പുരാതന ദേവാലയങ്ങളുമൊക്കെയാണ് റഷ്യയിലെ പ്രധാന കാഴ്ചകൾ. മോസ്കോ നഗരവും സെന്റ്. പീറ്റേഴ്‌സ് ബർഗും സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ആ നാടിന്റെ നിധി എന്നറിയപ്പെടുന്ന രണ്ടു പ്രധാന നഗരങ്ങളാണ്. ആ യാത്രയും എനിക്ക് മറക്കാനാവില്ല.

ലോകത്ത് ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്ന രാജ്യം

ലോകം മുഴുവൻ ആരാധിക്കുന്ന സാന്താ ക്ലോസിന്റെ നാടാണ് ഫിൻലാൻഡ്. തണുപ്പും മഞ്ഞും ആവോളം ആസ്വദിക്കാവുന്ന സ്വർഗ്ഗം. ഫിൻലാൻഡ് യാത്രയും ശരിക്കും അടിച്ചുപൊളിച്ചു. അവിടുത്തെ ഒാരോ കാഴ്ചകളും പ്രത്യേകം വർണിക്കാനാവില്ല, അത്രയ്ക്കും മനോഹരമാണ്. ദ്വീപുകളാൽ ചുറ്റപ്പെട്ട ഫിൻലാൻഡിലേക്ക് യാത്രകളെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും സന്ദർശിക്കണം.

ഐക്യരാഷ്ട്ര സഭയുടെ 2018 ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനത ജീവിക്കുന്ന സ്ഥലം കൂടിയാണ് ഫിന്‍ലാൻഡ്. മഞ്ഞും തണുപ്പുമൊക്കെ ആസ്വദിച്ച യാത്രയായിരുന്നു ഞങ്ങളുടേത്. സാന്താക്ലോസിന്റെ നാട്ടിലേക്കായിരുന്നു ഫിൻലാൻഡ് യാത്രയിൽ അവസാനം പ്ലാൻ ചെയ്തിരുന്നത്. ശൈത്യം വളരെ തീവ്രതയിൽ അനുഭവപ്പെടുന്ന ഇടം. പർവ്വതങ്ങളില്ലാത്ത, ചെറുകുന്നുകൾ മാത്രമുള്ള, വനങ്ങൾ കൊണ്ടു സമ്പന്നമായ, മൊട്ടക്കുന്നുകളും താഴ്‍വരകളും നിറഞ്ഞ ഫിൻലാൻഡിലെ കാഴ്ചകൾ അതീവ സുന്ദരവും ഹൃദ്യവുമാണ്.

അവിടുത്തെ കൊടും തണുപ്പ് എനിക്ക് സഹിക്കാനാവുന്നില്ലായിരുന്നു. എന്നിരുന്നാലും അന്നാട്ടുക്കാർ മൈനസ് ഡിഗ്രി തണുപ്പിലും സ്വെറ്റര്‍ പോലും ഉപോയിഗിക്കുന്നില്ല എന്നു കണ്ടപ്പോൾ ശരിക്കും അതിശയം തോന്നി. അവിടെ ചെറു ചൂടുള്ള ബെറി ജ്യൂസ് സുലഭമായി കിട്ടും. എല്ലാവരും വാങ്ങി കഴിക്കുന്നതും കാണാം. ബെറി ജ്യൂസ് നമ്മുടെ ശരീരത്തിന്റെ താപനില ക്രമാതീതമായി നിലനിർത്താൻ സഹായിക്കുന്നതാണെന്ന് അറിയാൻ കഴിഞ്ഞു. ഞങ്ങളും വാങ്ങി ബെറി ജ്യൂസ്.

ഒറ്റയ്ക്കുള്ള യാത്ര

ഗൈഡിന്റെ സഹായത്തോടെയായിരുന്നു ഞങ്ങൾ യാത്രകൾ പോയിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഞങ്ങൾ നടത്തുന്ന ഒാരോ യാത്രകളിലും ഞങ്ങൾ രണ്ടാളും മാത്രമാണ് ഗൈഡ്. പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളെപ്പറ്റി ഗൂഗിൾ വഴി നന്നായി പഠിക്കും. ശേഷം യാത്രപോകും. അങ്ങനെയുള്ള യാത്രയാണ് ഞങ്ങൾക്ക് കൂടുതൽ രസകരമായി തോന്നുന്നത്. അതുതന്നെയാണ് ഏറ്റവും നല്ലതും. യാത്രയിൽ എപ്പോഴും അത്യവശ്യം നല്ലൊരു ക്യാമറ കൈയിൽ കരുതാറുണ്ട്. നല്ല ഒരുപാട് ചിത്രങ്ങൾ പകർത്തും. യാത്രയിൽ എനിക്കേറെ കൗതുകമായി തോന്നിയത് കാസിനോയാണ്. മിക്കയാത്രയിലും ഞങ്ങൾ കാസിനോ‌ സന്ദർശിക്കാറുണ്ട്.

ഒാരോ സ്ഥലത്തേക്കും യാത്രപോകുമ്പോൾ അവിടുത്തെ കാഴ്ചകൾ മാത്രമല്ല വ്യത്യസ്ത രുചിനിറച്ച വിഭവങ്ങളും ഞങ്ങൾ രുചിക്കാറുണ്ട്. ഫൂഡിയാണെന്നു തന്നെ പറയാം. ഇനിയും ഞങ്ങൾക്ക് ഒരുപാട് സ്ഥങ്ങളിലേക്ക് യാത്രപോകമെന്നാണ് ആഗ്രഹം. ഇന്ത്യക്കകത്ത് അധികമെന്നും യാത്രപോകാൻ സാധിച്ചിട്ടില്ല. എനിക്കൊരു സ്വപ്നമുണ്ട് വിദേശത്തേക്കൊരു റോ‍ഡ് ട്രിപ്പ്. ആ യാത്രയുടെ കാത്തിരിപ്പിലാണ് ഞാൻ.