ഒരു യക്ഷിക്കഥയില്‍ നിന്ന് പറിച്ചെടുത്ത തീര്‍ത്തും അപരിചിതമായതെന്നു പറയാവുന്ന ഒരിടം, അല്ലെങ്കില്‍ മറ്റൊരു ഗ്രഹത്തില്‍ വന്നുപെട്ടതുപോലെ എന്നോ വിശേഷിക്കാം. എന്തായാലും കപ്പഡോഷ്യ എന്ന നാടിനെ വിശേഷിപ്പിക്കാന്‍ ഇങ്ങനെയല്ലാതെ സാധിക്കില്ല.  ചിലപ്പോള്‍ വിചിത്രമായത് ശരിക്കും മനോഹരവുമായിരിക്കും, കപ്പഡോഷ്യയുടെ വിചിത്രമായ ലാന്‍ഡ്സ്‌കേപ്പ് അതിനെ മാന്ത്രികമാക്കുന്നു. ഇതിന്റെ വിചിത്രമായ സൗന്ദര്യം അദ്വിതീയമാണ്, ഭൂമിയില്‍ തന്നെയാണോ എന്നു തോന്നിപ്പോകും ഇവിടെയെത്തിയാല്‍. മനുഷ്യന്‍ ചൊവ്വയിലേയ്ക്കും ചന്ദ്രനിലേയ്ക്കുമൊക്കെ പോകുന്ന  ഈ കാലത്ത് എല്ലാവര്‍ക്കും എന്നെങ്കിലും അവിടേയ്ക്ക് പോകാനൊക്കുമോ എന്നറിയില്ല എന്നാല്‍ ആ ഫീല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ മടിയ്ക്കണ്ട, കപ്പഡോഷ്യ ഏതാണ്ട് മറ്റൊരു ഗ്രഹം തന്നെയാണ്. ഈ നാട് സൃഷ്ടിക്കുമ്പോള്‍ പ്രകൃതിമാതാവ് മറ്റെന്തോ ചിന്തിലായിരുന്നുവെന്ന് തോന്നിപ്പോകും. 

തുര്‍ക്കിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കപ്പഡോഷ്യ അല്ലെങ്കില്‍ കപ്പഡോക്യ എന്ന ഗുഹാനാട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ആനറ്റോലിയന്‍ ഉപദ്വീപിന്റെ ഹൃദയഭാഗത്താണ് കപ്പഡോഷ്യ സ്ഥിതിചെയ്യുന്നത്. ഇസ്താംബുള്‍ നഗരത്തില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇന്ന് ഈ മലകള്‍ തുരന്ന് റസ്റ്റോറന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുകയാണ്. 1965-ല്‍ ഇവിടെ നടത്തിയ പുരാവസ്തു ഖനനങ്ങളില്‍ നിന്നുമാണ് വൈവിധ്യമാര്‍ന്ന പ്രാചീന സംസ്‌ക്കാരങ്ങള്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ കിട്ടിയത്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പുഷ്ടമാണ് കപ്പഡോഷ്യ. 

ഗുഹയില്‍ താമസിച്ച് ആകാശ യാത്ര നടത്താം 

ഈ 21-ം നൂറ്റാണ്ടിലും ഗുഹയില്‍ താമസിക്കാന്‍ സാധിക്കുമോ എന്നാണോ ചിന്തിക്കുന്നത്, എങ്കില്‍ കപ്പഡോഷ്യയിലേയ്ക്ക് പോയാല്‍ മതി. നൂറുകണക്കണക്കിന് ഗുഹകളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയൊന്നും യഥാര്‍ത്ഥത്തില്‍ മനുഷ്യനിര്‍മ്മിതമല്ല, പ്രകൃതിയുടെ കരവിരുതില്‍ രൂപപ്പെട്ട ഈ ഗുഹകളെ കാലാന്തരത്തില്‍ മനുഷ്യന്‍ റസ്റ്ററോന്റുകളം ഹോട്ടലുകളുമാക്കി മാറ്റി. കപ്പഡോഷ്യയുടെ ലാന്‍ഡ്‌സ്‌കേപ്പ് വിവരിക്കാന്‍ പറ്റിയ പേര് മൂണ്‍സ്‌കേപ്പ് എന്നാണ്.

കാരണം ഇത് ശരിക്കും മറ്റൊരു ലോകം തന്നെയാണ്. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സ്റ്റാര്‍ വാര്‍സിലൊക്കെ കാണുന്നതുപോലത്തെ ഒരു ലോകം.  ഈ ലോകം മുഴുവനും അതിന്റെ എല്ലാ വകഭേദത്തിലും കാണണമെങ്കില്‍ നിങ്ങള്‍ ആകാശത്തായിരിക്കണം. അതിനും വഴിയുണ്ട്. ഒരല്‍പ്പം ചെലവേറിയതാണ്, എന്നാല്‍ ചൂടുള്ള എയര്‍ ബലൂണ്‍ സവാരി അനുഭവിക്കുന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്ഥലങ്ങളില്‍ ഒന്നാണ് കപ്പഡോഷ്യ. കപ്പഡോഷ്യ എന്താണെന്ന് അറിയണമെങ്കില്‍ ഈ ബലൂണ്‍ സഫാരി തന്നെ നടത്തണം. 

വിചിത്രവും സുന്ദരവുമായ ശില്‍പ്പങ്ങള്‍

ഈ ശില്‍പ്പങ്ങള്‍ കണ്ടാല്‍ പല രൂപങ്ങളായി തോന്നാം. പല കാലങ്ങളിലൂടെയുള്ള കാറ്റിന്റെ കഠിനപ്രയത്‌നത്തിലാണ് ഈ രൂപങ്ങളൊക്കെ ഇത്തരത്തില്‍ ആയിത്തീര്‍ന്നത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ നിന്നും പിറവിയെടുത്ത ഈ ശില്‍പങ്ങള്‍ മണ്ണൊലിപ്പും കാറ്റും മൂലമാണ് ശില്‍പ്പങ്ങളായി തീര്‍ന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ മണ്ണൊലിപ്പ് ഒരര്‍ത്ഥത്തില്‍ മനോഹരവുമാണ് എന്ന് ഇവ കണ്ടാല്‍ തോന്നിപ്പോകും. 

ഭൂമിക്കടിയില്‍ ഒളിപ്പിച്ച വിസ്മയം

കപ്പഡോഷ്യ ഭൂമിയ്ക്ക് മുകളില്‍ മാത്രമല്ല, അടിയിലും അതിശയകരമാണ്. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഭൂഗര്‍ഭ നഗരങ്ങളുണ്ട് ഇവിടെ. അവയില്‍ ചിലത് അളക്കാനാവതത്ര ആഴത്തിലും. കാലങ്ങള്‍ക്ക് മുമ്പ് ആളുകള്‍ ഇവിടെ സ്ഥിരമായി താമസിച്ചിരുന്നു. 40 ലധികം ഭൂഗര്‍ഭ നഗരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, അവയില്‍ മിക്കതും പരസ്പരം തുരങ്കങ്ങള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇതില്‍ ഏറ്റവും വലിയ ഒന്ന് 2014 ലാണ് കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തില്‍, അവ സൃഷ്ടിക്കപ്പെട്ടത് ബിസി 1200 കളിലാണെന്നാണ്. 

ഏത് കാലാവസ്ഥയിലും കപ്പഡോഷ്യ അതിസുന്ദരിയാണ്. മഞ്ഞുകാലത്ത് ഒരു മുഖമാണെങ്കില്‍ മറ്റ് കാലങ്ങളില്‍ വേറൊരു രൂപവും ഭാവവും ആയിരിക്കും ഈ നാടിന്.  ശൈത്യകാലത്ത് കപ്പഡോഷ്യയില്‍ മഞ്ഞുവീഴുന്നത് ആരെയും അത്ഭുതപ്പെടുത്തും. കപ്പഡോഷ്യയുടെ കാലാവസ്ഥ പ്രവചനാതീതമാണ്. മഞ്ഞില്ലാത്ത കാലത്ത് കപ്പഡോഷ്യയില്‍ എത്തിയാല്‍ നിങ്ങള്‍ അതിരാവിലെ എഴുന്നേല്‍ക്കും. കാരണം അവിടെ 4-30 ആണ് സൂര്യോദയം. മിക്ക എയര്‍ലൈനുകളും കപ്പഡോഷ്യയിലേയ്ക്ക്  ബജറ്റ് കുറഞ്ഞ യാത്രകള്‍ നടത്താന്‍ സഞ്ചാരികളെ സഹായിക്കുന്നുണ്ട്. 

ഈ ജന്മം ചൊവ്വയിലോ ചന്ദ്രനിലോ പോകാന്‍ ആകില്ലെന്ന് സങ്കടപ്പെടുന്നവരെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കപ്പഡോഷ്യ എന്ന നാട് നല്‍കും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT